Tuesday, February 26, 2019

കോടികളിലൊരു കോടി


കോടി രാമകൃഷ്ണ എന്ന അതുല്യ സംവിധായകൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സൂപ്പർഹിറ്റുകൾ എത്രയെത്രയാണ് ആ കഴിവുറ്റ സംവിധായക പ്രതിഭ സൃഷ്ടിച്ചത് !
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നിൽ ഞാൻ നായകനായിരുന്നു എന്നത് എപ്പോഴും ഞാൻ‌ അഭിമാനകരമായി ഓർക്കാറുള്ള കാര്യമാണ്. എനിക്ക് തെലുങ്കുദേശത്ത് ഒരു താരപദവി നേടിത്തന്ന ‘ഭാരത് ബന്ദ്’ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു.
ആ ചിത്രത്തിന്റെ ഷൂട്ടിങ് എനിക്ക് ഒരുകാലത്തു മറകാനാവില്ല. സംഭവബഹുലമായിരുന്നു ആ ദിവസങ്ങൾ. രണ്ടു സംഭവങ്ങൾ പങ്കുവയ്ക്കട്ടെ....
ആദ്യം എനിക്കുണ്ടായ അപകടത്തിന്റെ കഥ.
വർഷം 1991. ഓൾഡ് ഹൈദരബാദിലെ ‘ഭാരത് ബന്ദി’ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ സഹപ്രവർത്തകരുമായി സൊറ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. പ്രശസ്‌തമായ ചാർമിനാറിനരികെ തിരക്കുള്ള നഗരത്തിലൂടെ എന്റെ കഥാപാത്രത്തെ പിന്തുടർന്ന് പൊലീസുകാർ വരുന്നതും അവരെ വെട്ടിച്ച് ഞാൻ രക്ഷപ്പെടുന്നതുമായിരുന്ന സീൻ എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു സംവിധായകൻ കോടി രാമകൃഷ്ണ.
ലോങ് ഷോട്ടുകളായതിനാൽ എന്റെ ആവശ്യമില്ല. ഡ്യൂപ്പാണ് എനിക്കു വേണ്ടി ഓടുന്നത്.
അങ്ങനെ കിട്ടിയ ഇടവേളയിൽ, സിനിമാക്കഥകൾ പറഞ്ഞിരിക്കവേയാണ് ആരോ കമലാഹാസന് അപകടം പറ്റിയ സംഭവം ചൂടോടെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ്ങിനിടയിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചായി പിന്നെ അവിടെ സംസാരം. എന്റെ ആദ്യ തെലുങ്കു ചിത്രമായ രാസലീലയുടെ സെറ്റിൽ വച്ച് രണ്ടാംനിലയുടെ മുകളിൽ നിന്നു ചാടിയതും കാറിനു മുകളിലൂടെ ബൈക്ക് ചാടിച്ചതും എനിക്കപ്പോൾ ഓർമ വന്നു. ഡ്യൂപ്പില്ലാതെ ഞാൻ സ്വയമാണ് ഇതൊക്കെ ചെയ്‌തത്. എത്രയോ സാഹസികമായ രംഗങ്ങളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. ഇതുവരെയും എനിക്ക് അപകടമൊന്നും വന്നിട്ടില്ലല്ലോ? എന്റെ ചിന്തകൾ ഇങ്ങനെ കാടുകയറി.
കോടി രാമകൃഷ്ണ ആ ചേയ്‌സ് സീനിന്റെ അവസാന ഭാഗം ഷൂട്ട് ചെയ്യുകയായിരുന്നു അപ്പോൾ. എന്റെ ഡ്യൂപ്പ് ഒരു ഇരുമ്പുവേലി ചാടിക്കടന്ന് ഓടുന്നതും പൊലീസുകാർ നിസ്സഹായരായി നോക്കി നിൽക്കുന്നതുമായിരുന്നു രംഗം.
വേലിക്ക് ഏതാണ്ട് നാലടി ഉയരം മാത്രം. ഇടയ്‌ക്കിടെ ഉയർന്നുനിൽക്കുന്ന കൂർത്ത മുള്ളുകൾ. ഡ്യൂപ്പ് എനിക്കു വേണ്ടി വേലി ചാടുന്നതു കണ്ടപ്പോൾ എനിക്കു തോന്നി. ഇതൊക്കെ എനിക്കു ചാടാവുന്നതല്ലേയുള്ളു. എന്തിനാണ് ഡ്യൂപ്പ്?
ഞാൻ അദ്ദേഹത്തോടു കാര്യം പറഞ്ഞു. ‘ഞാൻ തന്നെ ചാടാം. കുറച്ചുകൂടി ഒർജിനാലിറ്റി തോന്നും.’’
ഓരോ ഷോട്ടും പരമാവധി പെർഫെക്ടായി എടുക്കാൻ എപ്പോഴും ശ്രമിക്കുന്ന കോടി രാമകൃഷ്ണയ്ക്ക് എന്റെ നിർദേശം കേട്ടപ്പോൾ സന്തോഷമായി. ഡ്യൂപ്പിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടശേഷം കോസ്‌റ്റ്യമണിഞ്ഞ് ഞാനെത്തി. ആദ്യ ടേക്കിന് അദ്ദേഹം ആക്‌ഷൻ പറഞ്ഞു.
ഓടിയെത്തിയ ഞാൻ വേലിയിൽ കൈകുത്തി ബലംകൊടുത്ത് ഉയർന്നുപൊങ്ങി. നാലടി ഉയരമുള്ള വേലിക്കു മുകളിലൂടെ ഞാൻ അപ്പുറത്തേക്ക്.
ടേക്ക് ഒകെ. ഷൂട്ടിങ് ക്രൂ മുഴുവനും അവിടെ കൂടിനിന്നിരുന്ന ആരാധകരും കൈയടിച്ചു. ഞാൻ ഒരു യഥാർഥ ഹീറോയെപ്പോലെ തലയുയർത്തി നടന്നുചെന്നു. അപ്പോഴാണ് അസോസിയേറ്റ് ഡയറക്‌ടർ ഒരു നിർദേശം വയ്‌ക്കുന്നത്. നമുക്ക് ഒരു ടേക്ക് കൂടി എടുത്താലോ. ഏതായാലും ഹീറോ തന്നെ അഭിനയിക്കുകയല്ലേ. ക്ലോസപ്പിൽ ഒരു ആംഗിൾ കൂടി കിട്ടിയാൽ ഏറെ നന്നാവും.
അങ്ങനെ രണ്ടാം ടേക്കിലേക്ക് കടന്നു. വീണ്ടുമൊരിക്കൽ കൂടി ഞാനോടിയെത്തി. വേലിയിൽ കൈ കുത്തി ഉയർന്നു ചാടി. പക്ഷേ, ഞാൻ ചെന്നു നിന്നതു വേലിക്കു മുകളിലായിരുന്നു. എന്റെ ഇടത്തെ കാലിലേക്ക് വേലിയുടെ കൂർത്ത ഇരുമ്പുമുള്ളുകൾ തുളച്ചുകയറി. നെഞ്ചിലൂടെ കമ്പി കുത്തിക്കയറുന്നതു ഒഴിവാക്കാൻ ഞാൻ വലത്തെ കാൽ നീട്ടിവച്ചു വീണു. വലത്തെ കാലിന്റെ ബലം നഷ്‌ടപ്പെട്ടു നിലത്തേക്കു പതിക്കുന്നത് എനിക്കോർമ്മയുണ്ട്.
പിന്നെ ഓർമ വരുമ്പോൾ ഞാൻ നിലത്തു കിടക്കുകയാണ്. ഇടത്തെ കാലിൽ നിന്ന് ചോര ധാരധാരയായി ഒഴുകുന്നു. വലത്തെ കാൽ അനക്കാൻ വയ്യാത്ത വേദന. എന്റെ ചുറ്റും യൂണിറ്റ് അംഗങ്ങൾ. ചോര കണ്ട് പലരും നിലവിളിക്കുന്നു. എല്ലാവരും ചേർന്ന് എന്നെ പൊക്കിയെടുത്തു ആശുപത്രിയിലെത്തിച്ചു.
ഒരു കാലിൽ മുറിവിന്റെ കെട്ടും മറ്റെ കാലിൽ ഒടിവിന്റെ പ്ലാസ്‌റ്ററുമായാണ് ഞാൻ ആശുപത്രിയിൽ നിന്നിറങ്ങിയത്.
എനിക്കു വല്ലാത്ത സങ്കടമായി. കാലിനു പരുക്കേറ്റതിലല്ല. ഷൂട്ടിങ് മുടങ്ങുമല്ലോ. സംവിധായകന്റെ പ്ലാനിങ്ങൊക്കെ തെറ്റും. അനാവശ്യമായ എന്റെ ആവേശം എത്ര വലിയ നഷ്ടമാണ് ഈ സിനിമയ്ക്കു വരുത്തുക?
പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തും വിധമായിരുന്നു കോടി രാമകൃഷ്ണയുടെ പ്രതികരണം. എന്റെ ആരോഗ്യത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. എല്ലാ പരിചരണങ്ങളും എനിക്ക് അദ്ദേഹം ഉറപ്പാക്കി. ചെന്നൈയിലേക്ക് മടങ്ങാൻ വേണ്ട ഏർപ്പാടുകളും ചെയ്തു.
എയർപോർട്ടിൽ തടിമാടൻമാരായ നാലു സെക്യൂരിറ്റിക്കാർ എന്നെ വീൽചെയറോടു കൂടി ഉയർത്തിയെടുത്ത് വിമാനത്തിലെത്തിച്ചതും യാത്രക്കാരൊക്കെ പകച്ചുനോക്കി നിൽക്കുന്നതും എനിക്കിപ്പോഴും ഓർമയുണ്ട്.
വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപ്, തെലുങ്കിലെ സൂപ്പർതാരം ചിരംഞ്‌ജീവിയും നടൻ രാജശേഖരും വിമാനത്തിൽ കയറി. രണ്ടു കാലിലും കെട്ടുമായിരിക്കുന്ന എന്നെ കണ്ട് ചിരംഞ്‌ജീവി വേഗം അടുത്തേക്കു വന്നു.
കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു; ‘റഹ്‌മാൻ, ആദ്യ ടേക്കിലാണോ രണ്ടാം ടേക്കിലാണോ അപകടം പറ്റിയത്?’
ആദ്യ ടേക്ക് ഒകെയായിരുന്നുവെന്നും ഒരിക്കൽ കൂടി എടുത്തപ്പോഴാണ് അപകടം പറ്റിയതെന്നും ഞാൻ പറഞ്ഞു.
കൺഗ്രാചുലേഷൻസ് റഹ്‌മാൻ. പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും– അദ്ദേഹം പറഞ്ഞു. എനിക്കു കാര്യം മനസിലായില്ല. അദ്ദേഹം വിശദീകരിച്ചു. തെലുങ്കു സിനിമയിലെ ഒരു കണക്കാണത്രേ അത്. ഷൂട്ടിങ്ങിനിടയിൽ നായകനു രണ്ടാം ടേക്കിൽ അപകടം പറ്റിയാൽ പടം സൂപ്പർഹിറ്റാകുമത്രേ!!
അപ്പോൾ ഞാനതു ചിരിച്ചുതള്ളിയെങ്കിലും അദ്ദേഹം പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. പടം അതുവരെയുള്ള സകല റെക്കോർഡുകളും തകർത്ത് സൂപ്പർ ഹിറ്റായി. തമിഴിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദർശിപ്പിച്ചപ്പോൾ അവിടെയും ഹിറ്റായി. തമിഴ് ഡബ്ബിങ് കേരളത്തിലും വൻ വിജയം നേടി.
ഭാരത് ബന്ദിന്റെ ചിത്രീകരണത്തിനിടയിലെ രണ്ടാമത്തെ സംഭവമാണ് ഇതിലും രസകരം. അപകടത്തിന്റെ വിശ്രമമൊക്കെ കഴിഞ്ഞ് ഞാൻ മടങ്ങിയെത്തിയപ്പോഴായിരുന്നു അത്. കോടി രാമകൃഷ്ണയുടെ ജനകീയ പിന്തുണ എനിക്കു വ്യക്തമാക്കി തന്നെ സംഭവമാണത്. ആദ്യമായി പൊലീസ് സ്‌റ്റേഷനിൽ ഒരു കുറ്റവാളിയെപ്പോലെ ഞാൻ നിൽക്കേണ്ടി വന്ന സംഭവം. ഈ ഓർമക്കുറിപ്പ് നീണ്ടുപോകുമെങ്കിലും അതുകൂടി പറയാതെ വയ്യ.
നാട്ടിലെ അഴിമതിക്കെതിരെ പൊരുതുന്ന യുവാവിന്റെ റോളായിരുന്നു ഭാരത് ബന്ദിൽ എനിക്ക്. അതിനു യോജിക്കുന്നതായിരുന്ന എന്റെ വേഷവും. കുറ്റിത്താടി, കറുത്ത ഷർട്ട്, ജീൻസ്, അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി.
ഹൈദരബാദ് നഗരത്തിലൂടെ എന്തിനും പോന്ന ചങ്കൂറ്റത്തോടെ ആരെയോ ലക്ഷ്യം വച്ചുപോകുന്ന യുവാക്കളുടെ തലവനായി ഞാൻ അഭിനയിക്കുന്ന സീൻ ഒരു കെട്ടിടത്തിനു മുകളിൽ നിന്നു പകർത്തുകയായിരുന്നു കോടി രാമകൃഷ്‌ണ.
ഞാനും ജൂനിയർ ആർട്ടിസ്റ്റുകളും താഴെ ജനത്തിരക്കുള്ള നഗരത്തിൽ. ഷൂട്ടിങ്ങാണെന്ന് ജനങ്ങളെ അറിയിക്കാത്ത വിധത്തിൽ ഞങ്ങൾ നടന്നുപോകണമെന്നായിരുന്നു സംവിധായകന്റെ നിർദേശം. ഹോക്കി സ്റ്റിക്കും വടികളും മറ്റുമുണ്ട് ഞങ്ങളുടെ കയ്യിൽ.
ക്യാമറ ഞങ്ങളെ പകർത്തുന്നുണ്ടെന്ന ബോധ്യത്തോടെ ഞങ്ങളുടെ സംഘം ‘അഭിനയിച്ചുകൊണ്ട്’ വേഗത്തിൽ നടന്നുനീങ്ങവെ, പെട്ടെന്ന് രണ്ട് മൂന്നു പൊലീസ് ജീപ്പുകൾ ഞങ്ങളുടെ മുന്നിൽ വന്നു ബ്രേക്കിട്ട് നിർത്തി. പൊലീസുകാർ ചാടിയിറങ്ങി. ഞങ്ങളെ വലിച്ചു ജീപ്പിൽകയറ്റി.
എനിക്ക് എന്താണു സംഭവിക്കുന്നതെന്നു തന്നെ മനസിലായില്ല. അതിനു മുൻപ് ഞാൻ ജീപ്പിനുള്ളിലായി. ഒരൂ ജൂനിയർ ആർട്ടിസ്റ്റ് ബഹളം കൂട്ടി. ഷൂട്ടിങ്ങാണെന്നു അയാൾ തെലുങ്കിൽ വിളിച്ചുകൂവി. അവന്റെ മുഖം നോക്കി ഒറ്റയടി കൊടുത്തുകൊണ്ട് എന്തൊക്കെയോ തെലുങ്കിൽ അലറിക്കൊണ്ട് പൊലീസുകാർ എല്ലാവരെയും ജീപ്പിനുള്ളിലാക്കി. ജീപ്പ് പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു.
എനിക്ക് സംഭവത്തിന്റെ ഗൗരവം അപ്പോഴേക്കും പിടികിട്ടി. ഏതോ നക്‌സലൈറ്റ് സംഘമാണ് ഞങ്ങളെന്നാണു പൊലീസുകാർ കരുതിയിരിക്കുന്നത്. ഈ സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുൻപ് ആന്ധ്രാപ്രദേശിൽ നക്‌സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു. മാത്രമല്ല, ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദർശനവുമുണ്ട്.
സ്‌റ്റേഷനിലെത്തിയ പാടെ എല്ലാവരോടും ഷർട്ട് അഴിക്കാൻ പറഞ്ഞു. തെലുങ്കിൽ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള എന്നെ പൊലീസുകാർക്കൊന്നും പരിചയവുമില്ല. അവിടെ കണ്ട ഏറ്റവും വലിയ ഉദ്യോഗസ്‌ഥനോട് ഇംഗ്ലീഷിലും പാതി തമിഴിലുമായി ഞാൻ കാര്യം പറഞ്ഞുനോക്കി. അതു വകവയ്‌ക്കാതെ അയാൾ എന്റെ ഷർട്ട് വലിച്ചൂരി.
അയാൾ എന്നോട് പേരു ചോദിച്ചു. റഹ്‌മാൻ എന്നു ഞാൻ മറുപടി പറഞ്ഞതും ഒരു വല്ലാത്ത ചിരി കൊണ്ട് അയാൾ എന്നെ അടിമുടിയൊന്നു നോക്കി. ഞാൻ പറയുന്നതു കേൾക്കാൻ പോലും തയാറാവാതെ അയാൾ ഞങ്ങളെയെല്ലാം സ്‌റ്റേഷനിലെ സെല്ലിനുള്ളിലാക്കി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. സ്‌റ്റേഷനു പുറത്ത് വലിയൊരു ബഹളം. സംവിധായകൻ കോടി രാമകൃഷ്‌ണയും സംഘവുമാണ്. മന്ത്രിമാരൊക്കെ വരുന്നപോലെ അധികാരഭാവത്തിൽ കോടി രാമകൃഷ്ണ സ്റ്റേഷനിലേക്കു കയറി. അദ്ദേഹം തെലുങ്കിലെ ഒന്നാംനിര സംവിധായകനാണ്. സ്വന്തമായി ഫാൻസ് അസോസിയേഷനുകൾ വരെയുണ്ട് കോടി രാമകൃഷ്‌ണയ്‌ക്ക്. അദ്ദേഹത്തിനൊപ്പം ഫാൻസ് അസോസിയേഷന്റെ ഭാരവാഹികളും രാഷ്‌ട്രീയക്കാരും പത്രക്കാരുമൊക്കെയുണ്ട്. തീർന്നില്ല, അവർക്കു പിന്നാലെ വലിയൊരു സംഘം ജനങ്ങളും സ്‌റ്റേഷനു പുറത്ത് തടിച്ചുകൂടി. സ്‌ത്രീകളൊക്കെ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം. എല്ലാം മിന്നൽ വേഗത്തിൽ !
കോടി രാമകൃഷ്‌ണയെ കണ്ടതോടെ പൊലീസുകാർക്ക് അബദ്‌ധം മനസിലായി. ഒന്നും പറയാൻ നിൽക്കാതെ ഉടൻ തന്നെ ഞങ്ങളെ സെല്ലിൽ നിന്നു പുറത്തിറക്കി.
പൊലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ ഞാൻ പുറത്തിറങ്ങാൻ തിടുക്കം കൂട്ടവേ കോടി രാമകൃഷ്‌ണയ്‌ക്കൊപ്പം ഉണ്ടായിരുന്ന ചിലർ തടഞ്ഞു. ‘പൊലീസുകാർ ക്ഷമ പറഞ്ഞാൽ മാത്രം സ്‌റ്റേഷനിൽ നിന്നിറങ്ങിയാൽ മതി’ എന്നായി അവർ.
പരസ്യമായി പത്രക്കാർക്കു മുന്നിൽവച്ച് ക്ഷമ പറയണമെന്ന ആവശ്യം അംഗീകരിക്കാൻ പൊലീസ് ഉദ്യോഗസ്‌ഥൻ ആദ്യം തയാറായില്ല. പക്ഷേ, ഒടുവിൽ ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന ഘട്ടം വന്നപ്പോൾ മടിച്ചുമടിച്ച് അയാൾ ക്ഷമ ചോദിച്ചുവെന്ന് വരുത്തി.
സ്‌റ്റേഷനു പുറത്തിറങ്ങിയ ഞാൻ ഞെട്ടിപ്പോയി. ഒരു സമ്മേളനത്തിനുള്ള ജനമുണ്ട്. എന്നെ കണ്ടതും അവർ കൈയടിച്ച് ആഹ്ലാദാരവം മുഴക്കി. ഒരാളെന്നെ പൊക്കിയെടുത്തു. എന്റെ കഴുത്തിൽ മാലയിട്ടു. സ്വാതന്ത്ര്യസമരകാലത്ത് ജയിൽവാസം കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കുന്ന മട്ടിൽ ആഘോഷപൂർവം അവർ എന്നെ പുറത്തേക്കു നയിച്ചു.
എന്നെ പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിന് തെലുങ്കുനാട്ടിൽ വൻവാർത്താ പ്രാധാന്യം കിട്ടി. പത്രങ്ങളൊക്കെ ചിത്രങ്ങൾ സഹിതം വാർത്ത ആഘോഷിച്ചു. ഭാരത് ബന്ദിന്റെ വൻവിജയത്തിന് ഈ സംഭവവും അതിനു കിട്ടിയ പബ്ലിസ്‌റ്റിയും സഹായിച്ചുവെന്നതിൽ സംശയമില്ല.
കോടി രാമകൃഷ്ണയെക്കുറിച്ചുള്ള ഈ ഓർമകൾക്കൊപ്പം എന്റെ പ്രാർഥനകളും....

Sunday, July 15, 2012

അമ്പിളിച്ചേട്ടാ...തിരിച്ചുവരൂ....


Add caption


അമ്പിളിച്ചേട്ടാ...ഇത് ഞാനാണ്...റഹ്മാന്‍....എന്നെ മനസിലായില്ലേ...?
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ജഗതി ശ്രീകുമാറിന്റെ മുറിയില്‍ അദ്ദേഹത്തിന്റെ ചാരെയിരുന്ന് ഞാന്‍ ചോദിച്ചു. എന്റെ മുഖത്തേക്ക് അദ്ദേഹം സൂക്ഷിച്ചു നോക്കി.
റഹ്മാനാണ്...അമ്പിളിച്ചേട്ടാ...റഹ്മാന്‍ - ഞാന്‍ വീണ്ടും പറഞ്ഞു.
ചികിത്സയുടെ ഭാ•മായി കയ്യില്‍ ഒരു പന്തു പിടിച്ച് വ്യായാമം ചെയ്തുക്കൊണ്ട് ഒരു കസേരയിലിരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് സഹായികളുണ്ട്. അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ആ പന്തു മാറ്റി. ഞാന്‍ ആ കയ്യില്‍ പിടിച്ചു. വീണ്ടും വീണ്ടും ഞാന്‍ പറഞ്ഞു. റഹ്മാനാണ്....റഹ്മാന്‍..
അമ്പിളിച്ചേട്ടന്‍ എന്നെ മാറിമാറി നോക്കിക്കൊണ്ടിരുന്നു. അദ്ദേഹം ചെറുതായി ഒന്നു ചിരിച്ചുവോ? എന്നെ തിരിച്ചറിഞ്ഞുവോ?
ഇല്ല. തിരിച്ചറിഞ്ഞതായി തോന്നിയില്ല. എനിക്ക് വിഷമം തോന്നി.
ആ വിഷമം അടുത്ത നിമിഷം തന്നെ മാറി. ആശുപത്രി മുറിയിലേക്ക് കയറിയപ്പോള്‍ എന്റെ ഹൃദയം നിറച്ച പ്രത്യാശ പെട്ടെന്നു തിരികെയെത്തി. അപകടത്തിനു ശേഷമുള്ള ജഗതി ശ്രീകുമാറിനെ ആദ്യമായി കണ്ടപ്പോള്‍, സത്യത്തില്‍ എന്റെ ഹൃദയത്തില്‍ ഒരു ആനന്ദം വന്നുചേര്‍ന്നിരുന്നു. ഞാന്‍ പേടിച്ചതുപോലെയായിരുന്നില്ല, അദ്ദേഹത്തിന്റെ അവസ്ഥ. അല്ലെങ്കില്‍, ആ അവസ്ഥയില്‍ നിന്ന് അദ്ദേഹം ഏറെ മാറിയിരിക്കുന്നു. 'റഹ്മാന്‍...നോക്കു....ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു....' ആദ്യ നോട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ മുഖം ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് എനിക്കു തോന്നി.
അമ്പിളിച്ചേട്ടന്റെ ഭാര്യ നാട്ടിലേക്കു പോയിരിക്കുകയായിരുന്നു അന്ന്. പിറ്റേന്ന് തിരിച്ചുവരുമ്പോള്‍ ആ മുറിയില്‍ നിന്നു അദ്ദേഹത്തെ മാറ്റുമെന്ന് അടുത്തു നിന്ന സഹായികള്‍ പറഞ്ഞു. ഞാന്‍ മെല്ലെ അമ്പിളിച്ചേട്ടന്റെ അടുത്തു പോയിരുന്നു.
ഒരു ഇരുപതു വര്‍ഷം മുന്‍പുള്ള അമ്പിളിച്ചേട്ടനെ പോലെ അല്‍പം മെലിഞ്ഞ മുഖം.  ചെറിയ കുറ്റിത്താടി. ബാഹ്യമായ പരുക്കുകളൊന്നുമില്ലാത്തതിനാല്‍ മുഖത്തിന് ഒരു മാറ്റവുമില്ല. ശരീരത്തിലെ മറ്റു മുറിവുകള്‍ ഉണങ്ങിയിരിക്കുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ആ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും പരിചിതനായ ഒരാളെ നോക്കുന്നതു പോലെയാണ് എന്നെ നോക്കിയത്. എനിക്ക് അതു മാത്രം മതിയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് ഞാന്‍ വെല്ലൂരില്‍ അമ്പിളിച്ചേട്ടനെ കാണാനായി പോയത്. ഡോക്ടര്‍മാരോടും അടുത്തുനിന്നിരുന്ന സഹായികളോടും സംസാരിച്ചപ്പോള്‍ ശരിക്കും സന്തോഷം തോന്നി. നമ്മെ ചിരിപ്പിക്കാനായി ആ പഴയ ജഗതി ശ്രീകുമാര്‍  മടങ്ങിയെത്തുമെന്ന് അവരുടെ വിവരണം കേട്ടപ്പോള്‍ എനിക്കുറപ്പായി.
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനോര്‍ത്തു, ഏതാണ്ട് മുപ്പതുവര്‍ഷം മുന്‍പ് അമ്പിളിച്ചേട്ടനെ ആദ്യമായി കണ്ട ദിവസം. സത്യന്‍ അന്തിക്കാടിന്റെ കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അത്. ആ സിനിമയില്‍ മോഹന്‍ലാല്‍ എന്റെ ചേട്ടനായാണ് വേഷമിട്ടിരുന്നത്. വീട്ടില്‍ നിന്നു പിണങ്ങി നാട്ടിന്‍പുറത്ത് പോയി മാറിത്താമസിക്കുന്ന ചേട്ടനെ കാണാന്‍ അനുജനായ ഞാന്‍ ബൈക്കില്‍ വരുന്നു. വഴി ചോദിക്കുന്നത് അമ്പളിച്ചേട്ടന്റെ കഥാപാത്രത്തോട്. എന്റെ ബൈക്കിനു പിന്നില്‍ കയറി എന്നെ കുറെ കറക്കി, വഴിതെറ്റിക്കുന്ന കുടിയന്റെ വേഷം. വേറൊരു ദിവസം, ബൈക്കില്‍ അദ്ദേഹത്തെ കയറ്റി ഞാന്‍ ദൂരെയൊരിടത്ത് കൊണ്ടുപോയി ഇറക്കിവിട്ട് പകരംവീട്ടുന്നുമുണ്ട്.
അത് ആദ്യ സിനിമ. പിന്നീട് എത്രയെത്ര സിനിമ... നൂറ്റമ്പതിലേറെ സിനിമകളില്‍ ഞാനഭിനയിച്ചു. അതില്‍ മലയാളത്തില്‍ അഭിനയിച്ച ഏതാണ്ട് എണ്‍പതിലേറെ സിനിമകളില്‍ പകുതിയിലെങ്കിലും നിശ്ചയമായും അമ്പിളിച്ചേട്ടന്‍ ഉണ്ടായിരിക്കും. മൂന്നാംപക്കത്തിലെ കവല അതില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രമാണ്.
അമ്പിളിച്ചേട്ടനില്ലാത്ത സിനിമകളില്ലായിരുന്നു ഒരുകാലത്ത് മലയാളത്തില്‍. സെറ്റുകളില്‍ നിന്നു സെറ്റുകളിലേക്ക് കാറിലുള്ള യാത്ര. ഉറക്കവും വിശ്രമവും എല്ലാ കാറില്‍ തന്നെ. എന്നിട്ടും അഭിനയത്തോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് അദ്ദേഹം വീണ്ടുംവീണ്ടും അഭിനയിച്ചുകൊണ്ടേയിരുന്നു.
ഞങ്ങളൊന്നിച്ച് അഭിനയിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു'വാണ്. രാജസേനന്റെ 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' ഫാസിലിന്റെ 'മോസ് ന്‍ ക്യാറ്റ്', രഞ്ജിത്തിന്റെ റോക്ക് ന്‍ റോള്‍ തുടങ്ങിയ അടുത്തകാലത്ത് വന്ന എന്റെ മലയാള ചിത്രങ്ങളിലൊക്കെ അമ്പിളിച്ചേട്ടനുമുണ്ടായിരുന്നു.
എന്നോട് എന്നും ഒരു പ്രത്യേക വാത്സല്യം അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുമൊക്കെ എന്നെ ഉപദേശിക്കുമായിരുന്നു അദ്ദേഹം. അല്ലെങ്കില്‍, അങ്ങനെയുള്ള സംശയങ്ങളൊക്കെ ചോദിക്കാന്‍ എനിക്ക് അടുപ്പമുള്ള അപൂര്‍വം വ്യക്തികളിലൊരാളാണ് അദ്ദേഹം.
എനിക്കു ശേഷം അമ്പിളിച്ചേട്ടനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പലരെയും അദ്ദേഹം തിരിച്ചറിഞ്ഞുവെന്നു കേട്ടു. അപ്പോള്‍ അദ്ദേഹം കൂടുതല്‍ നല്ല അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍. എന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വേണ്ട, അദ്ദേഹം സുഖപ്പെടുന്നുണ്ട് എന്നിറിയുന്നതല്ലേ ഏറ്റവും വലിയ കാര്യം. മലയാള സിനിമയുടെ അഭിനയപ്രതിഭയെ വീണ്ടും സ്ക്രീനില്‍ കാണുന്ന ആ ദിവസത്തിനു വേണ്ടി ഞാന്‍ കാത്തിരുന്നുകൊള്ളാം. ആ പ്രതീക്ഷ മതിയെനിക്ക്.

Sunday, February 13, 2011

RAHMAN'S VALENTINE'S DAY GREETING

Love is like playing the piano.

First you must learn to

play by the rules,


then you must forget the

rules and lay from your heart.


HAPPY VALENTINE’S DAY To All.

Tuesday, January 25, 2011

Thank u all...


Everyone from Kerala have been calling me and appreciation abt the movie, Traffic. Thanks to Sanju And Bobby. Without them this wouldn't have been possible. The day I read the script I knew this will surely be a hit.

It nice to hear great comments especially now when traffic is doing great. I would like to thank the people for accepting the change and the appreciations too.

Trying my best to come out with new concepts. rest its in gods hands as well as you and the people of kerala.

....best wishes..

thank u all.

Monday, January 3, 2011

NEW YEAR GREETINGS


I take this opportunity by replying to all those 598 mails in my inbox.

Thank you all for remembering and heartfelt wishes .

Honestly have read each one of your mails, it will take 3 whole days to reply them all.

I WISH EACH ONE OF U A BLESSED YEAR WITH GOOD HEALTH AND

PROSPERITY


HAPPY 2011......To My dear friends , Well wishers and my relation across the continent.


with love from

Rahman.....

Wednesday, November 24, 2010

Rahman from Bangkok

hi guys

am now in Pattaya. thats in Bangkok for Lavender Shoot. Its been a week though and now home sick. Climate here is hot but bearable. Alls going smooth so far.


(through facebook)

Tuesday, September 7, 2010

ഉയരങ്ങളില്‍എം.ടി. സാര്‍


അടിയൊഴുക്കുകളുടെ സെറ്റിലേക്ക് ആദ്യമായി പോകുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാസാഹിത്യകാരന്റെ ഒരു കഥാപാത്രമാകുന്നതിന്റെ ടെന്‍ഷന്‍ അന്ന് എനിക്ക് ഉണ്ടായിരുന്നു.

ഞാനന്ന് സിനിമയില്‍ ഒന്നോ രണ്ടോ വര്‍ഷമേ ആയിട്ടുള്ളു.ട്ടിയിലും അബുദാബിയിലുമൊക്കെ പഠിച്ചതിനാല്‍ എം.ടി. സാറിന്റെ തിരക്കഥയില്‍ പിറന്ന സിനിമകളൊന്നും അന്ന് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, ഇരുട്ടിന്റെ ആത്മാവും ഒാപ്പോളും പോലുള്ള സിനിമകളെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടായിരുന്നു. ഐ.വി. ശശിക്ക് വേണ്ടി എം.ടി. സാര്‍ എഴുതിയ തൃഷ്ണയും ആരുഢവും പോലുള്ള സിനിമകള്‍ പുറത്തിറങ്ങിയ സമയമായിരുന്നു അത്. അതുകൊണ്ടു തന്നെ, അടിയൊഴുക്കുകളെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്.

കരുണന്‍ എന്ന അതിശക്തമായ കഥാപാത്രത്തെയായിരുന്നു ആ ചിത്രത്തില്‍ മമ്മുക്ക അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെതും എന്റേതും മികച്ച വേഷങ്ങള്‍ തന്നെയായിരുന്നു. അപരിചിതരായ മൂന്നു പുരുഷന്‍മാര്‍ക്കിടയില്‍ തന്റേടത്തോടെ ജീവിക്കുന്ന സ്ത്രീ കഥാപാത്രമായി സീമചേച്ചിയും.

ആ വര്‍ഷം തന്നെ എം.ടി. സാറിന്റെ മറ്റൊരു കഥാപാത്രത്തെ കൂടി അവതരിപ്പിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. ‘ഐ.വി. ശശി സംവിധാനം ചെയ്ത ഉയരങ്ങളില്‍ എന്ന ആ ചിത്രത്തിലും എനിക്കു നല്ലൊരു വേഷമായിരുന്നു. നെഗറ്റീവ് ടച്ചുള്ളതായിരുന്നു മോഹന്‍ലാലിന്റെ നായകവേഷം. നന്മയുടെ ഭാഗത്ത് നില്‍ക്കുന്നവനായിരുന്നു എന്റെ കഥാപാത്രം.

എന്റെ സിനിമാജീവിതത്തില്‍, ഒരിക്കലും മറക്കാനാവാത്ത രണ്ടു കഥാപാത്രങ്ങളെയാണ് എം.ടി. സാര്‍ എനിക്കു തന്നത്. അടിയൊഴുക്കുകളുടെ തിരക്കഥ കണ്ടപ്പോള്‍ എനിക്കു തോന്നി, ഈ തിരക്കഥയുണ്ടെങ്കില്‍ എനിക്കും സിനിമ സംവിധാനം ചെയ്യാമല്ലോ എന്ന്. ഏതു പൊലീസുകാരനും സിനിമ ചെയ്യാവുന്ന പോലെ പൂര്‍ണവും വിശദവുമായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥ. അതു വായിച്ചാല്‍ പിന്നെ എങ്ങനെ അഭിനയിക്കണമെന്ന് ആരും പറഞ്ഞുതരേണ്ട ആവശ്യം തന്നെയില്ല. അപ്പോഴേക്കും കഥാപാത്രമായി നമ്മള്‍ മാറിയിട്ടുണ്ടാവും.

ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. എം.ടി. സാറിന്റെയും പപ്പേട്ടന്റെയും ഭരതേട്ടന്റെയുമൊക്കെ സിനിമകളിലെ ജീവനുള്ള കഥാപാത്രങ്ങളിലൂടെയാണ് ഞാന്‍ സിനിമാരംഗത്ത് കാലെടുത്തുവച്ചത്. ഇന്നത്തെ തലമുറയിലെ പുതുതാരങ്ങള്‍ക്ക് കിട്ടാതെ പോയ ഭാഗ്യമാണിതെന്നു ഞാന്‍ വിശ്വസിക്കുന്നു.

എം.ടി. സാറിന്റെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം നഷ്ടമായതിന്റെ വിഷമവും ഇപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. ഒരിക്കല്‍ ഭരതേട്ടന്‍ എന്നെ വിളിച്ച് ഋഷിശൃംഗന്‍ എന്നൊരു ചിത്രം ചെയ്യുന്നുവെന്നും അതില്‍ എനിക്കു നായകവേഷമുണ്ടെന്നും പറഞ്ഞിരുന്നു. എം.ടി. സാറിന്റെ തിരക്കഥയാണെന്നു കൂടി കേട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, എന്തൊക്കെയോ കാരണങ്ങളാല്‍ ആ ചിത്രം നീണ്ടുപോയി. പിന്നീട് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം വൈശാലി എന്ന പേരില്‍ ആ സിനിമ പുറത്തിറങ്ങി. ഞാന്‍ തമിഴ് സിനിമയിലൊക്കെ തിരക്കായ സമയത്തായിരുന്നു അത്.

ഏതായാലും, എം.ടി. സാറിന്റെ തിരക്കഥയില്‍ രണ്ടു ചിത്രങ്ങളെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനിയും അദ്ദേഹത്തിന്റെ കഥാപാത്രമായി മാറാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.
Related Posts Plugin for WordPress, Blogger...