Tuesday, February 26, 2019

കോടികളിലൊരു കോടി


കോടി രാമകൃഷ്ണ എന്ന അതുല്യ സംവിധായകൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സൂപ്പർഹിറ്റുകൾ എത്രയെത്രയാണ് ആ കഴിവുറ്റ സംവിധായക പ്രതിഭ സൃഷ്ടിച്ചത് !
അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നിൽ ഞാൻ നായകനായിരുന്നു എന്നത് എപ്പോഴും ഞാൻ‌ അഭിമാനകരമായി ഓർക്കാറുള്ള കാര്യമാണ്. എനിക്ക് തെലുങ്കുദേശത്ത് ഒരു താരപദവി നേടിത്തന്ന ‘ഭാരത് ബന്ദ്’ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു.
ആ ചിത്രത്തിന്റെ ഷൂട്ടിങ് എനിക്ക് ഒരുകാലത്തു മറകാനാവില്ല. സംഭവബഹുലമായിരുന്നു ആ ദിവസങ്ങൾ. രണ്ടു സംഭവങ്ങൾ പങ്കുവയ്ക്കട്ടെ....
ആദ്യം എനിക്കുണ്ടായ അപകടത്തിന്റെ കഥ.
വർഷം 1991. ഓൾഡ് ഹൈദരബാദിലെ ‘ഭാരത് ബന്ദി’ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ സഹപ്രവർത്തകരുമായി സൊറ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. പ്രശസ്‌തമായ ചാർമിനാറിനരികെ തിരക്കുള്ള നഗരത്തിലൂടെ എന്റെ കഥാപാത്രത്തെ പിന്തുടർന്ന് പൊലീസുകാർ വരുന്നതും അവരെ വെട്ടിച്ച് ഞാൻ രക്ഷപ്പെടുന്നതുമായിരുന്ന സീൻ എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു സംവിധായകൻ കോടി രാമകൃഷ്ണ.
ലോങ് ഷോട്ടുകളായതിനാൽ എന്റെ ആവശ്യമില്ല. ഡ്യൂപ്പാണ് എനിക്കു വേണ്ടി ഓടുന്നത്.
അങ്ങനെ കിട്ടിയ ഇടവേളയിൽ, സിനിമാക്കഥകൾ പറഞ്ഞിരിക്കവേയാണ് ആരോ കമലാഹാസന് അപകടം പറ്റിയ സംഭവം ചൂടോടെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ്ങിനിടയിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചായി പിന്നെ അവിടെ സംസാരം. എന്റെ ആദ്യ തെലുങ്കു ചിത്രമായ രാസലീലയുടെ സെറ്റിൽ വച്ച് രണ്ടാംനിലയുടെ മുകളിൽ നിന്നു ചാടിയതും കാറിനു മുകളിലൂടെ ബൈക്ക് ചാടിച്ചതും എനിക്കപ്പോൾ ഓർമ വന്നു. ഡ്യൂപ്പില്ലാതെ ഞാൻ സ്വയമാണ് ഇതൊക്കെ ചെയ്‌തത്. എത്രയോ സാഹസികമായ രംഗങ്ങളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. ഇതുവരെയും എനിക്ക് അപകടമൊന്നും വന്നിട്ടില്ലല്ലോ? എന്റെ ചിന്തകൾ ഇങ്ങനെ കാടുകയറി.
കോടി രാമകൃഷ്ണ ആ ചേയ്‌സ് സീനിന്റെ അവസാന ഭാഗം ഷൂട്ട് ചെയ്യുകയായിരുന്നു അപ്പോൾ. എന്റെ ഡ്യൂപ്പ് ഒരു ഇരുമ്പുവേലി ചാടിക്കടന്ന് ഓടുന്നതും പൊലീസുകാർ നിസ്സഹായരായി നോക്കി നിൽക്കുന്നതുമായിരുന്നു രംഗം.
വേലിക്ക് ഏതാണ്ട് നാലടി ഉയരം മാത്രം. ഇടയ്‌ക്കിടെ ഉയർന്നുനിൽക്കുന്ന കൂർത്ത മുള്ളുകൾ. ഡ്യൂപ്പ് എനിക്കു വേണ്ടി വേലി ചാടുന്നതു കണ്ടപ്പോൾ എനിക്കു തോന്നി. ഇതൊക്കെ എനിക്കു ചാടാവുന്നതല്ലേയുള്ളു. എന്തിനാണ് ഡ്യൂപ്പ്?
ഞാൻ അദ്ദേഹത്തോടു കാര്യം പറഞ്ഞു. ‘ഞാൻ തന്നെ ചാടാം. കുറച്ചുകൂടി ഒർജിനാലിറ്റി തോന്നും.’’
ഓരോ ഷോട്ടും പരമാവധി പെർഫെക്ടായി എടുക്കാൻ എപ്പോഴും ശ്രമിക്കുന്ന കോടി രാമകൃഷ്ണയ്ക്ക് എന്റെ നിർദേശം കേട്ടപ്പോൾ സന്തോഷമായി. ഡ്യൂപ്പിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടശേഷം കോസ്‌റ്റ്യമണിഞ്ഞ് ഞാനെത്തി. ആദ്യ ടേക്കിന് അദ്ദേഹം ആക്‌ഷൻ പറഞ്ഞു.
ഓടിയെത്തിയ ഞാൻ വേലിയിൽ കൈകുത്തി ബലംകൊടുത്ത് ഉയർന്നുപൊങ്ങി. നാലടി ഉയരമുള്ള വേലിക്കു മുകളിലൂടെ ഞാൻ അപ്പുറത്തേക്ക്.
ടേക്ക് ഒകെ. ഷൂട്ടിങ് ക്രൂ മുഴുവനും അവിടെ കൂടിനിന്നിരുന്ന ആരാധകരും കൈയടിച്ചു. ഞാൻ ഒരു യഥാർഥ ഹീറോയെപ്പോലെ തലയുയർത്തി നടന്നുചെന്നു. അപ്പോഴാണ് അസോസിയേറ്റ് ഡയറക്‌ടർ ഒരു നിർദേശം വയ്‌ക്കുന്നത്. നമുക്ക് ഒരു ടേക്ക് കൂടി എടുത്താലോ. ഏതായാലും ഹീറോ തന്നെ അഭിനയിക്കുകയല്ലേ. ക്ലോസപ്പിൽ ഒരു ആംഗിൾ കൂടി കിട്ടിയാൽ ഏറെ നന്നാവും.
അങ്ങനെ രണ്ടാം ടേക്കിലേക്ക് കടന്നു. വീണ്ടുമൊരിക്കൽ കൂടി ഞാനോടിയെത്തി. വേലിയിൽ കൈ കുത്തി ഉയർന്നു ചാടി. പക്ഷേ, ഞാൻ ചെന്നു നിന്നതു വേലിക്കു മുകളിലായിരുന്നു. എന്റെ ഇടത്തെ കാലിലേക്ക് വേലിയുടെ കൂർത്ത ഇരുമ്പുമുള്ളുകൾ തുളച്ചുകയറി. നെഞ്ചിലൂടെ കമ്പി കുത്തിക്കയറുന്നതു ഒഴിവാക്കാൻ ഞാൻ വലത്തെ കാൽ നീട്ടിവച്ചു വീണു. വലത്തെ കാലിന്റെ ബലം നഷ്‌ടപ്പെട്ടു നിലത്തേക്കു പതിക്കുന്നത് എനിക്കോർമ്മയുണ്ട്.
പിന്നെ ഓർമ വരുമ്പോൾ ഞാൻ നിലത്തു കിടക്കുകയാണ്. ഇടത്തെ കാലിൽ നിന്ന് ചോര ധാരധാരയായി ഒഴുകുന്നു. വലത്തെ കാൽ അനക്കാൻ വയ്യാത്ത വേദന. എന്റെ ചുറ്റും യൂണിറ്റ് അംഗങ്ങൾ. ചോര കണ്ട് പലരും നിലവിളിക്കുന്നു. എല്ലാവരും ചേർന്ന് എന്നെ പൊക്കിയെടുത്തു ആശുപത്രിയിലെത്തിച്ചു.
ഒരു കാലിൽ മുറിവിന്റെ കെട്ടും മറ്റെ കാലിൽ ഒടിവിന്റെ പ്ലാസ്‌റ്ററുമായാണ് ഞാൻ ആശുപത്രിയിൽ നിന്നിറങ്ങിയത്.
എനിക്കു വല്ലാത്ത സങ്കടമായി. കാലിനു പരുക്കേറ്റതിലല്ല. ഷൂട്ടിങ് മുടങ്ങുമല്ലോ. സംവിധായകന്റെ പ്ലാനിങ്ങൊക്കെ തെറ്റും. അനാവശ്യമായ എന്റെ ആവേശം എത്ര വലിയ നഷ്ടമാണ് ഈ സിനിമയ്ക്കു വരുത്തുക?
പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തും വിധമായിരുന്നു കോടി രാമകൃഷ്ണയുടെ പ്രതികരണം. എന്റെ ആരോഗ്യത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. എല്ലാ പരിചരണങ്ങളും എനിക്ക് അദ്ദേഹം ഉറപ്പാക്കി. ചെന്നൈയിലേക്ക് മടങ്ങാൻ വേണ്ട ഏർപ്പാടുകളും ചെയ്തു.
എയർപോർട്ടിൽ തടിമാടൻമാരായ നാലു സെക്യൂരിറ്റിക്കാർ എന്നെ വീൽചെയറോടു കൂടി ഉയർത്തിയെടുത്ത് വിമാനത്തിലെത്തിച്ചതും യാത്രക്കാരൊക്കെ പകച്ചുനോക്കി നിൽക്കുന്നതും എനിക്കിപ്പോഴും ഓർമയുണ്ട്.
വിമാനം പറന്നുയരുന്നതിനു തൊട്ടുമുൻപ്, തെലുങ്കിലെ സൂപ്പർതാരം ചിരംഞ്‌ജീവിയും നടൻ രാജശേഖരും വിമാനത്തിൽ കയറി. രണ്ടു കാലിലും കെട്ടുമായിരിക്കുന്ന എന്നെ കണ്ട് ചിരംഞ്‌ജീവി വേഗം അടുത്തേക്കു വന്നു.
കാര്യം പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു; ‘റഹ്‌മാൻ, ആദ്യ ടേക്കിലാണോ രണ്ടാം ടേക്കിലാണോ അപകടം പറ്റിയത്?’
ആദ്യ ടേക്ക് ഒകെയായിരുന്നുവെന്നും ഒരിക്കൽ കൂടി എടുത്തപ്പോഴാണ് അപകടം പറ്റിയതെന്നും ഞാൻ പറഞ്ഞു.
കൺഗ്രാചുലേഷൻസ് റഹ്‌മാൻ. പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും– അദ്ദേഹം പറഞ്ഞു. എനിക്കു കാര്യം മനസിലായില്ല. അദ്ദേഹം വിശദീകരിച്ചു. തെലുങ്കു സിനിമയിലെ ഒരു കണക്കാണത്രേ അത്. ഷൂട്ടിങ്ങിനിടയിൽ നായകനു രണ്ടാം ടേക്കിൽ അപകടം പറ്റിയാൽ പടം സൂപ്പർഹിറ്റാകുമത്രേ!!
അപ്പോൾ ഞാനതു ചിരിച്ചുതള്ളിയെങ്കിലും അദ്ദേഹം പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. പടം അതുവരെയുള്ള സകല റെക്കോർഡുകളും തകർത്ത് സൂപ്പർ ഹിറ്റായി. തമിഴിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദർശിപ്പിച്ചപ്പോൾ അവിടെയും ഹിറ്റായി. തമിഴ് ഡബ്ബിങ് കേരളത്തിലും വൻ വിജയം നേടി.
ഭാരത് ബന്ദിന്റെ ചിത്രീകരണത്തിനിടയിലെ രണ്ടാമത്തെ സംഭവമാണ് ഇതിലും രസകരം. അപകടത്തിന്റെ വിശ്രമമൊക്കെ കഴിഞ്ഞ് ഞാൻ മടങ്ങിയെത്തിയപ്പോഴായിരുന്നു അത്. കോടി രാമകൃഷ്ണയുടെ ജനകീയ പിന്തുണ എനിക്കു വ്യക്തമാക്കി തന്നെ സംഭവമാണത്. ആദ്യമായി പൊലീസ് സ്‌റ്റേഷനിൽ ഒരു കുറ്റവാളിയെപ്പോലെ ഞാൻ നിൽക്കേണ്ടി വന്ന സംഭവം. ഈ ഓർമക്കുറിപ്പ് നീണ്ടുപോകുമെങ്കിലും അതുകൂടി പറയാതെ വയ്യ.
നാട്ടിലെ അഴിമതിക്കെതിരെ പൊരുതുന്ന യുവാവിന്റെ റോളായിരുന്നു ഭാരത് ബന്ദിൽ എനിക്ക്. അതിനു യോജിക്കുന്നതായിരുന്ന എന്റെ വേഷവും. കുറ്റിത്താടി, കറുത്ത ഷർട്ട്, ജീൻസ്, അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി.
ഹൈദരബാദ് നഗരത്തിലൂടെ എന്തിനും പോന്ന ചങ്കൂറ്റത്തോടെ ആരെയോ ലക്ഷ്യം വച്ചുപോകുന്ന യുവാക്കളുടെ തലവനായി ഞാൻ അഭിനയിക്കുന്ന സീൻ ഒരു കെട്ടിടത്തിനു മുകളിൽ നിന്നു പകർത്തുകയായിരുന്നു കോടി രാമകൃഷ്‌ണ.
ഞാനും ജൂനിയർ ആർട്ടിസ്റ്റുകളും താഴെ ജനത്തിരക്കുള്ള നഗരത്തിൽ. ഷൂട്ടിങ്ങാണെന്ന് ജനങ്ങളെ അറിയിക്കാത്ത വിധത്തിൽ ഞങ്ങൾ നടന്നുപോകണമെന്നായിരുന്നു സംവിധായകന്റെ നിർദേശം. ഹോക്കി സ്റ്റിക്കും വടികളും മറ്റുമുണ്ട് ഞങ്ങളുടെ കയ്യിൽ.
ക്യാമറ ഞങ്ങളെ പകർത്തുന്നുണ്ടെന്ന ബോധ്യത്തോടെ ഞങ്ങളുടെ സംഘം ‘അഭിനയിച്ചുകൊണ്ട്’ വേഗത്തിൽ നടന്നുനീങ്ങവെ, പെട്ടെന്ന് രണ്ട് മൂന്നു പൊലീസ് ജീപ്പുകൾ ഞങ്ങളുടെ മുന്നിൽ വന്നു ബ്രേക്കിട്ട് നിർത്തി. പൊലീസുകാർ ചാടിയിറങ്ങി. ഞങ്ങളെ വലിച്ചു ജീപ്പിൽകയറ്റി.
എനിക്ക് എന്താണു സംഭവിക്കുന്നതെന്നു തന്നെ മനസിലായില്ല. അതിനു മുൻപ് ഞാൻ ജീപ്പിനുള്ളിലായി. ഒരൂ ജൂനിയർ ആർട്ടിസ്റ്റ് ബഹളം കൂട്ടി. ഷൂട്ടിങ്ങാണെന്നു അയാൾ തെലുങ്കിൽ വിളിച്ചുകൂവി. അവന്റെ മുഖം നോക്കി ഒറ്റയടി കൊടുത്തുകൊണ്ട് എന്തൊക്കെയോ തെലുങ്കിൽ അലറിക്കൊണ്ട് പൊലീസുകാർ എല്ലാവരെയും ജീപ്പിനുള്ളിലാക്കി. ജീപ്പ് പൊലീസ് സ്‌റ്റേഷനിലേക്ക് പാഞ്ഞു.
എനിക്ക് സംഭവത്തിന്റെ ഗൗരവം അപ്പോഴേക്കും പിടികിട്ടി. ഏതോ നക്‌സലൈറ്റ് സംഘമാണ് ഞങ്ങളെന്നാണു പൊലീസുകാർ കരുതിയിരിക്കുന്നത്. ഈ സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുൻപ് ആന്ധ്രാപ്രദേശിൽ നക്‌സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു. മാത്രമല്ല, ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദർശനവുമുണ്ട്.
സ്‌റ്റേഷനിലെത്തിയ പാടെ എല്ലാവരോടും ഷർട്ട് അഴിക്കാൻ പറഞ്ഞു. തെലുങ്കിൽ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ചിട്ടുള്ള എന്നെ പൊലീസുകാർക്കൊന്നും പരിചയവുമില്ല. അവിടെ കണ്ട ഏറ്റവും വലിയ ഉദ്യോഗസ്‌ഥനോട് ഇംഗ്ലീഷിലും പാതി തമിഴിലുമായി ഞാൻ കാര്യം പറഞ്ഞുനോക്കി. അതു വകവയ്‌ക്കാതെ അയാൾ എന്റെ ഷർട്ട് വലിച്ചൂരി.
അയാൾ എന്നോട് പേരു ചോദിച്ചു. റഹ്‌മാൻ എന്നു ഞാൻ മറുപടി പറഞ്ഞതും ഒരു വല്ലാത്ത ചിരി കൊണ്ട് അയാൾ എന്നെ അടിമുടിയൊന്നു നോക്കി. ഞാൻ പറയുന്നതു കേൾക്കാൻ പോലും തയാറാവാതെ അയാൾ ഞങ്ങളെയെല്ലാം സ്‌റ്റേഷനിലെ സെല്ലിനുള്ളിലാക്കി.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. സ്‌റ്റേഷനു പുറത്ത് വലിയൊരു ബഹളം. സംവിധായകൻ കോടി രാമകൃഷ്‌ണയും സംഘവുമാണ്. മന്ത്രിമാരൊക്കെ വരുന്നപോലെ അധികാരഭാവത്തിൽ കോടി രാമകൃഷ്ണ സ്റ്റേഷനിലേക്കു കയറി. അദ്ദേഹം തെലുങ്കിലെ ഒന്നാംനിര സംവിധായകനാണ്. സ്വന്തമായി ഫാൻസ് അസോസിയേഷനുകൾ വരെയുണ്ട് കോടി രാമകൃഷ്‌ണയ്‌ക്ക്. അദ്ദേഹത്തിനൊപ്പം ഫാൻസ് അസോസിയേഷന്റെ ഭാരവാഹികളും രാഷ്‌ട്രീയക്കാരും പത്രക്കാരുമൊക്കെയുണ്ട്. തീർന്നില്ല, അവർക്കു പിന്നാലെ വലിയൊരു സംഘം ജനങ്ങളും സ്‌റ്റേഷനു പുറത്ത് തടിച്ചുകൂടി. സ്‌ത്രീകളൊക്കെ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം. എല്ലാം മിന്നൽ വേഗത്തിൽ !
കോടി രാമകൃഷ്‌ണയെ കണ്ടതോടെ പൊലീസുകാർക്ക് അബദ്‌ധം മനസിലായി. ഒന്നും പറയാൻ നിൽക്കാതെ ഉടൻ തന്നെ ഞങ്ങളെ സെല്ലിൽ നിന്നു പുറത്തിറക്കി.
പൊലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ ഞാൻ പുറത്തിറങ്ങാൻ തിടുക്കം കൂട്ടവേ കോടി രാമകൃഷ്‌ണയ്‌ക്കൊപ്പം ഉണ്ടായിരുന്ന ചിലർ തടഞ്ഞു. ‘പൊലീസുകാർ ക്ഷമ പറഞ്ഞാൽ മാത്രം സ്‌റ്റേഷനിൽ നിന്നിറങ്ങിയാൽ മതി’ എന്നായി അവർ.
പരസ്യമായി പത്രക്കാർക്കു മുന്നിൽവച്ച് ക്ഷമ പറയണമെന്ന ആവശ്യം അംഗീകരിക്കാൻ പൊലീസ് ഉദ്യോഗസ്‌ഥൻ ആദ്യം തയാറായില്ല. പക്ഷേ, ഒടുവിൽ ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന ഘട്ടം വന്നപ്പോൾ മടിച്ചുമടിച്ച് അയാൾ ക്ഷമ ചോദിച്ചുവെന്ന് വരുത്തി.
സ്‌റ്റേഷനു പുറത്തിറങ്ങിയ ഞാൻ ഞെട്ടിപ്പോയി. ഒരു സമ്മേളനത്തിനുള്ള ജനമുണ്ട്. എന്നെ കണ്ടതും അവർ കൈയടിച്ച് ആഹ്ലാദാരവം മുഴക്കി. ഒരാളെന്നെ പൊക്കിയെടുത്തു. എന്റെ കഴുത്തിൽ മാലയിട്ടു. സ്വാതന്ത്ര്യസമരകാലത്ത് ജയിൽവാസം കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കുന്ന മട്ടിൽ ആഘോഷപൂർവം അവർ എന്നെ പുറത്തേക്കു നയിച്ചു.
എന്നെ പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിന് തെലുങ്കുനാട്ടിൽ വൻവാർത്താ പ്രാധാന്യം കിട്ടി. പത്രങ്ങളൊക്കെ ചിത്രങ്ങൾ സഹിതം വാർത്ത ആഘോഷിച്ചു. ഭാരത് ബന്ദിന്റെ വൻവിജയത്തിന് ഈ സംഭവവും അതിനു കിട്ടിയ പബ്ലിസ്‌റ്റിയും സഹായിച്ചുവെന്നതിൽ സംശയമില്ല.
കോടി രാമകൃഷ്ണയെക്കുറിച്ചുള്ള ഈ ഓർമകൾക്കൊപ്പം എന്റെ പ്രാർഥനകളും....

1 comment:

Related Posts Plugin for WordPress, Blogger...