Friday, July 3, 2009

കാലാള്‍പ്പടയുടെ ക്ളൈമാക്സ്


വിജി തമ്പിയുടെ കാലാള്‍പ്പട എന്ന ചിത്രത്തിന്റെ സെറ്റ്. വര്‍ഷം 1989.
തമിഴില്‍ തിരക്കുകളിലേക്കു കടന്നശേഷം, ഏറെ നാളുകളുടെ ഇടവേളക്ക് അവസാനം കുറിച്ചുകൊണ്ട് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഞാന്‍.
ജയറാമും ഞാനും നായകവേഷങ്ങളിലെത്തിയ കാലാള്‍പ്പടയില്‍ ഒരു വന്‍താരനിര തന്നെയുണ്ടായിരുന്നു. സുരേഷ്
ഗോപിയായിരുന്നു വില്ലന്‍ വേഷത്തില്‍. തിലകന്‍ ചേട്ടന്‍, രതീഷ്, സിദ്ദിഖ് തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ സെറ്റില്‍വച്ചാണ് സുരേഷ് ഗോപിയുമായും സിദ്ദിഖുമായുമുള്ള എന്റെ സൌഹൃദം തുടങ്ങുന്നത്.
സുരേഷ്
ഗോപി അന്ന് മലയാളത്തില്‍ വില്ലന്‍ വേഷങ്ങളിലായിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്. എനിക്ക് മുന്‍ പരിചയവുമില്ലായിരുന്നു. ജയറാമുമായി മൂന്നാംപക്കത്തില്‍ അഭിനയിച്ച സമയം മുതലുള്ള സൌഹൃദമുള്ളതിനാല്‍ സെറ്റില്‍ ഞങ്ങളൊന്നിച്ചായിരുന്നു മിക്ക സമയവും. ഞങ്ങളുടെ സുഹൃത്തിന്റെ വേഷത്തിലായിരുന്നു സിദ്ദിഖ്. അതുകൊണ്ട് സിദ്ദിഖും ഏതാണ്ട് മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
സുരേഷ്
ഗോപിയെ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ വന്ന നടന്‍ എന്ന മട്ടിലേ ഞാന്‍ ആദ്യം കണ്ടുള്ളു. കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നതിനാല്‍ ആദ്യമൊക്കെ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം രൂപപ്പെട്ടില്ല.
സിനിമയുടെ ക്ളൈമാക്സ് ഷൂട്ടിങ് കോഴിക്കോട്ടായിരുന്നുവെന്നാണ് ഒാര്‍മ. എന്റെയും ജയറാമിന്റെയും കഥാപാത്രങ്ങള്‍ വില്ലനായ സുരേഷ്
ഗോപിയെ നേരിടുന്നതും കൊലപ്പെടുത്തുന്നതുമായിരുന്നു ക്ളൈമാക്സ്.
സ്റ്റണ്ട് സീനില്‍ അഭിനയിക്കാന്‍ തയാറെടുത്ത് ഞാന്‍ സെറ്റിലെത്തി. സുരേഷ്
ഗോപിയെ നേരിടേണ്ടതും കൊല്ലേണ്ടതും എന്റെ കഥാപാത്രമാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടും ഷൂട്ടിങ് തുടങ്ങാന്‍ വൈകി. എന്തോ തടസമുണ്ട് എന്നു എനിക്കു മനസിലായി.
കാര്യമന്വേഷിച്ചപ്പോഴാണ് ഒരാള്‍ എന്നോട് അതു പറഞ്ഞത്. റഹ്മാന്റെ കയ്യില്‍ നിന്ന് അടിവാങ്ങാന്‍ സുരേഷ്
ഗോപി തയാറല്ലെന്നു പറഞ്ഞത്രേ.
അതെന്തുകൊണ്ടാണ് എന്നു ഞാന്‍ ചോദിച്ചു. വില്ലന്‍ വേഷം അഭിനയിക്കാന്‍ വന്ന നടനല്ലേ. പിന്നെ, അടി കൊള്ളാന്‍ പറ്റില്ലെന്നു പറഞ്ഞാല്‍ എങ്ങനെയാണ്?
സുരേഷ്
ഗോപി നായകവേഷങ്ങള്‍ നിരവധി ചെയ്ത ഒരു നടനാണെന്നും പപ്പേട്ടന്റെ ഇന്നലെ പോലുള്ള ചിത്രങ്ങളിലെ മികച്ചവേഷങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞുവെന്നും അയാള്‍ പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്.
പക്ഷേ, വില്ലന്‍ വേഷം അഭിനയിക്കാന്‍ തയാറായി വന്ന ഒരാള്‍ പിന്നെ എന്തുകൊണ്ടാണ് അടി കൊള്ളാന്‍ പറ്റില്ലെന്നു പറയുന്നതെന്നു എനിക്കു മനസിലായില്ല.
തമിഴില്‍ ശിവാജി •ണേശനെ പോലുള്ള വലിയ താരങ്ങള്‍ക്കൊപ്പം ഞാന്‍ അപ്പോള്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ ഒപ്പം എത്ര വേഷങ്ങള്‍. ഞാനും മമ്മൂട്ടിയും നായകവേഷത്തിലെത്തിയ ഭദ്രന്റെ പൂമുഖപ്പടയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു വില്ലന്‍ വേഷത്തില്‍. ആ ചിത്രത്തില്‍ ലാലുമായി എനിക്കു സ്റ്റണ്ട് സീന്‍ വരെയുണ്ട്. മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയുടെ പടിവാതിക്കല്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ആ ചിത്രം. ലാലു പോലും എനിക്കൊപ്പം വില്ലനായി അഭിനയിക്കാന്‍ മടിച്ചിട്ടില്ല.
കാലാള്‍പ്പടയുടെ ക്ളൈമാക്സ് സ്ക്രിപ്റ്റിലുള്ളതു പോലെ തന്നെ ഷൂട്ട് ചെയ്തു. വില്ലന്‍ നായകന്‍ കൊല്ലുക തന്നെ ചെയ്തു.പക്ഷേ, എന്റെ മനസില്‍ ഒരു വിഷമം ബാക്കി കിടന്നു.
സുരേഷ്
ഗോപി അങ്ങനെ പറഞ്ഞു എന്ന് മറ്റൊരാള്‍ പറഞ്ഞാണു ഞാനറിയുന്നത്. സിനിമയില്‍ പരദൂഷണക്കാര്‍ ഏറെയാണ്. സത്യം ചിലപ്പോള്‍ മറ്റൊന്നാവും.
ഇതായിരുന്നു സുരേഷ്
ഗോപിയുമായുള്ള എന്റെ ആദ്യ അനുഭവം. പക്ഷേ, പിന്നീട് അദ്ദേഹവുമായി കൂടുതല്‍ അടുത്തപ്പോള്‍ അന്ന് ആരോ എന്നെ മനഃപ്പൂര്‍വം പറഞ്ഞുപറ്റിച്ചതാണെന്നു എനിക്കു തോന്നി. അല്ലെങ്കില്‍ അങ്ങനെയാണെന്ന് മനസിനെ പറഞ്ഞുബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
ഷാജൂണ്‍ കാര്യാലിന്റെ 'ഡ്രീംസ്' എന്ന ചിത്രത്തിലാണ് പിന്നീട് ഞങ്ങളൊന്നിക്കുന്നത്. കാലാള്‍പ്പടയ്ക്കു ശേഷം ഏതാണ്ട് പത്തുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അത്. സുരേഷ്
ഗോപി അപ്പോഴേക്കും സൂപ്പര്‍താര പദവി സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഡ്രീംസിന്റെ സെറ്റില്‍ വച്ചു ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ച് സുരേഷ് ഗോപിയുടെ യഥാര്‍ഥ മനസ് ഞാനറിഞ്ഞു.
നല്ല നടന്‍ എന്നതിനെക്കാള്‍ ഉപരി വളരെ ശുദ്ധനായ മനുഷ്യന്‍ എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ചെറിയ കാര്യങ്ങള്‍ക്കു പോലും വിഷമിക്കുന്ന മനസാണ് അദ്ദേഹത്തിന്റേത്. വളരെ സെന്‍സിറ്റീവാണ് അദ്ദേഹമെന്നു എനിക്കു തോന്നി.
ആ സിനിയുടെ ഷൂട്ടിങ്ങിനിടെയാണ് സുരേഷ്
ഗോപിയുടെ അച്ഛന്‍ മരിക്കുന്നത്. ഡ്രീംസിന്റെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ഇടവേളയുടെ സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. ഞാന്‍ മദ്രാസിലായിരുന്നു. അതുകൊണ്ടു തന്നെ സുരേഷിന്റെ വീട്ടിലൊന്നു പോകാന്‍ കഴിഞ്ഞില്ല.
രണ്ടാഴ്ച കൂടി കഴിഞ്ഞാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ അഭിനയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. വന്നപാടെ ഞാന്‍ സുരേഷ്
ഗോപിയെ വിളിച്ചു.
ഷൂട്ടിങ്ങിന് അദ്ദേഹം എത്തുമോ എന്നു ഞാന്‍ ചോദിച്ചു. എടുത്തടിച്ചപോലെ സുരേഷ്
ഗോപി പറഞ്ഞു: ‘’ഇല്ല, ഞാനിനി അഭിനയിക്കുന്നില്ല.
എനിക്കു കാര്യം മനസിലായില്ല.
അഭിനയിക്കുന്നില്ലേ? ഈ പടത്തിലോ?
അല്ല. ഒരു പടത്തിലും. ഞാന്‍ അഭിനയം നിര്‍ത്തി - അദ്ദേഹം പറഞ്ഞു.
എന്തുപറ്റി? എന്താണിങ്ങനെയൊരു തീരുമാനം.
ഇല്ല റഹ്മാന്‍, ഞാന്‍ അഭിനയിക്കുന്നില്ല. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. ഞാന്‍ അഭിനയം മതിയാക്കാന്‍ തീരുമാനിച്ചു. - അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.
എനിക്കു കാര്യമെന്തെന്നു മനസിലായില്ല. വീണ്ടുവീണ്ടും ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്. അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഡ്രീംസിന്റെ പിന്നിലുള്ള ആരും തന്നെ ചെന്നില്ല എന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു.
ഇതാണ് സുരേഷ്
ഗോപി. ചെറിയ കാര്യങ്ങള്‍ക്കു പോലും വിഷമിക്കുന്ന മനസാണ് അദ്ദേഹത്തിന്റേത്. ഞാനും ഇങ്ങനെയാണ്. ചെറിയ കാര്യങ്ങള്‍ മതി മനസ് വിഷമിക്കാന്‍. ആരെങ്കിലും മറ്റൊരാളെ കുറിച്ച് എന്തെങ്കിലും പരദൂഷണം പറഞ്ഞാല്‍ ഞാനതു ആദ്യം വിശ്വസിച്ചുപോകും. അതു മനസില്‍ കിടക്കും. പിന്നീട് അയാളുമായി അടുക്കുമ്പോഴാവും നമ്മള്‍ കരുതിയതു പോലെ ഒരാളായിരുന്നില്ലല്ലോ എന്നു ബോധ്യമാവുക.
കാലാള്‍പ്പടയുടെ സെറ്റില്‍ വച്ചാണ് സിദ്ദിഖുമായും ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. അഭിനയത്തിന്റെ കാര്യത്തിലും സൌഹൃദത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ ഒന്നാംനിരയില്‍ തന്നെ ഞാന്‍ നിര്‍ത്തും.
ഒന്നും മനസില്‍വച്ചുകൊണ്ടിരിക്കുന്ന പ്രകൃതമല്ല സിദ്ദിഖ്. പറയാനുള്ളത് ആരോടായാലും പറയും.
സിദ്ദിഖിന്റെ ഒബ്സര്‍വേഷന്‍ സ്കില്‍ ആണ് അദ്ദേഹത്തിന്റെ അഭിനയം നന്നാക്കുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എല്ലാ കാര്യവും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
ചിലരുണ്ട്. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു കേള്‍ക്കുന്ന മട്ടിലിരിക്കും. പക്ഷേ, ശ്രദ്ധ മറ്റെവിടെയെങ്കിലുമാവും. അല്ലെങ്കില്‍, പറഞ്ഞുതീരുന്നതിനു മുന്‍പ് അവരുടെ അഭിപ്രായം ചാടിക്കയറി പറയും. സിദ്ദിഖ് അങ്ങനെയല്ല. എന്തുപറഞ്ഞാലും അദ്ദേഹം ശ്രദ്ധാപൂര്‍വം കേള്‍ക്കും. എന്നിട്ടേ അഭിപ്രായം പറയു. കാലാള്‍പ്പടയില്‍ തുടങ്ങി റോക്ക് എന്‍ റോള്‍ വരെ നിരവധി സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു ചെയ്തു.

3 comments:

  1. അനുഭവക്കുറിപ്പുകള്‍ നന്നാകുന്നുണ്ട്. എന്നാലും ദൈര്‍ഘ്യം കൂടി പോകുന്നോ എന്നൊരു സംശയം.

    ബ്ലോഗിന്റെ കറുത്ത ബാക്ക്ഗ്രൌണ്ടു മാറ്റിയാല്‍ നന്നായിരുന്നു. LCD മോണിറ്ററില്‍ ഈ പേജ് വായിച്ചാല്‍ പിന്നെ 5 മിനുട്ട് നേരത്തേക്കു വേറൊന്നും വായിക്കാന്‍ പറ്റുന്നില്ല. (ഇതു എന്റെ മാത്രം പ്രശ്നമാണോന്നു അറിയില്ല.)

    ReplyDelete
  2. pls make your blog a little more pleasing..i mean the background is horrible.....its difficult to read....

    ReplyDelete
  3. വായിയ്ക്കുന്നുണ്ട്. ഇത്തരം അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നത് നല്ലതു തന്നെ

    ReplyDelete

Related Posts Plugin for WordPress, Blogger...