Tuesday, May 19, 2009

മനോജ് കെ.ജയനും സുഹാസിനിയും

സൌഹൃദങ്ങള്‍ പലതരത്തിലുണ്ട്. വര്‍ഷങ്ങളായി ഒന്നിച്ചു ജോലി ചെയ്യുകയോ ഒന്നിച്ചു പഠിക്കുകയോ ചെയ്യുന്നവരോട് മെല്ലെ മെല്ലെ ഉണ്ടാവുന്ന സൌഹൃദമാണ് അതില്‍ പൊതുവായുള്ളത്. കാലം സൌഹൃദം നമ്മില്‍ അടിച്ചേല്‍പിക്കുന്ന പോലെയാണിത്. ആദ്യമൊക്കെ ചിലരുടെ സ്വഭാവരീതികള്‍ കാണുമ്പോള്‍ ഒരിക്കലും സുഹൃത്താക്കാന്‍ പറ്റില്ലെന്നു മനസില്‍ തോന്നും. പക്ഷേ, ക്രമേണ അവരെ കൂടുതല്‍ അടുത്തറിയുമ്പോള്‍ നമ്മുടെ മുന്‍വിധികള്‍ ശരിയല്ലായിരുന്നുവെന്നും നമുക്കു യോജിച്ച ഒരു സുഹൃത്തു തന്നെയായിരുന്നു അതെന്നും തിരിച്ചറിയും. മറ്റുചിലരുണ്ട്. ആദ്യമായി പരിചയപ്പെടുമ്പോള്‍ തന്നെ ഒരു അടുപ്പം തോന്നും. സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം നമ്മുടെ രീതികളോടും ഇഷ്ടങ്ങളോടുമുള്ള സാമ്യം ആദ്യം തന്നെ മനസിലാവും. പെട്ടെന്നു തന്നെ ഇവരുമായി ഒരു സൌഹൃദം രൂപപ്പെടും. മലയാള സിനിമയിലെ എന്റെ സഹതാരങ്ങളുമായുള്ള അടുപ്പത്തെക്കുറിച്ചും അവരുടെ സ്വഭാവരീതികളില്‍ ഞാന്‍ കണ്ട പ്രത്യേകതകളെക്കുറിച്ചുമാണ് ഞാന്‍ കഴിഞ്ഞ ലക്കങ്ങളിലെഴുതിയത്. പക്ഷേ, വളരെ ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് കിട്ടിയ ഒരു നല്ല സുഹൃത്തിനെക്കുറിച്ച് ഞാനിതുവരെ എഴുതിയല്ല. മനോജ് കെ. ജയനാണ് ആ സുഹൃത്ത്. രാജമാണിക്യം എന്ന സിനിമയിലാണു ഞാനും മനോജ് കെ.ജയനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പക്ഷേ, ഒറ്റച്ചിത്രം കൊണ്ടു തന്നെ, വര്‍ഷങ്ങളായുള്ള ഒരു സുഹൃത്തിനോടു തോന്നുന്ന പോലൊരു അടുപ്പം മനോജിനോട് തോന്നി. മലയാള സിനിമയില്‍ ഞാന്‍ സജീവമായിരുന്ന കാലത്ത് മനോജ് സിനിമയിലെത്തിയിട്ടില്ല. മനോജ് മലയാളത്തില്‍ തിരക്കുള്ള നടനായ ശേഷം ഞാന്‍ മലയാളത്തിലും അഭിനയിച്ചിരുന്നില്ല. ഒന്നിച്ച് അഭിനയിക്കാന്‍ അവസരം കിട്ടാതെ പോയതിനു കാരണവും മറ്റൊന്നല്ല. വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ അഭിനയിച്ച ഐ.വി. ശശിയുടെ 'അപാരത' എന്ന ചിത്രവും മനോജിന്റെ ആദ്യചിത്രമായ 'സര്‍•'വും ഏതാണ്ട് ഒരേ സമയത്താണ് റിലീസായത്. 'അപാരത' മികച്ച വിജയം നേടി. പക്ഷേ, സര്‍•ത്തിന്റെ വിജയം അതിലും മേലെയായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ സാറിന്റെ ശക്തമായ കഥാപാത്രത്തെ ഒരു പുതുമുഖ താരം •ംഭീരമാക്കിയ വിവരം ഞാന്‍ അപ്പോഴേ കേട്ടിരുന്നു. മനോജ് വളരെ ഒാപ്പണാണ്. കാര്യങ്ങള്‍ തുറന്നു സംസാരിക്കും. മനസിലൊന്നും പ്രവൃത്തിയില്‍ മറ്റൊന്നും എന്നൊരു ലൈന്‍ ഇല്ല. മറയില്ലാതെ സംസാരിക്കുന്ന മനോജിന്റെ രീതി കൊണ്ടാവും ആദ്യ പരിചയപ്പെടലില്‍ തന്നെ മനോജിനോട് എനിക്ക് ഒരു അടുപ്പം തോന്നിയത്. സിനിമയ്ക്കു പുറത്തുള്ള എന്റെ ചില സുഹൃത്തുക്കള്‍ മനോജിന്റെ കൂടി സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഞങ്ങള്‍ സിനിമ വഴിയല്ലാതെ തന്നെ അടുത്തു. ഇടയ്ക്കിടെ ഞങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്. ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും എന്തെങ്കിലും ചടങ്ങുകള്‍ക്കോ താരസംഘടനകളുടെ മീറ്റിങ്ങുകള്‍ക്കോ ഒക്കെ ഞങ്ങള്‍ കഴിവതും ഒന്നിച്ചാവു പോവുക. ഒരേ സമയത്ത് എത്തുന്നതു പോലെ നേരത്തെ പറഞ്ഞുറപ്പിച്ച് ഇറങ്ങും. ഞങ്ങളുടെ സൌഹൃദസംഭാഷണ വിഷയങ്ങളില്‍ സിനിമ വന്നു പെടാറേയില്ല. സിനിമയ്ക്കു പുറത്തുള്ള വിഷയങ്ങളാവും ഞങ്ങളുടെ സംസാരത്തില്‍ കടന്നുവരിക. ഒരു ബാച്ചിലര്‍ ടോക് എന്നു പറയാം. കാറിനെക്കുറിച്ചോ ഫാഷനെക്കുറിച്ചോ പെണ്ണുങ്ങളെക്കുറിച്ചോ ഒക്കെയാവും ഞങ്ങള്‍ സംസാരിക്കുക. സിനിമാ പരദൂഷണങ്ങള്‍ കേള്‍ക്കാന്‍ രസമാണ്. പക്ഷേ, ഒരു സ്ഥലത്തിരുന്ന് നമ്മള്‍ ഒരാളെക്കുറിച്ച് പരദൂഷണം പറയുന്ന അതേ സമയത്തു തന്നെ മറ്റൊരു സ്ഥലത്ത് നമ്മളെപ്പറ്റി ആരെങ്കിലും പരദൂഷണം പറയുന്നുണ്ടാവും. അതാണ് സിനിമയുടെ ഒരു രീതി. പക്ഷേ, മനോജ് അങ്ങനെയൊന്നും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല; എന്നോടു പറഞ്ഞിട്ടില്ല. ആരെക്കുറിച്ചും മനോജ് മോശം അഭിപ്രായം പറയുന്നതു കേള്‍ക്കാനിടവന്നിട്ടില്ല. മനോജിനോട് ഒരു അടുപ്പം തോന്നാനുള്ള കാരണവും അതാവും. മുരളീകൃഷ്ണ സംവിധാനംചെയ്യുന്ന 'ബലം' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഞാനും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. കൂടെവിടെയ്ക്കു ശേഷം ചുരുക്കം ചില ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും അതിനു ശേഷം അങ്ങനെയൊരു സാഹചര്യം ഒത്തുവന്നിരുന്നില്ല. ബലത്തില്‍ വളരെ പക്വതയുള്ള ശക്തമായ രണ്ടു കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അരവിന്ദ്, ദീപാസാരി എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായകനും നായികയും. നായികയുടെ സഹോദരനായ പൊലീസ് ഒാഫിസറായി ഞാനും നായകന്റെ സഹോദരഭാര്യയുടെ വേഷത്തില്‍ സുഹാസിനിയും. 'കൂടെവിടെ'യില്‍ അഭിനയിക്കുമ്പോള്‍ സുഹാസിനിയും എന്നെ പോലെ തന്നെ പുതുമുഖമായിരുന്നു. അതിനു മുന്‍പ് തമിഴില്‍ അവര്‍ അഞ്ചോ ആറോ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും മലയാളത്തില്‍ ആദ്യ ചിത്രമായിരുന്നു. എന്നെ എന്റെ യഥാര്‍ഥ പേരായ 'റഷീന്‍' എന്ന വിളിക്കുന്ന ചുരുക്കം സിനിമാക്കാരില്‍ ഒരാളാണ് അവര്‍.സംവിധായികയായുംതിരക്കഥാകൃത്തായും ഛായാ•ാഹകയായുമൊക്കെ കഴിവുതെളിയിച്ച സുഹാസിനിക്കൊപ്പം ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അഭിനയിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബലത്തിലെ തുല്യപ്രാധാന്യമുള്ള ഞങ്ങളുടെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തിലെ എന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഞാനിതുവരെ എഴുതിയത്. സത്യരാജിനെയും പ്രഭുവിനെയും പോലുള്ള തമിഴിലെ ചില അടുത്ത സൌഹൃദങ്ങളെക്കുറിച്ചും എഴുതി. പക്ഷേ, തമിഴില്‍ വ്യത്യസ്തരായി എനിക്കു തോന്നിയ മറ്റുചിലരെ കുറിച്ച് ഇനിയും പറയാനുണ്ട്.

3 comments:

  1. HI RAHMANIKKA
    HOW ARE YOU?
    I LOVE THE SONG
    "HRIDAYAM ORU VEENAYAYI"
    I THINK ITS ONE OF YOUR FAVOURITE SONG ALSO

    ReplyDelete
  2. നന്നായി എഴുതുന്നു...

    ReplyDelete
  3. Suhasini is our favourite too.. in one of the TV program suhasini was prasing your acting in Vaamanan. You are so close friendship with her, then why Suhasini not recommending you any of the Maniratnam's film?? Everyone knows that you proved a very good acting callibre. Suhasini, pls. tell Maniratnam to cast him one of his forthcoming movie. Sruthy.

    ReplyDelete

Related Posts Plugin for WordPress, Blogger...