Tuesday, May 5, 2009

സുകുമാരിചേച്ചിയുടെ ഉപദേശം

ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സുകുമാരിച്ചേച്ചി എന്നെ ഉപദേശിച്ചു: 'നസീര്‍ സാറിനെ പോലെയാവണം...'
എങ്ങനെയാണു നസീര്‍ സാറിനെപോലെ ആകേണ്ടതെന്ന് എനിക്കന്ന് അറിയില്ലായിരുന്നു.
'ഒരിക്കല്‍ ഒരിടത്ത്' എന്ന ചിത്രത്തിന്റെ സെറ്റില്‍ നസീര്‍ സാറുമൊത്ത് അഭിനയിക്കുമ്പോള്‍ ഈ ഉപദേശം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് ഈ സിനിമയില്‍ അഭിനയിക്കുന്നതിനും വളരെ മുന്‍പായിരുന്നു. ഞാന്‍ സിനിമയില്‍ വരുന്നതിനും മുന്‍പ്.
നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ആദ്യചിത്രം ജയന്‍ നായകനായ 'അങ്ങാടി'യായിരുന്നു. ചിത്രം വന്‍ വിജയം നേടി. അങ്ങാടിയുടെ വിജയാഘോഷചടങ്ങുകള്‍ നടത്തിയത് ഞങ്ങളുടെ തിയറ്ററില്‍ വച്ചായിരുന്നു.
അന്ന് നസീര്‍ സാറായിരുന്നു മുഖ്യാതിഥി. അന്ന് വിഐപികള്‍ക്കിടയില്‍ നില്‍ക്കുന്ന നസീര്‍ സാറിനെ ദൂരെ മാറി നിന്നു നോക്കിയത് ഒാര്‍മയുണ്ട്.
ഒരിക്കല്‍ ഒരിടത്തില്‍, ഞാനും രോഹിണിയുമായിരുന്നു നായകവേഷങ്ങളില്‍. നസീര്‍ സാറും പ്രധാന വേഷത്തിലുണ്ടായിരുന്നു.
ശിവാജി സാറിനെപ്പോലെ ഒരു നല്ല മനസിന്റെ ഉടമയായിരുന്നു നസീര്‍ സാറും. മാന്യതയുടെ മനുഷ്യരൂപമായിരുന്നു നസീര്‍ സാര്‍. ആളുകളോട് എങ്ങനെ ഇടപെടണമെന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണം.
'നസീര്‍ സാറിനെ പോലെയാകണം' എന്നു സുകുമാരി ചേച്ചി പലവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്. അന്നൊന്നും എങ്ങനെയാണ് നസീര്‍ സാറിനെപ്പോലെയാകണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നല്ല ഒരു നടനാകണമെന്നോ മറ്റോ ആവുമെന്നേ കരുതിയുള്ളു. എപ്പോഴും സ്നേഹപൂര്‍വം നമ്മളെ ഉപദേശിക്കുന്ന ആളാണ് സുകുമാരി ചേച്ചി; കൂടെവിടെയില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുതല്‍.
തമിഴില്‍ ശിവാജി സാറിനൊക്കെ കിട്ടിയിരുന്ന ഒരു റെസ്പെക്ട് ഇവിടെ നസീര്‍ സാറിനു കിട്ടിയിരുന്നോ എന്നു സംശയമുണ്ട്. അവിടെ എല്ലാവര്‍ക്കും ശിവാജി സാറിനെ പേടിയായിരുന്നുവെങ്കില്‍ ഇവിടെ നസീര്‍ സാറിനോട് ഏല്ലാവര്‍ക്കും അടുപ്പമായിരുന്നു. അങ്ങനെ തന്നെയായിരുന്നു നസീര്‍ സാറിന്റെയും ഇടപെടല്‍. ആരുടെയും വിഷമങ്ങള്‍ കേട്ട് പരിഹാരം
സോഫ്റ്റ് ആന്‍ഡ് പോയെറ്റിക്. നസീര്‍ സാറിനെ ഇങ്ങനെ വിളിക്കുന്നതാണ് നല്ലത്. ആരെയും ഉപദ്രവിക്കരുത്, ലൈറ്റ് ബോയി വരെയുള്ള സകലരോടും ഒരു ആദരവ് കാണിക്കണം തുടങ്ങിയ പാഠങ്ങള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കു തന്റെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചു കൊടുത്തു.
മൂന്നു ഭാഷകളിലായി ഏതാണ് നൂറ്റമ്പതോളം സിനിമകളില്‍ ഞാനിപ്പോള്‍ അഭിനയിച്ചു കഴിഞ്ഞു. മൂ ന്നു സ്ഥലത്തും അവിടുത്തെ മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടി. ഇതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഇരുപത്തിനാലു വര്‍ഷത്തെ സിനിമാജീവിതത്തില്‍ എനിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളിലൊന്നു തന്നെയാണിത്.
മധു സാറിനൊപ്പവും നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ ആയിരുന്നു ആദ്യ ചിത്രം. അതില്‍ അദ്ദേഹത്തിന്റെ വഴിതെറ്റിപ്പോകുന്ന മകന്റെ വേഷമായിരുന്നു എനിക്ക്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ മകനായി അഭിനയിച്ചു.
ഇ•ാ ഇല്ലാത്ത അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ വച്ച് താനൊരു മുതിര്‍ന്ന നടനാണെന്ന ഭാവമൊന്നും ആരോടും കാട്ടില്ല. ബഹളം വയ്പ്പോ ദേഷ്യപ്പെടലോ ഇല്ല.
ഇന്ന് നേരെ തിരിച്ചാണ്. ജാഡ കാട്ടിയില്ലെങ്കില്‍ താനൊരു സ്റ്റാര്‍ ആയെന്നു തോന്നിയില്ലെങ്കിലോ എന്ന ചിന്തയാണ് പുതിയ തലമുറയിലെ പല താരങ്ങള്‍ക്കും. ആരോടെങ്കിലും കുറച്ചു ചൂടാകുകയോ ബഹളം കൂട്ടുകയോ ചെയ്തില്ലെങ്കില്‍ സ്റ്റാര്‍ വാല്യു ഇടിയുമെന്ന മട്ട്. ജാഡ, പുച്ഛം, പരദൂഷണം, അസൂയ തുടങ്ങിയവയ്ക്കാണ് ഒരു താരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുള്ളത്.
ബഹദൂര്‍ക്കാ, ഉമ്മര്‍ക്കാ, തിക്കുശ്ശി സാര്‍ തുടങ്ങിയ പഴയ തലമുറയിലെ മറ്റു മുതിര്‍ന്ന താരങ്ങളോടൊപ്പവും എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടി. ഇവര്‍ മൂന്നു പേര്‍ക്കും എന്നോടു പ്രത്യേക വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. സുഹൃത്തുക്കളാവാന്‍ പ്രായം തടസമല്ലെന്നതിന്റെ നല്ല ഉദാഹരണമായിരുന്നു ഞാനും ബഹദൂര്‍ക്കായുമായുള്ള ബന്ധം. മലയാള സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി ഞാന്‍ മനസില്‍ കൂട്ടിവച്ചിരിക്കുന്നതിലൊന്നാണ് ആ വലിയ നടനുമായുള്ള ബന്ധം. വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. മനസില്‍ അച്ഛന്റെ സ്ഥാനം നല്‍കി ബഹുമാനിക്കുമ്പോഴും ഒരേ ക്ളാസില്‍ പഠിച്ചുവന്ന രണ്ടു ആത്മസുഹൃത്തുക്കളെ പോലെ ഇടപഴകാന്‍ അദ്ദേഹം എനിക്ക് അവസരം തന്നു.
സിനിമാക്കാരെല്ലാം 'ബഹദൂര്‍ക്കാ, ബഹദൂര്‍ക്കാ...' എന്ന് അദ്ദേഹത്തെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ പറയുമായിരുന്നു. ബഹദൂര്‍ക്കായെങ്കിലും എന്നെ 'റഹ്മാന്‍ക്കാ..' എന്നു വിളിക്കണമെന്ന്. 'അതിനെന്താടാ...' എന്നു പറഞ്ഞ് അദ്ദേഹം 'റഹ്മാനുക്കാ...' എന്ന് എന്നെ വിളിക്കും. ലൊക്കേഷനില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവച്ചു ഞാന്‍ കിടന്നിട്ടുണ്ട്. എന്റെ മുടിയില്‍ തലോടിക്കൊണ്ട്, അച്ഛനോ അപ്പൂപ്പനോ ഒക്കെ നമ്മളെ താലോലിക്കുന്നതു പോലെയാവും അദ്ദേഹമിരിക്കുക.

1 comment:

Related Posts Plugin for WordPress, Blogger...