Wednesday, May 27, 2009
തമിഴിലെ പുതുതലമുറ
തമിഴ് സിനിമയിലെ എന്റെ സുഹൃത്തുക്കളിലേറെയും എണ്‍പതുകളിലെയും തൊള്ളൂറുകളിലെയും താരങ്ങളാണ്. അവരില്‍ കമലഹാസനും പ്രഭുവും സത്യരാജുമൊക്കെയായി എനിക്കുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നു. പുതിയ തലമുറയിലെ താരങ്ങളില്‍ അടുത്ത സുഹൃത്തുക്കള്‍ കുറവാണ്. അന്നത്തെ സാഹചര്യങ്ങളില്‍ നിന്നു തമിഴ് സിനിമാതാരങ്ങള്‍ അടിമുടി മാറിയതാണ് അതിനുകാരണമെന്നു തോന്നുന്നു. സിനിമയ്ക്കും ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, മാറേണ്ട പലതും ഇപ്പോഴും മാറാതെ കിടക്കുന്നമുണ്ട്. രജനീകാന്തും കമലഹാസനുമൊക്കെയാണ് ഇപ്പോഴും തമിഴിലെ രാജാക്കന്‍മാരെങ്കിലും പുതുതലമുറയിലെ വിജയ്, അജിത്, വിക്രം തുടങ്ങിയ നടന്‍മാര്‍ വലിയ താരപദവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇവരില്‍ വിക്രം എന്റെ അനുജനായി പണ്ടൊരു മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പൂര്‍ത്തിയാകാതെ പോയ ഐ.വി. ശശി ചിത്രമായ 'പദവി'യിലായിരുന്നു അത്. അജിത്തിനൊപ്പം എന്റെ ആദ്യചിത്രം 'ബില്ല' ആയിരുന്നു. തമിഴിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന്. ബില്ലയിലേക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ആദ്യം ഞാനാവേഷം നിരസിച്ചതാണ്. അതില്‍ പ്രധാന കാരണം എനിക്കു വില്ലന്‍ വേഷമായിരുന്നു എന്നതാണ്. പക്ഷേ, പിന്നീട് വേഷത്തിന്റെ പ്രാധാന്യവും പടത്തിന്റെ മൊത്തത്തിലുള്ള ഗാം ഭീര്യവും ബോധ്യമായപ്പോള്‍ ഞാന്‍ വേഷമേറ്റെടുക്കുകയായിരുന്നു. ബില്ലയില്‍ അഭിനയിക്കാന്‍ മടിച്ചതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അജിത്തിനെപ്പറ്റി എനിക്കുണ്ടായിരുന്ന ചില മുന്‍വിധികളായിരുന്നു അത്. ഞാനാദ്യം വിചാരിച്ചത് അജിത് വലിയ അഹങ്കാരി ആണെന്നായിരുന്നു. അങ്ങനെയായിരുന്നു പത്രങ്ങളിലും സിനിമാമാസികളിലും വരുന്ന വാര്‍ത്തകളും ഗോസിപ്പുകളും എന്റെ മനസില്‍ സൃഷ്ടിച്ച തോന്നല്‍. ആ മുന്‍വിധി മനസില്‍ കിടന്നതുകൊണ്ടാവും അജിത്തിന്റെ പത്രസമ്മേളനങ്ങളോ പൊതുപരിപാടികളോ ടിവിയില്‍ കാണുമ്പോഴും അഹങ്കാരി ഇമേജ് മനസില്‍ കിടന്നത്. ബില്ലയില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ ഞാന്‍ ശ്രമിച്ചതും അതുകൊണ്ടായിരുന്നു. എന്തിനു വെറുതേ ഈ പുതിയ താരങ്ങളുടെ ജാഡ കാണണം എന്നു തോന്നി. പക്ഷേ, ബില്ലയുടെ സംവിധായകന്‍ വിഷ്ണുവര്‍ധന്‍ എന്നെ ഏറെ നിര്‍ബന്ധിച്ചു. അങ്ങനെയാണ് ഞാനൊടുവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, എന്റെ മനസിലുണ്ടായിരുന്ന മുന്‍വിധികളുടെ നേരെ വിപരീതമായിരുന്നു അജിത്തില്‍ നിന്നു ബില്ലയുടെ സെറ്റില്‍ കിട്ടിയത്. വളരെ മാന്യനായ ഒരു നടന്‍ എന്ന് തിരിച്ചറിയാന്‍ അധികം ദിവസങ്ങള്‍ വേണ്ടിവന്നില്ല. തമിഴിലെ പ്രതാപകാലത്തെ എന്റെ രൂപമായിരുന്നു അജിത്തില്‍ ഞാന്‍ കണ്ടത്. അങ്ങനെപറയാന്‍ ഒരു കാരണമുണ്ട്. ആദ്യം ആ കഥ പറയാം. പുരിയാതെ പുതിര്‍ എന്ന ചിത്രത്തിന്റെ സെറ്റ്. പുതുപുതു അര്‍ഥങ്ങള്‍ കഴിഞ്ഞ് ഞാന്‍ വലിയ താരമൂല്യത്തിലിരിക്കുന്ന സമയം. ഇന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കെ.എസ്. രവികുമാറായിരുന്നു പുരിയാതെ പുതിറിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു അത്. രഘുവരനുമുണ്ടായിരുന്നു ആ ചിത്രത്തില്‍. രഘുവരന്റെ മികച്ച പെര്‍ഫോമന്‍സായിരുന്നു ആ ചിത്രത്തില്‍. സെറ്റില്‍ പലപ്പോഴും അലക്ഷ്യമായാവും രഘുവരന്റെ ഇടപെടല്‍. പുതുമുഖ സംവിധായകര്‍ക്ക് അദ്ദേഹത്തെ വരുതിയിലാക്കിയെടുക്കുക ബുദ്ധിമുട്ടാവും. രവികുമാറിന്റെ ബുദ്ധിമുട്ട് മനസിലാക്കി ഞാനാണ് പലപ്പോഴും സഹായത്തിനെത്തിയത്. തമിഴിലെ സാഹചര്യം വച്ച് ഒരു നായകനും ചെയ്യില്ലാത്ത കാര്യങ്ങള്‍. ടേക്ക് എടുക്കും മുന്‍പ് ആര്‍ട്ടിസ്റ്റ് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കണം. ലൈറ്റ് ടെസ്റ്റ് ചെയ്യാനായി രഘുവരന്‍ നില്‍ക്കേണ്ടതിനു പകരം ഞാന്‍ പോയി നില്‍ക്കും. എന്നിട്ട് ടേക്ക് എടുക്കാന്‍ നേരത്തു മാത്രം രഘുവരനെ നിര്‍ത്തും. രഘുവരന്റെ കഥാപാത്രത്തെ കൊലപ്പെടുത്തിയ ശേഷം ഞാനും രേഖയും കൂടി ഡെഡ് ബോഡി വലിച്ചുനിരക്കി കൊണ്ടു പോകുന്ന ഒരു സീനുണ്ട് അതില്‍. അത് എടുക്കേണ്ട സമയമായപ്പോള്‍ പെട്ടെന്ന് രഘുവരന്‍ സെറ്റില്‍ നിന്നു പോയി. സംവിധായകന്‍ പ്രതിസന്ധിയിലായി. എന്തു ചെയ്യും? ഒടുവില്‍ പരിഹാരം നിര്‍ദേശിക്കപ്പെട്ടു. ഡ്യൂപ്പ് ! പക്ഷേ, രഘുവരനു പറ്റിയ ഡ്യൂപ്പ് സെറ്റിലില്ല. അദ്ദേഹത്തിന്റെ ഉയരത്തിനനുസരിച്ച് ഒരാളു വേണം. ഷൂട്ടിങ് നിര്‍ത്തിവയ്ക്കണം എന്ന അവസ്ഥയായി. പെട്ടെന്ന് ഞാനൊരു പരിഹാരം പറഞ്ഞു. ''ഞാന്‍ ഡ്യൂപ്പാകാം.'' ഒടുവില്‍ നായകനായും വില്ലനായും ഞാന്‍ തന്നെ. ആദ്യം രഘുവരനു പകരം ഞാന്‍ കിടക്കും. ഡഡ് ബോഡി ഇഴച്ചുകൊണ്ടു പോകുന്ന ഷോട്ട് എടുക്കും. പിന്നെ എഴുന്നേറ്റ് ഡെഡ് ബോഡി വലിക്കുന്ന നായകനായി അഭിനയിക്കും. അങ്ങനെ മാറിമാറി പലതവണ എടുത്തപ്പോഴാണ് ആ സീന്‍ പൂര്‍ത്തിയായത്. അങ്ങനെയങ്ങനെ ഷൂട്ടിങ് തീര്‍ന്നു. പടം റിലീസായി. വന്‍ വിജയവുമായി. ഞാനും രവികുമാറും സിനിമയുടെ പിന്നിലുണ്ടായിരുന്ന മറ്റു ചിലയാളുകളും കൂടി വിജയമാഘോഷിച്ചു. തിരിച്ച് എന്റെ കാറില്‍ മടങ്ങുമ്പോള്‍ ഒരാളുടെ കമന്റ്: ''രഘുവരന്റെ കമ്മിറ്റ്മെന്റും ഡെഡിക്കേഷനുമൊക്കെ സമ്മതിച്ചുകൊടുക്കണം. റഹ്മാനെപ്പോലുള്ള പുതിയ താരങ്ങള്‍ അതു കണ്ടു പഠിക്കണം.'' ഇതു പറഞ്ഞ ആള്‍ നല്ല മദ്യലഹരിയിലായിരുന്നു. എനിക്ക് അതു കേട്ടപ്പോള്‍ നല്ല ദേഷ്യം വന്നു. മാസങ്ങളോളം ലൈറ്റ് ബോയി ചെയ്യുന്ന ജോലികള്‍ വരെ ചെയ്ത് ഞാനഭിനയിച്ചതാണ്. എന്നിട്ടിപ്പോള്‍ എനിക്കല്ല, രഘുവരനാണത്രേ ഡെഡിക്കേഷന്‍. എന്റെ മുഖം മാറുന്നത് രവികുമാറിന് പെട്ടെന്നു മനസിലായി. അദ്ദേഹം ഇടപെട്ടു. ആ കമന്റ് പറഞ്ഞ ആളോടു രവികുമാര്‍ ചൂടായി. ഇതാണ് സിനിമയുടെ അവസ്ഥ. നമ്മള്‍ എന്തു നല്ലതു ചെയ്താലും അതു മറ്റാരും അറിയില്ല. എന്തെങ്കിലും മോശമായി ചെയ്തു പോയാല്‍ അതു ലോകം മുഴുവന്‍ പാട്ടാകുകയും ചെയ്യും. അജിത്തിന്റെ അവസ്ഥയും ഏതാണ്ട് അതുപോലെയായിരുന്നു. നല്ല വശങ്ങളല്ല, മോശം കാര്യങ്ങളാണ് പെട്ടെന്ന് പടരുന്നത്. വളരെ ശാന്തനായിരുന്നു അജിത്. പരദൂഷണം, ഗോസിപ്പ് പരിപാടികള്‍ക്കൊന്നും പോകില്ല. സ്വഭാവത്തിലും സംസാരരീതിയിലും ഒരു മയമുണ്ട്. നായകനെന്നോ താരമെന്നോ ഉള്ള അഹങ്കാരമൊന്നും അജിത്ത് കാണിച്ചില്ല. മുതിര്‍ന്ന താരങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്നും അവരോടു എങ്ങനെ ഇടപെടണമെന്നും അജിത്തിനു നന്നായി അറിയാം. എനിക്കൊപ്പം പ്രഭുവും ബില്ലയില്‍ അഭിനയിക്കാനുണ്ടായിരുന്നു. ഞങ്ങളോടു രണ്ടുപേരോടും അജിത്ത് മുതിര്‍ന്ന താരങ്ങള്‍ എന്ന ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്. ടേക്ക് കഴിഞ്ഞ് വിശ്രമിക്കാനെത്തുമ്പോള്‍ അവിടെ ഒരു കസേരയെ ഉള്ളുവെങ്കില്‍ ആ കസേരയില്‍ നിന്ന് അജിത്ത് എഴുന്നേറ്റ് നമ്മളെ പിടിച്ചിരുത്തും. ഞാനിരുന്നു എന്ന് ഉറപ്പാക്കാതെ അജിത്ത് ഇരിക്കില്ല. ഒരു തരത്തിലുള്ള ജാഡയോ അഹങ്കാര വര്‍ത്തമാനങ്ങളോ അജിത്തില്‍ നിന്നു എനിക്കു കാണേണ്ടിയോ കേള്‍ക്കേണ്ടിയോ വന്നില്ല. ബില്ലയുടെ ഷൂട്ടിങ് തീരാറായ സമയത്ത് ഞാനും അജിത്തും മാത്രമുള്ള ഒരു വിശ്രമവേളയില്‍ ഞാന്‍ അജിത്തിനോട് പറഞ്ഞു, നിങ്ങള്‍ ഒരു അഹങ്കാരിയും ജാഡക്കാരനുമാണെന്നായിരുന്നു ഞാന്‍ കേട്ടിരുന്നത് എന്ന്. അജിത്ത് നിസഹായനായി എന്നെ നോക്കി. ആ ധാരണ ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നു എന്നു കൂടി ഞാന്‍ പറഞ്ഞു. അതുകേട്ടപ്പോഴെ അജിത്തിനു സമാധാനമായുള്ളു. സെറ്റില്‍ എപ്പോഴും താമസിച്ചുവരുന്ന പ്രശ്നക്കാരന്‍ എന്നെ ഇമേജാണ് തനിക്കെന്ന് അജിത്തിനും അറിയാമായിരുന്നു. ഒന്നോ രണ്ടോ തവണയേ അങ്ങനെയുണ്ടായിട്ടുള്ളു എന്ന് അജിത്ത് പറഞ്ഞു. അതും മനഃപൂര്‍വം താമസിച്ചതായിരുന്നു. അതിനു തക്കതായ കാരണവുമുണ്ടായിരുന്നു. പക്ഷേ, ആ ഒരു ദിവസത്തെസംഭവം പടര്‍ന്ന് എപ്പോഴും താമസിച്ചുവന്ന് ഷൂട്ടിങ്ങിനു തടസമുണ്ടാക്കുന്ന നടന്‍ എന്ന ഇമേജ് അദ്ദേഹത്തിന് ഗോസിപ്പുകാര്‍ ചാര്‍ത്തി കൊടുത്തു. ബില്ലയുടെ ഷൂട്ടിങ് ദിവസങ്ങളില്‍ ഒരിക്കല്‍ പോലും അജിത്ത് താമസിച്ചുവന്നിട്ടില്ല. മാസങ്ങളോളം നീണ്ട ഷൂട്ടിങ്ങായിരുന്നു ബില്ലയുടേത്. ഷൂട്ടിങ്ങിനിടെ ഒരു പ്രശ്നവുമുണ്ടാകാതിരിക്കാന്‍ അജിത് പ്രത്യേകം ശ്രദ്ധിച്ചു. എന്നും സമയത്തും വരും. ഞങ്ങള്‍ക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതില്‍ വലിയ ശ്രദ്ധയായിരുന്നു അജിത്തിന്. മലേഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിലായിരുന്നു മുഴുവന്‍ ഷൂട്ടിങ്ങും. അജിത്തിനെയും പ്രഭുവിനെയും എന്നെയും കൂടാതെ നയന്‍താരയും നമിതയുമായിരുന്നു മറ്റു പ്രമുഖ താരങ്ങള്‍. പക്ഷേ, തമിഴിലെ ഇപ്പോഴത്തെ പല ചിത്രങ്ങളുടെയും സെറ്റില്‍ കാണാത്ത ഒരു സൌഹൃദാന്തരീക്ഷം ബില്ലയുടെ സെറ്റിലുണ്ടായിരുന്നു. പ്രഭുവിന്റെ സാന്നിധ്യം കൊണ്ടുകൂടിയാവാം എനിക്കങ്ങനെ തോന്നിയത്. അടുത്തയിടെ ഒരു സിനിമാവാരികയില്‍ അജിത്ത് എഴുതിയത് വായിച്ചിട്ട് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. സിനിമയിലെത്തുന്നതിനു മുന്‍പ് അജിത് ആദ്യമായി ഒാട്ടോഗ്രാഫ് വാങ്ങിയ നടന്‍ ഞാനായിരുന്നുവത്രേ. എനിക്കു പക്ഷേ, അങ്ങനെയൊരു ഒാര്‍മയില്ല.
Tuesday, May 19, 2009
മനോജ് കെ.ജയനും സുഹാസിനിയും
സൌഹൃദങ്ങള്‍ പലതരത്തിലുണ്ട്. വര്‍ഷങ്ങളായി ഒന്നിച്ചു ജോലി ചെയ്യുകയോ ഒന്നിച്ചു പഠിക്കുകയോ ചെയ്യുന്നവരോട് മെല്ലെ മെല്ലെ ഉണ്ടാവുന്ന സൌഹൃദമാണ് അതില്‍ പൊതുവായുള്ളത്. കാലം സൌഹൃദം നമ്മില്‍ അടിച്ചേല്‍പിക്കുന്ന പോലെയാണിത്. ആദ്യമൊക്കെ ചിലരുടെ സ്വഭാവരീതികള്‍ കാണുമ്പോള്‍ ഒരിക്കലും സുഹൃത്താക്കാന്‍ പറ്റില്ലെന്നു മനസില്‍ തോന്നും. പക്ഷേ, ക്രമേണ അവരെ കൂടുതല്‍ അടുത്തറിയുമ്പോള്‍ നമ്മുടെ മുന്‍വിധികള്‍ ശരിയല്ലായിരുന്നുവെന്നും നമുക്കു യോജിച്ച ഒരു സുഹൃത്തു തന്നെയായിരുന്നു അതെന്നും തിരിച്ചറിയും. മറ്റുചിലരുണ്ട്. ആദ്യമായി പരിചയപ്പെടുമ്പോള്‍ തന്നെ ഒരു അടുപ്പം തോന്നും. സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം നമ്മുടെ രീതികളോടും ഇഷ്ടങ്ങളോടുമുള്ള സാമ്യം ആദ്യം തന്നെ മനസിലാവും. പെട്ടെന്നു തന്നെ ഇവരുമായി ഒരു സൌഹൃദം രൂപപ്പെടും. മലയാള സിനിമയിലെ എന്റെ സഹതാരങ്ങളുമായുള്ള അടുപ്പത്തെക്കുറിച്ചും അവരുടെ സ്വഭാവരീതികളില്‍ ഞാന്‍ കണ്ട പ്രത്യേകതകളെക്കുറിച്ചുമാണ് ഞാന്‍ കഴിഞ്ഞ ലക്കങ്ങളിലെഴുതിയത്. പക്ഷേ, വളരെ ചുരുങ്ങിയ കാലം കൊണ്ട് എനിക്ക് കിട്ടിയ ഒരു നല്ല സുഹൃത്തിനെക്കുറിച്ച് ഞാനിതുവരെ എഴുതിയല്ല. മനോജ് കെ. ജയനാണ് ആ സുഹൃത്ത്. രാജമാണിക്യം എന്ന സിനിമയിലാണു ഞാനും മനോജ് കെ.ജയനും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പക്ഷേ, ഒറ്റച്ചിത്രം കൊണ്ടു തന്നെ, വര്‍ഷങ്ങളായുള്ള ഒരു സുഹൃത്തിനോടു തോന്നുന്ന പോലൊരു അടുപ്പം മനോജിനോട് തോന്നി. മലയാള സിനിമയില്‍ ഞാന്‍ സജീവമായിരുന്ന കാലത്ത് മനോജ് സിനിമയിലെത്തിയിട്ടില്ല. മനോജ് മലയാളത്തില്‍ തിരക്കുള്ള നടനായ ശേഷം ഞാന്‍ മലയാളത്തിലും അഭിനയിച്ചിരുന്നില്ല. ഒന്നിച്ച് അഭിനയിക്കാന്‍ അവസരം കിട്ടാതെ പോയതിനു കാരണവും മറ്റൊന്നല്ല. വളരെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ അഭിനയിച്ച ഐ.വി. ശശിയുടെ 'അപാരത' എന്ന ചിത്രവും മനോജിന്റെ ആദ്യചിത്രമായ 'സര്‍•'വും ഏതാണ്ട് ഒരേ സമയത്താണ് റിലീസായത്. 'അപാരത' മികച്ച വിജയം നേടി. പക്ഷേ, സര്‍•ത്തിന്റെ വിജയം അതിലും മേലെയായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ സാറിന്റെ ശക്തമായ കഥാപാത്രത്തെ ഒരു പുതുമുഖ താരം •ംഭീരമാക്കിയ വിവരം ഞാന്‍ അപ്പോഴേ കേട്ടിരുന്നു. മനോജ് വളരെ ഒാപ്പണാണ്. കാര്യങ്ങള്‍ തുറന്നു സംസാരിക്കും. മനസിലൊന്നും പ്രവൃത്തിയില്‍ മറ്റൊന്നും എന്നൊരു ലൈന്‍ ഇല്ല. മറയില്ലാതെ സംസാരിക്കുന്ന മനോജിന്റെ രീതി കൊണ്ടാവും ആദ്യ പരിചയപ്പെടലില്‍ തന്നെ മനോജിനോട് എനിക്ക് ഒരു അടുപ്പം തോന്നിയത്. സിനിമയ്ക്കു പുറത്തുള്ള എന്റെ ചില സുഹൃത്തുക്കള്‍ മനോജിന്റെ കൂടി സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഞങ്ങള്‍ സിനിമ വഴിയല്ലാതെ തന്നെ അടുത്തു. ഇടയ്ക്കിടെ ഞങ്ങള്‍ ഒന്നിച്ചു കൂടാറുണ്ട്. ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. പലപ്പോഴും എന്തെങ്കിലും ചടങ്ങുകള്‍ക്കോ താരസംഘടനകളുടെ മീറ്റിങ്ങുകള്‍ക്കോ ഒക്കെ ഞങ്ങള്‍ കഴിവതും ഒന്നിച്ചാവു പോവുക. ഒരേ സമയത്ത് എത്തുന്നതു പോലെ നേരത്തെ പറഞ്ഞുറപ്പിച്ച് ഇറങ്ങും. ഞങ്ങളുടെ സൌഹൃദസംഭാഷണ വിഷയങ്ങളില്‍ സിനിമ വന്നു പെടാറേയില്ല. സിനിമയ്ക്കു പുറത്തുള്ള വിഷയങ്ങളാവും ഞങ്ങളുടെ സംസാരത്തില്‍ കടന്നുവരിക. ഒരു ബാച്ചിലര്‍ ടോക് എന്നു പറയാം. കാറിനെക്കുറിച്ചോ ഫാഷനെക്കുറിച്ചോ പെണ്ണുങ്ങളെക്കുറിച്ചോ ഒക്കെയാവും ഞങ്ങള്‍ സംസാരിക്കുക. സിനിമാ പരദൂഷണങ്ങള്‍ കേള്‍ക്കാന്‍ രസമാണ്. പക്ഷേ, ഒരു സ്ഥലത്തിരുന്ന് നമ്മള്‍ ഒരാളെക്കുറിച്ച് പരദൂഷണം പറയുന്ന അതേ സമയത്തു തന്നെ മറ്റൊരു സ്ഥലത്ത് നമ്മളെപ്പറ്റി ആരെങ്കിലും പരദൂഷണം പറയുന്നുണ്ടാവും. അതാണ് സിനിമയുടെ ഒരു രീതി. പക്ഷേ, മനോജ് അങ്ങനെയൊന്നും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല; എന്നോടു പറഞ്ഞിട്ടില്ല. ആരെക്കുറിച്ചും മനോജ് മോശം അഭിപ്രായം പറയുന്നതു കേള്‍ക്കാനിടവന്നിട്ടില്ല. മനോജിനോട് ഒരു അടുപ്പം തോന്നാനുള്ള കാരണവും അതാവും. മുരളീകൃഷ്ണ സംവിധാനംചെയ്യുന്ന 'ബലം' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ഞാനിപ്പോള്‍. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ഞാനും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. കൂടെവിടെയ്ക്കു ശേഷം ചുരുക്കം ചില ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിരുന്നുവെങ്കിലും അതിനു ശേഷം അങ്ങനെയൊരു സാഹചര്യം ഒത്തുവന്നിരുന്നില്ല. ബലത്തില്‍ വളരെ പക്വതയുള്ള ശക്തമായ രണ്ടു കഥാപാത്രങ്ങളെയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അരവിന്ദ്, ദീപാസാരി എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായകനും നായികയും. നായികയുടെ സഹോദരനായ പൊലീസ് ഒാഫിസറായി ഞാനും നായകന്റെ സഹോദരഭാര്യയുടെ വേഷത്തില്‍ സുഹാസിനിയും. 'കൂടെവിടെ'യില്‍ അഭിനയിക്കുമ്പോള്‍ സുഹാസിനിയും എന്നെ പോലെ തന്നെ പുതുമുഖമായിരുന്നു. അതിനു മുന്‍പ് തമിഴില്‍ അവര്‍ അഞ്ചോ ആറോ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെങ്കിലും മലയാളത്തില്‍ ആദ്യ ചിത്രമായിരുന്നു. എന്നെ എന്റെ യഥാര്‍ഥ പേരായ 'റഷീന്‍' എന്ന വിളിക്കുന്ന ചുരുക്കം സിനിമാക്കാരില്‍ ഒരാളാണ് അവര്‍.സംവിധായികയായുംതിരക്കഥാകൃത്തായും ഛായാ•ാഹകയായുമൊക്കെ കഴിവുതെളിയിച്ച സുഹാസിനിക്കൊപ്പം ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അഭിനയിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബലത്തിലെ തുല്യപ്രാധാന്യമുള്ള ഞങ്ങളുടെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് എന്റെ വിശ്വാസം. മലയാളത്തിലെ എന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഞാനിതുവരെ എഴുതിയത്. സത്യരാജിനെയും പ്രഭുവിനെയും പോലുള്ള തമിഴിലെ ചില അടുത്ത സൌഹൃദങ്ങളെക്കുറിച്ചും എഴുതി. പക്ഷേ, തമിഴില്‍ വ്യത്യസ്തരായി എനിക്കു തോന്നിയ മറ്റുചിലരെ കുറിച്ച് ഇനിയും പറയാനുണ്ട്.
Friday, May 15, 2009
റഷീന്‍, റഹ്മാന്‍, പിന്നെ..രഘുമാന്‍
റഷീന്‍ റഹ്മാന്‍ എന്ന എന്റെ പേരിലെ റഷീന്‍ വെട്ടിക്കളഞ്ഞത് പപ്പേട്ടനാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് 'കൂടെവിടെ'യില്‍ അഭിനയിക്കാനായി എന്നെ തിരഞ്ഞെടുത്ത ദിവസം. പപ്പേട്ടന്റെ മുന്നില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കാതോര്‍ത്തു ഞാന്‍ നിന്നു. പപ്പേട്ടന്‍ എന്നെ നോക്കി പറഞ്ഞു. ''റഷീന്‍ റഹ്മാനിലെ റഷീന്‍ കളയാം. റഹ്മാന്‍ മതി.'' നിനച്ചിരിക്കാതെ സിനിമാനടനായതു പോലെ ഒട്ടും പ്രതീക്ഷിക്കാതെയാണ് എനിക്ക് എന്റെ പേരു നഷ്ടമായത്. അതുവരെ റഷീന്‍ എന്ന് എല്ലാവരും എന്നെ വിളിച്ചിരുന്നുവെങ്കില്‍ പിന്നീട് ഞാന്‍ റഹ്മാന്‍ ആയി. സിനിമാരംഗത്തുള്ള ഒട്ടുമിക്ക ആളുകളും എന്നെ റഹ്മാന്‍ എന്നു തന്നെയാണു വിളിക്കുന്നത്. എന്നാല്‍, സുഹാസിനി, സുകുമാരിചേച്ചി, നടന്‍ പ്രഭു തുടങ്ങിയവരൊക്കെ റഷീന്‍ എന്നാണ് ഇപ്പോഴും എന്നെ വിളിക്കുന്നത്. കൂടെവിടെയ്ക്കു ശേഷം പരിചയപ്പെട്ട സുഹൃത്തുക്കള്‍ റഹ്മാനെന്നും വിളിക്കുന്നു. സംവിധായകന്‍ രഞ്ജിത്താണ് എന്നെ റഷീന്‍ എന്നു വിളിക്കുന്ന മറ്റൊരാള്‍. ശ്രീവിദ്യയും റഷീന്‍ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. പപ്പേട്ടന്‍ റഹ്മാന്‍ എന്നാക്കി എന്റെ പേരിനെ ചുരുക്കിയപ്പോള്‍ പുതിയൊരു പേരല്ല എന്നതുകൊണ്ട് എനിക്കന്നു മടിയൊന്നും തോന്നിയില്ല. റഷീന്‍ റഹ്മാന്‍ എന്നു തന്നെയായിരുന്നല്ലോ എന്റെ പേര്. അങ്ങനെ കുറെ വര്‍ഷം റഹ്മാനായി മാറിക്കഴിഞ്ഞപ്പോള്‍ റഷീന്‍ എന്ന പേരു ഞാന്‍ തന്നെ മറന്നതു പോലെയായി. അങ്ങനെ നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഞാന്‍ തമിഴില്‍ ആദ്യമായി അഭിനയിക്കാനെത്തുന്നത്. സൂപ്പര്‍ഹിറ്റ് സംവിധായകനായ എസ്.എ. ചന്ദ്രശേഖരന്‍ (നടന്‍ വിജയ്യുടെ അച്ഛന്‍) ആയിരുന്നു എന്റെ ആദ്യ തമിഴ് ചിത്രമായ 'നിലവേ മലരേ'യുടെ സംവിധായകന്‍. തമിഴില്‍ റഹ്മാന്‍ എന്ന പേര് ആളുകള്‍ക്കു വഴങ്ങുകയില്ലെന്നും അതിനാല്‍ മറ്റൊരു പേരിടാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എനിക്കായി ചില പേരുകള്‍ അദ്ദേഹം ആലോചിക്കുകയും ചെയ്തു. പക്ഷേ, ഞാന്‍ അതിനു വഴങ്ങിയില്ല. പപ്പേട്ടന്‍ എനിക്കു സിനിമയില്‍ ചാര്‍ത്തിതന്ന പേരു മാറ്റി മറ്റൊന്ന് ഇടുന്നതിനോട് എനിക്കു താത്പര്യമുണ്ടായിയിരുന്നില്ല. റഷീന്‍ മാറി റഹ്മാനായി, ഇനി റഹ്മാന്‍ മാറി മറ്റൊന്നു വേണ്ട എന്ന ഞാന്‍ തറപ്പിച്ചുതന്നെ പറഞ്ഞു. അങ്ങനെ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു. ആദ്യ ചിത്രം തന്നെ സൂപ്പര്‍ഹിറ്റായതോടെ, തമിഴില്‍ ഞാന്‍ പേരുമാറാതെ തന്നെ കളം ഉറപ്പിച്ചു. പക്ഷേ, പേരിന്റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പം അന്നേ തുടങ്ങി. തമിഴില്‍ 'ഹ' എന്ന അക്ഷരം ആളുകള്‍ ഉച്ചരിക്കാറില്ല. 'റഹ്മാന്‍' എന്നതിനു റകുമാന്‍ എന്നാണ് അവര്‍ പറയുക. റഗുമാന്‍, രഘുമാന്‍ എന്നൊക്കെയാണ് ആളുകള്‍ എന്നെ വിളിച്ചിരുന്നത്. സുഹാസിനിയെ 'സുകാസിനി'യെന്നും കമലഹാസനെ 'കമലകാസന്‍' എന്നുമൊക്കെയാണ് ഇന്നും നല്ലൊരു ശതമാനം തമിഴരും വിളിക്കുന്നത്. അതുകൊണ്ടു തന്നെ റഹ്മാന്‍ എന്നത് രഘുമാനായി മാറുന്നത് ഞാനുമത്ര കാര്യമാക്കിയില്ല. രഘുമാന്‍ എന്നതു ലോപിച്ച് രഘു എന്നുവരെയായിക്കഴിഞ്ഞാണ് ഞാന്‍ തന്നെ എന്റെ പേരു മാറിയതായി അറിയുന്നത്. തമിഴ് വായിക്കാനറിയാത്തതിനാല്‍ തമിഴ് സിനിമാപ്രസിദ്ധീകരണങ്ങളിലൊക്കെ എന്റെ പേര് എങ്ങനെയാണ് അച്ചടിച്ചുവരുന്നതെന്നൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അന്ന് അതൊന്നും അത്ര വലിയ കാര്യമായി തോന്നിയിരുന്നില്ല. എങ്ങനെയെങ്കിലും എഴുതട്ടെ എന്നേ കരുതിയുള്ളു. ഈ കാലത്തിനിടയ്ക്ക് തെലുങ്കു സിനിമകളിലും ഞാന്‍ അഭിനയിച്ചു തുടങ്ങി. അവിടെയും രഘു എന്നും രഘുമാന്‍ എന്നുമൊക്കെയായിരുന്നു എന്നെ വിളിച്ചിച്ചിരുന്നത്. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍ എന്നൊക്കെ പറയുന്നതു പോലെ രഘുമാന്‍ ! വൈകാതെ സിനിമാക്കാര്‍ വരെ രഘു എന്ന് എന്നെ വിളിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ കഥ അറിയുന്നത്. ചില പടങ്ങളുടെ ടൈറ്റില്‍സില്‍ വരെ രഘു എന്ന് എഴുതാന്‍ തുടങ്ങിയിരുന്നു അപ്പോള്‍. റഹമാന്‍ എന്നും രഘു എന്നും രണ്ടുവിധത്തില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങിയതോടെ ഇതിലേതാണ് യഥാര്‍ഥ പേര് എന്നൊരു ആശയക്കുഴപ്പം ആളുകള്‍ക്കിടയിലും ഉണ്ടായി. രഘു എന്നെഴുതിയിട്ട് ബ്രായ്ക്കറ്റില്‍ റഹ്മാന്‍ എന്ന് എഴുതിയാണ് തമിഴ് മാധ്യമങ്ങള്‍ ആ പ്രശ്നം പരിഹരിച്ചത്. പേരു മാറ്റം ശ്രദ്ധയില്‍ പെട്ടപ്പോഴും ആദ്യമൊന്നും അതു തിരുത്താന്‍ ഞാന്‍ ശ്രമിച്ചില്ല. പക്ഷേ, സിനിമയിലെ തന്നെ ചില അടുത്ത സുഹൃത്തുക്കള്‍ രണ്ടു പേരുണ്ടാവുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് പറഞ്ഞ് തിരുത്തിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ, പേരു തിരുത്തിപറയാന്‍ ഞാനും തീരുമാനിച്ചു. പക്ഷേ, എത്ര തിരുത്തിയിട്ടും ഇപ്പോഴും റഹ്മാന്‍ പൂര്‍ണമായി തിരികെയെത്തിയിട്ടില്ല. എ.ആര്‍. റഹ്മാനെ പോലും എ.ആര്‍. റഗുമാന്‍ എന്ന് വിളിക്കുന്നവര്‍ ഇപ്പോഴും ഏറെയുണ്ട്. ഈ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് ആകെ എത്ര സിനിമകളില്‍ ഞാനഭിനയിച്ചു? കൃത്യമായി പറയാന്‍ എന്റെ കയ്യിലൊരു കണക്കില്ല എന്നതാണ് സത്യം. അങ്ങനെയൊരു എണ്ണമൊന്നും ഞാന്‍ സൂക്ഷിച്ചിരുന്നില്ല. നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കാണും എന്നു തോന്നുന്നു. ചിലപ്പോള്‍ അത് 200 കവിഞ്ഞുംകാണും. എത്ര സിനിമകളില്‍ അഭിനയിച്ചുവെന്ന് എന്നോടു ചോദിക്കുന്നവരോട് അറിയില്ല എന്നാണ് ഞാന്‍ പറയാറ്. പലരും വിചാരിക്കുന്നത് ജാഡയാണെന്നാണ്. പക്ഷേ, സത്യമാണ്. അഭിനയിച്ച സിനിമകളുടെയെല്ലാം പേരോ എണ്ണമോ എനിക്കറിയില്ല. മലയാളത്തില്‍ ഏതാണ്ട് നൂറിനടുത്തും തെലുങ്കില്‍ ഇരുപത്തിയഞ്ചോളവും സിനിമകളുണ്ടെന്നു തോന്നുന്നു. തമിഴില്‍ അമ്പതോളം സിനിമകള്‍ ഉണ്ടെന്ന് പറയാം. പേരു ചോദിക്കരുതെന്നു മാത്രം. എല്ലാം ഒാര്‍ത്തെടുത്ത് ഒരു കൃത്യമായ പട്ടിക തയാറാക്കി വയ്ക്കണമെന്നൊക്കെ ചിലപ്പോള്‍ തോന്നും. പക്ഷേ, പലപ്പോഴും സമയം കിട്ടാറില്ല. അല്ലെങ്കിലും പഴയകാല ചരിത്രം പറഞ്ഞുകൊണ്ടിരിക്കുന്നതിലും വലിയ കാര്യമില്ലല്ലോ. വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ് എന്‍സൈക്ളോപീഡിയയില്‍ എന്റെ ഏതാണ്ട് നൂറോളം ചിത്രങ്ങളുടെ പട്ടിക അടുത്തയിടെ ഞാന്‍ കണ്ടു. അതിലേറെയും മലയാളത്തിലേതാണ്. തമിഴിലെയും തെലുങ്കിലെയും പല ചിത്രങ്ങളും ആ പട്ടികയിലില്ല. പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഞാന്‍ അഭിനയിച്ച സിനിമകളൊക്കെ ആരാണ് കൃത്യമായി ഒാര്‍ത്തെടുത്ത് അതില്‍ ചേര്‍ത്തത് എന്നതാണ്. ഞാന്‍ തന്നെ മറന്നു പോയ പല സിനിമകളുടെയും പേര് അതിലുണ്ടായിരുന്നു. പലര്‍ ചേര്‍ന്നു തയാറാക്കിയ പട്ടികയാവും അത്. അവര്‍ ആരായാലും അവരോട് എനിക്ക് നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്ന ഇത്തരം നിരവധി പേര്‍ ഉണ്ട് എന്ന തിരിച്ചറിവ് നല്‍കുന്ന ശക്തി വളരെ വലുതാണ്.
Tuesday, May 12, 2009
പപ്പേട്ടന്റെ കണ്ടെത്തലുകള്‍
പത്മരാജന്റെ 'മൂന്നാംപക്കം' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ഞാനാദ്യമായി ജയറാമിനെ കാണുന്നത്. മിമിക്രി ലോകത്തു നിന്ന് പപ്പേട്ടന്റെ തന്നെ അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് വന്ന ജയറാം അപ്പോഴേക്കും മലയാളത്തില്‍ പേരെടുത്തു തുടങ്ങിയിരുന്നു. കുറെ നല്ല സിനിമകള്‍ ചുരുങ്ങിയ സമയം കൊണ്ടു ചെയ്യാന്‍ ജയറാമിനു ഭാമുണ്ടായി. മൂന്നാംപക്കം പല കാര്യങ്ങള്‍ കൊണ്ടും എനിക്ക് പ്രിയപ്പെട്ട സിനിമയായിരുന്നു. ഒന്നാമതായി മികച്ചയൊരു സിനിമ. ശക്തമായ കഥ. തിലകന്‍ ചേട്ടന്റെ അപാരമായ പെര്‍ഫോമന്‍സ്. അങ്ങനെ സിനിമയുടെ ണങ്ങള്‍ തന്നെ നിരവധിയുണ്ട്. മൂന്നാംപക്കത്തില്‍ ജയറാമായിരുന്നു നായകന്‍. എനിക്ക് നായകന്റെ കൂട്ടുകാരന്റെ വേഷം മാത്രം. തമിഴില്‍ എനിക്കു നല്ല തിരക്കുള്ള സമയമായിരുന്നു അത്. പക്ഷേ, എത്ര ചെറിയ വേഷമാണെങ്കിലും ഒരു മടിയും കൂടാതെ ഞാന്‍ പപ്പേട്ടന്റെ സിനിമയില്‍ അഭിനയിക്കും.
കാരണം, എന്നെ ഒരു നടനാക്കിയത് അദ്ദേഹമാണ്. പത്മരാജന്റെ മൂന്നു കണ്ടെത്തലുകള്‍ ഒന്നിച്ച സിനിമ കൂടിയായിരുന്നു അത്. എന്നെയും ജയറാമിനെയും കൂടാതെ അശോകനുമുണ്ടായിരുന്നു നല്ലൊരു വേഷത്തില്‍. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയില്‍ നല്ലൊരു സൌഹൃദം രൂപപ്പെട്ടു വന്നതും ഈ ചിത്രത്തോടെയായിരുന്നു. ജയറാമിനൊപ്പം ഇരുന്നാല്‍ സമയം പോകുന്നത് അറിയുകയേയില്ല. എപ്പോഴും തമാശകളും മിമിക്രിയുമൊക്കെയായി ജയറാം അരങ്ങ് കൊഴുപ്പിക്കും. ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസം. ചിരികളും പൊട്ടിച്ചിരികളുമായി ആ ദിനങ്ങള്‍ വളരെ വേ•ത്തില്‍ കടന്നുപോയി. ജയറാമുമായി അന്നു തുടങ്ങിയ സൌഹൃദം ഇന്നും ഒരു കോട്ടവും തട്ടാതെ മുന്നോട്ടുപോകുന്നു. ജയറാം ശരിക്കും എന്റെ ഫ്രണ്ട് എന്നതിനെക്കാള്‍ അപ്പുറമായി ഫാമിലി ഫ്രണ്ട് ആണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. ഒരുപക്ഷേ, ഞാനും ജയറാമും തമ്മില്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതലായി ഞങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ സംസാരിക്കാറുണ്ട്. ആഴ്ചയില്‍ മൂന്നുനാലു തവണയെങ്കിലും ചുരുങ്ങിയത് അവര്‍ ഫോണില്‍ സംസാരിക്കും. ചിലപ്പോള്‍ ഒന്നിച്ചു ഷോപ്പിങ്ങിനു പോകും. പാര്‍വതിയും മെഹ്റുന്നിസയുമായുള്ള അടുപ്പം ഞങ്ങളുടെ സൌഹൃദത്തിന്റെ വളര്‍ച്ചയ്ക്കും സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരുടെയും കുടുംബങ്ങള്‍ ഇടയ്ക്കിടെ കൂടിച്ചേരാറുണ്ട്. ചിലപ്പോള്‍ ഞങ്ങളുടെ വീടുകളില്‍ തന്നെ. അല്ലെങ്കില്‍ ഏതെങ്കിലും റെസ്റ്ററന്റില്‍ പോയി എല്ലാവരും കൂടി ഒന്നിച്ചു ഭക്ഷണം കഴിക്കും. ജയറാമുമായി സംസാരിക്കുമ്പോള്‍ തന്നെ ഒരു അടുപ്പം തോന്നും. ഞങ്ങളുടെ ചിന്തകള്‍ക്കും സംസാരവിഷയങ്ങള്‍ക്കുമെല്ലാം ഒരു സാമ്യമുണ്ടാവും. പലകാര്യങ്ങളിലും ഞങ്ങളുടെ നിലപാടുകളും ഒന്നാവും. എനിക്കുതോന്നുന്നു, ജയറാമുമായുള്ള അടുപ്പത്തിനു കാരണവും ഒരേതരത്തിലുള്ള ഞങ്ങളുടെ ഈ ചിന്തകളാണെന്ന്. മൂന്നാംപക്കത്തിനു ശേഷം വിജി തമ്പിയുടെ കാലാള്‍പ്പടയിലാണ് ഞങ്ങള്‍ ഒന്നിച്ചത്. ആ ചിത്രത്തില്‍ ഞാനും ജയറാമുമായിരുന്നു നായകര്‍. നല്ലൊരു വേഷത്തില്‍ സിദ്ദിഖും. വില്ലനായി സുരേഷ്പിയും. തമിഴില്‍ അഭിനയിച്ചു തുടങ്ങിയ സമയത്ത് മദ്രാസിലേക്ക് താമസം മാറ്റാന്‍ ജയറാം തീരുമാനമെടുത്തു. ഒരു വീടുവാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാനുമപ്പോള്‍. ഞങ്ങള്‍ ഒന്നിച്ചാണ് സ്ഥലം വാങ്ങിയത്. ഒരു മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി രണ്ടു വീടുകള്‍ പണിയുകയായിരുന്നു ഞങ്ങളുടെ പദ്ധതി. ജയറാം അവിടെതന്നെ വീടു പണിതു. പക്ഷേ, മറ്റുചില കാരണങ്ങള്‍കൊണ്ട് എനിക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ആ സ്ഥലം ഞാന്‍ വിറ്റു. ഇപ്പോഴും മദിരാശിയില്‍ ഞാന്‍ ഒരു വീടു സ്വന്തമാക്കിയില്ല എന്നതാണ് മറ്റൊരു സത്യം. കഴിഞ്ഞ മാസം ജയറാമിന്റെ 'വെറുതെ ഒരു ഭാര്യ' എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ ഞാന്‍ അഭിനയിച്ചു. ജയറാമിന്റെ ചിത്രമായതുകൊണ്ടാണ് ഒരു അതിഥി വേഷമാണെങ്കിലും കൂടി അതു ചെയ്യാമെന്നു ഞാന്‍ തീരുമാനിച്ചത്. കഥയില്‍ നിര്‍ണായകമായ ട്വിസ്റ്റ് വരുത്തുന്ന കഥാപാത്രമാണ് എന്റേത്. പത്മരാജന്റെ മറ്റൊരു മികച്ച കണ്ടെത്തലായിരുന്നു അശോകന്‍. നല്ല നടന്‍. നല്ലൊരു ഗായകന്‍. നല്ല മനുഷ്യന്‍. അശോകന്‍ എനിക്കൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്റെ കൂട്ടുകാരന്റെ വേഷവും അനുജന്റെ വേഷവുമൊക്കെ അശോകന്‍ ചെയ്തിട്ടുണ്ട്. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗാമത്തില്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ഞാനാദ്യമായി അശോകനെ കാണുന്നത്. ആ സിനിമയില്‍ ഞാനില്ലായിരുന്നു. പക്ഷേ, സെറ്റില്‍ വരണമെന്ന് പപ്പേട്ടന്‍ ആവശ്യപ്പെട്ടിരുന്നു. ആ സിനിമയില്‍ അശോകന്‍ ചെയ്ത റോളിന് പപ്പേട്ടന്‍ എന്നെയും പരിണിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടോ ആ റോള്‍ അശോകനെ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. അന്നും പിന്നീടും ഞാനും അശോകനും തമ്മില്‍ ഒരു ഹലോ ബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സിനിമകളുടെ സെറ്റില്‍ വച്ചൊന്നും രൂപപ്പെടാത്ത ഒരു അടുപ്പം മൂന്നാംപക്കത്തിന്റെ സെറ്റില്‍ വച്ചാണ് ഞങ്ങള്‍ തമ്മിലുണ്ടായത്. അതിനിടയാക്കിയത് ഒരു സംഭവമാണ്. ഒരു ദിവസം, പുലര്‍ച്ചെ വരെ ഷൂട്ടിങ് കഴിഞ്ഞ് ഞാനും ജയറാമും മുറിയിലെത്തിയപ്പോള്‍ കട്ടിലില്‍ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുകയാണ് അശോകന്‍. അദ്ദേഹത്തിന്റെ ഉണ്ടക്കണ്ണുകള്‍ ചുവന്നിരുന്നു. കൈ കൊണ്ട് വയറ്റത്തടിക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. എന്തോ വല്ലായ്മയാണ് അശോകനെന്നു തോന്നി ഞങ്ങള്‍ ഒാടിയടുത്ത് എത്തി. എല്ലാ ദിവസവും അതിരാവിലെയുള്ള അശോകന്റെ എക്സര്‍സൈസുകളിലൊന്നാണ് അതെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചുപോയി. പിന്നീട് കുറെ ദിവസങ്ങളോളം അശോകനെ കളിയാക്കാനുള്ള ഒരു സംഭവം അങ്ങനെ കിട്ടി. ഇപ്പോഴും അശോകനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഈ സംഭവം ഒാര്‍മവരും. ജയറാമും ഞാനും അശോകനും ഒന്നിച്ചുള്ള താമസം വളരെ രസകരമായിരുന്നു. ജയറാമിന്റെ വക തമാശകള്‍. അശോകന്റെ പാട്ടുകള്‍. എപ്പോഴും അശോകന്‍ പാട്ടുകള്‍ മൂളിക്കൊണ്ടേയിരിക്കും. അശോകന്റെയും എന്റെയും സ്വഭാവങ്ങള്‍ തമ്മില്‍ പല സാമ്യങ്ങളും എനിക്കു തോന്നിയിട്ടുണ്ട്. അശോകനോട് ഒരു അടുപ്പം തോന്നാല്‍ കാരണവും ഇതുതന്നെയാണ്. അധികം സംസാരിക്കുന്ന സ്വഭാവക്കാരനല്ല അശോകനും. സിനിമയിലെ കള്ളത്തരങ്ങളോ പരദൂഷണം പറച്ചിലോ ഒന്നും അശോകനില്‍ എനിക്കു കാണാനായിട്ടില്ല. സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അല്‍പം കള്ളത്തരങ്ങളൊക്കെ വേണമെന്നാണ് പറയാറ്. വിളഞ്ഞ വിത്തായാലേ സിനിമയില്‍ മുളയ്ക്കൂ. എനിക്ക് ഇത്തരം രീതികളോട് ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല. അശോകനും അതുപോലെ തന്നെയായിരുന്നു.
Tuesday, May 5, 2009
സുകുമാരിചേച്ചിയുടെ ഉപദേശം
ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ സുകുമാരിച്ചേച്ചി എന്നെ ഉപദേശിച്ചു: 'നസീര്‍ സാറിനെ പോലെയാവണം...'
എങ്ങനെയാണു നസീര്‍ സാറിനെപോലെ ആകേണ്ടതെന്ന് എനിക്കന്ന് അറിയില്ലായിരുന്നു.
'ഒരിക്കല്‍ ഒരിടത്ത്' എന്ന ചിത്രത്തിന്റെ സെറ്റില്‍ നസീര്‍ സാറുമൊത്ത് അഭിനയിക്കുമ്പോള്‍ ഈ ഉപദേശം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് ഈ സിനിമയില്‍ അഭിനയിക്കുന്നതിനും വളരെ മുന്‍പായിരുന്നു. ഞാന്‍ സിനിമയില്‍ വരുന്നതിനും മുന്‍പ്.
നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ആദ്യചിത്രം ജയന്‍ നായകനായ 'അങ്ങാടി'യായിരുന്നു. ചിത്രം വന്‍ വിജയം നേടി. അങ്ങാടിയുടെ വിജയാഘോഷചടങ്ങുകള്‍ നടത്തിയത് ഞങ്ങളുടെ തിയറ്ററില്‍ വച്ചായിരുന്നു.
അന്ന് നസീര്‍ സാറായിരുന്നു മുഖ്യാതിഥി. അന്ന് വിഐപികള്‍ക്കിടയില്‍ നില്‍ക്കുന്ന നസീര്‍ സാറിനെ ദൂരെ മാറി നിന്നു നോക്കിയത് ഒാര്‍മയുണ്ട്.
ഒരിക്കല്‍ ഒരിടത്തില്‍, ഞാനും രോഹിണിയുമായിരുന്നു നായകവേഷങ്ങളില്‍. നസീര്‍ സാറും പ്രധാന വേഷത്തിലുണ്ടായിരുന്നു.
ശിവാജി സാറിനെപ്പോലെ ഒരു നല്ല മനസിന്റെ ഉടമയായിരുന്നു നസീര്‍ സാറും. മാന്യതയുടെ മനുഷ്യരൂപമായിരുന്നു നസീര്‍ സാര്‍. ആളുകളോട് എങ്ങനെ ഇടപെടണമെന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണം.
'നസീര്‍ സാറിനെ പോലെയാകണം' എന്നു സുകുമാരി ചേച്ചി പലവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്. അന്നൊന്നും എങ്ങനെയാണ് നസീര്‍ സാറിനെപ്പോലെയാകണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നല്ല ഒരു നടനാകണമെന്നോ മറ്റോ ആവുമെന്നേ കരുതിയുള്ളു. എപ്പോഴും സ്നേഹപൂര്‍വം നമ്മളെ ഉപദേശിക്കുന്ന ആളാണ് സുകുമാരി ചേച്ചി; കൂടെവിടെയില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുതല്‍.
തമിഴില്‍ ശിവാജി സാറിനൊക്കെ കിട്ടിയിരുന്ന ഒരു റെസ്പെക്ട് ഇവിടെ നസീര്‍ സാറിനു കിട്ടിയിരുന്നോ എന്നു സംശയമുണ്ട്. അവിടെ എല്ലാവര്‍ക്കും ശിവാജി സാറിനെ പേടിയായിരുന്നുവെങ്കില്‍ ഇവിടെ നസീര്‍ സാറിനോട് ഏല്ലാവര്‍ക്കും അടുപ്പമായിരുന്നു. അങ്ങനെ തന്നെയായിരുന്നു നസീര്‍ സാറിന്റെയും ഇടപെടല്‍. ആരുടെയും വിഷമങ്ങള്‍ കേട്ട് പരിഹാരം
സോഫ്റ്റ് ആന്‍ഡ് പോയെറ്റിക്. നസീര്‍ സാറിനെ ഇങ്ങനെ വിളിക്കുന്നതാണ് നല്ലത്. ആരെയും ഉപദ്രവിക്കരുത്, ലൈറ്റ് ബോയി വരെയുള്ള സകലരോടും ഒരു ആദരവ് കാണിക്കണം തുടങ്ങിയ പാഠങ്ങള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കു തന്റെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചു കൊടുത്തു.
മൂന്നു ഭാഷകളിലായി ഏതാണ് നൂറ്റമ്പതോളം സിനിമകളില്‍ ഞാനിപ്പോള്‍ അഭിനയിച്ചു കഴിഞ്ഞു. മൂ ന്നു സ്ഥലത്തും അവിടുത്തെ മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടി. ഇതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഇരുപത്തിനാലു വര്‍ഷത്തെ സിനിമാജീവിതത്തില്‍ എനിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളിലൊന്നു തന്നെയാണിത്.
മധു സാറിനൊപ്പവും നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ ആയിരുന്നു ആദ്യ ചിത്രം. അതില്‍ അദ്ദേഹത്തിന്റെ വഴിതെറ്റിപ്പോകുന്ന മകന്റെ വേഷമായിരുന്നു എനിക്ക്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ മകനായി അഭിനയിച്ചു.
ഇ•ാ ഇല്ലാത്ത അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ വച്ച് താനൊരു മുതിര്‍ന്ന നടനാണെന്ന ഭാവമൊന്നും ആരോടും കാട്ടില്ല. ബഹളം വയ്പ്പോ ദേഷ്യപ്പെടലോ ഇല്ല.
ഇന്ന് നേരെ തിരിച്ചാണ്. ജാഡ കാട്ടിയില്ലെങ്കില്‍ താനൊരു സ്റ്റാര്‍ ആയെന്നു തോന്നിയില്ലെങ്കിലോ എന്ന ചിന്തയാണ് പുതിയ തലമുറയിലെ പല താരങ്ങള്‍ക്കും. ആരോടെങ്കിലും കുറച്ചു ചൂടാകുകയോ ബഹളം കൂട്ടുകയോ ചെയ്തില്ലെങ്കില്‍ സ്റ്റാര്‍ വാല്യു ഇടിയുമെന്ന മട്ട്. ജാഡ, പുച്ഛം, പരദൂഷണം, അസൂയ തുടങ്ങിയവയ്ക്കാണ് ഒരു താരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുള്ളത്.
ബഹദൂര്‍ക്കാ, ഉമ്മര്‍ക്കാ, തിക്കുശ്ശി സാര്‍ തുടങ്ങിയ പഴയ തലമുറയിലെ മറ്റു മുതിര്‍ന്ന താരങ്ങളോടൊപ്പവും എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടി. ഇവര്‍ മൂന്നു പേര്‍ക്കും എന്നോടു പ്രത്യേക വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. സുഹൃത്തുക്കളാവാന്‍ പ്രായം തടസമല്ലെന്നതിന്റെ നല്ല ഉദാഹരണമായിരുന്നു ഞാനും ബഹദൂര്‍ക്കായുമായുള്ള ബന്ധം. മലയാള സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി ഞാന്‍ മനസില്‍ കൂട്ടിവച്ചിരിക്കുന്നതിലൊന്നാണ് ആ വലിയ നടനുമായുള്ള ബന്ധം. വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. മനസില്‍ അച്ഛന്റെ സ്ഥാനം നല്‍കി ബഹുമാനിക്കുമ്പോഴും ഒരേ ക്ളാസില്‍ പഠിച്ചുവന്ന രണ്ടു ആത്മസുഹൃത്തുക്കളെ പോലെ ഇടപഴകാന്‍ അദ്ദേഹം എനിക്ക് അവസരം തന്നു.
സിനിമാക്കാരെല്ലാം 'ബഹദൂര്‍ക്കാ, ബഹദൂര്‍ക്കാ...' എന്ന് അദ്ദേഹത്തെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ പറയുമായിരുന്നു. ബഹദൂര്‍ക്കായെങ്കിലും എന്നെ 'റഹ്മാന്‍ക്കാ..' എന്നു വിളിക്കണമെന്ന്. 'അതിനെന്താടാ...' എന്നു പറഞ്ഞ് അദ്ദേഹം 'റഹ്മാനുക്കാ...' എന്ന് എന്നെ വിളിക്കും. ലൊക്കേഷനില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവച്ചു ഞാന്‍ കിടന്നിട്ടുണ്ട്. എന്റെ മുടിയില്‍ തലോടിക്കൊണ്ട്, അച്ഛനോ അപ്പൂപ്പനോ ഒക്കെ നമ്മളെ താലോലിക്കുന്നതു പോലെയാവും അദ്ദേഹമിരിക്കുക.
എങ്ങനെയാണു നസീര്‍ സാറിനെപോലെ ആകേണ്ടതെന്ന് എനിക്കന്ന് അറിയില്ലായിരുന്നു.
'ഒരിക്കല്‍ ഒരിടത്ത്' എന്ന ചിത്രത്തിന്റെ സെറ്റില്‍ നസീര്‍ സാറുമൊത്ത് അഭിനയിക്കുമ്പോള്‍ ഈ ഉപദേശം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് ഈ സിനിമയില്‍ അഭിനയിക്കുന്നതിനും വളരെ മുന്‍പായിരുന്നു. ഞാന്‍ സിനിമയില്‍ വരുന്നതിനും മുന്‍പ്.
നിലമ്പൂരില്‍ ഞങ്ങള്‍ക്ക് ഒരു സിനിമാ ടാക്കീസ് ഉണ്ടായിരുന്നു. അവിടെ പ്രദര്‍ശിപ്പിച്ച ആദ്യചിത്രം ജയന്‍ നായകനായ 'അങ്ങാടി'യായിരുന്നു. ചിത്രം വന്‍ വിജയം നേടി. അങ്ങാടിയുടെ വിജയാഘോഷചടങ്ങുകള്‍ നടത്തിയത് ഞങ്ങളുടെ തിയറ്ററില്‍ വച്ചായിരുന്നു.
അന്ന് നസീര്‍ സാറായിരുന്നു മുഖ്യാതിഥി. അന്ന് വിഐപികള്‍ക്കിടയില്‍ നില്‍ക്കുന്ന നസീര്‍ സാറിനെ ദൂരെ മാറി നിന്നു നോക്കിയത് ഒാര്‍മയുണ്ട്.
ഒരിക്കല്‍ ഒരിടത്തില്‍, ഞാനും രോഹിണിയുമായിരുന്നു നായകവേഷങ്ങളില്‍. നസീര്‍ സാറും പ്രധാന വേഷത്തിലുണ്ടായിരുന്നു.
ശിവാജി സാറിനെപ്പോലെ ഒരു നല്ല മനസിന്റെ ഉടമയായിരുന്നു നസീര്‍ സാറും. മാന്യതയുടെ മനുഷ്യരൂപമായിരുന്നു നസീര്‍ സാര്‍. ആളുകളോട് എങ്ങനെ ഇടപെടണമെന്ന് അദ്ദേഹത്തെ കണ്ടു പഠിക്കണം.
'നസീര്‍ സാറിനെ പോലെയാകണം' എന്നു സുകുമാരി ചേച്ചി പലവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്. അന്നൊന്നും എങ്ങനെയാണ് നസീര്‍ സാറിനെപ്പോലെയാകണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നല്ല ഒരു നടനാകണമെന്നോ മറ്റോ ആവുമെന്നേ കരുതിയുള്ളു. എപ്പോഴും സ്നേഹപൂര്‍വം നമ്മളെ ഉപദേശിക്കുന്ന ആളാണ് സുകുമാരി ചേച്ചി; കൂടെവിടെയില്‍ അഭിനയിക്കാനെത്തുമ്പോള്‍ മുതല്‍.
തമിഴില്‍ ശിവാജി സാറിനൊക്കെ കിട്ടിയിരുന്ന ഒരു റെസ്പെക്ട് ഇവിടെ നസീര്‍ സാറിനു കിട്ടിയിരുന്നോ എന്നു സംശയമുണ്ട്. അവിടെ എല്ലാവര്‍ക്കും ശിവാജി സാറിനെ പേടിയായിരുന്നുവെങ്കില്‍ ഇവിടെ നസീര്‍ സാറിനോട് ഏല്ലാവര്‍ക്കും അടുപ്പമായിരുന്നു. അങ്ങനെ തന്നെയായിരുന്നു നസീര്‍ സാറിന്റെയും ഇടപെടല്‍. ആരുടെയും വിഷമങ്ങള്‍ കേട്ട് പരിഹാരം
സോഫ്റ്റ് ആന്‍ഡ് പോയെറ്റിക്. നസീര്‍ സാറിനെ ഇങ്ങനെ വിളിക്കുന്നതാണ് നല്ലത്. ആരെയും ഉപദ്രവിക്കരുത്, ലൈറ്റ് ബോയി വരെയുള്ള സകലരോടും ഒരു ആദരവ് കാണിക്കണം തുടങ്ങിയ പാഠങ്ങള്‍ അദ്ദേഹം മറ്റുള്ളവര്‍ക്കു തന്റെ പ്രവൃത്തിയിലൂടെ പഠിപ്പിച്ചു കൊടുത്തു.
മൂന്നു ഭാഷകളിലായി ഏതാണ് നൂറ്റമ്പതോളം സിനിമകളില്‍ ഞാനിപ്പോള്‍ അഭിനയിച്ചു കഴിഞ്ഞു. മൂ ന്നു സ്ഥലത്തും അവിടുത്തെ മുതിര്‍ന്ന താരങ്ങളോടൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടി. ഇതൊരു വലിയ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഇരുപത്തിനാലു വര്‍ഷത്തെ സിനിമാജീവിതത്തില്‍ എനിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളിലൊന്നു തന്നെയാണിത്.
മധു സാറിനൊപ്പവും നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്നപൂവേ ആയിരുന്നു ആദ്യ ചിത്രം. അതില്‍ അദ്ദേഹത്തിന്റെ വഴിതെറ്റിപ്പോകുന്ന മകന്റെ വേഷമായിരുന്നു എനിക്ക്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ മകനായി അഭിനയിച്ചു.
ഇ•ാ ഇല്ലാത്ത അപൂര്‍വം താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ വച്ച് താനൊരു മുതിര്‍ന്ന നടനാണെന്ന ഭാവമൊന്നും ആരോടും കാട്ടില്ല. ബഹളം വയ്പ്പോ ദേഷ്യപ്പെടലോ ഇല്ല.
ഇന്ന് നേരെ തിരിച്ചാണ്. ജാഡ കാട്ടിയില്ലെങ്കില്‍ താനൊരു സ്റ്റാര്‍ ആയെന്നു തോന്നിയില്ലെങ്കിലോ എന്ന ചിന്തയാണ് പുതിയ തലമുറയിലെ പല താരങ്ങള്‍ക്കും. ആരോടെങ്കിലും കുറച്ചു ചൂടാകുകയോ ബഹളം കൂട്ടുകയോ ചെയ്തില്ലെങ്കില്‍ സ്റ്റാര്‍ വാല്യു ഇടിയുമെന്ന മട്ട്. ജാഡ, പുച്ഛം, പരദൂഷണം, അസൂയ തുടങ്ങിയവയ്ക്കാണ് ഒരു താരത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുള്ളത്.
ബഹദൂര്‍ക്കാ, ഉമ്മര്‍ക്കാ, തിക്കുശ്ശി സാര്‍ തുടങ്ങിയ പഴയ തലമുറയിലെ മറ്റു മുതിര്‍ന്ന താരങ്ങളോടൊപ്പവും എനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടി. ഇവര്‍ മൂന്നു പേര്‍ക്കും എന്നോടു പ്രത്യേക വാത്സല്യവും സ്നേഹവും ഉണ്ടായിരുന്നു. സുഹൃത്തുക്കളാവാന്‍ പ്രായം തടസമല്ലെന്നതിന്റെ നല്ല ഉദാഹരണമായിരുന്നു ഞാനും ബഹദൂര്‍ക്കായുമായുള്ള ബന്ധം. മലയാള സിനിമാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായി ഞാന്‍ മനസില്‍ കൂട്ടിവച്ചിരിക്കുന്നതിലൊന്നാണ് ആ വലിയ നടനുമായുള്ള ബന്ധം. വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ഞങ്ങള്‍ തമ്മില്‍. മനസില്‍ അച്ഛന്റെ സ്ഥാനം നല്‍കി ബഹുമാനിക്കുമ്പോഴും ഒരേ ക്ളാസില്‍ പഠിച്ചുവന്ന രണ്ടു ആത്മസുഹൃത്തുക്കളെ പോലെ ഇടപഴകാന്‍ അദ്ദേഹം എനിക്ക് അവസരം തന്നു.
സിനിമാക്കാരെല്ലാം 'ബഹദൂര്‍ക്കാ, ബഹദൂര്‍ക്കാ...' എന്ന് അദ്ദേഹത്തെ വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ഞാന്‍ പറയുമായിരുന്നു. ബഹദൂര്‍ക്കായെങ്കിലും എന്നെ 'റഹ്മാന്‍ക്കാ..' എന്നു വിളിക്കണമെന്ന്. 'അതിനെന്താടാ...' എന്നു പറഞ്ഞ് അദ്ദേഹം 'റഹ്മാനുക്കാ...' എന്ന് എന്നെ വിളിക്കും. ലൊക്കേഷനില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവച്ചു ഞാന്‍ കിടന്നിട്ടുണ്ട്. എന്റെ മുടിയില്‍ തലോടിക്കൊണ്ട്, അച്ഛനോ അപ്പൂപ്പനോ ഒക്കെ നമ്മളെ താലോലിക്കുന്നതു പോലെയാവും അദ്ദേഹമിരിക്കുക.
Sunday, May 3, 2009
അല്‍പം മീശപുരാണം
എന്റെ സിനിമാജീവിതത്തില്‍ മീശ വരുത്തിയ മാറ്റം വളരെ വലുതാണ്. കൂടെവിടെയിലെ സ്കൂള്‍ കുട്ടിയായ രവി പുത്തൂരാന്‍ ക്ളീന്‍ ഷേവായിരുന്നില്ല. പൊടിമീശയും താടിയുമുണ്ടായിരുന്നു ആ സിനിമയില്‍ എനിക്ക്. പിന്നീട്, പത്മരാജന്റെ തന്നെ 'പറന്ന് പറന്ന് പറന്ന്', ഐവി ശശിയുടെ ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങളിലും മീശവച്ചാണു ഞാന്‍ അഭിനയിച്ചത്. പക്ഷേ, ബാക്കി ഏതാണ്ട് മുഴുവന്‍ ചിത്രങ്ങളിലും ക്ളീന്‍ ഷേവ് ചെയ്ത മുഖമായിരുന്നു എനിക്ക്. ദക്ഷിണേന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് മലയാള സിനിമയിലെ നടന്‍മാര്‍ക്ക്, മീശ ഒരു അവിഭാജ്യ ഘടകമായിരുന്നു അതുവരെ. ഹിന്ദി സിനിമാതാരങ്ങളായിരുന്നു മീശയില്ലാതെ അഭിനയിച്ചിരുന്നവര്‍. സത്യന്‍, നസീര്‍, ജയന്‍, സുകുമാരന്‍, സോമന്‍ തുടങ്ങിയ പഴയകാല താരങ്ങള്‍ക്കെല്ലാം മീശയുണ്ടായിരുന്നു. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ കാലമെത്തിയപ്പോള്‍ അവരും മീശ ഒഴിവാക്കിയില്ല. എനിക്കു തോന്നുന്നു, ഞാനാണ് മീശയില്ലാതെ കൂടുതല്‍ നായകവേഷങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുള്ള ഏക നടനെന്ന്. അന്ന്, എന്റെ മീശയില്ലാത്ത മുഖമായിരുന്നു പ്രേക്ഷകര്‍ക്ക് ഇഷ്ടം. മീശവച്ച് അഭിനയിച്ചപ്പോഴൊക്കെ മീശ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ആരാധകരുടെ കത്തുകള്‍ എനിക്കു കിട്ടുമായിരുന്നു. അതുകൊണ്ടു തന്നെ മീശ വയ്ക്കാന്‍ എനിക്കു പിന്നീട് തോന്നിയതുമില്ല. തമിഴില്‍ എത്തിയപ്പോഴും മീശ ഞാന്‍ സ്വീകരിച്ചില്ല. എന്റെ ആദ്യകാല തമിഴ് ചിത്രങ്ങളായ നിലവേ മലരേ, അന്‍പുള്ള അപ്പ തുടങ്ങിയ ചിത്രങ്ങളിലൊക്കെ എനിക്കു മീശയില്ലായിരുന്നു. കോളജ് kകുമാരന്റെ വേഷങ്ങളും പ്രണയകാമുകന്റെ വേഷങ്ങളും തന്നെയാണ് എനിക്ക് ആ സമയത്ത് കിട്ടിക്കൊണ്ടിരുന്നതും. മീശയില്ലാത്തതിന്റെ അപകടം ഞാന്‍ മെല്ലെ മനസിലാക്കി തുടങ്ങിയതും ആ കാലത്താണ്. അങ്ങനെയിരിക്കെയാണ്, കൊച്ചിന്‍ ഹനീഫ എന്നെ വിളിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'വീണമീട്ടിയ വിലങ്ങുകള്‍' എന്ന മലയാള ചിത്രത്തിലെ നായകവേഷം എനിക്കായിരുന്നു. അനീതിക്കെതിരെ പോരാടുന്ന റൌഡിയായ യുവാവിന്റെ വേഷമായിരുന്നു എനിക്ക്. കഥാപാത്രത്തിന്റെ സ്വഭാവരീതികള്‍ വിവരിച്ച ശേഷം കൊച്ചിന്‍ ഹനീഫയാണ് എന്നോട് മീശ വയ്ക്കണമെന്ന് നിര്‍ദേശിച്ചത്. മലയാളത്തില്‍ എനിക്ക് അത്തരം പക്വതയുള്ള വേഷം ആദ്യമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ, ഒരു മാറ്റത്തിനു വേണ്ടി സന്തോഷപൂര്‍വം ഞാന്‍ മീശ സ്വീകരിച്ചു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തീരും മുന്‍പാണ് കെ. ബാലചന്ദര്‍ സാര്‍ 'പുതു പുതു അര്‍ഥങ്ങളി'ലേക്ക് എന്നെ വിളിക്കുന്നത്. മീശവച്ച എന്നെ കണ്ടതോടെ ബാലചന്ദര്‍ സാര്‍ അതു മാറ്റേണ്ടതില്ലെന്നും തന്റെ നായകനും മീശവേണമെന്നും പറഞ്ഞു. പുതു പുതു അര്‍ഥങ്ങള്‍ വന്‍വിജയമാകുക കൂടി ചെയ്തതോടെ മീശ എന്റെ ജീവിതത്തിന്റെ ഭാ•മായി. തമിഴില്‍ വ്യത്യസ്തതയുള്ള നിരവധി കഥാപാത്രങ്ങള്‍ എനിക്കു പിന്നീട് കിട്ടി. ഇതിന്റെ പിന്നെലെല്ലാം മീശയുടെ സ്വാധീനമുണ്ടായിരുന്നു. തമിഴില്‍ മീശയുള്ള എന്റെ മുഖമാണ് അവിടുത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം. പക്ഷേ, മലയാളത്തില്‍ അങ്ങനെയായിരുന്നില്ലല്ലോ. ഏതായാലും, ഞാന്‍ ഭയപ്പെട്ടതു പോലെ ഒന്നും സംഭവിച്ചില്ല. മീശയുള്ള എന്റെ പുതിയ രൂപം ആളുകള്‍ സ്വീകരിച്ചുവെന്ന് എനിക്കു വൈകാതെ വ്യക്തമായി. അതിനു ശേഷം മീശയില്ലാതെ ഒരു ചിത്രങ്ങളില്‍ പോലും ഞാനിതു വരെ അഭിനയിച്ചിട്ടില്ല. സിനിമാതാരങ്ങളുടെ ഡ്രസിനെക്കുറിച്ചും രൂപത്തെക്കുറിച്ചുമൊക്കെ ആളുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഒരോ സിനിമയിലും ആ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ക്കനുസരിച്ച് നടന്റെ രൂപവും മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ, എന്നെ പോലെയുള്ള നടന്‍മാര്‍ക്ക് സൌന്ദര്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചേ മതിയാകൂ. പലപ്പോഴും പല ഇന്റര്‍വ്യുകളിലും എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. പ്രായം കൂടും തോറും സൌന്ദര്യം കൂട്ടുന്ന വിദ്യ എന്താണെന്നതാണ് അത്. എന്റെ കാര്യം പോകട്ടെ. മമ്മൂട്ടിയുമായുള്ള ഏതാണ്ട് എല്ലാ അഭിമുഖങ്ങളിലും ഈ ചോദ്യം കേള്‍ക്കാം. പലപ്പോഴും പല രസകരമായ മറുപടികളും അദ്ദേഹം പറയുന്നതും കേട്ടിട്ടുണ്ട്. എന്നോടു ചോദിക്കുന്നവരോടു ഞാന്‍ പറയുന്ന ഒറ്റവാക്കിലുള്ള ഉത്തരം ഇതാണ്: 'മനസ് നന്നായാല്‍ മതി, മുഖവും നന്നാകും.' ആരോ•്യത്തിന്റെയും സൌന്ദര്യത്തിന്റെയും കാര്യത്തില്‍ മറ്റുപല നടന്‍മാരെയും പോലെ ഞാനും വളരെ ശ്രദ്ധാലുവാണ്. അതു ശ്രദ്ധിക്കാതിരുന്നാല്‍ നഷ്ടമാകുന്നത് ചോറിനുള്ള വകയാണ്. അഭിനയമാണ് തൊഴിലെങ്കില്‍ ഇക്കാര്യമൊക്കെ ശ്രദ്ധിച്ചേ മതിയാവൂ. എല്ലാ ദിവസവും മുടങ്ങാതെ ജിമ്മില്‍ പോയി ശരീരസൌന്ദര്യം നിലനിര്‍ത്താന്‍ ഞാന്‍ സമയം കണ്ടെത്താറുണ്ട്. ചെന്നൈയിലുണ്ടെങ്കില്‍ എല്ലാ ദിവസവും രാവിലെ ഏഴരയ്ക്ക് ഞാന്‍ ജിമ്മിലുണ്ടാവും. അതു മുടക്കാറില്ല. ഷൂട്ടിങ്ങിനായി ദൂരെ സ്ഥലങ്ങളില്‍ പോകുമ്പോഴാണ് പ്രശ്നം. പലപ്പോഴും പല ഉള്‍നാടന്‍ •ാമങ്ങളിലാവും ഷൂട്ടിങ്. അല്ലെങ്കില്‍ നല്ല ജിം ഇല്ലാത്ത സ്ഥലങ്ങളില്‍. അതോടെ ആകെ പ്രശ്നമാകും. ജിം ഇല്ലാത്ത സ്ഥലമാണെങ്കില്‍ ആദ്യ ദിവസങ്ങളില്‍ ചില •ൌണ്ട് എക്സസൈസുകളൊക്കെ ചെയ്തു പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. ഒന്നോ രണ്ടോ ദിവസം അങ്ങനെ കഴിയുമ്പോഴേക്കും നമ്മള്‍ മടുക്കും. മമ്മൂട്ടിയെയും ലാലിനെയും പോലുള്ള താരങ്ങള്‍ വ്യായാമത്തിനുള്ള ഉപകരണങ്ങള്‍ സഹിതമാണ് സെറ്റിലെത്തുന്നത്. ഒരു മിനി ജിം അവര്‍ക്കൊപ്പമുണ്ടാവും. ഒരു കാരണവശാലും വ്യായാമത്തിന് അവര്‍ മുടക്കം വരുത്താറില്ല. പലപ്പോഴും ഇവരുടെ സാന്നിധ്യമാണ് ഇത്തരം സ്ഥലങ്ങളില്‍ എന്നെയും സഹായിക്കുന്നത്. മഹാസമുദ്രത്തിന്റെ സെറ്റില്‍ ലാലിന്റെ മിനി ജിം ഉണ്ടായിയിരുന്നതിനാല്‍ ഞാനും രക്ഷപ്പെട്ടു. എന്റെ കാര്യവും അങ്ങനെ നടന്നുകിട്ടി. പക്ഷേ, മറ്റുപലപ്പോഴും അതു നടക്കാറില്ല. ചെന്നൈയിലാണെങ്കില്‍ എല്ലാ ദിവസവും കൃത്യമായി നടക്കാന്‍ പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തില്‍ അങ്ങനെ നടക്കാന്‍ നമുക്കു പറ്റില്ല. വീട്ടില്‍ നിന്ന് ഷൂട്ടിങ്ങിനായി എത്തുന്ന ആദ്യദിവസങ്ങളില്‍ നമ്മള്‍ വളരെ ഫ്രഷ് ആയിരിക്കും. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ നമ്മുടെ മുഖം തന്നെ മാറിമാറി വരും. സ്റ്റണ്ട് സീനുകളും മറ്റും കഴിയുമ്പോള്‍ ഒരു വല്ലാത്ത അവസ്ഥയിലാവും. നടന്‍മാരുടെ സൌന്ദര്യത്തെയും ആരോ•്യത്തെയും പറ്റി നല്ലൊരു ശതമാനം സംവിധായകര്‍ക്കും ആശങ്കയുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ക്ക് പരമാവധി സൌകര്യങ്ങള്‍ നല്‍കാന്‍ ഇത്തരം ബുദ്ധിയുള്ള സംവിധായകര്‍ ശ്രദ്ധവയ്ക്കും. സ്റ്റണ്ട് സീനുകളും മറ്റും അവസാനത്തേക്കു മാറ്റിവച്ച് പ്രണയരം•ങ്ങളും മറ്റും ഇവര്‍ ആദ്യമെടുക്കും. അപകടസാധ്യതയുള്ള സ്റ്റണ്ട് സീനുകള്‍ ആദ്യമെടുത്താല്‍ മുഖത്ത് വരുന്ന ഒരു ചെറിയ മുറിവോ പോറലോ വരെ പിന്നീടുള്ള സീനുകള്‍ക്ക് പ്രശ്നമാകും. മലയാള താരങ്ങളുടെ ഇടയില്‍ മമ്മൂട്ടിയാണ് വ്യായാമത്തിലും മറ്റും ഏറെ ശ്രദ്ധ വയ്ക്കുന്ന ആള്‍. സൌന്ദര്യം നിലനിര്‍ത്തുന്നതിലല്ല, അത് വര്‍ധിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഈ പ്രായത്തിലും പ്രണയരം•ങ്ങളില്‍ അദ്ദേഹം അഭിനയിക്കുമ്പോള്‍ നമുക്കു മടുപ്പുതോന്നാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല. 25 വര്‍ഷം മുന്‍പ് കൂടെവിടെയില്‍ എനിക്കൊപ്പം അഭിനയിച്ച മമ്മൂട്ടിയെക്കാള്‍ ചെറുപ്പമാണ് ഇപ്പോഴുള്ള മമ്മൂട്ടി. ഒരു വണ്ടി നിറയെ വ്യായാമത്തിനുള്ള ഉപകരണങ്ങളുമായി സെറ്റിലേക്ക് വരുന്ന താരങ്ങളെ കാണുമ്പോള്‍ ജാഡയാണ് എന്ന മട്ടില്‍ ചിലരൊക്കെ പ്രതികരിക്കാറുണ്ട്. ഇതിനെ ജാഡ എന്നു വിളിക്കരുത്. ഇത് ഞങ്ങളുടെ നിലനില്‍പിന്റെ പ്രശ്നമാണ്. അമിതാഭ് ബച്ചന്‍ മൂന്നാറില്‍ ഷൂട്ടിങ്ങിനു വന്നപ്പോള്‍ തന്റെ വ്യായാമത്തിനുള്ള സാമ•ഹികള്‍ വിമാനത്തില്‍ കയറ്റിയാണ് കൊണ്ടുവന്നത്. ഇത്ും ജാഡയാണെന്നു പറയുമോ? മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിലനില്‍പ്പിന്റെ പിന്നിലുള്ള രഹസ്യം അവരുടെ അഭിനയവൈഭവം മാത്രമല്ല, ആരോ•്യം കൂടിയാണെന്നു ഞാന്‍ പറയും. ലാലിന് ഇപ്പോഴും ആക്ഷന്‍ രം•ങ്ങളില്‍ തിളങ്ങാന്‍ കഴിയുന്നത് വ്യായാമം കൃത്യമായി ചെയ്യുന്നതു കൊണ്ടു മാത്രമാണ്. വണ്ണം തോന്നിക്കുന്ന ശരീരപ്രകൃതിയാണെങ്കിലും കരുത്തിന്റെയും സ്റ്റാമിനയുടെയും കാര്യത്തില്‍ ലാല്‍ മോശക്കാരനല്ല. വ്യായാമത്തിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള പല പുതിയ താരങ്ങളും ശ്രദ്ധ വയ്ക്കാറില്ല. സ്റ്റണ്ട് രം•ങ്ങളിലൊക്കെ ഇത് പെട്ടെന്നു മനസിലാവും. കാഴ്ചയില്‍ തടിമാടന്‍മാരായി തോന്നുന്ന പല വില്ലന്‍മാരും ആക്ഷന്‍ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ തളര്‍ന്നുപോകുന്നതു കണ്ടിട്ടുണ്ട്. ഒരു ഷോട്ട് എടുത്തു കഴിയുമ്പോഴെ പുറംവേദന, കാലുവേദന എന്നൊക്കെ പറഞ്ഞ് അവര്‍ പുളയാന്‍ തുടങ്ങും. ചെറുപ്പക്കാരായ താരങ്ങള്‍ ഇപ്പോഴെ ഇങ്ങനെ തളര്‍ന്നാല്‍ പ്രായമാകുമ്പോള്‍ എന്തായിരിക്കും അവരുടെ അവസ്ഥ എന്നു ഞാന്‍ ചിന്തിക്കാറുണ്ട്.
Subscribe to:
Posts (Atom)