Monday, June 8, 2009

അന്നും ഇന്നും

സിനിമാതാരങ്ങളെ ദൈവത്തെപ്പോലെ കാണുന്ന നാടാണ് ആന്ധ്രാപ്രദേശ്. അതുകൊണ്ടുതന്നെ തെലുങ്കില്‍ സൂപ്പര്‍താരമായ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ഇത്രയധികം ആളുകള്‍ അണിചേരുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ചിരഞ്ജീവിയുമായി എനിക്ക് അടുപ്പമുണ്ട്. എന്റെ ആദ്യകാല തെലുങ്ക് ചിത്രങ്ങളിലൊന്നായ ഭാരത് ബന്ദ്' റിലീസാകും മുന്‍പ് തന്നെ, പടം മെഗാഹിറ്റ് ആകുമെന്ന് പ്രവചിച്ച ആളാണ് ചിരഞ്ജീവി. ആ കഥ മുന്‍പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. വളരെ നല്ലൊരു നടന്‍ എന്നതിലുപരിയായി നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. ഇത്രയും കാലം തെലുങ്കുദേശത്തെ ഏറ്റവും വലിയ താരമായി തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ. എം.ടി. ആറും എം.ജി.ആറുമൊക്കെ ആന്ധ്രയിലും തമിഴ്നാട്ടിലും പ്രിയപ്പെട്ടവരായതും മുഖ്യമന്ത്രിമാരായി മാറിയതും സിനിമാതാരത്തിന്റെ ഗാമറിനൊപ്പം അവരുടെ ജനങ്ങളോടുള്ള സ്നേഹവും ആത്മാര്‍ഥതയും കൊണ്ടുകൂടിയായിരുന്നു. തമിഴ്നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയകാന്ത് നേടിയ വിജയവും അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിച്ചെടുത്ത വോട്ടുകളും ആ മനുഷ്യനോട് തമിഴ്നാടിനുള്ള സ്നേഹം
വെളിവാക്കുന്നതായിരുന്നു. ഇപ്പോള്‍ വിജയകാന്തിനെ കൂടാതെ ശരത്കുമാര്‍, കാര്‍ത്തിക് തുടങ്ങിയ താരങ്ങളും സജീവമായി രാഷ്ട്രീയത്തിലുണ്ട്. വിജയകാന്തിനൊപ്പം ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എസ്.എ. ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത വസന്തരാഗ•ം. 1986ലാണ് ആ ചിത്രം പുറത്തിറങ്ങിയതെന്നാണ് ഒാര്‍മ. എന്റെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു അത്. നടന്‍ വിജയിയുടെ അച്ഛനാണ് എസ്.എ.ചന്ദ്രശേഖരന്‍. എന്നെ തമിഴിലേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. നിലവേ മലരേ എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. വസന്തരാഗത്തില്‍ എനിക്കും വിജയകാന്തിനും നായകവേഷമായിരുന്നു. ഞാന്‍ തമിഴില്‍ ചെയ്ത ആദ്യ ഇരട്ടനായകവേഷം. പിന്നീട് എത്ര ചിത്രങ്ങളില്‍ ഇതുപോലെ ഇരട്ടനായകവേഷം ചെയ്യേണ്ടിവന്നു ! സുധാചന്ദ്രനയിരുന്നു വസന്തരാഗത്തിലെ നായിക. നിലവേ മലരേയുടെ വന്‍ വിജയം എനിക്ക് തമിഴില്‍ നല്ല പേരുണ്ടാക്കിയ സമയമായിരുന്നു അത്. വിജയകാന്ത് സൂപ്പര്‍താരപദവിയിലേക്ക് എത്തുന്നതിനു മുന്‍പുള്ള സമയം. വിജയകാന്തിനെ വച്ച് അതിനു മുന്‍പും പിന്‍പും നിലവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ചന്ദ്രശേഖരന്‍. പക്ഷേ, വസന്തരാഗത്തില്‍ എന്റെ കഥാപാത്രത്തിന് താരതമ്യത്തില്‍ പോലും കുറവ് പറയാനില്ലായിരുന്നു. വസന്തരാഗവും വന്‍ വിജയം നേടി. നൂറു ദിവസത്തോളം പല തീയറ്ററുകളിലും ചിത്രം ഒാടി. വിജയകാന്ത് ഒരു സുഹൃത്തിന്റെ സ്ഥാനത്തല്ല എനിക്ക്. അങ്ങനെയൊരു അടുപ്പം അദ്ദേഹത്തോട് തോന്നിയിട്ടില്ല. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനത്തോടെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളു. ആ സമയത്ത് തമിഴ് എനിക്ക് വശമായി വരുന്നതേയുള്ളു. ഇംഗീഷില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനും പാടാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ തമ്മില്‍ ചെറിയ സംഭാഷണങ്ങളേ ഉണ്ടായിട്ടുള്ളു. ആ ചിത്രത്തിനു ശേഷം വല്ലപ്പോഴും പൊതുചടങ്ങുകളില്‍ വച്ചു കാണുന്നതല്ലാതെ അടുത്ത് ഇടപഴകാനുള്ള അവസരം അദ്ദേഹവുമായി വന്നിട്ടില്ല. വിജയകാന്തിന്റെ 150-ാം പടത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. കഥയില്‍ പ്രാധാന്യം ഉണ്ടായിരുന്നുവെങ്കിലും വേഷം ചെറുതായിരുന്നു. അതുകൊണ്ട്, മറ്റു തിരക്കുകള്‍ ഏറെയുണ്ടായിരുന്ന സമയമായതിനാല്‍ ഞാന്‍ ആ വേഷം ചെയ്തില്ല. ഒരു തരത്തിലും ജാഡ കാണിക്കാത്ത നടനാണ് അദ്ദേഹം. സ്വഭാവത്തിലും ഇടപെടലിലുമെല്ലാം ഒരു മാന്യതയുണ്ട്. തെറ്റായ ഒരു അഭിപ്രായം പോലും അദ്ദേഹത്തെകുറിച്ച് പറയാനില്ല. ഗ്രാമീണമേഖലയില്‍ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്.
വിജയകാന്തിന്റെ പടമിറങ്ങുമ്പോള്‍ ന ഗരങ്ങളെക്കാള്‍ ഗ്രാമങ്ങളിലാണ് ആവേശം. ഗ്രാമങ്ങളിലുള്ള സ്വാധീനമാണ് രാഷ്ട്രീയത്തിലും അദ്ദേഹത്തിനു നേട്ടമാകുന്നത്. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത എന്റെ 'പുരിയാതെ പുതിര്‍' എന്ന തമിഴ്ചിത്രത്തില്‍ ചെറിയൊരു വേഷത്തിലായിരുന്നു ശരത്കുമാര്‍ അഭിനയിച്ചിരുന്നത്. അന്ന് അദ്ദേഹം നായകവേഷങ്ങള്‍ ചെയ്തു തുടങ്ങിയിട്ടില്ല. ശരത്കുമാര്‍ അഭിനയിച്ച പൊലീസ് ഒാഫിസറിന്റെ വേഷത്തിന് പക്ഷേ, സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഞാനുമായുള്ള ഒരു സ്റ്റണ്ട് സീന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ മറ്റ് കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. അതുകൊണ്ടു തന്നെ അന്ന് ശരത്കുമാറുമായി ഒരു അടുപ്പമുണ്ടായില്ല. ശരത്കുമാറിന്റെ ഭാര്യ നടി രാധിക പക്ഷേ, എന്റെ അടുത്ത സുഹൃത്താണ്. അന്നും ഇന്നും. മോഹന്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന ചിത്രത്തിലാണ് രാധികയും ഞാനും ആദ്യമായി ഒന്നിക്കുന്നത്. മോഹന്‍ലാലും ഞാനും ചേട്ടനും അനുജനുമായി അഭിനയിച്ച ചിത്രമായിരുന്നു അത്. മോഹന്‍ലാലിന്റെ നായിക രാധികയും എന്റെ നായിക നദിയാ മൊയ്തുവും. 'സംഗമം ഈ പൂങ്കാവനം', 'വാചാലം എന്‍ മൌനവും നിന്‍ മൌനവും...' എന്നിങ്ങനെ രണ്ടു സൂപ്പര്‍ഹിറ്റ് ഗനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. രാധികയുമായി വളരെ പെട്ടെന്നു തന്നെ ഞാന്‍ അടുത്തു. രാധികയ്ക്ക് മലയാളം അത്ര പരിചയമില്ല. പക്ഷേ, വളരെ നന്നായി ഇംഗീഷില്‍ സംസാരിക്കും. ഒരുകാലത്ത് തമിഴ് സിനിമാലോകം അടക്കി വാണ എം.ആര്‍. രാധയുടെ മകളാണ് രാധിക. രാധികയുടെ അമ്മ ശ്രീലങ്കക്കാരിയാണ്. രാധിക പഠിച്ചതും ശ്രീലങ്കയിലായിരുന്നു. ലണ്ടനില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റും പഠിച്ചു. ഭാരതിരാജയുടെ സിനിമയിലൂടെയാണ് രാധിക പ്രശസ്തിയിലേക്ക് ഉയരുന്നത്. പ്രതാപ് പോത്തനുമായുള്ള പ്രണയവിവാഹവും
വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സമയം കൂടിയായിയിരുന്നു അത്. വളരെ പെട്ടെന്ന് ഒരു ആകര്‍ഷണം തോന്നിപ്പിക്കുന്ന പ്രകൃതമാണ് രാധികയുടേത്. വളരെ ഒാപ്പണായി സംസാരിക്കും. വളരെ ഫ്രണ്ട്ലി നേച്ചര്‍. ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലതാനും. അഭിനയം എന്നത് വളരെ രവത്തോടെയാണു രാധിക കണ്ടിരുന്നത്. കൂടുംതേടിയുടെ സെറ്റില്‍ വച്ചു തന്നെ രാധിക എന്റെയൊരു നല്ല സുഹൃത്തായി മാറി. പിന്നീട് തമിഴില്‍ 'പട്ടണത്താല്‍ പോകാമെടീ..' എന്ന് ചിത്രത്തില്‍ രാധിക എന്റെ നായിക വേഷം ചെയ്തു. രമ്യാകൃഷ്ണനായിരുന്നു ആ ചിത്രത്തിലെ മറ്റൊരു നായിക. രാധികയുടെ ശ്രീലങ്കക്കാരിയായ അമ്മ ശ്രീലങ്കയില്‍ വച്ച് നടത്തിയിരുന്ന സ്റ്റേജ് ഷോകള്‍ക്കൊക്കെ എന്നെയും വിളിക്കുമായിരുന്നു. ഒന്നോ രണ്ടോ തവണ അവര്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ പോയി. രാധികയുടെ വീട്ടില്‍ എന്ത് ചടങ്ങുകള്‍ നടന്നാലും ഞാന്‍ ഒരു പ്രത്യേക ക്ഷണിതാവായിരുന്നു. പിറന്നാള്‍ പാര്‍ട്ടികളൊക്കെ നടക്കുമ്പോള്‍ കൃത്യമായി എന്നെ വിളിക്കും. എന്റെ പിറന്നാള്‍ ആഘോഷമോ മറ്റോ നടന്നാല്‍ അതിനു രാധികയും വരും. ഒരു പുരുഷ സുഹൃത്തിനോടെന്ന പോലെ എന്തും തുറന്നു പറയാവുന്ന അടുപ്പമുണ്ടായിരുന്നു എനിക്ക് രാധികയോട്. ഒളിവും മറവുമില്ലാതെ സംസാരിക്കാനും ഇടപഴകാനും നല്ല സുഹൃത്തുക്കളായിരിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. പ്രതാപ് പോത്തനുമായി പിരിഞ്ഞ ശേഷം രാധിക വിവാഹം ചെയ്തത് ലണ്ടന്‍കാരനായ ഒരു
വ്യവസായിയെയായിരുന്നു. പേര് റിച്ചാര്‍ഡ്. രാധികയും റിച്ചാര്‍ഡുമായി പല തവണ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞാനന്ന് വിവാഹം കഴിച്ചിട്ടില്ല. ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് ജീവിക്കുന്ന സമയം. രാധിക തന്നെ പാചകമൊക്കെ ഏറ്റെടുത്ത് റിച്ചാര്‍ഡും ഞാനുമെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. രാധികയെ കണ്ടിട്ട് ഏറെനാളായി. രാഷ്ട്രീയവും സിനിമയുമൊക്കെയായി അവര്‍ ഇപ്പോള്‍ നല്ല
തിരക്കാണ്. ശരത്കുമാറിന്റെ രാഷ്ട്രീയ സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അതിന് ഒരു കാരണം രാധികയുടെ പിന്തുണ തന്നെയാവും.

1 comment:

Related Posts Plugin for WordPress, Blogger...