അടിയൊഴുക്കുകളുടെ സെറ്റിലേക്ക് ആദ്യമായി പോകുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാസാഹിത്യകാരന്റെ ഒരു കഥാപാത്രമാകുന്നതിന്റെ ടെന്‍ഷന്‍ അന്ന് എനിക്ക് ഉണ്ടായിരുന്നു.
ഞാനന്ന് സിനിമയില്‍ ഒന്നോ രണ്ടോ വര്‍ഷമേ ആയിട്ടുള്ളു.ട്ടിയിലും അബുദാബിയിലുമൊക്കെ പഠിച്ചതിനാല്‍ എം.ടി. സാറിന്റെ തിരക്കഥയില്‍ പിറന്ന സിനിമകളൊന്നും അന്ന് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഇരുട്ടിന്റെ ആത്മാവും ഒാപ്പോളും പോലുള്ള സിനിമകളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടായിരുന്നു. ഐ.വി. ശശിക്ക് വേണ്ടി എം.ടി. സാര്‍ എഴുതിയ തൃഷ്ണയും ആരുഢവും പോലുള്ള സിനിമകള്‍ പുറത്തിറങ്ങിയ സമയമായിരുന്നു അത്. അതുകൊണ്ടു തന്നെ, അടിയൊഴുക്കുകളെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്.
കരുണന്‍ എന്ന അതിശക്തമായ കഥാപാത്രത്തെയായിരുന്നു ആ ചിത്രത്തില്‍ മമ്മുക്ക അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെതും എന്റേതും മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. അപരിചിതരായ മൂന്നു പുരുഷന്‍മാര്‍ക്കിടയില്‍ തന്റേടത്തോടെ ജീവിക്കുന്ന സ്ത്രീ കഥാപാത്രമായി സീമചേച്ചിയും.
ആ വര്‍ഷം തന്നെ എം.ടി. സാറിന്റെ മറ്റൊരു കഥാപാത്രത്തെ കൂടി അവതരിപ്പിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. ‘ഐ.വി. ശശി സംവിധാനം ചെയ്ത ഉയരങ്ങളില്‍ എന്ന ആ ചിത്രത്തിലും എനിക്കു നല്ലൊരു വേഷമായിരുന്നു. നെഗറ്റീവ് ടച്ചുള്ളതായിരുന്നു മോഹന്‍ലാലിന്റെ നായകവേഷം. നന്മയുടെ ഭാഗത്ത് നില്‍ക്കുന്നവനായിരുന്നു എന്റെ കഥാപാത്രം.
എന്റെ സിനിമാജീവിതത്തില്‍, ഒരിക്കലും മറക്കാനാവാത്ത രണ്ടു കഥാപാത്രങ്ങളെയാണ് എം.ടി. സാര്‍ എനിക്കു തന്നത്. അടിയൊഴുക്കുകളുടെ തിരക്കഥ കണ്ടപ്പോള്‍ എനിക്കു തോന്നി, ഈ തിരക്കഥയുണ്ടെങ്കില്‍ എനിക്കും സിനിമ സംവിധാനം ചെയ്യാമല്ലോ എന്ന്. ഏതു പൊലീസുകാരനും സിനിമ ചെയ്യാവുന്ന പോലെ പൂര്‍ണവും വിശദവുമായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥ. അതു വായിച്ചാല്‍ പിന്നെ എങ്ങനെ അഭിനയിക്കണമെന്ന് ആരും പറഞ്ഞുതരേണ്ട ആവശ്യം തന്നെയില്ല. അപ്പോഴേക്കും കഥാപാത്രമായി നമ്മള്‍ മാറിയിട്ടുണ്ടാവും.
ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. എം.ടി. സാറിന്റെയും പപ്പേട്ടന്റെയും ഭരതേട്ടന്റെയുമൊക്കെ സിനിമകളിലെ ജീവനുള്ള കഥാപാത്രങ്ങളിലൂടെയാണ് ഞാന്‍ സിനിമാരംഗത്ത് കാലെടുത്തുവച്ചത്. ഇന്നത്തെ തലമുറയിലെ പുതുതാരങ്ങള്‍ക്ക് കിട്ടാതെ പോയ ഭാഗ്യമാണിതെന്നു ഞാന്‍ വിശ്വസിക്കുന്നു.
എം.ടി. സാറിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം നഷ്ടമായതിന്റെ വിഷമവും ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. ഒരിക്കല്‍ ഭരതേട്ടന്‍ എന്നെ വിളിച്ച് ഋഷിശൃംഗന്‍ എന്നൊരു ചിത്രം ചെയ്യുന്നുവെന്നും അതില്‍ എനിക്കു നായകവേഷമുണ്ടെന്നും പറഞ്ഞിരുന്നു. എം.ടി. സാറിന്റെ തിരക്കഥയാണെന്നു കൂടി കേട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍ ആ ചിത്രം നീണ്ടുപോയി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വൈശാലി എന്ന പേരില്‍ ആ സിനിമ പുറത്തിറങ്ങി. ഞാന്‍ തമിഴ് സിനിമയിലൊക്കെ തിരക്കായ സമയത്തായിരുന്നു അത്.
ഏതായാലും, എം.ടി. സാറിന്റെ തിരക്കഥയില്‍ രണ്ടു ചിത്രങ്ങളെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനിയും അദ്ദേഹത്തിന്റെ കഥാപാത്രമായി മാറാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.