Wednesday, December 2, 2009

അഭിനയം പഠിക്കാന്‍ മാന്ത്രികക്കല്ലുകള്‍

എന്നെ ഒരു നടനായി വളര്‍ത്തിയെടുത്ത സംവിധായകരെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവന്നത്. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്, ഐ.വി. ശശി, ശശികുമാര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ ഞാന്‍ പങ്കുവച്ചു. കെ.എസ്. സേതുമാധവന്‍ സാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനായതും ഒരു ഭാ•്യമായാണ് ഞാന്‍ കരുതുന്നത്. സുനില്‍ വയസ് 20 എന്ന അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. നായികയായി ഉര്‍വശിയും. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായി ഉര്‍വശിയുടെ കഥാപാത്രത്തെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്ന തലതെറിച്ച ഒരു പയ്യനായിരുന്നു, ഞാന്‍ ചെയ്ത സുനില്‍ എന്ന കഥാപാത്രം. സേതുമാധവന്‍ സാറിന്റെ സെറ്റില്‍ മറ്റൊരു സെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു. ഒരു ദേവാലയത്തിലേക്കോ ആശുപത്രിയിലേക്കോ ഒക്കെ കയറുമ്പോഴുള്ള നിശ്ശബ്ദത പോലെയാവും അവിടെ. അനാവശ്യമായ ബഹളങ്ങളില്ല. ഒരു സൂചി താഴെവീണാല്‍ പോലും കേള്‍ക്കാവുന്ന വിധം നിശ്ശബ്ദം. എല്ലാവരും മിണ്ടാതിരിക്കണമെന്ന നിര്‍ദേശമൊന്നും സേതുമാധവന്‍ സാര്‍ കൊടുത്തിട്ടുണ്ടാവില്ല. പക്ഷേ, അവിടെ ആരും അനാവശ്യമായി ബഹളം വയ്ക്കാറില്ല. വളരെ സ്നേഹ സമ്പന്നനായിരുന്നു അദ്ദേഹം. വളരെ പതിഞ്ഞ ശബ്ദത്തിലാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ തരിക. നിശ്ശബ്ദമായ ഒരു സെറ്റിലല്ലെങ്കില്‍ അദ്ദേഹം പറയുന്നത് ഒരു പക്ഷേ, കേള്‍ക്കാന്‍ പോലുമാവില്ല. സേതുമാധവന്‍ സാറിന്റെ സൌമ്യമായ ഈ ശരീരഭാഷയും സംസാരവും കണ്ട് അദ്ദേഹത്തിന്റെ യൂണിറ്റ് നിശ്ശ്ബ്ദരായി ഇരുന്ന ശീലിച്ചതാവും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നിലെ അഭിനേതാവിനെ പരുവപ്പെടുത്തിയെടുക്കന്നതില്‍ സേതുമാധവന്‍ സാര്‍ നല്ല പങ്കുവഹിച്ചിട്ടുണ്ട്. ഒരിക്കല്‍, ഷൂട്ടിങ്ങിനിടയിലെ ഒരു ഇടവേളയില്‍ അദ്ദേഹം എന്നെ അടുത്തുവിളിച്ചു. അതിനു മുന്‍പ് എടുത്ത ചില സീനുകളിലെ എന്റെ അഭിനയത്തെ അഭിനന്ദിച്ച ശേഷം അദ്ദേഹം പറഞ്ഞു: റഹ്മാന്‍, ഞാനൊരു എക്സര്‍സൈസ് പറഞ്ഞുതരാം. അതേപടി ചെയ്യണം. അഭിനയത്തില്‍ നിനക്കുള്ള പോരായ്മകള്‍ മാറാന്‍ അതു സഹായിക്കും.'' അഭിനയം നന്നാവാന്‍ എക്സര്‍സൈസോ? ഞാന്‍ അദ്ദേഹമെന്താണ് പറയാന്‍ പോകുന്നതെന്ന് ആകാംഷയോടെ നോക്കി നിന്നു. അദ്ദേഹം രണ്ടു കല്ലുകള്‍ എടുത്ത എന്റെ കയ്യില്‍ തന്നു. ഒരു കൈ കൊണ്ട് ആ കല്ലുകള്‍ ഒന്നിനു പിറകെ ഒന്നായി പൊക്കിയിട്ട് പിടിക്കുക. അതു താഴെ വീഴാതെ നോക്കണം. അതേസമയത്ത് തന്നെ, ഡയലോ•് പറയാന്‍ പഠിക്കുക. എനിക്ക് ആദ്യം കാര്യം മനസിലായില്ല. എല്ലാ നടന്‍മാരും ആദ്യസമയത്ത് നേരിടുന്ന ഒരു വലിയ പ്രതിസന്ധിക്ക് പരിഹാരം തരികയായിരുന്നു അദ്ദേഹമെന്നു മെല്ലെ മനസിലായി. അഭിനയിക്കുന്ന സമയത്ത് കൈകള്‍ എന്തു ചെയ്യണം എന്നതാണ് എല്ലാ നടന്‍മാരും നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. എന്തെങ്കിലും പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു പോംവഴിയാണ്. പക്ഷേ, അങ്ങനെയല്ലാത്ത ഒരു സീനാണെങ്കില്‍ എന്തു ചെയ്യും? സേതുമാധവന്‍ സാര്‍ തന്ന കല്ലുകൊണ്ടുള്ള എക്സര്‍സൈസ് അതിനായിരുന്നു. ഒരേസമയം, രണ്ടു ജോലികള്‍ ചെയ്തു തലച്ചോറിനെ അതിനു പരുവപ്പെടുത്തി എടുക്കുക. സേതുമാധവന്‍ സാര്‍ പഠിപ്പിച്ച അഭിനയത്തിന്റെ ഈ എക്സര്‍സൈസ് പിന്നീട് പല പുതുമുഖ താരങ്ങള്‍ക്കും ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. സേതുമാധവന്‍ സാറിന്റെ എക്സര്‍സൈസ് പിന്നീട് എനിക്ക് ഗുണം ചെയ്ത മറ്റൊരു സംഭവം കൂടി പറയട്ടെ. പുതു പുതു അര്‍ഥങ്ങളുടെ ക്ളൈമാക്സ് സീന്‍ എടുക്കുന്ന സമയം. മനോരോ•ാശുപത്രിയില്‍ കഴിയുന്ന ഗീതയെ സന്ദര്‍ശിക്കുന്ന സിത്താരയും ഞാനും. അതായിരുന്നു സീന്‍. കെ. ബാലചന്ദര്‍ സാര്‍ എനിക്കും ഗീതയ്ക്കും സിത്താരയ്ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു. സേതുമാധവന്‍ സാറിന്റെ എക്സര്‍സൈസ് ശീലമാക്കിയ ഞാന്‍ ഒരു കൈ കൊണ്ട് എന്റെ കയ്യിലിരുന്ന ഒാറഞ്ച് ഉയര്‍ത്തിയിട്ട് പിടിച്ചുകൊണ്ടിരുന്നു. ബാലചന്ദര്‍ സാര്‍ അതു കണ്ടു. തനിക്കിതു ചെയ്യാനാകുമെങ്കില്‍ അത് ക്ളൈമാക്സ്നിടയില്‍ ചേര്‍ക്കാം എന്ന് അദ്ദേഹം പറഞ്ഞു. പുതുപുതു അര്‍ഥങ്ങളിലെ ക്ളൈമാക്സില്‍ ആ ഒാറഞ്ച് പിടിത്തം ഒരു പ്രത്യേക മാനം നല്‍കി. എന്നിലെ നടനെ വളര്‍ത്തിയെടുത്തത് ഇവരൊക്കെയാണെങ്കില്‍ നടനില്‍ നിന്ന് ഒരു താരം എന്ന നിലയിലേക്ക് എന്നെ കൊണ്ടുപോയത് ഐ.വി.ശശി, പി.ജി. വിശ്വംഭരന്‍, ജേസി, ജോഷി, സാജന്‍ തുടങ്ങിയ സംവിധായകരാണ്. ശശിയേട്ടനെ കുറിച്ച് ഒരു ലക്കത്തില്‍ ഞാന്‍ വിശദമായി എഴുതിയിരുന്നു. യുവാക്കളെ ഹരം കൊള്ളിക്കുന്ന നൃത്തരംഗങ്ങളും സംഘട്ടനരംഗങ്ങളും സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രണയരം•ങ്ങളും ഗ•ാനങ്ങളുമൊക്കെയുള്ള ചിത്രങ്ങളില്‍ ഞാനെത്തുന്നത് ഇവരിലൂടെയാണ്. വളരെ നല്ലൊരു സംവിധായകനും അതോടൊപ്പം നല്ലൊരു സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് വിശ്വംഭരന്‍ സാര്‍. ഈ തണലില്‍ ഇത്തിരി നേരം, ഇവിടെ ഈ തീരത്ത്, ഈ ലോകം ഇവിടെ കുറെ മനൂഷ്യര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ജേസി സാറിന്റെ ഈറന്‍ സന്ധ്യ, ഒരിക്കല്‍ ഒരിടത്ത് തുടങ്ങിയ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചത്. ശരിക്കും സൌമ്യനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണുമ്പോള്‍ യേശുക്രിസ്തുവിനെ ഒാര്‍മവരും. രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു എളിമയും ലാളിത്യവും ഉണ്ടായിരുന്നു. ഒരിക്കല്‍ ഒരിടത്ത് എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനിയച്ചില്ലായിരുന്നുവെങ്കില്‍ ഒരു നടന്‍ എന്ന നിലയില്‍ പലതും എനിക്കു നഷ്ടമാകുമായിരുന്നു. നസീര്‍ സാറിനൊപ്പം ഞാനഭിനയിച്ച ഏക ചിത്രമാണത്. മധുസാര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ശ്രീവിദ്യ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ആ ചിത്രത്തിലുണ്ടായിരുന്നു. മലയാളത്തിന്റെ പഴയ സ്കൂളില്‍ കുറെ ദിവസം പഠിക്കാന്‍ എനിക്കു കിട്ടിയ അവസരമായിരുന്നു ഒരിക്കല്‍ ഒരിടത്ത്. (തുടരും)

Sunday, October 11, 2009

ഗുരുനാഥര്‍ക്ക് പ്രണാമം

ഒരു കഥാപാത്രത്തെ മനോഹരമായി അഭിനയിപ്പിക്കുന്നതില്‍ നടനെക്കാളും ഉത്തരവാദിത്വം സംവിധായകര്‍ക്കാണുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ശരിക്കും ആ കഥാപാത്രം സംവിധായകന്റെ മനസിലുള്ളതാണ്. നടന്റെ മനസിലുള്ളതല്ല.
ഒരു നടന്‍ അഭിയക്കുമ്പോള്‍, തന്റെ കഥാപാത്രമായി അയാള്‍ മാറുന്നുണ്ടോ എന്നാണ് സംവിധായകന്‍ നിരീക്ഷിക്കുന്നത്. അത് ശരിയായി വരുമ്പോഴാണ് അദ്ദേഹം ടേക് ഒാകെ എന്നു പറയുന്നത്.
റിഹേഴ്സലിലും ശേഷം ടേക്ക് എടുക്കുമ്പോള്‍ ഒറ്റ ടേക്കിന് ഒകെയായി എന്നതു വലിയ കാര്യം പോലെ കാണുന്നവരാണ് പുതിയ പല അഭിനേതാക്കളും. ചിലര്‍ക്ക് അതൊരു അഭിമാനപ്രശ്നം പോലെയാണ്. നടന്റെ അഭിമാനപ്രശ്നം മനസിലാക്കി പുതിയ സംവിധായകരൊക്കെ നിശ്ശബ്ദമായി അതിനു ഒകെ പറയുന്നതും കാണേണ്ടിവന്നിട്ടുണ്ട്.
നല്ല അഭിനേതാക്കള്‍ക്ക് ആദ്യ ടേക്കില്‍ തന്നെ സംവിധായകന്റെ മനസിലുള്ളത് അതേ പടി പകര്‍ത്താന്‍ സാധിച്ചേക്കും. പക്ഷേ, എപ്പോഴും അങ്ങനെയാവണമെന്ന് വാശിപിടിക്കരുത്. അങ്ങനെ വാശിപിടിക്കുമ്പോഴാണ് കഥാപാത്രത്തെ മറികടന്ന് നടന്‍ പോകുന്നത്. അങ്ങനെ നടന്‍ കഥാപാത്രത്തിനപ്പുറം വളര്‍ന്നാല്‍ അതിന്റെയര്‍ഥം ആ നടനും സംവിധായകനും പരാജയപ്പെട്ടുവെന്നതു തന്നെയാണ്.
പത്മരാജനും ഭരതനുമൊക്കെ അവരുടെ മനസിലുള്ള കഥാപാത്രങ്ങളാക്കി അഭിനേതാക്കളെ മാറ്റിയെടുക്കുമായിരുന്നു. അവരുടെ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്തൊക്കെ സിനിമയെ
ഗ•ൌരവത്തോടെ കാണുന്ന ആളല്ലായിരുന്നു ഞാന്‍. സംവിധായകര്‍ പറഞ്ഞതു കേള്‍ക്കും. അങ്ങനെ തന്നെ ചെയ്തു കൊടുക്കും. ഇപ്പോള്‍ ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ കാലം ഒാര്‍ത്തുപോയി.
എല്ലാ ഡയറക്ടേഴ്സിനും അവരുടേതായ സ്റ്റൈലുണ്ടാവും. ഫാസില്‍ സാറും കെ. ബാലചന്ദ്രന്‍ സാറുമൊക്കെ കഥാപാത്രമായി അഭിനയിച്ചുകാണിച്ചുതരും. അവരുടെ മനസില്‍ ആ കഥാപാത്രം എങ്ങനെ പെരുമാറണമെന്ന് വ്യക്തമായ ധാരണയുണ്ട്. സൂപ്പര്‍താരമായാലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായാലും അത് അനുകരിക്കുക മാത്രം ചെയ്താല്‍ മതി. ഒരു നടനില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് മുഴുവനായും ഊറ്റിയെടുക്കുന്നതില്‍ വിദ
ഗ•്ധരാണ് ഈ സംവിധായകര്‍.
മലയാളത്തിലെയും തമിഴിലെയും ഒരുപാട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. പപ്പേട്ടനെയും ഭരതേട്ടനെയും കുറിച്ച് നേരത്തെ ഞാന്‍ എഴുതിയിരുന്നു. സത്യന്‍ അന്തിക്കാട്, ഐവി. ശശി തുടങ്ങിയ മലയാള സംവിധായകരെ കുറിച്ചും തമിഴിലെ കെ. ബാലചന്ദര്‍ സാറിനെ കുറിച്ചുമൊക്കെ വിശദമായി ഞാന്‍ മുന്‍പ് എഴുതിയിരുന്നു എന്നാല്‍, എന്റെ കരിയറിനെ മാറ്റിമറിച്ച, ഒരു നടനായി എന്നെ മാറ്റിയെടുത്ത കുറെ നല്ല സംവിധായകരെ കുറിച്ചു കൂടി എനിക്കു പറയാനുണ്ട്. അതില്‍ പ്രമുഖനാണ് ശശികുമാര്‍ സാര്‍.
അദ്ദേഹത്തിനൊപ്പം രണ്ടോ മൂന്നു ചിത്രങ്ങളില്‍ ഞാന്‍ ജോലി ചെയ്തു. മലയാളത്തിലെ അന്നത്തെ സീനിയര്‍ സംവിധായകരില്‍ ഒരാളായിരുന്നു ശശികുമാര്‍ സാര്‍. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതു തന്നെ ഒരു വലിയ ഭാ
ഗ•്•്യമായാണ് ഞാന്‍ അന്നും ഇന്നും കാണുന്നത്. ഇവിടെ തുടങ്ങുന്നു, എന്റെ കാണാക്കുയില്‍ തുടങ്ങിയ എന്റെ ചിത്രങ്ങള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. ഈ രണ്ടു ചിത്രങ്ങളും നല്ല വിജയം നേടുകയും ചെയ്തു.
ഒരു വലിയ സംവിധായകനാണെങ്കിലും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം നമ്മളോടു സംസാരിക്കുക. സിനിമയിലേക്കു കാലെടുത്തുവച്ചതേയുള്ളൂ ഞാനന്ന്. പക്ഷേ, ഒരു വലിയ മുതിര്‍ന്ന നടനാണ് എന്ന മട്ടില്‍ സ്നേഹത്തോടെയാണ് ശശികുമാര്‍ സാര്‍ ഇടപെട്ടിരുന്നത്. പഴയകാല സംവിധായകര്‍ക്ക് പൊതുവായുള്ള പല നല്ല
ഗുണങ്ങളും ശശികുമാര്‍ സാറിനുമുണ്ടായിരുന്നു. എന്നെപ്പോലെയുള്ള പുതിയ ആര്‍ട്ടിസ്റ്റുകളെ പോലും ഇത്രയധികം പരിഗണിക്കുന്നത് എന്തിനാണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്പോഴും എനിക്കോര്‍മയുണ്ട്.
''ആര്‍ട്ടിസ്റ്റുകള്‍ എന്നു പറഞ്ഞാല്‍ പൂക്കള്‍ പോലെയും തൊട്ടാവാടിച്ചെടികള്‍ പോലെയുമാണ്. അവര്‍ വാടാതിരിക്കാന്‍ നോക്കണം.''
ഒരു നടനോ നടിയോ മൂഡ് ഒാഫ് ആകുന്നതു പോലും അഭിനയത്തെ ബാധിക്കുമെന്നും അവരെ പരമാവധി ?സന്റ് ആക്കി നിര്‍ത്തുക എന്നത് സംവിധായകന്റെ കടമയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു ദിവസം ഷൂട്ടിങ്ങിനെത്തുമ്പോള്‍ നമ്മുടെ മനസില്‍ അഭിനയം അല്ലാതെ മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ അതൊക്കെ അഭിനയത്തെയും ബാധിക്കും. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരമാവധി അകറ്റിനിര്‍ത്തിയിട്ടാണ് ഞാന്‍ ഷൂട്ടിങ്ങിനു പോകുക. പക്ഷേ, മകന്‍, ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ തുടങ്ങിയ നിലകളിലുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതാകുന്നുമില്ല. അത്തരം ടെന്‍ഷനുകള്‍ എത്ര ശ്രമിച്ചാലും പൂര്‍ണമായി ഒഴിവാക്കാനുമാകില്ല.
ഞാന്‍ പറഞ്ഞുവന്നത് ശശികുമാര്‍ സാറിനെക്കുറിച്ചാണ്. അഭിനേതാക്കളുടെ സന്തോഷം തന്റെ സിനിമ മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. സ്കൂള്‍ പയ്യനായിരുന്ന എന്നെ ഒരു അഭിനേതാവായി മാറ്റിയത് പത്മരാജനായിരുന്നുവെങ്കിലും അതിനെ ഒരു വളര്‍ച്ചയിലേക്കു കൊണ്ടു വന്നത് നിരവധി സംവിധായകര്‍ കൂടിയാണ്. എന്താണ് അഭിനയമെന്ന് ഒരു കാഴ്ചപ്പാടുപോലുമില്ലാത്ത പ്രായമായിരുന്നു അത്. സംവിധായകര്‍ പറഞ്ഞത് അതേപടി പകര്‍ത്തുകയാണ് ചെയ്തിരുന്നതും.
എന്റെ ഏതെങ്കിലും സിനിമയിലെ പ്രകടനം കണ്ടിട്ട് ആരെങ്കിലും അഭിനന്ദിച്ചാല്‍ അന്നും ഇന്നും ഞാന്‍ അതിന്റെ ക്രെഡിറ്റ് സംവിധായകനാണ് എന്നു പറയാറുണ്ട്.
ആദ്യ ചിത്രത്തിനു തന്നെ സംസ്ഥാന അവാര്‍ഡും തൊട്ടുപിന്നാലെ ചേംബറിന്റെ അവാര്‍ഡും ക്രിട്ടിക്സ് അവാര്‍ഡുമൊക്കെ ലഭിച്ചപ്പോള്‍ അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഒരൂ അം•ീകാരം ഒക്കെ കിട്ടിയതു പോലെ തോന്നി. പക്ഷേ, കൂടെവിടെയിലെ അഭിനയത്തിന് എനിക്കു കിട്ടിയ അവാര്‍ഡ് ശരിക്കും പത്മരാജന്‍ എന്ന സംവിധായകന് അര്‍ഹതപ്പെട്ടതാണ്. അദ്ദേഹമാണ് യഥാര്‍ഥത്തില്‍ രവി പൂത്തൂരാന്‍ എന്ന എന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Saturday, September 12, 2009

കഥാപാത്രങ്ങളുടെ പക്വത

ഷോട്ടുകളെടുക്കുന്നതില്‍ മലയാളത്തില്‍ ഐ.വി. ശശി കാണിച്ച കയ്യടക്കവും വേഗവും തമിഴില്‍ ഞാന്‍ കാണുന്നത് പുതു പുതു അര്‍ത്ഥങ്ങളുടെ സെറ്റിലാണ്. തമിഴിലെ ഒന്നാംനിര സംവിധായകനായ കെ. ബാലചന്ദറിന്റെ സെറ്റില്‍. എന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായ ആ ചിത്രത്തിലേക്ക് നായകനായി ഞാന്‍ എത്തുന്നതിനു പിന്നിലും ശശിയേട്ടനുണ്ടായിരുന്നു.
തമിഴില്‍ എന്റെ കുറെ ചിത്രങ്ങള്‍ വന്നുകഴിഞ്ഞ സമയം. ആദ്യ ചിത്രമായ നിലവേ മലരേ പോലെ ഒരു വലിയ ഹിറ്റ് പിന്നീടുള്ള ചിത്രങ്ങളൊന്നും തന്നെ നല്‍കിയല്ല. ശിവാജി സാറിനൊപ്പം അഭിനയിച്ച അന്‍പുള്ള അപ്പ, പ്രഭുവിനൊപ്പം അഭിനയിച്ച ഒരുവര്‍ വാഴും ആലയം തുടങ്ങിയ ചിത്രങ്ങളൊക്കെ തരക്കേടില്ലാത്ത വിജയം നേടിയെങ്കിലും അതൊന്നും ഒരു വലിയ ഹിറ്റ് എന്ന വിശേഷണത്തിനു ചേരുന്നവയായിരുന്നില്ല. മലയാളത്തില്‍ നിന്ന് അപ്പോഴേക്കും ഞാന്‍ ഏതാണ്ട് പൂര്‍ണമായി തന്നെ തമിഴിലേക്ക് ചുവടുമാറ്റപ്പെട്ടിരുന്നു. ഇടയ്ക്കിടെ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നു മാത്രം. കിട്ടുന്ന ചിത്രങ്ങളൊക്കെ മുന്‍പിന്‍ നോക്കാതെ അഭിനയിച്ചു. കുറെ ചിത്രങ്ങള്‍ സ്വന്തം പേരിലായി എന്നതൊഴിച്ചാല്‍ ഒരു നടന്‍ എന്ന നിലയില്‍ എനിക്കു നേട്ടമാകുന്ന അഭിനയപ്രാധാന്യമുള്ള നല്ല വേഷങ്ങളൊന്നും അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് എനിക്ക് ഒരു ദിവസം ഐ.വി. ശശിയുടെ ഫോണ്‍ കോള്‍ വരുന്നത്. സംവിധായകന്‍ കെ. ബാലചന്ദറിനെ പോയി കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
കെ. ബാലചന്ദര്‍ അന്നു തമിഴ് സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാണ്. സൂപ്പര്‍ഹിറ്റുകള്‍ നിരവധി. രജനീകാന്തിനെയും കമലാഹാസനെയുമൊക്കെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ച സൂപ്പര്‍ സംവിധായകന്‍. വ്യത്യസ്തതയുള്ള പ്രമേയവും അവതരണവും കൊണ്ടാണ് അദ്ദേഹം ചിത്രങ്ങളൊക്കെ വിജയിപ്പിച്ചിരുന്നത്. തമിഴ് സൌന്ദര്യം പകര്‍ത്തുന്നതിലും ജനഹൃദയങ്ങളിലേക്ക് നേരിട്ടെത്തുന്ന വിധത്തില്‍ കഥ പറയുന്നതിലും സമര്‍ത്ഥന്‍.
ഞാനന്ന് ബാംഗൂരിലാണ് താമസം. ശശിയേട്ടന്‍ എന്നോടു ഇക്കാര്യം പറഞ്ഞു ഫോണ്‍ വച്ചപ്പോള്‍ തന്നെ ഞാന്‍ ബാലചന്ദര്‍ സാറിനെ വിളിച്ചു. സൌകര്യം പോലെ ചെന്നൈയിലെത്തി തന്നെ കാണണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. ഞാന്‍ വൈകിച്ചില്ല. ഷൂട്ടിങ്ങിന് ഒരു ദിവസത്തെ ഇടവേള നല്‍കി ഞാന്‍ അന്നുതന്നെ ചെന്നൈയിലെത്തി.
കമലാഹാസനെ നായകനാക്കി താന്‍ ചെയ്യാനിരുന്ന ഒരു ചിത്രത്തിന്റെ കഥ അദ്ദേഹം ചുരുക്കി പറഞ്ഞു. ഈ ചിത്രം ഇപ്പോള്‍ ചെയ്യുകയാണെന്നും എന്നെ അതില്‍ നായകനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നി.
അദ്ദേഹം പറഞ്ഞു: ‘’റഹ്മാന്‍, നിങ്ങള്‍ അഭിനയിച്ച പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കു തോന്നിയത് നിങ്ങളുടെ കഴിവുകള്‍ വേണ്ടവിധത്തില്‍ ഇതുവരെ ഉപയോ
ഗ•ിക്കപ്പെട്ടിട്ടില്ല എന്നാണ്. ഈ ചിത്രം നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാകും.
സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വൈഭവം പിന്നീടുള്ള ദിവസങ്ങളില്‍ എനിക്കു തിരിച്ചറിയാനായി. ഒരു ഷോട്ടിനു ഫൈനല്‍ ഒകെ പറയുമ്പോള്‍ അടുത്ത ഷോട്ടിനെ കുറിച്ചാവും അദ്ദേഹത്തിന്റെ ചിന്ത. കട്ട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ അദ്ദേഹം തലതാഴ്ത്തി ചിന്താമഗ്നനായി നടന്നുനീങ്ങും. അടുത്ത ഷോട്ട് എടുക്കേണ്ട സ്ഥലത്തു ചെന്നാവും അദ്ദേഹം നില്‍ക്കുക. അതു കഴിയുമ്പോള്‍ വീണ്ടും അടുത്ത സ്ഥലത്തേക്ക്. എടുക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളത് എന്നു മറ്റുള്ളവര്‍ കരുതുന്ന പല സീനുകളും വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള അദ്ദേഹത്തിന് നിഷ്പ്രയാസം എടുക്കാനാകുമായിരുന്നു. മലയാളത്തില്‍ ശശിയേട്ടന്‍ ഷോട്ടുകളെടുത്തിരുന്ന വേ
ഗ•ം തന്നെയായിരുന്നു ബാലചന്ദര്‍ സാറിന്റെയും.
കലാമൂല്യമുള്ളതും അതേ സമയം തന്നെ കൊമേഴ്സിയല്‍ വിജയം ഉറപ്പുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം. പുതു പുതു അര്‍ത്ഥങ്ങളില്‍ എന്റെ വേഷം ഒരു
ഗായകന്റേതായിരുന്നു. ഭാര്യയുടെ വേഷത്തിലായിരുന്നു ഗീത. ദാമ്പത്യത്തിലെ സ്വരക്കേടുകളെ തുടര്‍ന്ന് ഞാന്‍ നാടുവിടുന്നതും മറ്റൊരു കാമുകിയെ കണ്ടെത്തുന്നതുമായിരുന്നു പ്രമേയം.
കഥ കേട്ടപ്പോള്‍ തന്നെ പലരും ഈ ചിത്രം പരാജയപ്പെടുമെന്നു പ്രവചിച്ചു. തമിഴില്‍ ദാമ്പത്യബന്ധങ്ങള്‍ക്കു വലിയ വിലയാണ്. ഭാര്യയുള്ളപ്പോള്‍ തന്നെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്ന നായകനെ തമിഴര്‍ക്ക് ഉള്‍കൊള്ളാനാവില്ലെന്നു പലരും എന്നോടു പറഞ്ഞു. എനിക്കും പേടി തോന്നി.
സിത്താരയായിരുന്നു എന്റെ കാമുകിയുടെ വേഷത്തില്‍ അഭിനയിച്ചത്. ഒരു മഴസീനുണ്ട് സിനിമയില്‍. ബസില്‍ വച്ച് അവിചാരിതമായി പരിചയപ്പെട്ട സിത്താരയ്ക്കൊപ്പം മഴയ്ത്തു പെട്ടുപോകുന്ന എന്റെ കഥാപാത്രം. ഞങ്ങള്‍ ഒരു വലിയ കുഴിയില്‍ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തില്‍ നനഞ്ഞിരിക്കുന്ന ആ ഷോട്ട് ഏറെ പണിപ്പെട്ടാണ് എടുത്തത്. ക്രൂ മുഴുവന്‍ കുഴിയുടെ മുകളില്‍. ഞാനും സിത്താരയും മാത്രം കുഴിയില്‍.
ഷോട്ട് എടുത്തു തീരുന്നതു വരെ ഞങ്ങള്‍ ആ കുഴിയില്‍ തന്നെയിരുന്നു. ഞങ്ങള്‍ക്കുള്ള ഭക്ഷണം പോലും താഴേയ്ക്കു തരികയായിരുന്നു. ആ സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ബാലചന്ദര്‍ സാര്‍ നിര്‍ദേശം നല്‍കി. എന്റെ ജായ്ക്കറ്റിനുള്ളിലേക്ക് സിത്താരയെയും കയറ്റണം. ഞങ്ങള്‍ രണ്ടുപേരുമൊന്നിച്ച് ഒരു ജായ്ക്കറ്റിനുള്ളില്‍. മഴയത്ത് നനഞ്ഞൊട്ടി.
എനിക്ക് ചെറിയൊരു മടി തോന്നി. സിത്താര അന്ന് പുതിയ നടിയാണ്. ഞാനുമായി ഒരു സൌഹൃദം രൂപപ്പെട്ടു വരുന്നതേയുണ്ടായിരുന്നുള്ളു. പക്ഷേ, ബാലചന്ദര്‍ സാറിന്റെ നിര്‍ദേശം അനുസരിക്കാതെ വയ്യ. അങ്ങനെ മടിയോടെയാണെങ്കിലും ഞാന്‍ ആ സീന്‍ അഭിനയിച്ചു.
സെറ്റിലുണ്ടായിരുന്ന പലരും അത്തരം ഒരു സീനിന്റെ ആവശ്യം തന്നെയില്ലെന്നൊക്കെ പറഞ്ഞു. ആദ്യമായി കണ്ടു പരിചയപ്പെട്ട ഒരു സ്ത്രീയും പുരുഷനും അങ്ങനെ ഒരു ജായ്ക്കറ്റിനുള്ളിലൊക്കെ ഇരിക്കുന്നത് ജനം അം
ഗീകരിക്കില്ലെന്നായിരുന്നു അവരുടെ പക്ഷം.
പക്ഷേ, പടം ഇറങ്ങിയപ്പോള്‍ സം
ഗതി മറിച്ചായിരുന്നു. ആ സിനിമയിലെ ഏറ്റവും മികച്ച സീനുകളിലൊന്നിയിരുന്നു അത്. നിരൂപകര്‍ പോലും ആ സീനിനെ പുകഴ്ത്തി എഴുതി. ചിത്രത്തിന്റെ പരസ്യങ്ങളിലും അതിന്റെ ഫോട്ടോകള്‍ ഉപയോഗീച്ചു.
റിലീസിങ്ങിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ചിത്രം കാണാന്‍ തിരക്ക് കുറവായിരുന്നു. പലരും പ്രവചിച്ചതു പോലെ ചിത്രം പരാജയപ്പെടുമെന്നു ഞാനും പേടിച്ചു. പക്ഷേ, മെല്ലെ മെല്ലെ ചിത്രം പിടിച്ചു കയറി. പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായി. തീയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. ഇരുന്നൂറിലേറെ ദിവസം പല സെന്ററുകളിലും ആ ചിത്രം ഒാടി.
ബാലചന്ദര്‍ സാര്‍ പറഞ്ഞതു പോലെ, എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായി പുതുപുതു അര്‍ത്ഥങ്ങള്‍ മാറി. പേരു പോലെ തന്നെ എന്റെ ജീവിതത്തെയും ആ സിനിമ ഏറെ സ്വാധീനിച്ചു. പിന്നീട് എനിക്ക് കുറെ വര്‍ഷങ്ങളോളം തിരിഞ്ഞുനോക്കേണ്ട അവസ്ഥ തമിഴില്‍ ഉണ്ടായില്ല. പുരിയാതെ പുതിര്‍, ചിന്ന ദളപതി, കറുപ്പു വെള്ള, ഭാരത് ബന്ദ് തുടങ്ങിയ നിരവധി ഹിറ്റുകള്‍ പിന്നാലെ വന്നു. തമിഴ് നാട്ടിലും ആന്ധ്രാപ്രദേശിലും എനിക്ക് ഒരു താരമൂല്യമുണ്ടാക്കി തന്നെതും ഈ ചിത്രമായിരുന്നു.
ഈ ചിത്രത്തിനു ശേഷം എനിക്ക് ഏറെ
ഗ•ുണം ചെയ്ത മറ്റൊരു ചിത്രമായിരുന്നു പുരിയാതെ പുതിര്‍. ഇന്നത്തെ തമിഴ് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ കെ.എസ്. രവികുമാറിന്റെ ആദ്യ ചിത്രമായിരുന്നു അത്. ശരത്കുമാര്‍ വില്ലന്‍വേഷത്തില്‍ അഭിനയിച്ച ആ ചിത്രത്തില്‍ രഘുവരനും നല്ലൊരു വേഷത്തിലുണ്ടായിരുന്നു. ഇന്നത്തെ രവികുമാര്‍ ചിത്രങ്ങളുടേതു പോലൊരു ട്രീറ്റ്മെന്റല്ലായിരുന്നു ആ ചിത്രത്തിന്. ഇപ്പോള്‍ ആ സിനിമ കണ്ടാല്‍ അത് രവികുമാര്‍ സംവിധാനം ചെയ്തതാണെന്നു തോന്നുക പോലുമില്ല. വ്യത്യസ്തമായ അവതരണവും പ്രമേയവുമായിരുന്നു പുരിയാതെ പുതിറിന്റെ പ്രത്യേകത.
മലയാളത്തില്‍ കോളജ് കുമാരന്റെ വേഷങ്ങള്‍ അഭിനയിച്ചുമടുത്തു തുടങ്ങിയിരുന്ന എനിക്ക് തമിഴിലെ ഇത്തരം പക്വതയുള്ള കഥാപാത്രങ്ങള്‍ വലിയൊരു ആശ്വാസമായിരുന്നു. കോളജ് കുമാരന്റെ പതിവു വേഷങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചതില്‍ എന്റെ മീശയ്ക്കും വലിയൊരു പങ്കുണ്ടായിരുന്നു.

Sunday, August 9, 2009

ഡാന്‍സ്, സ്റ്റണ്ട് സീനുകള്‍


അഭിനയം ഒരു കലയാണ്; അഭിനേതാവ് ഒരു കലാകാരനും. അഭിനേതാക്കളെ ആര്‍ട്ടിസ്റ്റ് എന്നു വിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. സൂഷ്മമായ നിരീക്ഷണവും അതിന്റെ അനുകരണവുമാണ് അഭിനയം. ഒരു നല്ല നടനെ തിരിച്ചറിയാനുള്ള അളവുകോല്‍ എന്താണ്? കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക എന്നതു മാത്രമാണോ അത്? വിസ്മയിപ്പിക്കുക എന്നതിനപ്പുറം വിശ്വസിപ്പിക്കുക എന്നതാണ് അഭിനയം നന്നായോ എന്നറിയാനുള്ള മാനദണ്ഡം എന്നാണ് ഞാന്‍ കരുതുന്നത്. സിനിമ കാണുന്ന പ്രേക്ഷകനു താന്‍ കാണുന്നത് ഒരു താരത്തെ അല്ലെന്നും ഒരു കഥാപാത്രത്തെയാണെന്നും തോന്നണം. ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെങ്കില്‍ ജനം അയാളെ വെറുക്കണം. എങ്കിലേ അഭിനയം ശരിയായി എന്നു പറയാനാകൂ. സ്വന്തം മാനറിസങ്ങള്‍ മാറ്റിവച്ച് കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതു പോലെ ശ്രമകരമായ മറ്റൊന്നില്ല. വളരെ അപൂര്‍വം നടന്‍മാര്‍ക്കൊഴിക്കെ മറ്റാര്‍ക്കും സ്വന്തം മാനറിസങ്ങള്‍ മാറ്റിവച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ എഴുതിവന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴിതു പറഞ്ഞത്. സ്റ്റണ്ട്, ഡാന്‍സ് ഇതൊന്നും അഭിനയത്തിന്റെ ഭാഗമല്ല എന്നു കരുതുന്നതു ശരിയല്ല എന്നു പറയുകയായിരുന്നു ഞാന്‍. വ്യത്യസ്തതയുള്ള കഥയാണ് ആദ്യം ഉണ്ടാവേണ്ടത്. അതില്‍ സ്റ്റണ്ട് സീനുകള്‍ തിരുകി കയറ്റുകയല്ല ചെയ്യേണ്ടത്. കഥയില്‍ ഒഴിച്ചുകൂടാനാവാതെ വരുമ്പോള്‍ മാത്രമേ അതുണ്ടാകാവൂ. അടിയടാ അവനേ.. എന്നു പ്രേക്ഷകരെ കൊണ്ട് പറയിക്കുന്ന ഘട്ടത്തിലാണ് അടി വീഴേണ്ടത്. ഒരു വലിയ നര്‍ത്തകനെ കുറിച്ചാണ് സിനിമയുടെ കഥയെങ്കില്‍ അതില്‍ ഡാന്‍സ് വേണ്ടി വരില്ലേ? അങ്ങനെ ഒന്നോ രണ്ടോ നൃത്തരംഗ•ം വന്നാല്‍ ആ സിനിമ വെറും പാട്ടും ഡാന്‍സും മാത്രമുള്ള സിനിമയാണെന്നു പറഞ്ഞ് ആരെങ്കിലും ആക്ഷേപിക്കുമോ? ആ വേഷം ചെയ്താല്‍ അതു ചെയ്യുന്ന നടന്‍ ഡാന്‍സ് ചെയ്യണ്ടേ? അതും അഭിനയമല്ലേ? അഭിനയം എന്ന കലയുടെ ഭാഗമാണ് സ്റ്റണ്ടും ഡാന്‍സും. സ്റ്റണ്ട് ആര്‍ട്ടിസ്റ്റും ഒരു അഭിനേതാവാണ്. അയാളും ഒരു കലാകാരനാണ്, ആര്‍ട്ടിസ്റ്റാണ്. മേക്ക് ബിലീഫ് എന്നതാണ് അഭിനയം. കാണികളെ വിശ്വസിപ്പിക്കുക എന്ന ചുമതല സ്റ്റണ്ട് ചെയ്യുമ്പോഴും നടനുണ്ട്. സ്റ്റണ്ട് രംഗങ്ങളില്‍ സ്വാഭാവികത കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് സംവിധായകനോ കഥാകൃത്തോ ആണ്. നടന്‍ ചുമതല അവനെ ഏല്‍പിക്കുന്ന ജോലി ഭംഗ•ിയായി ജനങ്ങളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ അഭിനയിക്കുക എന്നതു മാത്രമാണ.് ക്യാമറയ്ക്കു മുന്നില്‍ കരയുകയോ ചിരിക്കുകയോ വികാരപ്രകടനങ്ങള്‍ നടത്തുകയോ ചെയ്ത് കയ്യടി വാങ്ങുന്നതു പോലെ തന്നെയാണ് സ്റ്റണ്ടും. നന്നായി സ്റ്റണ്ട് ചെയ്യുക എന്നതും ഒരു കല തന്നെയാണ്. ചിലര്‍ നടന്‍മാരൊക്കെ സ്റ്റണ്ട്, ഡാന്‍സ് സീനുകള്‍ ചെയ്യുന്നത് ഒരു പുച്ഛമായി പറയുന്നതു കേട്ടിട്ടുണ്ട്. അതൊന്നും അഭിനയത്തിന്റെ ഭാഗമല്ലെന്നും കൊമേഴ്സിയല്‍ സിനിമയുടെ ചേരുവകള്‍ മാത്രമാണെന്നുമുള്ള ഒരു മട്ട്. അഭിനയിക്കാന്‍ അറിയാത്തവര്‍ പിടിച്ചുനില്‍ക്കാന്‍ കണ്ടെത്തുന്ന ഒരു മാര്‍ഗമാണ് സ്റ്റണ്ട് എന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍. എനിക്ക് അതിനോട് യോജിപ്പില്ല. ഇതെല്ലാം കൂടി ചേരുന്നതു തന്നെയാണ് അഭിനയം. സ്റ്റണ്ടും ഡാന്‍സുമൊക്കെ ഒരു കൊമേഴ്സിയല്‍ സിനിമയെ സംബന്ധിച്ച് അഭിനയത്തിന്റെ ഭാഗ•ം തന്നെയാണ്. അതു ചെയ്യാനും അല്‍പം കലാബോധമൊക്കെ വേണം. സ്റ്റണ്ടില്‍ വേണ്ടവിധത്തില്‍ പെര്‍ഫോം ചെയ്യാനറിയാത്തവരാണ് അതിനെ പുച്ഛിച്ച് എന്തൊക്കെയോ തട്ടികൂട്ടി വിടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സ്റ്റണ്ട് സീനുകള്‍ മെച്ചപ്പെടുത്താന്‍ ഏറെ സമയം ചെലവഴിക്കുന്നവരാണ്. മോഹന്‍ലാലിനൊപ്പം ചെയ്ത ചില സ്റ്റണ്ട് രംഗങ്ങള്‍ ഒാര്‍മ വരുന്നു. ഒരോ ആക്ഷനും 100 ശതമാനം പെര്‍ഫക്ട് ആക്കാനുള്ള ശ്രമം ലാലിന്റെ ഭാഗത്തുനിന്ന് എപ്പോഴുമുണ്ട്. ഒരു വലിയ താരപദവി ഇപ്പോള്‍ ലാലിനുണ്ടെങ്കില്‍ അതിനു കാരണം ഇത്തരം ചില ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ കൂടിയാണ്. അടുത്തയിടെ മലയാളത്തില്‍ രാജമാണിക്യം എന്ന ചിത്രത്തില്‍ നല്ലൊരു സ്റ്റണ്ട് സീന്‍ ചെയ്തിരുന്നു. ബാബുരാജിനൊപ്പമായിരുന്നു ആ സ്റ്റണ്ട്. ബാബു വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന നടനാണ്. എപ്പോഴും സ്റ്റണ്ട് മാത്രം ചെയ്യുന്ന, വില്ലന്‍ വേഷമോ, ഗ•ുണ്ടാവേഷമോ മാത്രം ചെയ്യുന്ന ആളായി പോയി എന്നതു കൊണ്ട് ബാബുരാജ് നല്ല നടനല്ല എന്നു പറയാനാവില്ലല്ലോ. അദ്ദേഹം ചെയ്ത വില്ലന്‍മാരൊക്കെ എത്ര ക്രൂരന്‍മാരായിരുന്നു എന്ന് ജനങ്ങളെകൊണ്ട് സ്വാഭാവികതയോടെ വിശ്വസിപ്പിക്കാന്‍ ബാബുരാജിനു കഴിയുന്നുണ്ട് എന്നതു കൊണ്ട് തന്നെ ബാബുരാജും നല്ലൊരു നടന്‍ എന്ന പദവിക്ക് അര്‍ഹനാണ്. മുസാഫിറില്‍ ബാലയ്ക്കൊപ്പം ചെയ്ത സ്റ്റണ്ട് രംഗങ്ങളും വളരെ നന്നായി ചെയ്യാനായി. ബാലയും ബാബുരാജുമൊക്കെ നന്നായി സ്റ്റണ്ട് ചെയ്യാന്‍ അറിയാവുന്നവരാണ്. മാത്രമല്ല, അതു നന്നായി വരണമെന്ന താത്പര്യവും അവര്‍ക്കുണ്ട്. എണ്‍പതുകളില്‍ ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏറെയും ഡാന്‍സ്, സ്റ്റണ്ട് സീനുകള്‍ കുത്തിനിറച്ചവയായിരുന്നു. എനിക്കുവേണ്ടി കഥയെഴുതുമ്പോള്‍ ഒരു ഡാന്‍സും സ്റ്റണ്ടും കുത്തിതിരുകാതിരിക്കില്ല. പല സിനിമകളിലെയും പലരംഗങ്ങളും ആവര്‍ത്തനങ്ങളായി എനിക്കും തോന്നുമായിരുന്നു. ഒരിക്കല്‍, മമ്മുട്ടിയും ഞാനുമൊന്നിച്ചിരിക്കുമ്പോള്‍ ഒരു തിരക്കഥാകൃത്ത് അല്‍പം പരിഹാസച്ചുവയില്‍ എന്നോട് ചോദിച്ചു: '' റഹ്മാനേ..ഇങ്ങനെ ഡാന്‍സും സ്റ്റണ്ടുമൊക്കെ മാത്രം ചെയ്തു നടന്നാല്‍ മതിയോ? '' ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ എനിക്ക് സിനിമയില്‍ നിന്ന് ഒന്നും നേടാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയ ആളു തന്നെയാണോ എന്നോട് ഇതു ചോദിക്കുന്നതെന്ന് എടുത്തവായില്‍ തന്നെ ഞാന്‍ മറുപടിയായി പറഞ്ഞു. അതുകേട്ടിരുന്ന മമ്മൂട്ടി ഉറക്കെ ചിരിച്ചുകൊണ്ട് കയ്യടിച്ചു. ''അങ്ങനെ പറഞ്ഞുകൊടുക്കടാ...'' കഥ എഴുതി അതില്‍ ഡാന്‍സും സ്റ്റണ്ടും മാത്രം തിരുകി കയറ്റി എന്നെ കൊണ്ട് അഭിനയിപ്പിക്കുന്ന ആള്‍ തന്നെയാണ് വിമര്‍ശിക്കുന്നത്. അതില്‍ ഒരു വിരോധാഭാസമുണ്ട്. എടുത്തടിച്ചു മറുപടി പറഞ്ഞ് കയ്യടി നേടിയെങ്കിലും ഈ സംഭവത്തോടെ എന്റെ മനസില്‍ പല ചിന്തകള്‍ കടന്നുകൂടി. എല്ലാ പടത്തിലും ഡാന്‍സ്, സ്റ്റണ്ട്. സ്വയം എനിക്കു തോന്നി. ഞാന്‍ ചെയ്യുന്നതൊക്കെ ചീപ്പാണോ? എന്റെ അന്നത്തെ പ്രായം 19-20 വയസാണെന്നോര്‍ക്കണം. സിനിമയെന്താണെന്ന് പോലും കൃത്യമായി അറിയാത്ത കാലം. ഡാന്‍സ് എന്നതു മോശപ്പെട്ട എന്തോ സംഗതിയാണെന്ന് എനിക്കു തോന്നിത്തുടങ്ങി. കുറച്ചു വേഷങ്ങള്‍ വ്യത്യസ്തതയുള്ള കഥകള്‍ ചെയ്യണമെന്നു മോഹമായി. ഡാന്‍സ് ചെയ്യുന്നവന്‍ നടനല്ലെന്നും സ്റ്റണ്ട് ചെയ്താല്‍ അഭിനേതാവ് എന്ന അംഗ•ീകാരം കിട്ടുകയില്ലെന്നുമൊക്കെയുള്ള തെറ്റിധാരണകള്‍ പിടികൂടി. മനപ്പൂര്‍വം അത്തരം വേഷങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. കഥ പറയാനെത്തുന്ന സംവിധായകരോട് ഡാന്‍സ് വേണ്ടെന്നും അതൊഴിവാക്കണമെന്നും വരെ ഞാന്‍ അഭ്യര്‍ഥിച്ചു. ചില പടങ്ങള്‍ അങ്ങനെ വേണ്ടെന്നു പോലും വച്ചു. മലയാളസിനിമയിലെ എന്റെ കരിയറിനെ തന്നെ അതു മാറ്റിമറിച്ചു. മലയാളത്തില്‍ നിന്നു തമിഴിലേക്കുള്ള എന്റെ ചുവടുമാറ്റത്തിനു പിന്നിലുള്ള പ്രധാന കാരണവും അതു തന്നെയായിരുന്നു.

Friday, July 3, 2009

കാലാള്‍പ്പടയുടെ ക്ളൈമാക്സ്


വിജി തമ്പിയുടെ കാലാള്‍പ്പട എന്ന ചിത്രത്തിന്റെ സെറ്റ്. വര്‍ഷം 1989.
തമിഴില്‍ തിരക്കുകളിലേക്കു കടന്നശേഷം, ഏറെ നാളുകളുടെ ഇടവേളക്ക് അവസാനം കുറിച്ചുകൊണ്ട് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഞാന്‍.
ജയറാമും ഞാനും നായകവേഷങ്ങളിലെത്തിയ കാലാള്‍പ്പടയില്‍ ഒരു വന്‍താരനിര തന്നെയുണ്ടായിരുന്നു. സുരേഷ്
ഗോപിയായിരുന്നു വില്ലന്‍ വേഷത്തില്‍. തിലകന്‍ ചേട്ടന്‍, രതീഷ്, സിദ്ദിഖ് തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് സുരേഷ് ഗോപിയുമായും സിദ്ദിഖുമായുമുള്ള എന്റെ സൌഹൃദം തുടങ്ങുന്നത്.
സുരേഷ്
ഗോപി അന്ന് മലയാളത്തില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്. എനിക്ക് മുന്‍ പരിചയവുമില്ലായിരുന്നു. ജയറാമുമായി മൂന്നാംപക്കത്തില്‍ അഭിനയിച്ച സമയം മുതലുള്ള സൌഹൃദമുള്ളതിനാല്‍ സെറ്റില്‍ ഞങ്ങളൊന്നിച്ചായിരുന്നു മിക്ക സമയവും. ഞങ്ങളുടെ സുഹൃത്തിന്റെ വേഷത്തിലായിരുന്നു സിദ്ദിഖ്. അതുകൊണ്ട് സിദ്ദിഖും ഏതാണ്ട് മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
സുരേഷ്
ഗോപിയെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ വന്ന നടന്‍ എന്ന മട്ടിലേ ഞാന്‍ ആദ്യം കണ്ടുള്ളു. കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നതിനാല്‍ ആദ്യമൊക്കെ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം രൂപപ്പെട്ടില്ല.
സിനിമയുടെ ക്ളൈമാക്സ് ഷൂട്ടിങ് കോഴിക്കോട്ടായിരുന്നുവെന്നാണ് ഒാര്‍മ. എന്റെയും ജയറാമിന്റെയും കഥാപാത്രങ്ങള്‍ വില്ലനായ സുരേഷ്
ഗോപിയെ നേരിടുന്നതും കൊലപ്പെടുത്തുന്നതുമായിരുന്നു ക്ളൈമാക്സ്.
സ്റ്റണ്ട് സീനില്‍ അഭിനയിക്കാന്‍ തയാറെടുത്ത് ഞാന്‍ സെറ്റിലെത്തി. സുരേഷ്
ഗോപിയെ നേരിടേണ്ടതും കൊല്ലേണ്ടതും എന്റെ കഥാപാത്രമാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടും ഷൂട്ടിങ് തുടങ്ങാന്‍ വൈകി. എന്തോ തടസമുണ്ട് എന്നു എനിക്കു മനസിലായി.
കാര്യമന്വേഷിച്ചപ്പോഴാണ് ഒരാള്‍ എന്നോട് അതു പറഞ്ഞത്. റഹ്മാന്റെ കയ്യില്‍ നിന്ന് അടിവാങ്ങാന്‍ സുരേഷ്
ഗോപി തയാറല്ലെന്നു പറഞ്ഞത്രേ.
അതെന്തുകൊണ്ടാണ് എന്നു ഞാന്‍ ചോദിച്ചു. വില്ലന്‍ വേഷം അഭിനയിക്കാന്‍ വന്ന നടനല്ലേ. പിന്നെ, അടി കൊള്ളാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ എങ്ങനെയാണ്?
സുരേഷ്
ഗോപി നായകവേഷങ്ങള്‍ നിരവധി ചെയ്ത ഒരു നടനാണെന്നും പപ്പേട്ടന്റെ ഇന്നലെ പോലുള്ള ചിത്രങ്ങളിലെ മികച്ചവേഷങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞുവെന്നും അയാള്‍ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്.
പക്ഷേ, വില്ലന്‍ വേഷം അഭിനയിക്കാന്‍ തയാറായി വന്ന ഒരാള്‍ പിന്നെ എന്തുകൊണ്ടാണ് അടി കൊള്ളാന്‍ പറ്റില്ലെന്നു പറയുന്നതെന്നു എനിക്കു മനസിലായില്ല.
തമിഴില്‍ ശിവാജി •ണേശനെ പോലുള്ള വലിയ താരങ്ങള്‍ക്കൊപ്പം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഒപ്പം എത്ര വേഷങ്ങള്‍. ഞാനും മമ്മൂട്ടിയും നായകവേഷത്തിലെത്തിയ ഭദ്രന്റെ പൂമുഖപ്പടയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു വില്ലന്‍ വേഷത്തില്‍. ആ ചിത്രത്തില്‍ ലാലുമായി എനിക്കു സ്റ്റണ്ട് സീന്‍ വരെയുണ്ട്. മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയുടെ പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ആ ചിത്രം. ലാലു പോലും എനിക്കൊപ്പം വില്ലനായി അഭിനയിക്കാന്‍ മടിച്ചിട്ടില്ല.
കാലാള്‍പ്പടയുടെ ക്ളൈമാക്സ് സ്ക്രിപ്റ്റിലുള്ളതു പോലെ തന്നെ ഷൂട്ട് ചെയ്തു. വില്ലന്‍ നായകന്‍ കൊല്ലുക തന്നെ ചെയ്തു.പക്ഷേ, എന്റെ മനസില്‍ ഒരു വിഷമം ബാക്കി കിടന്നു.
സുരേഷ്
ഗോപി അങ്ങനെ പറഞ്ഞു എന്ന് മറ്റൊരാള്‍ പറഞ്ഞാണു ഞാനറിയുന്നത്. സിനിമയില്‍ പരദൂഷണക്കാര്‍ ഏറെയാണ്. സത്യം ചിലപ്പോള്‍ മറ്റൊന്നാവും.
ഇതായിരുന്നു സുരേഷ്
ഗോപിയുമായുള്ള എന്റെ ആദ്യ അനുഭവം. പക്ഷേ, പിന്നീട് അദ്ദേഹവുമായി കൂടുതല്‍ അടുത്തപ്പോള്‍ അന്ന് ആരോ എന്നെ മനഃപ്പൂര്‍വം പറഞ്ഞുപറ്റിച്ചതാണെന്നു എനിക്കു തോന്നി. അല്ലെങ്കില്‍ അങ്ങനെയാണെന്ന് മനസിനെ പറഞ്ഞുബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
ഷാജൂണ്‍ കാര്യാലിന്റെ 'ഡ്രീംസ്' എന്ന ചിത്രത്തിലാണ് പിന്നീട് ഞങ്ങളൊന്നിക്കുന്നത്. കാലാള്‍പ്പടയ്ക്കു ശേഷം ഏതാണ്ട് പത്തുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അത്. സുരേഷ്
ഗോപി അപ്പോഴേക്കും സൂപ്പര്‍താര പദവി സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഡ്രീംസിന്റെ സെറ്റില്‍ വച്ചു ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ച് സുരേഷ് ഗോപിയുടെ യഥാര്‍ഥ മനസ് ഞാനറിഞ്ഞു.
നല്ല നടന്‍ എന്നതിനെക്കാള്‍ ഉപരി വളരെ ശുദ്ധനായ മനുഷ്യന്‍ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ചെറിയ കാര്യങ്ങള്‍ക്കു പോലും വിഷമിക്കുന്ന മനസാണ് അദ്ദേഹത്തിന്റേത്. വളരെ സെന്‍സിറ്റീവാണ് അദ്ദേഹമെന്നു എനിക്കു തോന്നി.
ആ സിനിയുടെ ഷൂട്ടിങ്ങിനിടെയാണ് സുരേഷ്
ഗോപിയുടെ അച്ഛന്‍ മരിക്കുന്നത്. ഡ്രീംസിന്റെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ഇടവേളയുടെ സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. ഞാന്‍ മദ്രാസിലായിരുന്നു. അതുകൊണ്ടു തന്നെ സുരേഷിന്റെ വീട്ടിലൊന്നു പോകാന്‍ കഴിഞ്ഞില്ല.
രണ്ടാഴ്ച കൂടി കഴിഞ്ഞാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. വന്നപാടെ ഞാന്‍ സുരേഷ്
ഗോപിയെ വിളിച്ചു.
ഷൂട്ടിങ്ങിന് അദ്ദേഹം എത്തുമോ എന്നു ഞാന്‍ ചോദിച്ചു. എടുത്തടിച്ചപോലെ സുരേഷ്
ഗോപി പറഞ്ഞു: ‘’ഇല്ല, ഞാനിനി അഭിനയിക്കുന്നില്ല.
എനിക്കു കാര്യം മനസിലായില്ല.
അഭിനയിക്കുന്നില്ലേ? ഈ പടത്തിലോ?
അല്ല. ഒരു പടത്തിലും. ഞാന്‍ അഭിനയം നിര്‍ത്തി - അദ്ദേഹം പറഞ്ഞു.
എന്തുപറ്റി? എന്താണിങ്ങനെയൊരു തീരുമാനം.
ഇല്ല റഹ്മാന്‍, ഞാന്‍ അഭിനയിക്കുന്നില്ല. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. ഞാന്‍ അഭിനയം മതിയാക്കാന്‍ തീരുമാനിച്ചു. - അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.
എനിക്കു കാര്യമെന്തെന്നു മനസിലായില്ല. വീണ്ടുവീണ്ടും ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്. അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഡ്രീംസിന്റെ പിന്നിലുള്ള ആരും തന്നെ ചെന്നില്ല എന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു.
ഇതാണ് സുരേഷ്
ഗോപി. ചെറിയ കാര്യങ്ങള്‍ക്കു പോലും വിഷമിക്കുന്ന മനസാണ് അദ്ദേഹത്തിന്റേത്. ഞാനും ഇങ്ങനെയാണ്. ചെറിയ കാര്യങ്ങള്‍ മതി മനസ് വിഷമിക്കാന്‍. ആരെങ്കിലും മറ്റൊരാളെ കുറിച്ച് എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ ഞാനതു ആദ്യം വിശ്വസിച്ചുപോകും. അതു മനസില്‍ കിടക്കും. പിന്നീട് അയാളുമായി അടുക്കുമ്പോഴാവും നമ്മള്‍ കരുതിയതു പോലെ ഒരാളായിരുന്നില്ലല്ലോ എന്നു ബോധ്യമാവുക.
കാലാള്‍പ്പടയുടെ സെറ്റില്‍ വച്ചാണ് സിദ്ദിഖുമായും ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. അഭിനയത്തിന്റെ കാര്യത്തിലും സൌഹൃദത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ ഒന്നാംനിരയില്‍ തന്നെ ഞാന്‍ നിര്‍ത്തും.
ഒന്നും മനസില്‍വച്ചുകൊണ്ടിരിക്കുന്ന പ്രകൃതമല്ല സിദ്ദിഖ്. പറയാനുള്ളത് ആരോടായാലും പറയും.
സിദ്ദിഖിന്റെ ഒബ്സര്‍വേഷന്‍ സ്കില്‍ ആണ് അദ്ദേഹത്തിന്റെ അഭിനയം നന്നാക്കുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എല്ലാ കാര്യവും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
ചിലരുണ്ട്. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു കേള്‍ക്കുന്ന മട്ടിലിരിക്കും. പക്ഷേ, ശ്രദ്ധ മറ്റെവിടെയെങ്കിലുമാവും. അല്ലെങ്കില്‍, പറഞ്ഞുതീരുന്നതിനു മുന്‍പ് അവരുടെ അഭിപ്രായം ചാടിക്കയറി പറയും. സിദ്ദിഖ് അങ്ങനെയല്ല. എന്തുപറഞ്ഞാലും അദ്ദേഹം ശ്രദ്ധാപൂര്‍വം കേള്‍ക്കും. എന്നിട്ടേ അഭിപ്രായം പറയു. കാലാള്‍പ്പടയില്‍ തുടങ്ങി റോക്ക് എന്‍ റോള്‍ വരെ നിരവധി സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തു.

Thursday, June 25, 2009

ഗുരുനാഥനെ പോലെ ഒരാള്‍

ഇരുപത്തിയഞ്ച് വര്‍ഷത്തെ സിനിമാജീവിതത്തിനിടയ്ക്ക് ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നത് പല തലമുറയിലെ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരങ്ങളാണ്. പ്രേംനസീറും മധുവും അടൂര്‍ഭാസിയും ബഹദൂറുമൊക്കെ അടങ്ങുന്ന മലയാള സിനിമയിലെ കാര്‍ണവര്‍മാര്‍ക്കൊപ്പവും ശിവാജി ഗണേശന്‍, എം.എന്‍. നമ്പ്യാര്‍, നഗേഷ് തുടങ്ങിയ തമിഴിലെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനായി എന്നത് വലിയെയൊരു ഭാഗ്യം തന്നെയാണെന്ന് എനിക്കു തോന്നുന്നു. ഒരു തലമുറയിലെ വലിയ താരങ്ങള്‍ സിനിമയെ കണ്ടിരുന്നതെങ്ങനെയെന്നും അവര്‍ സഹതാരങ്ങളോടും പ്രൊഡക്ഷന്‍ ബോയ്സ് വരെ അടങ്ങുന്ന ഷൂട്ടിങ് ക്രൂവിനോടും എങ്ങനെ ഇടപെട്ടുവെന്നും എങ്ങനെ പരസ്പരം ബഹുമാനിച്ചുവെന്നും ഒാര്‍ക്കുമ്പോള്‍ അവരോടുള്ള ബഹുമാനവും സ്നേഹവും കൂടുന്നു. ഈ മുതിര്‍ന്ന താരങ്ങളുടെ സ്കൂളില്‍ പഠിച്ചിറങ്ങിയാല്‍ അഹങ്കാരവും ജാഡയുമൊക്കെ താനേ ഇല്ലാതാകും. ആ സ്കൂളില്‍ പഠിച്ചു എന്നതാണ് എന്റെ അഹങ്കാരം. ഇപ്പോഴത്തെ പുതിയ താരങ്ങള്‍ക്കൊന്നും കിട്ടാതെ പോയ ഭാഗ്യം എന്നോര്‍ക്കുമ്പോഴുള്ള അഹങ്കാരം. എം.എന്‍. നമ്പ്യാര്‍ എന്ന കൊടുക്രൂരനായ വില്ലന്‍ ജീവിതത്തില്‍ എത്ര സൌമ്യനായിരുന്നു എന്നാണ് കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്. നമ്പ്യാര്‍ സാറിനെപ്പോലെ തന്നെ തമിഴില്‍ എനിക്കു ഗുരുനാഥനായി മാറിയ നടനായിരുന്നു നാഗേഷ് സാര്‍. 'തമ്പി പൊണ്ടാട്ടി' എന്ന ചിത്രത്തിലാണ് നാഗേഷ് സാറിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. രമ്യാ കൃഷ്ണന്‍, നിഴലുകള്‍ രവി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ആ ചിത്രത്തില്‍ എന്റെ അച്ഛന്റെ വേഷമായിരുന്നു നാഗേഷ് സാറിന്. പ്രായം കൊണ്ട് എന്നെക്കാള്‍ എത്രയോ മുതിര്‍ന്ന ആളാണ് അദ്ദേഹം. സിനിമയിലെ സീനിയോരിറ്റി വച്ച് നോക്കിയാല്‍ പതിറ്റാണ്ടുകളുടെ വ്യത്യാസം. തമിഴ് സിനിമയുടെ ചരിത്രം തുടങ്ങുന്നതു മുതല്‍ പറയാവുന്ന പേരാണ് അദ്ദേഹത്തിന്റേത്. അങ്ങനെയൊരു വലിയ നടനെ ആദ്യം കാണുമ്പോള്‍ ഭയഭക്തി ബഹുമാനങ്ങളോടെ ഞാന്‍ നമസ്കരിച്ചു. വിനയത്തോടെ ഞാന്‍ ഒതുങ്ങിനിന്നു. പക്ഷേ, എന്നെ അമ്പരപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെക്കാള്‍ പത്തുവയസെങ്കിലും ഇളയ ഒരാളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. വിശ്രമവേളകളില്‍ ഒന്നിച്ചിരിക്കുക, കളിതമാശകള്‍ പറയുക, ചീട്ടുകളിക്കുക...ഇങ്ങനെ ചുറുചുറുക്കുള്ള ഒരു പതിനെട്ടുകാരനെ പോലെ അദ്ദേഹം മുഴുവന്‍ സമയവും സജീവമായി കൂട്ടുകൂടി. ഷൂട്ടിങ്ങിനിടെ ബ്രേക്ക് പറഞ്ഞാലുടന്‍ അദ്ദേഹം കൈപിടിച്ച് വലിച്ചുകൊണ്ട് പോകും. എവിടെയെങ്കിലും കൊണ്ടിരുത്തും. പിന്നെ തമാശകളും കൊച്ചുവര്‍ത്തമാനം പറച്ചിലുമായി അദ്ദേഹം അരങ്ങുകൊഴുപ്പിക്കും. തമ്പി പൊണ്ടാട്ടിക്കു ശേഷം പിന്നീട് പല ചിത്രങ്ങളിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. നഗേഷ് സാര്‍ കൂടി അഭിനയിക്കുന്ന ഒരു സിനിമയാണ് എന്നറിയുമ്പോള്‍ അതിന്റെ സെറ്റിലേക്കു പോകാന്‍ തന്നെ ഒരു ആവേശമായിരുന്നു എനിക്ക്. കോളജില്‍ നമുക്കൊപ്പം പഠിച്ച ഒരു അടുത്ത സ്നേഹിതനെ വീണ്ടും കാണുന്നതു പോലെയാണ് അദ്ദേഹത്തെ കാണുമ്പോള്‍ തോന്നുക. പ്രേക്ഷകരെയും സ്നേഹിതരെയുമെല്ലാം എപ്പോഴും ചിരിപ്പിക്കുമായിരുന്ന നഗേഷ് സാര്‍ ജീവിതത്തില്‍ പക്ഷേ, ഏറെ വിഷമങ്ങള്‍ സഹിച്ചിട്ടുള്ളയാളാണെന്ന് ഞാന്‍ പിന്നീടാണറിഞ്ഞത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. സിനിമയില്‍ അഭിനയിക്കുന്നത് പാപമാണെന്ന് കരുതിയിരുന്ന ആ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ അദ്ദേഹം കുടുംബത്തില്‍ നിന്നു പുറത്താക്കപ്പെട്ടു. സിനിമയില്‍ പേരും പ്രശസ്തിയും പണവുമൊക്കെയായപ്പോള്‍ തന്റെ അമ്മയെ കാണാന്‍ അദ്ദേഹം നാട്ടിലേക്കു പോയ സംഭവം കേട്ടിട്ടുണ്ട്. ഒരു അംബാസിഡര്‍ കാറു വാങ്ങി അതിന്റെ ഡാഷ് ബോര്‍ഡില്‍ നൂറിന്റെ നോട്ടുകള്‍ അടുക്കിവച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മകന്റെ സമ്പത്തും പ്രശസ്തിയുമൊക്കെ അറിയുമ്പോള്‍ അമ്മ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വീട്ടിലെത്തും മുന്‍പ് തന്റെ ഗ്രാമത്തിലുള്ള പുഴയ്ക്കരയില്‍ ഒരു ശവദാഹം നടക്കുന്നത് അദ്ദേഹം കണ്ടു. ആരാണെന്ന് അറിയാന്‍ അദ്ദേഹം അതു ശ്രദ്ധിച്ചു. അത് നാഗേഷ് സാറിന്റെ അമ്മയായിരുന്നു ! ഇങ്ങനെ, സിനിമയില്‍ പോലും കാണാത്ത നാടകീയത നിറഞ്ഞതായിരുന്നു നാഗേഷ് സാറിന്റെ ജീവിതം. എന്നിട്ടും അദ്ദേഹം എല്ലാവരെയും ചിരിപ്പിച്ചു. നാഗേഷ് സാറിനെ കണ്ടിട്ട് ഇപ്പോള്‍ ഏറെ നാളായി. പക്ഷേ, ഇപ്പോഴും ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തെ ഒാര്‍ക്കും. അതു പലപ്പോഴും പുതിയ ചില താരങ്ങളുടെ പെരുമാറ്റവും ഇടപെടലും കാണുമ്പോഴായിരിക്കും. ഇതിനൊരു മറുവശം കൂടിയുണ്ട്. അന്നത്തെ താരങ്ങളെ പോലെ പെരുമാറാന്‍ ഇന്ന് നമ്മള്‍ ശ്രമിച്ചുപോയാല്‍ അതോടെ തീര്‍ന്നു. നമ്മളുടെ തലയില്‍ ചവിട്ടി പിന്നിലുള്ളവര്‍ കയറിപ്പോകും. ആത്മാര്‍ഥത കൂടുതലായാല്‍ പിന്നെ കാര്യം പോക്കായി എന്നതാണ് ഇന്നത്തെ സിനിമയുടെ അവസ്ഥ. എപ്പോള്‍ ഫീല്‍ഡ് ഒൌട്ട് ആയി എന്നു നോക്കിയാല്‍ മതി. നാഗേഷ് സാറിന്റെ കാര്യം പറഞ്ഞുവന്നപ്പോഴാണ് മറ്റൊരു കഥ കൂടി ഒാര്‍ത്തത്. തമിഴില്‍ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ എനിക്കൊപ്പം നായികയായി അഭിനയിച്ച ഒരു നടി. എനിക്കൊപ്പമായിരുന്നു അവരുടെ ആദ്യ ചിത്രം. നാട്ടിന്‍പുറത്തുകാരിയായ ഒരു ശാലീന സുന്ദരിയെപോലെ അച്ഛന്റെ പിന്നാലെ അവള്‍ സെറ്റിലേക്ക് കടന്നുവന്നത് എനിക്കോര്‍മയുണ്ട്. നല്ലൊരു മനുഷ്യനായിരുന്നു അവരുടെ അച്ഛന്‍. സാധുവായ ഒരു മനുഷ്യന്‍. ആ പടം വലിയ ഹിറ്റായി. നടിക്ക് തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളില്‍ നായികവേഷം കിട്ടി. തിരക്കായി. കാശായി. പ്രശസ്തിയായി. കുറെനാളുകള്‍ക്കു ശേഷം ഞങ്ങള്‍ വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിച്ചു. അതിന്റെ സെറ്റില്‍ ഞാനും നാഗേഷ് സാറും അടങ്ങുന്ന ചില താരങ്ങള്‍ തമാശകളൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോഴതാ നമ്മുടെ നായിക കടന്നുവരുന്നു. വിലകൂടിയ കാറിലെത്തിയ നടി ഞങ്ങളുടെ മുന്നിലൂടെ നടന്ന് അകത്തേക്കു പോയി. പിന്നാലെ ബാഗു മേയ്ക്കപ്പ് സാധനങ്ങളുമായി ആയമാരും. നാഗേഷ് സാറും ഞാനുമൊക്കെ അവിടെയിരിക്കുന്നതു കണ്ടിട്ടും അവര്‍ ഒന്നു നോക്കുക പോലും ചെയ്തില്ല. കുറെ തെലുങ്കു സിനിമകളില്‍ അഭിനയിച്ചതോടെ അവര്‍ നാഗേഷ് സാറിനെ പോലെയൊരു സീനിയര്‍ താരത്തെ വരെ മറന്നു. നാഗേഷ് സാര്‍ അതു ഗൌരവമാക്കി എടുത്തില്ല. എന്നെ നോക്കിയൊന്നു ചിരിച്ചു. അത്രമാത്രം. സെറ്റില്‍ പിന്നീട് നടിയുടെ ജാഡ പ്രകടനം തന്നെയായിരുന്നു. ലൈറ്റ് ബോയിസിനോട് ചൂടാവുക. ചില സീനുകള്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് അറത്തുമുറിച്ചു പറയുക, താമസിച്ചു വരിക, അങ്ങനെപോയി അവരുടെ പ്രകടനങ്ങള്‍. പലപ്പോഴും പ്രതികരിക്കണമെന്നു തോന്നിയെങ്കിലും ഒരുവിധത്തില്‍ ഞാന്‍ കോപം നിയന്ത്രിച്ചു. ഷൂട്ടിങ് തീരാറായപ്പോള്‍ ഒരു ദിവസം. സീനുകള്‍ക്കിടയിലുള്ള ഒരു ഇടവേള. നടി മേയ്ക്കപ്പ് റൂമിലാണ്. ഞങ്ങള്‍ കുറെപ്പേര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ലൊക്കേഷനിലേക്ക് ഒരു ഒാട്ടോ വന്നു നിന്നു. അതില്‍ നിന്ന് ഉടഞ്ഞ വേഷവും താടിയുമൊക്കെയുള്ള ക്ഷീണിതനായ ഒരു രൂപം പുറത്തേക്കിറങ്ങി. എനിക്ക് അദ്ദേഹത്തെ പെട്ടെന്ന് ഒാര്‍മ വന്നു. നമ്മുടെ നായികയുടെ അച്ഛന്‍. ആദ്യ സിനിമയുടെ സെറ്റില്‍ വച്ച് പരിചയപ്പെട്ടതാണ്. എന്നെ കണ്ടതും അദ്ദേഹം അടുത്തേക്കു വന്നു. മകളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് മകളെ കാണാനുള്ള ഉത്സാഹത്തില്‍ അങ്ങോട്ടു പോയി. മേയ്ക്കപ്പ് റൂമിന്റെ വാതിലില്‍ പോയി അദ്ദേഹം തട്ടിവിളിച്ചു. ഒരു ആയ വന്ന് കതക് തുറന്നു. അദ്ദേഹം എന്തോ പറഞ്ഞു. അവര്‍ അകത്തേക്ക് അനുവാദം ചോദിച്ചു. വാതില്‍ പെട്ടെന്ന് അടഞ്ഞു. അദ്ദേഹം അവിടെ നിന്ന് നിസ്സഹായനായി എന്നെയൊന്ന് നോക്കി. പിന്നീട് ഏറെ നേരം കാത്തു നിന്ന ശേഷമാണ് അദ്ദേഹത്തിന് താന്‍ വളര്‍ത്തിവലുതാക്കിയ മകളെ ഒന്നു കാണുവാന്‍ തന്നെ കഴിഞ്ഞത്. കാശും പ്രതാപവുമൊക്കെയാകുമ്പോള്‍ സ്വന്തം അച്ഛനെ പോലും മറക്കുന്ന ഇത്തരത്തിലുള്ള പലയാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ പടം പൊട്ടുന്നതോടെ എല്ലാം തീരുമെന്നും വീണ്ടും പഴയപടിയാകുമെന്നുമുള്ള തിരിച്ചറിവ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍. ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് നന്മ മാത്രം മനസില്‍ സൂക്ഷിച്ചിരുന്ന നാഗേഷ് സാറിനെപ്പോലെയുള്ള പഴയകാല താരങ്ങളുടെ മഹത്വം നമുക്കു കൂടുതല്‍ മനസിലാവുക.

Monday, June 8, 2009

അന്നും ഇന്നും

സിനിമാതാരങ്ങളെ ദൈവത്തെപ്പോലെ കാണുന്ന നാടാണ് ആന്ധ്രാപ്രദേശ്. അതുകൊണ്ടുതന്നെ തെലുങ്കില്‍ സൂപ്പര്‍താരമായ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ഇത്രയധികം ആളുകള്‍ അണിചേരുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ചിരഞ്ജീവിയുമായി എനിക്ക് അടുപ്പമുണ്ട്. എന്റെ ആദ്യകാല തെലുങ്ക് ചിത്രങ്ങളിലൊന്നായ ഭാരത് ബന്ദ്' റിലീസാകും മുന്‍പ് തന്നെ, പടം മെഗാഹിറ്റ് ആകുമെന്ന് പ്രവചിച്ച ആളാണ് ചിരഞ്ജീവി. ആ കഥ മുന്‍പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. വളരെ നല്ലൊരു നടന്‍ എന്നതിലുപരിയായി നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. ഇത്രയും കാലം തെലുങ്കുദേശത്തെ ഏറ്റവും വലിയ താരമായി തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ. എം.ടി. ആറും എം.ജി.ആറുമൊക്കെ ആന്ധ്രയിലും തമിഴ്നാട്ടിലും പ്രിയപ്പെട്ടവരായതും മുഖ്യമന്ത്രിമാരായി മാറിയതും സിനിമാതാരത്തിന്റെ ഗാമറിനൊപ്പം അവരുടെ ജനങ്ങളോടുള്ള സ്നേഹവും ആത്മാര്‍ഥതയും കൊണ്ടുകൂടിയായിരുന്നു. തമിഴ്നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയകാന്ത് നേടിയ വിജയവും അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിച്ചെടുത്ത വോട്ടുകളും ആ മനുഷ്യനോട് തമിഴ്നാടിനുള്ള സ്നേഹം
വെളിവാക്കുന്നതായിരുന്നു. ഇപ്പോള്‍ വിജയകാന്തിനെ കൂടാതെ ശരത്കുമാര്‍, കാര്‍ത്തിക് തുടങ്ങിയ താരങ്ങളും സജീവമായി രാഷ്ട്രീയത്തിലുണ്ട്. വിജയകാന്തിനൊപ്പം ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എസ്.എ. ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത വസന്തരാഗ•ം. 1986ലാണ് ആ ചിത്രം പുറത്തിറങ്ങിയതെന്നാണ് ഒാര്‍മ. എന്റെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു അത്. നടന്‍ വിജയിയുടെ അച്ഛനാണ് എസ്.എ.ചന്ദ്രശേഖരന്‍. എന്നെ തമിഴിലേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. നിലവേ മലരേ എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. വസന്തരാഗത്തില്‍ എനിക്കും വിജയകാന്തിനും നായകവേഷമായിരുന്നു. ഞാന്‍ തമിഴില്‍ ചെയ്ത ആദ്യ ഇരട്ടനായകവേഷം. പിന്നീട് എത്ര ചിത്രങ്ങളില്‍ ഇതുപോലെ ഇരട്ടനായകവേഷം ചെയ്യേണ്ടിവന്നു ! സുധാചന്ദ്രനയിരുന്നു വസന്തരാഗത്തിലെ നായിക. നിലവേ മലരേയുടെ വന്‍ വിജയം എനിക്ക് തമിഴില്‍ നല്ല പേരുണ്ടാക്കിയ സമയമായിരുന്നു അത്. വിജയകാന്ത് സൂപ്പര്‍താരപദവിയിലേക്ക് എത്തുന്നതിനു മുന്‍പുള്ള സമയം. വിജയകാന്തിനെ വച്ച് അതിനു മുന്‍പും പിന്‍പും നിലവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ചന്ദ്രശേഖരന്‍. പക്ഷേ, വസന്തരാഗത്തില്‍ എന്റെ കഥാപാത്രത്തിന് താരതമ്യത്തില്‍ പോലും കുറവ് പറയാനില്ലായിരുന്നു. വസന്തരാഗവും വന്‍ വിജയം നേടി. നൂറു ദിവസത്തോളം പല തീയറ്ററുകളിലും ചിത്രം ഒാടി. വിജയകാന്ത് ഒരു സുഹൃത്തിന്റെ സ്ഥാനത്തല്ല എനിക്ക്. അങ്ങനെയൊരു അടുപ്പം അദ്ദേഹത്തോട് തോന്നിയിട്ടില്ല. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനത്തോടെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളു. ആ സമയത്ത് തമിഴ് എനിക്ക് വശമായി വരുന്നതേയുള്ളു. ഇംഗീഷില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനും പാടാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ തമ്മില്‍ ചെറിയ സംഭാഷണങ്ങളേ ഉണ്ടായിട്ടുള്ളു. ആ ചിത്രത്തിനു ശേഷം വല്ലപ്പോഴും പൊതുചടങ്ങുകളില്‍ വച്ചു കാണുന്നതല്ലാതെ അടുത്ത് ഇടപഴകാനുള്ള അവസരം അദ്ദേഹവുമായി വന്നിട്ടില്ല. വിജയകാന്തിന്റെ 150-ാം പടത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. കഥയില്‍ പ്രാധാന്യം ഉണ്ടായിരുന്നുവെങ്കിലും വേഷം ചെറുതായിരുന്നു. അതുകൊണ്ട്, മറ്റു തിരക്കുകള്‍ ഏറെയുണ്ടായിരുന്ന സമയമായതിനാല്‍ ഞാന്‍ ആ വേഷം ചെയ്തില്ല. ഒരു തരത്തിലും ജാഡ കാണിക്കാത്ത നടനാണ് അദ്ദേഹം. സ്വഭാവത്തിലും ഇടപെടലിലുമെല്ലാം ഒരു മാന്യതയുണ്ട്. തെറ്റായ ഒരു അഭിപ്രായം പോലും അദ്ദേഹത്തെകുറിച്ച് പറയാനില്ല. ഗ്രാമീണമേഖലയില്‍ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്.
വിജയകാന്തിന്റെ പടമിറങ്ങുമ്പോള്‍ ന ഗരങ്ങളെക്കാള്‍ ഗ്രാമങ്ങളിലാണ് ആവേശം. ഗ്രാമങ്ങളിലുള്ള സ്വാധീനമാണ് രാഷ്ട്രീയത്തിലും അദ്ദേഹത്തിനു നേട്ടമാകുന്നത്. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത എന്റെ 'പുരിയാതെ പുതിര്‍' എന്ന തമിഴ്ചിത്രത്തില്‍ ചെറിയൊരു വേഷത്തിലായിരുന്നു ശരത്കുമാര്‍ അഭിനയിച്ചിരുന്നത്. അന്ന് അദ്ദേഹം നായകവേഷങ്ങള്‍ ചെയ്തു തുടങ്ങിയിട്ടില്ല. ശരത്കുമാര്‍ അഭിനയിച്ച പൊലീസ് ഒാഫിസറിന്റെ വേഷത്തിന് പക്ഷേ, സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഞാനുമായുള്ള ഒരു സ്റ്റണ്ട് സീന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ മറ്റ് കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. അതുകൊണ്ടു തന്നെ അന്ന് ശരത്കുമാറുമായി ഒരു അടുപ്പമുണ്ടായില്ല. ശരത്കുമാറിന്റെ ഭാര്യ നടി രാധിക പക്ഷേ, എന്റെ അടുത്ത സുഹൃത്താണ്. അന്നും ഇന്നും. മോഹന്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന ചിത്രത്തിലാണ് രാധികയും ഞാനും ആദ്യമായി ഒന്നിക്കുന്നത്. മോഹന്‍ലാലും ഞാനും ചേട്ടനും അനുജനുമായി അഭിനയിച്ച ചിത്രമായിരുന്നു അത്. മോഹന്‍ലാലിന്റെ നായിക രാധികയും എന്റെ നായിക നദിയാ മൊയ്തുവും. 'സംഗമം ഈ പൂങ്കാവനം', 'വാചാലം എന്‍ മൌനവും നിന്‍ മൌനവും...' എന്നിങ്ങനെ രണ്ടു സൂപ്പര്‍ഹിറ്റ് ഗനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. രാധികയുമായി വളരെ പെട്ടെന്നു തന്നെ ഞാന്‍ അടുത്തു. രാധികയ്ക്ക് മലയാളം അത്ര പരിചയമില്ല. പക്ഷേ, വളരെ നന്നായി ഇംഗീഷില്‍ സംസാരിക്കും. ഒരുകാലത്ത് തമിഴ് സിനിമാലോകം അടക്കി വാണ എം.ആര്‍. രാധയുടെ മകളാണ് രാധിക. രാധികയുടെ അമ്മ ശ്രീലങ്കക്കാരിയാണ്. രാധിക പഠിച്ചതും ശ്രീലങ്കയിലായിരുന്നു. ലണ്ടനില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റും പഠിച്ചു. ഭാരതിരാജയുടെ സിനിമയിലൂടെയാണ് രാധിക പ്രശസ്തിയിലേക്ക് ഉയരുന്നത്. പ്രതാപ് പോത്തനുമായുള്ള പ്രണയവിവാഹവും
വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സമയം കൂടിയായിയിരുന്നു അത്. വളരെ പെട്ടെന്ന് ഒരു ആകര്‍ഷണം തോന്നിപ്പിക്കുന്ന പ്രകൃതമാണ് രാധികയുടേത്. വളരെ ഒാപ്പണായി സംസാരിക്കും. വളരെ ഫ്രണ്ട്ലി നേച്ചര്‍. ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലതാനും. അഭിനയം എന്നത് വളരെ രവത്തോടെയാണു രാധിക കണ്ടിരുന്നത്. കൂടുംതേടിയുടെ സെറ്റില്‍ വച്ചു തന്നെ രാധിക എന്റെയൊരു നല്ല സുഹൃത്തായി മാറി. പിന്നീട് തമിഴില്‍ 'പട്ടണത്താല്‍ പോകാമെടീ..' എന്ന് ചിത്രത്തില്‍ രാധിക എന്റെ നായിക വേഷം ചെയ്തു. രമ്യാകൃഷ്ണനായിരുന്നു ആ ചിത്രത്തിലെ മറ്റൊരു നായിക. രാധികയുടെ ശ്രീലങ്കക്കാരിയായ അമ്മ ശ്രീലങ്കയില്‍ വച്ച് നടത്തിയിരുന്ന സ്റ്റേജ് ഷോകള്‍ക്കൊക്കെ എന്നെയും വിളിക്കുമായിരുന്നു. ഒന്നോ രണ്ടോ തവണ അവര്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ പോയി. രാധികയുടെ വീട്ടില്‍ എന്ത് ചടങ്ങുകള്‍ നടന്നാലും ഞാന്‍ ഒരു പ്രത്യേക ക്ഷണിതാവായിരുന്നു. പിറന്നാള്‍ പാര്‍ട്ടികളൊക്കെ നടക്കുമ്പോള്‍ കൃത്യമായി എന്നെ വിളിക്കും. എന്റെ പിറന്നാള്‍ ആഘോഷമോ മറ്റോ നടന്നാല്‍ അതിനു രാധികയും വരും. ഒരു പുരുഷ സുഹൃത്തിനോടെന്ന പോലെ എന്തും തുറന്നു പറയാവുന്ന അടുപ്പമുണ്ടായിരുന്നു എനിക്ക് രാധികയോട്. ഒളിവും മറവുമില്ലാതെ സംസാരിക്കാനും ഇടപഴകാനും നല്ല സുഹൃത്തുക്കളായിരിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. പ്രതാപ് പോത്തനുമായി പിരിഞ്ഞ ശേഷം രാധിക വിവാഹം ചെയ്തത് ലണ്ടന്‍കാരനായ ഒരു
വ്യവസായിയെയായിരുന്നു. പേര് റിച്ചാര്‍ഡ്. രാധികയും റിച്ചാര്‍ഡുമായി പല തവണ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞാനന്ന് വിവാഹം കഴിച്ചിട്ടില്ല. ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് ജീവിക്കുന്ന സമയം. രാധിക തന്നെ പാചകമൊക്കെ ഏറ്റെടുത്ത് റിച്ചാര്‍ഡും ഞാനുമെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. രാധികയെ കണ്ടിട്ട് ഏറെനാളായി. രാഷ്ട്രീയവും സിനിമയുമൊക്കെയായി അവര്‍ ഇപ്പോള്‍ നല്ല
തിരക്കാണ്. ശരത്കുമാറിന്റെ രാഷ്ട്രീയ സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അതിന് ഒരു കാരണം രാധികയുടെ പിന്തുണ തന്നെയാവും.

Related Posts Plugin for WordPress, Blogger...