Wednesday, May 27, 2009
തമിഴിലെ പുതുതലമുറ
തമിഴ് സിനിമയിലെ എന്റെ സുഹൃത്തുക്കളിലേറെയും എണ്‍പതുകളിലെയും തൊള്ളൂറുകളിലെയും താരങ്ങളാണ്. അവരില്‍ കമലഹാസനും പ്രഭുവും സത്യരാജുമൊക്കെയായി എനിക്കുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നു. പുതിയ തലമുറയിലെ താരങ്ങളില്‍ അടുത്ത സുഹൃത്തുക്കള്‍ കുറവാണ്. അന്നത്തെ സാഹചര്യങ്ങളില്‍ നിന്നു തമിഴ് സിനിമാതാരങ്ങള്‍ അടിമുടി മാറിയതാണ് അതിനുകാരണമെന്നു തോന്നുന്നു. സിനിമയ്ക്കും ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മാറേണ്ട പലതും ഇപ്പോഴും മാറാതെ കിടക്കുന്നമുണ്ട്. രജനീകാന്തും കമലഹാസനുമൊക്കെയാണ് ഇപ്പോഴും തമിഴിലെ രാജാക്കന്‍മാരെങ്കിലും പുതുതലമുറയിലെ വിജയ്, അജിത്, വിക്രം തുടങ്ങിയ നടന്‍മാര്‍ വലിയ താരപദവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇവരില്‍ വിക്രം എന്റെ അനുജനായി പണ്ടൊരു മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പൂര്‍ത്തിയാകാതെ പോയ ഐ.വി. ശശി ചിത്രമായ 'പദവി'യിലായിരുന്നു അത്. അജിത്തിനൊപ്പം എന്റെ ആദ്യചിത്രം 'ബില്ല' ആയിരുന്നു. തമിഴിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. ബില്ലയിലേക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ആദ്യം ഞാനാവേഷം നിരസിച്ചതാണ്. അതില്‍ പ്രധാന കാരണം എനിക്കു വില്ലന്‍ വേഷമായിരുന്നു എന്നതാണ്. പക്ഷേ, പിന്നീട് വേഷത്തിന്റെ പ്രാധാന്യവും പടത്തിന്റെ മൊത്തത്തിലുള്ള ഗാം ഭീര്യവും ബോധ്യമായപ്പോള്‍ ഞാന്‍ വേഷമേറ്റെടുക്കുകയായിരുന്നു. ബില്ലയില്‍ അഭിനയിക്കാന്‍ മടിച്ചതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അജിത്തിനെപ്പറ്റി എനിക്കുണ്ടായിരുന്ന ചില മുന്‍വിധികളായിരുന്നു അത്. ഞാനാദ്യം വിചാരിച്ചത് അജിത് വലിയ അഹങ്കാരി ആണെന്നായിരുന്നു. അങ്ങനെയായിരുന്നു പത്രങ്ങളിലും സിനിമാമാസികളിലും വരുന്ന വാര്‍ത്തകളും ഗോസിപ്പുകളും എന്റെ മനസില്‍ സൃഷ്ടിച്ച തോന്നല്‍. ആ മുന്‍വിധി മനസില്‍ കിടന്നതുകൊണ്ടാവും അജിത്തിന്റെ പത്രസമ്മേളനങ്ങളോ പൊതുപരിപാടികളോ ടിവിയില്‍ കാണുമ്പോഴും അഹങ്കാരി ഇമേജ് മനസില്‍ കിടന്നത്. ബില്ലയില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചതും അതുകൊണ്ടായിരുന്നു. എന്തിനു വെറുതേ ഈ പുതിയ താരങ്ങളുടെ ജാഡ കാണണം എന്നു തോന്നി. പക്ഷേ, ബില്ലയുടെ സംവിധായകന്‍ വിഷ്ണുവര്‍ധന്‍ എന്നെ ഏറെ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞാനൊടുവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, എന്റെ മനസിലുണ്ടായിരുന്ന മുന്‍വിധികളുടെ നേരെ വിപരീതമായിരുന്നു അജിത്തില്‍ നിന്നു ബില്ലയുടെ സെറ്റില്‍ കിട്ടിയത്. വളരെ മാന്യനായ ഒരു നടന്‍ എന്ന് തിരിച്ചറിയാന്‍ അധികം ദിവസങ്ങള്‍ വേണ്ടിവന്നില്ല. തമിഴിലെ പ്രതാപകാലത്തെ എന്റെ രൂപമായിരുന്നു അജിത്തില്‍ ഞാന്‍ കണ്ടത്. അങ്ങനെപറയാന്‍ ഒരു കാരണമുണ്ട്. ആദ്യം ആ കഥ പറയാം. പുരിയാതെ പുതിര്‍ എന്ന ചിത്രത്തിന്റെ സെറ്റ്. പുതുപുതു അര്‍ഥങ്ങള്‍ കഴിഞ്ഞ് ഞാന്‍ വലിയ താരമൂല്യത്തിലിരിക്കുന്ന സമയം. ഇന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കെ.എസ്. രവികുമാറായിരുന്നു പുരിയാതെ പുതിറിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു അത്. രഘുവരനുമുണ്ടായിരുന്നു ആ ചിത്രത്തില്‍. രഘുവരന്റെ മികച്ച പെര്‍ഫോമന്‍സായിരുന്നു ആ ചിത്രത്തില്‍. സെറ്റില്‍ പലപ്പോഴും അലക്ഷ്യമായാവും രഘുവരന്റെ ഇടപെടല്‍. പുതുമുഖ സംവിധായകര്‍ക്ക് അദ്ദേഹത്തെ വരുതിയിലാക്കിയെടുക്കുക ബുദ്ധിമുട്ടാവും. രവികുമാറിന്റെ ബുദ്ധിമുട്ട് മനസിലാക്കി ഞാനാണ് പലപ്പോഴും സഹായത്തിനെത്തിയത്. തമിഴിലെ സാഹചര്യം വച്ച് ഒരു നായകനും ചെയ്യില്ലാത്ത കാര്യങ്ങള്‍. ടേക്ക് എടുക്കും മുന്‍പ് ആര്‍ട്ടിസ്റ്റ് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കണം. ലൈറ്റ് ടെസ്റ്റ് ചെയ്യാനായി രഘുവരന്‍ നില്‍ക്കേണ്ടതിനു പകരം ഞാന്‍ പോയി നില്‍ക്കും. എന്നിട്ട് ടേക്ക് എടുക്കാന്‍ നേരത്തു മാത്രം രഘുവരനെ നിര്‍ത്തും. രഘുവരന്റെ കഥാപാത്രത്തെ കൊലപ്പെടുത്തിയ ശേഷം ഞാനും രേഖയും കൂടി ഡെഡ് ബോഡി വലിച്ചുനിരക്കി കൊണ്ടു പോകുന്ന ഒരു സീനുണ്ട് അതില്‍. അത് എടുക്കേണ്ട സമയമായപ്പോള്‍ പെട്ടെന്ന് രഘുവരന്‍ സെറ്റില്‍ നിന്നു പോയി. സംവിധായകന്‍ പ്രതിസന്ധിയിലായി. എന്തു ചെയ്യും? ഒടുവില്‍ പരിഹാരം നിര്‍ദേശിക്കപ്പെട്ടു. ഡ്യൂപ്പ് ! പക്ഷേ, രഘുവരനു പറ്റിയ ഡ്യൂപ്പ് സെറ്റിലില്ല. അദ്ദേഹത്തിന്റെ ഉയരത്തിനനുസരിച്ച് ഒരാളു വേണം. ഷൂട്ടിങ് നിര്‍ത്തിവയ്ക്കണം എന്ന അവസ്ഥയായി. പെട്ടെന്ന് ഞാനൊരു പരിഹാരം പറഞ്ഞു. ''ഞാന്‍ ഡ്യൂപ്പാകാം.'' ഒടുവില്‍ നായകനായും വില്ലനായും ഞാന്‍ തന്നെ. ആദ്യം രഘുവരനു പകരം ഞാന്‍ കിടക്കും. ഡഡ് ബോഡി ഇഴച്ചുകൊണ്ടു പോകുന്ന ഷോട്ട് എടുക്കും. പിന്നെ എഴുന്നേറ്റ് ഡെഡ് ബോഡി വലിക്കുന്ന നായകനായി അഭിനയിക്കും. അങ്ങനെ മാറിമാറി പലതവണ എടുത്തപ്പോഴാണ് ആ സീന്‍ പൂര്‍ത്തിയായത്. അങ്ങനെയങ്ങനെ ഷൂട്ടിങ് തീര്‍ന്നു. പടം റിലീസായി. വന്‍ വിജയവുമായി. ഞാനും രവികുമാറും സിനിമയുടെ പിന്നിലുണ്ടായിരുന്ന മറ്റു ചിലയാളുകളും കൂടി വിജയമാഘോഷിച്ചു. തിരിച്ച് എന്റെ കാറില്‍ മടങ്ങുമ്പോള്‍ ഒരാളുടെ കമന്റ്: ''രഘുവരന്റെ കമ്മിറ്റ്മെന്റും ഡെഡിക്കേഷനുമൊക്കെ സമ്മതിച്ചുകൊടുക്കണം. റഹ്മാനെപ്പോലുള്ള പുതിയ താരങ്ങള്‍ അതു കണ്ടു പഠിക്കണം.'' ഇതു പറഞ്ഞ ആള്‍ നല്ല മദ്യലഹരിയിലായിരുന്നു. എനിക്ക് അതു കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. മാസങ്ങളോളം ലൈറ്റ് ബോയി ചെയ്യുന്ന ജോലികള്‍ വരെ ചെയ്ത് ഞാനഭിനയിച്ചതാണ്. എന്നിട്ടിപ്പോള്‍ എനിക്കല്ല, രഘുവരനാണത്രേ ഡെഡിക്കേഷന്‍. എന്റെ മുഖം മാറുന്നത് രവികുമാറിന് പെട്ടെന്നു മനസിലായി. അദ്ദേഹം ഇടപെട്ടു. ആ കമന്റ് പറഞ്ഞ ആളോടു രവികുമാര്‍ ചൂടായി. ഇതാണ് സിനിമയുടെ അവസ്ഥ. നമ്മള്‍ എന്തു നല്ലതു ചെയ്താലും അതു മറ്റാരും അറിയില്ല. എന്തെങ്കിലും മോശമായി ചെയ്തു പോയാല്‍ അതു ലോകം മുഴുവന്‍ പാട്ടാകുകയും ചെയ്യും. അജിത്തിന്റെ അവസ്ഥയും ഏതാണ്ട് അതുപോലെയായിരുന്നു. നല്ല വശങ്ങളല്ല, മോശം കാര്യങ്ങളാണ് പെട്ടെന്ന് പടരുന്നത്. വളരെ ശാന്തനായിരുന്നു അജിത്. പരദൂഷണം, ഗോസിപ്പ് പരിപാടികള്‍ക്കൊന്നും പോകില്ല. സ്വഭാവത്തിലും സംസാരരീതിയിലും ഒരു മയമുണ്ട്. നായകനെന്നോ താരമെന്നോ ഉള്ള അഹങ്കാരമൊന്നും അജിത്ത് കാണിച്ചില്ല. മുതിര്‍ന്ന താരങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോടു എങ്ങനെ ഇടപെടണമെന്നും അജിത്തിനു നന്നായി അറിയാം. എനിക്കൊപ്പം പ്രഭുവും ബില്ലയില്‍ അഭിനയിക്കാനുണ്ടായിരുന്നു. ഞങ്ങളോടു രണ്ടുപേരോടും അജിത്ത് മുതിര്‍ന്ന താരങ്ങള്‍ എന്ന ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ടേക്ക് കഴിഞ്ഞ് വിശ്രമിക്കാനെത്തുമ്പോള്‍ അവിടെ ഒരു കസേരയെ ഉള്ളുവെങ്കില്‍ ആ കസേരയില്‍ നിന്ന് അജിത്ത് എഴുന്നേറ്റ് നമ്മളെ പിടിച്ചിരുത്തും. ഞാനിരുന്നു എന്ന് ഉറപ്പാക്കാതെ അജിത്ത് ഇരിക്കില്ല. ഒരു തരത്തിലുള്ള ജാഡയോ അഹങ്കാര വര്‍ത്തമാനങ്ങളോ അജിത്തില്‍ നിന്നു എനിക്കു കാണേണ്ടിയോ കേള്‍ക്കേണ്ടിയോ വന്നില്ല. ബില്ലയുടെ ഷൂട്ടിങ് തീരാറായ സമയത്ത് ഞാനും അജിത്തും മാത്രമുള്ള ഒരു വിശ്രമവേളയില്‍ ഞാന്‍ അജിത്തിനോട് പറഞ്ഞു, നിങ്ങള്‍ ഒരു അഹങ്കാരിയും ജാഡക്കാരനുമാണെന്നായിരുന്നു ഞാന്‍ കേട്ടിരുന്നത് എന്ന്. അജിത്ത് നിസഹായനായി എന്നെ നോക്കി. ആ ധാരണ ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നു എന്നു കൂടി ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോഴെ അജിത്തിനു സമാധാനമായുള്ളു. സെറ്റില്‍ എപ്പോഴും താമസിച്ചുവരുന്ന പ്രശ്നക്കാരന്‍ എന്നെ ഇമേജാണ് തനിക്കെന്ന് അജിത്തിനും അറിയാമായിരുന്നു. ഒന്നോ രണ്ടോ തവണയേ അങ്ങനെയുണ്ടായിട്ടുള്ളു എന്ന് അജിത്ത് പറഞ്ഞു. അതും മനഃപൂര്‍വം താമസിച്ചതായിരുന്നു. അതിനു തക്കതായ കാരണവുമുണ്ടായിരുന്നു. പക്ഷേ, ആ ഒരു ദിവസത്തെസംഭവം പടര്‍ന്ന് എപ്പോഴും താമസിച്ചുവന്ന് ഷൂട്ടിങ്ങിനു തടസമുണ്ടാക്കുന്ന നടന്‍ എന്ന ഇമേജ് അദ്ദേഹത്തിന് ഗോസിപ്പുകാര്‍ ചാര്‍ത്തി കൊടുത്തു. ബില്ലയുടെ ഷൂട്ടിങ് ദിവസങ്ങളില്‍ ഒരിക്കല്‍ പോലും അജിത്ത് താമസിച്ചുവന്നിട്ടില്ല. മാസങ്ങളോളം നീണ്ട ഷൂട്ടിങ്ങായിരുന്നു ബില്ലയുടേത്. ഷൂട്ടിങ്ങിനിടെ ഒരു പ്രശ്നവുമുണ്ടാകാതിരിക്കാന്‍ അജിത് പ്രത്യേകം ശ്രദ്ധിച്ചു. എന്നും സമയത്തും വരും. ഞങ്ങള്‍ക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതില്‍ വലിയ ശ്രദ്ധയായിരുന്നു അജിത്തിന്. മലേഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിലായിരുന്നു മുഴുവന്‍ ഷൂട്ടിങ്ങും. അജിത്തിനെയും പ്രഭുവിനെയും എന്നെയും കൂടാതെ നയന്‍താരയും നമിതയുമായിരുന്നു മറ്റു പ്രമുഖ താരങ്ങള്‍. പക്ഷേ, തമിഴിലെ ഇപ്പോഴത്തെ പല ചിത്രങ്ങളുടെയും സെറ്റില്‍ കാണാത്ത ഒരു സൌഹൃദാന്തരീക്ഷം ബില്ലയുടെ സെറ്റിലുണ്ടായിരുന്നു. പ്രഭുവിന്റെ സാന്നിധ്യം കൊണ്ടുകൂടിയാവാം എനിക്കങ്ങനെ തോന്നിയത്. അടുത്തയിടെ ഒരു സിനിമാവാരികയില്‍ അജിത്ത് എഴുതിയത് വായിച്ചിട്ട് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. സിനിമയിലെത്തുന്നതിനു മുന്‍പ് അജിത് ആദ്യമായി ഒാട്ടോഗ്രാഫ് വാങ്ങിയ നടന്‍ ഞാനായിരുന്നുവത്രേ. എനിക്കു പക്ഷേ, അങ്ങനെയൊരു ഒാര്‍മയില്ല.
Subscribe to:
Post Comments (Atom)
നല്ല ഓര്‍മ്മകള്‍.
ReplyDeleteഡിയര്‍ റഹ്മാന്‍
ReplyDeleteഎങ്ങിനെയോ താങ്കള്‍ക്കു മലയാളം എഴുതാന്‍ അറിയില്ല എന്ന് ഞാന്‍ വിചാരിച്ചിരുന്നു. മലയാളത്തില്‍ എഴുതുന്നത് കണ്ടു നല്ല സന്തോഷം ഉണ്ട്.