Friday, May 15, 2009

റഷീന്‍, റഹ്മാന്‍, പിന്നെ..രഘുമാന്‍

റഷീന്‍ റഹ്മാന്‍ എന്ന എന്റെ പേരിലെ റഷീന്‍ വെട്ടിക്കളഞ്ഞത് പപ്പേട്ടനാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് 'കൂടെവിടെ'യില്‍ അഭിനയിക്കാനായി എന്നെ തിരഞ്ഞെടുത്ത ദിവസം. പപ്പേട്ടന്റെ മുന്നില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കാതോര്‍ത്തു ഞാന്‍ നിന്നു. പപ്പേട്ടന്‍ എന്നെ നോക്കി പറഞ്ഞു. ''റഷീന്‍ റഹ്മാനിലെ റഷീന്‍ കളയാം. റഹ്മാന്‍ മതി.'' നിനച്ചിരിക്കാതെ സിനിമാനടനായതു പോലെ ഒട്ടും പ്രതീക്ഷിക്കാതെയാണ് എനിക്ക് എന്റെ പേരു നഷ്ടമായത്. അതുവരെ റഷീന്‍ എന്ന് എല്ലാവരും എന്നെ വിളിച്ചിരുന്നുവെങ്കില്‍ പിന്നീട് ഞാന്‍ റഹ്മാന്‍ ആയി. സിനിമാരംഗത്തുള്ള ഒട്ടുമിക്ക ആളുകളും എന്നെ റഹ്മാന്‍ എന്നു തന്നെയാണു വിളിക്കുന്നത്. എന്നാല്‍, സുഹാസിനി, സുകുമാരിചേച്ചി, നടന്‍ പ്രഭു തുടങ്ങിയവരൊക്കെ റഷീന്‍ എന്നാണ് ഇപ്പോഴും എന്നെ വിളിക്കുന്നത്. കൂടെവിടെയ്ക്കു ശേഷം പരിചയപ്പെട്ട സുഹൃത്തുക്കള്‍ റഹ്മാനെന്നും വിളിക്കുന്നു. സംവിധായകന്‍ രഞ്ജിത്താണ് എന്നെ റഷീന്‍ എന്നു വിളിക്കുന്ന മറ്റൊരാള്‍. ശ്രീവിദ്യയും റഷീന്‍ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. പപ്പേട്ടന്‍ റഹ്മാന്‍ എന്നാക്കി എന്റെ പേരിനെ ചുരുക്കിയപ്പോള്‍ പുതിയൊരു പേരല്ല എന്നതുകൊണ്ട് എനിക്കന്നു മടിയൊന്നും തോന്നിയില്ല. റഷീന്‍ റഹ്മാന്‍ എന്നു തന്നെയായിരുന്നല്ലോ എന്റെ പേര്. അങ്ങനെ കുറെ വര്‍ഷം റഹ്മാനായി മാറിക്കഴിഞ്ഞപ്പോള്‍ റഷീന്‍ എന്ന പേരു ഞാന്‍ തന്നെ മറന്നതു പോലെയായി. അങ്ങനെ നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഞാന്‍ തമിഴില്‍ ആദ്യമായി അഭിനയിക്കാനെത്തുന്നത്. സൂപ്പര്‍ഹിറ്റ് സംവിധായകനായ എസ്.എ. ചന്ദ്രശേഖരന്‍ (നടന്‍ വിജയ്യുടെ അച്ഛന്‍) ആയിരുന്നു എന്റെ ആദ്യ തമിഴ് ചിത്രമായ 'നിലവേ മലരേ'യുടെ സംവിധായകന്‍. തമിഴില്‍ റഹ്മാന്‍ എന്ന പേര് ആളുകള്‍ക്കു വഴങ്ങുകയില്ലെന്നും അതിനാല്‍ മറ്റൊരു പേരിടാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എനിക്കായി ചില പേരുകള്‍ അദ്ദേഹം ആലോചിക്കുകയും ചെയ്തു. പക്ഷേ, ഞാന്‍ അതിനു വഴങ്ങിയില്ല. പപ്പേട്ടന്‍ എനിക്കു സിനിമയില്‍ ചാര്‍ത്തിതന്ന പേരു മാറ്റി മറ്റൊന്ന് ഇടുന്നതിനോട് എനിക്കു താത്പര്യമുണ്ടായിയിരുന്നില്ല. റഷീന്‍ മാറി റഹ്മാനായി, ഇനി റഹ്മാന്‍ മാറി മറ്റൊന്നു വേണ്ട എന്ന ഞാന്‍ തറപ്പിച്ചുതന്നെ പറഞ്ഞു. അങ്ങനെ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായതോടെ, തമിഴില്‍ ഞാന്‍ പേരുമാറാതെ തന്നെ കളം ഉറപ്പിച്ചു. പക്ഷേ, പേരിന്റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പം അന്നേ തുടങ്ങി. തമിഴില്‍ 'ഹ' എന്ന അക്ഷരം ആളുകള്‍ ഉച്ചരിക്കാറില്ല. 'റഹ്മാന്‍' എന്നതിനു റകുമാന്‍ എന്നാണ് അവര്‍ പറയുക. റഗുമാന്‍, രഘുമാന്‍ എന്നൊക്കെയാണ് ആളുകള്‍ എന്നെ വിളിച്ചിരുന്നത്. സുഹാസിനിയെ 'സുകാസിനി'യെന്നും കമലഹാസനെ 'കമലകാസന്‍' എന്നുമൊക്കെയാണ് ഇന്നും നല്ലൊരു ശതമാനം തമിഴരും വിളിക്കുന്നത്. അതുകൊണ്ടു തന്നെ റഹ്മാന്‍ എന്നത് രഘുമാനായി മാറുന്നത് ഞാനുമത്ര കാര്യമാക്കിയില്ല. രഘുമാന്‍ എന്നതു ലോപിച്ച് രഘു എന്നുവരെയായിക്കഴിഞ്ഞാണ് ഞാന്‍ തന്നെ എന്റെ പേരു മാറിയതായി അറിയുന്നത്. തമിഴ് വായിക്കാനറിയാത്തതിനാല്‍ തമിഴ് സിനിമാപ്രസിദ്ധീകരണങ്ങളിലൊക്കെ എന്റെ പേര് എങ്ങനെയാണ് അച്ചടിച്ചുവരുന്നതെന്നൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അന്ന് അതൊന്നും അത്ര വലിയ കാര്യമായി തോന്നിയിരുന്നില്ല. എങ്ങനെയെങ്കിലും എഴുതട്ടെ എന്നേ കരുതിയുള്ളു. ഈ കാലത്തിനിടയ്ക്ക് തെലുങ്കു സിനിമകളിലും ഞാന്‍ അഭിനയിച്ചു തുടങ്ങി. അവിടെയും രഘു എന്നും രഘുമാന്‍ എന്നുമൊക്കെയായിരുന്നു എന്നെ വിളിച്ചിച്ചിരുന്നത്. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നൊക്കെ പറയുന്നതു പോലെ രഘുമാന്‍ ! വൈകാതെ സിനിമാക്കാര്‍ വരെ രഘു എന്ന് എന്നെ വിളിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ കഥ അറിയുന്നത്. ചില പടങ്ങളുടെ ടൈറ്റില്‍സില്‍ വരെ രഘു എന്ന് എഴുതാന്‍ തുടങ്ങിയിരുന്നു അപ്പോള്‍. റഹമാന്‍ എന്നും രഘു എന്നും രണ്ടുവിധത്തില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങിയതോടെ ഇതിലേതാണ് യഥാര്‍ഥ പേര് എന്നൊരു ആശയക്കുഴപ്പം ആളുകള്‍ക്കിടയിലും ഉണ്ടായി. രഘു എന്നെഴുതിയിട്ട് ബ്രായ്ക്കറ്റില്‍ റഹ്മാന്‍ എന്ന് എഴുതിയാണ് തമിഴ് മാധ്യമങ്ങള്‍ ആ പ്രശ്നം പരിഹരിച്ചത്. പേരു മാറ്റം ശ്രദ്ധയില്‍ പെട്ടപ്പോഴും ആദ്യമൊന്നും അതു തിരുത്താന്‍ ഞാന്‍ ശ്രമിച്ചില്ല. പക്ഷേ, സിനിമയിലെ തന്നെ ചില അടുത്ത സുഹൃത്തുക്കള്‍ രണ്ടു പേരുണ്ടാവുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറഞ്ഞ് തിരുത്തിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ, പേരു തിരുത്തിപറയാന്‍ ഞാനും തീരുമാനിച്ചു. പക്ഷേ, എത്ര തിരുത്തിയിട്ടും ഇപ്പോഴും റഹ്മാന്‍ പൂര്‍ണമായി തിരികെയെത്തിയിട്ടില്ല. എ.ആര്‍. റഹ്മാനെ പോലും എ.ആര്‍. റഗുമാന്‍ എന്ന് വിളിക്കുന്നവര്‍ ഇപ്പോഴും ഏറെയുണ്ട്. ഈ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് ആകെ എത്ര സിനിമകളില്‍ ഞാനഭിനയിച്ചു? കൃത്യമായി പറയാന്‍ എന്റെ കയ്യിലൊരു കണക്കില്ല എന്നതാണ് സത്യം. അങ്ങനെയൊരു എണ്ണമൊന്നും ഞാന്‍ സൂക്ഷിച്ചിരുന്നില്ല. നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കാണും എന്നു തോന്നുന്നു. ചിലപ്പോള്‍ അത് 200 കവിഞ്ഞുംകാണും. എത്ര സിനിമകളില്‍ അഭിനയിച്ചുവെന്ന് എന്നോടു ചോദിക്കുന്നവരോട് അറിയില്ല എന്നാണ് ഞാന്‍ പറയാറ്. പലരും വിചാരിക്കുന്നത് ജാഡയാണെന്നാണ്. പക്ഷേ, സത്യമാണ്. അഭിനയിച്ച സിനിമകളുടെയെല്ലാം പേരോ എണ്ണമോ എനിക്കറിയില്ല. മലയാളത്തില്‍ ഏതാണ്ട് നൂറിനടുത്തും തെലുങ്കില്‍ ഇരുപത്തിയഞ്ചോളവും സിനിമകളുണ്ടെന്നു തോന്നുന്നു. തമിഴില്‍ അമ്പതോളം സിനിമകള്‍ ഉണ്ടെന്ന് പറയാം. പേരു ചോദിക്കരുതെന്നു മാത്രം. എല്ലാം ഒാര്‍ത്തെടുത്ത് ഒരു കൃത്യമായ പട്ടിക തയാറാക്കി വയ്ക്കണമെന്നൊക്കെ ചിലപ്പോള്‍ തോന്നും. പക്ഷേ, പലപ്പോഴും സമയം കിട്ടാറില്ല. അല്ലെങ്കിലും പഴയകാല ചരിത്രം പറഞ്ഞുകൊണ്ടിരിക്കുന്നതിലും വലിയ കാര്യമില്ലല്ലോ. വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ് എന്‍സൈക്ളോപീഡിയയില്‍ എന്റെ ഏതാണ്ട് നൂറോളം ചിത്രങ്ങളുടെ പട്ടിക അടുത്തയിടെ ഞാന്‍ കണ്ടു. അതിലേറെയും മലയാളത്തിലേതാണ്. തമിഴിലെയും തെലുങ്കിലെയും പല ചിത്രങ്ങളും ആ പട്ടികയിലില്ല. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഞാന്‍ അഭിനയിച്ച സിനിമകളൊക്കെ ആരാണ് കൃത്യമായി ഒാര്‍ത്തെടുത്ത് അതില്‍ ചേര്‍ത്തത് എന്നതാണ്. ഞാന്‍ തന്നെ മറന്നു പോയ പല സിനിമകളുടെയും പേര് അതിലുണ്ടായിരുന്നു. പലര്‍ ചേര്‍ന്നു തയാറാക്കിയ പട്ടികയാവും അത്. അവര്‍ ആരായാലും അവരോട് എനിക്ക് നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്ന ഇത്തരം നിരവധി പേര്‍ ഉണ്ട് എന്ന തിരിച്ചറിവ് നല്‍കുന്ന ശക്തി വളരെ വലുതാണ്.

4 comments:

  1. Very good articles to read...

    Dear Rahman... Please contue u r wrtings. Mammutty started his blog in a big roar but only 2 entries. But you started silently with mind touching write ups...

    Congrats man....

    Sindhu Varma
    Calicut

    ReplyDelete
  2. if rahman continued in malayalam cinema with all his bang, he along with mammootty and mohanlal should be the superstars of malayalam cinema. rahman didn't got good roles. only romantic campus hero roles. his talent is not exploited till now. directors, pl give him good roles.

    ReplyDelete
  3. എങ്കിലും പൂര്‍ണ്ണമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു നോക്കൂ... സാധിയ്ക്കും.

    ReplyDelete
  4. Hello Rahman Sir,

    Thanks for sharing your outlook... anyway i always believed in another way about you, as a person under the limelight which makes you change yourself from a human to extraordinary - a big pretender in reality!!A real showoff like present actors - who actually show their face in some movie and by media publicity they become the genius by themselves... sheesh.. who pretend themselves knowing evrything under the sun!! But now, from your words i understood the real Rahman - i was wrong!I m sorry.. Infact only by knowing more as u said, we can judge anyone - understand the character! Thanks brother for your words -keep on writing! May God Bless You and your Family.. Take care...

    arun

    ReplyDelete

Related Posts Plugin for WordPress, Blogger...