Tuesday, May 12, 2009

പപ്പേട്ടന്റെ കണ്ടെത്തലുകള്‍


പത്മരാജന്റെ 'മൂന്നാംപക്കം' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ഞാനാദ്യമായി ജയറാമിനെ കാണുന്നത്. മിമിക്രി ലോകത്തു നിന്ന് പപ്പേട്ടന്റെ തന്നെ അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന ജയറാം അപ്പോഴേക്കും മലയാളത്തില്‍ പേരെടുത്തു തുടങ്ങിയിരുന്നു. കുറെ നല്ല സിനിമകള്‍ ചുരുങ്ങിയ സമയം കൊണ്ടു ചെയ്യാന്‍ ജയറാമിനു ഭാമുണ്ടായി. മൂന്നാംപക്കം പല കാര്യങ്ങള്‍ കൊണ്ടും എനിക്ക് പ്രിയപ്പെട്ട സിനിമയായിരുന്നു. ഒന്നാമതായി മികച്ചയൊരു സിനിമ. ശക്തമായ കഥ. തിലകന്‍ ചേട്ടന്റെ അപാരമായ പെര്‍ഫോമന്‍സ്. അങ്ങനെ സിനിമയുടെ ണങ്ങള്‍ തന്നെ നിരവധിയുണ്ട്. മൂന്നാംപക്കത്തില്‍ ജയറാമായിരുന്നു നായകന്‍. എനിക്ക് നായകന്റെ കൂട്ടുകാരന്റെ വേഷം മാത്രം. തമിഴില്‍ എനിക്കു നല്ല തിരക്കുള്ള സമയമായിരുന്നു അത്. പക്ഷേ, എത്ര ചെറിയ വേഷമാണെങ്കിലും ഒരു മടിയും കൂടാതെ ഞാന്‍ പപ്പേട്ടന്റെ സിനിമയില്‍ അഭിനയിക്കും. 
കാരണം, എന്നെ ഒരു നടനാക്കിയത് അദ്ദേഹമാണ്. പത്മരാജന്റെ മൂന്നു കണ്ടെത്തലുകള്‍ ഒന്നിച്ച സിനിമ കൂടിയായിരുന്നു അത്. എന്നെയും ജയറാമിനെയും കൂടാതെ അശോകനുമുണ്ടായിരുന്നു നല്ലൊരു വേഷത്തില്‍. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയില്‍ നല്ലൊരു സൌഹൃദം രൂപപ്പെട്ടു വന്നതും ഈ ചിത്രത്തോടെയായിരുന്നു. ജയറാമിനൊപ്പം ഇരുന്നാല്‍ സമയം പോകുന്നത് അറിയുകയേയില്ല. എപ്പോഴും തമാശകളും മിമിക്രിയുമൊക്കെയായി ജയറാം അരങ്ങ് കൊഴുപ്പിക്കും. ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസം. ചിരികളും പൊട്ടിച്ചിരികളുമായി ആ ദിനങ്ങള്‍ വളരെ വേ•ത്തില്‍ കടന്നുപോയി. ജയറാമുമായി അന്നു തുടങ്ങിയ സൌഹൃദം ഇന്നും ഒരു കോട്ടവും തട്ടാതെ മുന്നോട്ടുപോകുന്നു. ജയറാം ശരിക്കും എന്റെ ഫ്രണ്ട് എന്നതിനെക്കാള്‍ അപ്പുറമായി ഫാമിലി ഫ്രണ്ട് ആണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. ഒരുപക്ഷേ, ഞാനും ജയറാമും തമ്മില്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതലായി ഞങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ സംസാരിക്കാറുണ്ട്. ആഴ്ചയില്‍ മൂന്നുനാലു തവണയെങ്കിലും ചുരുങ്ങിയത് അവര്‍ ഫോണില്‍ സംസാരിക്കും. ചിലപ്പോള്‍ ഒന്നിച്ചു ഷോപ്പിങ്ങിനു പോകും. പാര്‍വതിയും മെഹ്റുന്നിസയുമായുള്ള അടുപ്പം ഞങ്ങളുടെ സൌഹൃദത്തിന്റെ വളര്‍ച്ചയ്ക്കും സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരുടെയും കുടുംബങ്ങള്‍ ഇടയ്ക്കിടെ കൂടിച്ചേരാറുണ്ട്. ചിലപ്പോള്‍ ഞങ്ങളുടെ വീടുകളില്‍ തന്നെ. അല്ലെങ്കില്‍ ഏതെങ്കിലും റെസ്റ്ററന്റില്‍ പോയി എല്ലാവരും കൂടി ഒന്നിച്ചു ഭക്ഷണം കഴിക്കും. ജയറാമുമായി സംസാരിക്കുമ്പോള്‍ തന്നെ ഒരു അടുപ്പം തോന്നും. ഞങ്ങളുടെ ചിന്തകള്‍ക്കും സംസാരവിഷയങ്ങള്‍ക്കുമെല്ലാം ഒരു സാമ്യമുണ്ടാവും. പലകാര്യങ്ങളിലും ഞങ്ങളുടെ നിലപാടുകളും ഒന്നാവും. എനിക്കുതോന്നുന്നു, ജയറാമുമായുള്ള അടുപ്പത്തിനു കാരണവും ഒരേതരത്തിലുള്ള ഞങ്ങളുടെ ഈ ചിന്തകളാണെന്ന്. മൂന്നാംപക്കത്തിനു ശേഷം വിജി തമ്പിയുടെ കാലാള്‍പ്പടയിലാണ് ഞങ്ങള്‍ ഒന്നിച്ചത്. ആ ചിത്രത്തില്‍ ഞാനും ജയറാമുമായിരുന്നു നായകര്‍. നല്ലൊരു വേഷത്തില്‍ സിദ്ദിഖും. വില്ലനായി സുരേഷ്പിയും. തമിഴില്‍ അഭിനയിച്ചു തുടങ്ങിയ സമയത്ത് മദ്രാസിലേക്ക് താമസം മാറ്റാന്‍ ജയറാം തീരുമാനമെടുത്തു. ഒരു വീടുവാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാനുമപ്പോള്‍. ഞങ്ങള്‍ ഒന്നിച്ചാണ് സ്ഥലം വാങ്ങിയത്. ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി രണ്ടു വീടുകള്‍ പണിയുകയായിരുന്നു ഞങ്ങളുടെ പദ്ധതി. ജയറാം അവിടെതന്നെ വീടു പണിതു. പക്ഷേ, മറ്റുചില കാരണങ്ങള്‍കൊണ്ട് എനിക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആ സ്ഥലം ഞാന്‍ വിറ്റു. ഇപ്പോഴും മദിരാശിയില്‍ ഞാന്‍ ഒരു വീടു സ്വന്തമാക്കിയില്ല എന്നതാണ് മറ്റൊരു സത്യം. കഴിഞ്ഞ മാസം ജയറാമിന്റെ 'വെറുതെ ഒരു ഭാര്യ' എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ ഞാന്‍ അഭിനയിച്ചു. ജയറാമിന്റെ ചിത്രമായതുകൊണ്ടാണ് ഒരു അതിഥി വേഷമാണെങ്കിലും കൂടി അതു ചെയ്യാമെന്നു ഞാന്‍ തീരുമാനിച്ചത്. കഥയില്‍ നിര്‍ണായകമായ ട്വിസ്റ്റ് വരുത്തുന്ന കഥാപാത്രമാണ് എന്റേത്. പത്മരാജന്റെ മറ്റൊരു മികച്ച കണ്ടെത്തലായിരുന്നു അശോകന്‍. നല്ല നടന്‍. നല്ലൊരു ഗായകന്‍. നല്ല മനുഷ്യന്‍. അശോകന്‍ എനിക്കൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരന്റെ വേഷവും അനുജന്റെ വേഷവുമൊക്കെ അശോകന്‍ ചെയ്തിട്ടുണ്ട്. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗാമത്തില്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ഞാനാദ്യമായി അശോകനെ കാണുന്നത്. ആ സിനിമയില്‍ ഞാനില്ലായിരുന്നു. പക്ഷേ, സെറ്റില്‍ വരണമെന്ന് പപ്പേട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ആ സിനിമയില്‍ അശോകന്‍ ചെയ്ത റോളിന് പപ്പേട്ടന്‍ എന്നെയും പരിണിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടോ ആ റോള്‍ അശോകനെ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. അന്നും പിന്നീടും ഞാനും അശോകനും തമ്മില്‍ ഒരു ഹലോ ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സിനിമകളുടെ സെറ്റില്‍ വച്ചൊന്നും രൂപപ്പെടാത്ത ഒരു അടുപ്പം മൂന്നാംപക്കത്തിന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ തമ്മിലുണ്ടായത്. അതിനിടയാക്കിയത് ഒരു സംഭവമാണ്. ഒരു ദിവസം, പുലര്‍ച്ചെ വരെ ഷൂട്ടിങ് കഴിഞ്ഞ് ഞാനും ജയറാമും മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുകയാണ് അശോകന്‍. അദ്ദേഹത്തിന്റെ ഉണ്ടക്കണ്ണുകള്‍ ചുവന്നിരുന്നു. കൈ കൊണ്ട് വയറ്റത്തടിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. എന്തോ വല്ലായ്മയാണ് അശോകനെന്നു തോന്നി ഞങ്ങള്‍ ഒാടിയടുത്ത് എത്തി. എല്ലാ ദിവസവും അതിരാവിലെയുള്ള അശോകന്റെ എക്സര്‍സൈസുകളിലൊന്നാണ് അതെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചുപോയി. പിന്നീട് കുറെ ദിവസങ്ങളോളം അശോകനെ കളിയാക്കാനുള്ള ഒരു സംഭവം അങ്ങനെ കിട്ടി. ഇപ്പോഴും അശോകനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഈ സംഭവം ഒാര്‍മവരും. ജയറാമും ഞാനും അശോകനും ഒന്നിച്ചുള്ള താമസം വളരെ രസകരമായിരുന്നു. ജയറാമിന്റെ വക തമാശകള്‍. അശോകന്റെ പാട്ടുകള്‍. എപ്പോഴും അശോകന്‍ പാട്ടുകള്‍ മൂളിക്കൊണ്ടേയിരിക്കും. അശോകന്റെയും എന്റെയും സ്വഭാവങ്ങള്‍ തമ്മില്‍ പല സാമ്യങ്ങളും എനിക്കു തോന്നിയിട്ടുണ്ട്. അശോകനോട് ഒരു അടുപ്പം തോന്നാല്‍ കാരണവും ഇതുതന്നെയാണ്. അധികം സംസാരിക്കുന്ന സ്വഭാവക്കാരനല്ല അശോകനും. സിനിമയിലെ കള്ളത്തരങ്ങളോ പരദൂഷണം പറച്ചിലോ ഒന്നും അശോകനില്‍ എനിക്കു കാണാനായിട്ടില്ല. സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അല്‍പം കള്ളത്തരങ്ങളൊക്കെ വേണമെന്നാണ് പറയാറ്. വിളഞ്ഞ വിത്തായാലേ സിനിമയില്‍ മുളയ്ക്കൂ. എനിക്ക് ഇത്തരം രീതികളോട് ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല. അശോകനും അതുപോലെ തന്നെയായിരുന്നു.

3 comments:

  1. friendship inside cinema cirlce is an intresting topic. rahman, pl . continue with ur friendship blogs

    ReplyDelete
  2. Rehman, you are very innocent & honest that's what you did not reach on superstar level despite you have all the ability & glamour than other current stars. I appreciate your attitude & you will reach on top.

    khaleel

    ReplyDelete

Related Posts Plugin for WordPress, Blogger...