Sunday, January 11, 2009

നദിയയും ഞാനും


ശോഭനയും രോഹിണിയുമായുള്ള എന്റെ സൌഹൃദത്തിന്റെ കഥകള്‍ ഞാന്‍ നേരത്തെ എഴുതിയിരുന്നു. ഇൌ രണ്ടു പേരെ പോലെ തന്നെ, എന്റെ ആദ്യകാല സിനിമാ ജീവിതത്തില്‍ എനിക്കുണ്ടായിരുന്ന മറ്റൊരു സൌഹൃദത്തിന്റെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. എന്റെയൊപ്പം നിരവധി മലയാള ചിത്രങ്ങളിലും എന്റെ ആദ്യ തമിഴ് ചിത്രത്തിലുമൊക്കെ നായികയായ നദിയാ മൊയ്തുവിനെക്കുറിച്ച്.
മറ്റു രണ്ടു പേരെയും എന്നെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയെങ്കിലും ഞാനും നദിയയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കുറവായിരുന്നു.
പോള്‍ ബാബു സംവിധാനം ചെയ്ത 'കൂടംതേടി' എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ചതെന്നാണു ഒാര്‍മ. മോഹന്‍ലാലും രാധികയുമായിരുന്നു മറ്റു താരങ്ങള്‍. രണ്ടു മികച്ച ഗാനങ്ങളായിരുന്നു ഈ പടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഞാനും നദിയയും ചേര്‍ന്ന് പാടിയഭിനയിച്ച 'സംഗമം ഈ പൂങ്കാവനം' എന്ന ഗാനം ആ സമയത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായി മാറി. ലാലേട്ടനും രാധികയും ചേര്‍ന്നുള്ള 'വാചാലം എന്‍ മൌനവും..' എന്ന പാട്ടും അതിസുന്ദരമായിരുന്നു.
നദിയയും ഞാനും തമ്മില്‍ സാമ്യങ്ങളേറെയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും കുടുംബങ്ങള്‍ ഉത്തരമലബാറില്‍ നിന്നുള്ളവയായിരുന്നു. നദിയ കണ്ണൂര്‍ക്കാരി. ഞാന്‍ നിലമ്പൂരില്‍ നിന്ന്. എന്റെ അമ്മയെപ്പോലെ നദിയയുടെ അമ്മയും ഹൈന്ദവവിശ്വാസിയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും അച്ഛന്‍മാര്‍ മുസ്ലിം മതവിശ്വാസികളും.
വളരെ പ്രത്യേകതയുള്ള ചുറുചുറുക്കുള്ള സ്വഭാവമായിരുന്നു നദിയയുടേത്. എല്ലാവരോടും പെട്ടെന്ന് അടുക്കും. സെറ്റിലൊക്കെ ആഘോഷമായി ഒാടനടക്കുന്ന പ്രകൃതം.
സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. ശോഭനയെയും രോഹിണിയെയും പോലെ തന്നെ എന്റെ അടുത്ത സുഹൃത്തായിരുന്നു നദിയായും.
സെറ്റിലെ പതിവു ഭക്ഷണം കഴിച്ചു മടക്കുമ്പോള്‍ ഞാന്‍ നദിയയെയും വിളിച്ച് എറണാകുളത്തെ ഏതെങ്കിലും നല്ല ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിലേക്ക് മുങ്ങും. സെറ്റിലുള്ളവരൊക്കെ ഞങ്ങളെ അന്വേഷിക്കുന്നുണ്ടാവും. ഇന്നത്തെ പോലെ മൊബൈല്‍ സൌകര്യങ്ങളൊന്നും അന്നില്ലല്ലോ. ഇത്തരം പല കുസൃതികളും ഞങ്ങള്‍ അന്ന് ഒപ്പിച്ചിരുന്നു. എല്ലാം പ്രായത്തിന്റേതായ ചില വിനോദങ്ങള്‍.
'കൂടെവിടെ'യ്ക്കു മുന്‍പു തന്നെ ഒന്നിക്കേണ്ടവരായിരുന്നു ഞങ്ങള്‍. 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന നദിയയുടെ ആദ്യ ചിത്രത്തില്‍ ഞാനാണ് പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, എന്റെ തിരക്കുകള്‍ക്കിടയില്‍ ആ വേഷം ചെയ്യാനാവാതെ പോകുകയായിരുന്നു. ഞാനേറെ ഇഷ്ടപ്പെടുന്ന സംവിധായകരില്‍ ഒരാളായിരുന്നു ഫാസില്‍. പക്ഷേ, നിര്‍ഭാ•്യവശാല്‍ അദ്ദേഹത്തിന്റെ ചിത്രത്തിലൊന്നും എനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ല. 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിനു വേണ്ടിയും എന്നെ വിളിച്ചതായിരുന്നു. തമിഴിലെ തിരക്ക് മൂലം ആ ചിത്രവും എനിക്കു നഷ്ടമായി. സുരേഷ് ഗോപിയാണ് പിന്നീട് ആ വേഷം ചെയ്തത്. ഫാസിലിന്റെ ഇൌ രണ്ടു ചിത്രങ്ങളിലും അഭിനയിക്കാനാവാതെ പോയതിന്റെ വിഷമം എനിക്ക് ഇന്നും പോയിട്ടില്ല.
ഏറെ ആരാധകര്‍ ഉള്ള നടിയായിരുന്നു നദിയാ. കുടുംബസദസുകള്‍ക്ക് അവരെ വലിയ ഇഷ്ടമായിരുന്നു. നായകതാരങ്ങള്‍ക്കുള്ള പോലെയുള്ള ആരാധകപിന്തുണ അവര്‍ക്കുണ്ടായിരുന്നു.
വിദേശത്തുള്ള എന്റെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ഷോ ദുബായിലായിരുന്നു. 1986ലായിരുന്നു അത്. അന്ന് നദിയയുമുണ്ടായിരുന്നു കൂടെ. ഇന്നത്തെപ്പോലെ ഏറെ നാളത്തെ പരിശീലനമോ തയാറെടുപ്പുകളോ അന്ന് സ്റ്റാര്‍ ഷോയ്ക്ക് ഇല്ലായിരുന്നു. ദുബായില്‍ എത്തിയ ശേഷമുള്ള ഒന്നോ രണ്ടോ ദിവസം കൊണ്ടാണ് സ്കിറ്റുകളൊക്കെ തട്ടിക്കൂട്ടുന്നത്. അതിന്റേതായ പോരായ്മകള്‍ അന്ന് ഷോയ്ക്കുണ്ടായിരുന്നു. കുറെയധികം വേദികളില്‍ പരിപാടികളുണ്ട്. ആദ്യ സ്ഥലത്ത് വെറും തട്ടിക്കൂട്ടു പരിപാടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ വച്ച് തന്നെ കാണികള്‍ 'റഹ്മാനും നദിയാ മൊയ്തുവും ചേര്‍ന്നുള്ള ഡാന്‍സ് വേണം' എന്നു പറഞ്ഞു ബഹളം കൂട്ടാന്‍ തുടങ്ങിയിരുന്നു. രണ്ടാം സ്ഥലത്തും ഇതു തന്നെയായിരുന്നു അവസ്ഥ.
അതോടെ, സംഘാടകര്‍ നിര്‍ബന്ധിച്ചു. ഒരു ഡാന്‍സ് എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയേ പറ്റു. ഡാന്‍സ് മാസ്റ്റര്‍മാരൊക്കെയാണ് ഇന്ന് സ്റ്റേജ് ഷോയ്ക്ക് പോകുന്നത് അന്ന് അങ്ങനെയൊരു പരിപാടിയേ ഇല്ല. പിന്നെയെന്തു ചെയ്യും?
നദിയ കുടുംബസഹിതമാണ് എത്തിയിരുന്നത്. അവരുടെ വീട്ടുകാരുമായി ഞാന്‍ നല്ല അടുപ്പമായിരുന്നു. നദിയയുടെ അനുജത്തി ഹസീനയും അന്ന് സംഘത്തിലുണ്ടായിരുന്നു. നദിയയെപ്പോലെ തന്നെ ചുറുചുറുക്കുള്ള മിടുക്കിയായ കുട്ടി. ഹസീന ഉടനെ പരിഹാരം കണ്ടെത്തി. സ്റ്റെപ്പുകള്‍ ശരിയാക്കിത്തരാം. നിങ്ങള്‍ നൃത്തം ചവിട്ടിയാല്‍ മാത്രം മതിയെന്ന് അവള്‍ പറഞ്ഞു.
അങ്ങനെ, അന്ന് രാത്രി റിഹേഴ്സല്‍ തുടങ്ങി. രസമുള്ള കുറെ സ്റ്റെപ്പുകള്‍ ഹസീന ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ഞാനും നദിയയും ചേര്‍ന്ന് അന്നു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഡാന്‍സ് പരിപാടി ശരിയാക്കി.
പിറ്റേന്ന് വേദിയില്‍ നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നു കിട്ടിയത്. ഞങ്ങളുടെ തട്ടിക്കൂട്ട് നൃത്തപരിപാടിക്ക് ഏറെ അഭിനന്ദനങ്ങള്‍ കിട്ടി. നദിയയുടെ അനുജത്തിയുടെ കഴിവാണ് അതിനു പിന്നിലെന്ന് ആരും തന്നെ അറിഞ്ഞില്ല.
കൂടുംതേടി'ക്കു ശേഷം ഞാനും നദിയയും ഒന്നിച്ചത് സാജന്റെ കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. നല്ല സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു അത്. മമ്മുക്കയും ലാലേട്ടനും ഞാനും മുഖ്യവേഷത്തില്‍ അഭിനയിച്ച ആ ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. പക്ഷേ, ചിത്രത്തിലെ നായിക നദിയ തന്നെയായിരുന്നു; സെറ്റിലും സിനിമയിലും.
'നിലവേ മലരേ' എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിലും നദിയാ തന്നെയായിരുന്നു നായിക. ഈ ചിത്രം 'പ്രിയംവദയ്ക്കൊരു പ്രണയലേഖനം' എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്തു പുറത്തിറക്കിയിരുന്നു. അന്ന് ചുരുക്കം തമിഴ് ചിത്രങ്ങളുടെ ഡബ്ബിങ് മാത്രമേ മലയാളത്തിലിറങ്ങാറുള്ളു. എനിക്കും നദിയയ്ക്കും മലയാളത്തില്‍ നല്ല ഡിമാന്റായിരുന്നതിനാല്‍ ഡബ്ബിങ് ഇറക്കുകയായിരുന്നു. മലയാളത്തിലും തമിഴിലും ചിത്രം നല്ല വിജയം നേടി.
ശിവാജി ഗണേശന്‍ സാറിനൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രമായ 'അന്‍പുള്ള അപ്പാ'യിലും നദിയയായിരുന്നു നായിക. പിന്നീട്, കുറെയധികം തമിഴ് ചിത്രങ്ങളില്‍ കൂടി നദിയ അഭിനയിച്ചു. മലയാളത്തിലെ തിരക്കുള്ള പ്രണയജോഡികള്‍ എന്ന മട്ടിലായിരുന്നു തമിഴ് മാധ്യമങ്ങള്‍ അന്നു ഞങ്ങളെ അവതരിപ്പിച്ചത്. തമിഴിലും ഞങ്ങളുടെ ജോഡി സ്വീകരിക്കപ്പെട്ടു. ഞങ്ങള്‍ ഒന്നിച്ച രണ്ടു ചിത്രങ്ങളും വിജയിക്കുകയും ചെയ്തു. പക്ഷേ, 'അന്‍പുള്ള അപ്പാ'യ്ക്കു ശേഷം എന്തുകൊണ്ടോ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാനായില്ല.
നദിയാ മൊയ്തുവിന്റെ വിവാഹത്തിന് ഞാന്‍ പോയിരുന്നു. എനിക്കു തോന്നുന്നു, അന്നാണ് ഞാന്‍ അവസാനമായി നദിയയെ കണ്ടതെന്ന്.
(തുടരും)

നല്ല ഭക്ഷണം, നല്ല കൂട്ടുകാരി

ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുതെന്നും പറയാറുണ്ട്. പക്ഷേ, ജീവിക്കുന്ന കാലത്ത് ആസ്വദിച്ചു തന്നെ ഭക്ഷണം കഴിക്കണം എന്ന ചിന്താഗതിക്കാരനാണു ഞാന്‍.
ആഹാരത്തിന്റെ കാര്യത്തില്‍ എനിക്കു ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. കഴിക്കുമ്പോള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കണം. വെറുതെ എന്തെങ്കിലും തിന്ന് വിശപ്പടക്കുന്നതില്‍ കാര്യമില്ല. ഭക്ഷണം വയറിന്റെ മാത്രമല്ല മനസിന്റെ കൂടി വിശപ്പടക്കുന്നതാവണം. വയറു നിറഞ്ഞു എന്നല്ല തൃപ്തിയായി എന്നാണ് ഭക്ഷണം കഴിച്ചുകഴിഞ്ഞു പറയേണ്ടത്.
സിനിമാസെറ്റുകളില്‍ മറ്റൊന്നിനും വേണ്ടി ഞാന്‍ വാശിപിടിക്കാറില്ല. മുന്തിയ ഇനം കാറോ വിലകൂടിയ ഹോട്ടല്‍മുറികളോ വേണമെന്നില്ല. പക്ഷേ, വിശപ്പടക്കാന്‍ കിട്ടുന്ന ഭക്ഷണം രുചിയുള്ളതായിരിക്കണമെന്ന് എനിക്ക് ആ•ഹമുണ്ട്.
സിനിമയിലെ എന്റെ പല സൌഹൃദങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കെ.പി. ഉമ്മര്‍ക്ക എനിക്കു വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു എത്തിക്കുമായിരുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കലും നാവില്‍ നിന്നു പോകില്ല. ശിവാജി ഗണേശന്‍ സാര്‍ നിര്‍ബന്ധപൂര്‍വം കഴിപ്പിച്ച ബിരിയാണിയുടെ രുചിയും ഇപ്പോഴും നാവിലുണ്ട്.
മലയാളത്തില്‍ സജീവമായിരുന്ന കാലത്ത്, കോഴിക്കോട് പോലുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിനു പോകുമ്പോള്‍ നാട്ടുകാര്‍ നല്ല ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നു സമ്മാനിക്കുമായിരുന്നു. ഒരേ ദിവസം തന്നെ പലര്‍ ഭക്ഷണവുമായി വന്നിട്ടുണ്ട്. എല്ലാവരുടെയും പൊതിയില്‍ നിന്ന് അല്‍പാല്‍പം എടുത്തു കഴിക്കും. ആ ബിരിയാണിയില്‍ ഇറച്ചിയെക്കാളും മസാലകളെക്കാളും കൂടുതല്‍ ചേര്‍ത്തിരിക്കുന്നത് സ്നേഹമായിരിക്കും. അപ്പോള്‍ അതിനു രുചി കൂടും.
മലയാള സിനിമയിലെ എന്റെ ആദ്യകാലനായികമാരായ ശോഭന, രോഹിണി, നദിയാ മൊയ്തു തുടങ്ങിയവരുമായുള്ള സൌഹൃദത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നല്ലോ. ശോഭനയ്ക്കും നദിയയ്ക്കുമൊപ്പം ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് നല്ല ഭക്ഷണം തേടി കറങ്ങാന്‍ പോകുമായിരുന്ന കഥയും ഞാന്‍ പറഞ്ഞു. പക്ഷേ, തമിഴില്‍ നിന്നെനിക്കു കിട്ടിയ കൂട്ടുകാരിയായിരുന്നു ഭക്ഷണക്കാര്യത്തില്‍ ശരിക്കും എന്റെ ജോഡി - അമല.
എന്റെ ഏറ്റവും അടുത്ത സിനിമാസുഹൃത്തുക്കളിലൊരാളായിരുന്നു അമല. ഭക്ഷണം തന്നെയായിരുന്നു ഞങ്ങളുടെ സൌഹൃദത്തെ രൂപപ്പെടുത്തിയെടുത്തതിലെ പ്രധാന ഘടകം.
എന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിലെ നായികയായിരുന്നു അമല. ശക്തി, കണ്ണന്‍ എന്നീ രണ്ടു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'കണ്ണേ കണ്ണേമുതേ' ആയിരുന്നു അമലയ്ക്കൊപ്പം ഞാനഭിനയിച്ച ആ ചിത്രം. അമലയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു അത്.
'കണ്ണേ കണ്ണേമുതേ'യുടെ സെറ്റില്‍വച്ചാണ് ഞാന്‍ ആദ്യമായി അമലയെ പരിചയപ്പെടുന്നത്. അമലയുടെ യഥാര്‍ഥ പേര് അമല മുഖര്‍ജി എന്നായിരുന്നു. ബംഗാളിയായിരുന്നു അച്ഛന്‍. അമ്മ ഐറിഷ്കാരിയും. ജനിച്ചതു ബംഗാളിലാണെങ്കിലും അവള്‍ വളര്‍ന്നത്, മദിരാശിയിലായിരുന്നു. അവിടെ കലാക്ഷേത്രയില്‍ ഭരതനാട്യ പഠനവും അധ്യാപനവുമൊക്കെയായി കഴിയുന്ന സമയത്താണ് അമല സിനിമയിലേക്ക് എത്തുന്നത്. ടി. രാജേന്ദ്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവച്ച അമലയ്ക്ക് ആദ്യ ചിത്രം തന്നെ ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഭക്ഷണത്തോടുള്ള എന്റെ പ്രിയമായിരുന്നു ആ ബന്ധത്തെ വളരെ വേഗം വളര്‍ത്തിയതെന്നു പറയാം. ഞങ്ങളുടെ സൌഹൃദം മെല്ലെ അകന്നുപോയതും ഭക്ഷണത്തിന്റെ പേരിലായിരുന്നു. അതും പറയാം.
ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് അമലയെയും കൂട്ടി മദിരാശിയിലെ മുന്തിയ റെസ്റ്ററന്റുകളിലേക്ക് പോകുക എന്റെ പതിവായിരുന്നു. എവിടെ പുതിയ ഹോട്ടല്‍ തുടങ്ങിയെന്നു കേട്ടാലും ഞങ്ങള്‍ അവിടെയെത്തും. മട്ടണും ചിക്കണുമൊക്കെയായി കുശാലായി കഴിക്കും. ഹോട്ടലിന്റെ ഭക്ഷണത്തെപ്പറ്റി ഒരു വ്യക്തമായ ധാരണയിലെത്തിയിട്ടാവും അവിടെനിന്ന് ഇറങ്ങുക.
'കണ്ണേ കണ്ണേമുതേ' വന്‍ വിജയം നേടി. റഹ്മാന്‍-അമല ജോഡിക്ക് തമിഴ് സിനിമാമാധ്യമങ്ങളുടെ പ്രശംസയും ഏറെ കിട്ടി. പക്ഷേ, എന്തുകൊണ്ടോ പിന്നീട് ഒരു ചിത്രത്തില്‍ കൂടി ഒന്നിച്ച് അഭിനയിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. രജനീകാന്തിനെയും കമലാഹാസന്റെയുമൊക്കെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുതുടങ്ങിയതോടെ അമല തമിഴിലെ ഒന്നാംനിര നടിയായി വളര്‍ന്നു. പുഷ്പകവിമാനം, അഗ്നിനക്ഷത്രം, ശിവ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അവള്‍ കാഴ്ചവച്ചത്. എങ്കിലും ഇടയ്ക്കൊക്കെ ഞങ്ങള്‍ ഫാസ്റ്റ്ഫുഡ് സെന്ററുകള്‍ തേടി ഒന്നിച്ച് പോയിരുന്നു. ഒരേ തരത്തിലുള്ള ചിന്ത, ഒരേ കാഴ്ചപ്പാട്. ഞങ്ങള്‍ വളര്‍ന്ന രീതികളും ഏതാണ്ട് സമാനം. സിനിമയിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറയുമായിരുന്നു.
വെറുമൊരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ഞങ്ങളുടെ ബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു. അമലയെ റഹ്മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു വരെ വാര്‍ത്തകള്‍ പടര്‍ന്നു. പലരും ഇതേപ്പറ്റി എന്നോടു ചോദിച്ചുതുടങ്ങി. ഗോസിപ്പു കോളങ്ങളില്‍ ഞങ്ങളുടെ കഥകള്‍ തുടര്‍ച്ചയായി എഴുതപ്പെട്ടു.
ആയിടയ്ക്കാണ് അമല ശുദ്ധ സസ്യാഹാരത്തിലേക്ക് മാറുന്നത്. 'അനിമല്‍ ലൌവേഴ്സ്' പ്രസ്ഥാനക്കാര്‍ക്കൊപ്പം ചേര്‍ന്നതോടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം അവള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. എന്നെയും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് കൊണ്ടുവരാന്‍ അവള്‍ ആവുന്നതു ശ്രമിച്ചു. പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല !
അമല സസ്യാഹാര പ്രിയ ആയതോടെ ഭക്ഷണം കഴിക്കാന്‍ ഒന്നിച്ചുള്ള കറക്കം കുറഞ്ഞു. പിന്നെ അത് പൂര്‍ണമായി ഇല്ലാതെയായി. അമലയും ഞാനും തിരക്കുകളുടെ ലോകത്തായി. കൂടിക്കാഴ്ചകള്‍ കുറഞ്ഞു. അങ്ങനെ ആ സൌഹൃദം മെല്ലെ മെല്ലെ തണുത്തു.
അമല മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ഫാസിലിന്റെ 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തില്‍ ഞാന്‍ നായകനാകേണ്ടതായിരുന്നു. പക്ഷേ, തമിഴിലെ തിരക്കുകള്‍ മൂലം നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്കു ചെയ്യാന്‍ കഴിയാതെ പോയി. പിന്നീട് സുരേഷ് ഗോപിയാണ് ആ റോള്‍ അഭിനയിച്ചത്.
ഭക്ഷണക്കാര്യത്തിലുള്ള എന്റെ നിര്‍ബന്ധങ്ങളെല്ലാം എന്റെ ഭാര്യയ്ക്കും നല്ലതുപോലെ അറിയാം. പക്ഷേ, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ട അവസരങ്ങള്‍ വളരെ കുറച്ചേ ഉണ്ടാകാറുള്ളു. പലപ്പോഴും ഷൂട്ടിങ് സെറ്റുകളിലെ ഭക്ഷണമാവും. പണ്ടൊക്കെ സെറ്റില്‍ നിന്ന് നല്ല ഭക്ഷണം തേടി പുറത്തുപോയിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല ഭക്ഷണം എവിടെ നിന്നെങ്കിലും വരുത്തിക്കുകയാവും ചെയ്യുക.
ഷൂട്ടിങ് ഇല്ലാതെ വീട്ടിലിരിക്കുമ്പോഴും കൂടുതല്‍ സമയവും പുറത്തുനിന്നുഭക്ഷണം കഴിക്കേണ്ടി വരും. അതിഥികള്‍ ഏറെയുണ്ടാവും എപ്പോഴും. പഴയ സുഹൃത്തുക്കളോ വിദേശത്തുവച്ചു പരിചയപ്പെട്ടവരോ ഒക്കെയായി. അപ്പോള്‍ പിന്നെ അവരുമായി ഏതെങ്കിലും നല്ല ഹോട്ടലിലേക്ക് പോകും. അതിഥികള്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടതു നമ്മുടെ കടമയാണല്ലോ. അവരുടെ അതിഥിയായി നമ്മള്‍ ചെന്നപ്പോള്‍ നമുക്കു കിട്ടിയതിനെക്കാള്‍ നല്ലത് തന്നെ അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടേ?

രോഹിണിയും ഞാനും

'കൂടെവിടെ'യില്‍ നിന്ന് 'ഈറന്‍ സന്ധ്യ'യിലെത്തുമ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ചിത്രങ്ങളില്‍ ഞാനഭിനയിച്ചു കഴിഞ്ഞിരുന്നു. 83 ഒക്ടോബറിലാണ് 'കൂടെവിടെ' പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം എനിക്കു നിന്നു തിരിയാന്‍ സമയമില്ലായിരുന്നുവെന്നതാണ് സത്യം. ഒന്നിനു പിറകെ ഒന്നായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഞാന്‍ പാഞ്ഞുകൊണ്ടിരുന്നു. ആ സമയത്ത് ഏതൊക്കെ ചിത്രങ്ങളിലാണ് അഭിനയിച്ചതെന്ന് ഒാര്‍ത്തെടുക്കാന്‍ പോലും പാടാണ്.
എനിക്കൊപ്പം അക്കാലത്ത് അഭിനയിച്ച നായികമാരെല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ശോഭനയുമായുള്ള സൌഹൃദത്തെ കുറിച്ച് ഞാനെഴുതിയല്ലോ. കാണാമറയത്തിന്റെ സെറ്റില്‍ നിന്നാണ് ഞാന്‍ ശശികുമാറിന്റെ 'ഇവിടെ തുടങ്ങുന്നു'വിന്റെ സെറ്റിലേക്ക് പോകുന്നത്. അവിടെ വച്ച് എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട്ടി: രോഹിണി. എന്റെ ഭാഗ്യനായികയായി മാറുകയും പിന്നീട് എനിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത രോഹിണിയുടെയും ആദ്യ സിനിമകളിലൊന്നായിരുന്നു ഇത്.
ഊട്ടിയായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷന്‍. നാലു ദിവസം വൈകിയാണ് ഞാന്‍ ലൊക്കേഷനിലെത്തിയത്. അതുവരെയും എന്നെ കാത്തിരിക്കുകയായിരുന്നു സെറ്റ് മുഴുവന്‍.ഒരു പ്രധാന വേഷത്തില്‍ ലാലേട്ടനും ഈ സിനിമയിലുണ്ടായിരുന്നു. പക്ഷേ, ഞാനും രോഹിണിയുമായുള്ള പ്രണയസീനുകളായിരുന്നു ഊട്ടിയിലെടുത്തത്.
വിവാഹത്തിനു ശേഷം മധുവിധു പോകുന്ന ഞങ്ങളുടെ കഥാപാത്രങ്ങളുടെ ആദ്യരാത്രിയാണ് അന്ന് ചിത്രീകരിച്ചത്. ചുംബനം അടക്കമുള്ള ബെഡ്റൂം സീന്‍ അഭിനയിക്കുമ്പോള്‍ ആദ്യമൊക്കെ ഒരു ചമ്മല്‍ തോന്നി. ഒരു നടിയെ കെട്ടിപ്പിടിച്ച് അഭിനയിക്കേണ്ട സീനുകളൊന്നും അതുവരെ ചെയ്ത സിനിമകളില്‍ ഇല്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, അഭിനയമാണെങ്കിലും, ഞാന്‍ ആദ്യമായി ചുംബിക്കുകയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയും ചെയ്ത നടി കൂടിയാണ് രോഹിണി. സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. നല്ലൊരു സൌഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. വിശ്രമവേളകളില്‍ ഞങ്ങളൊന്നിച്ചിരുന്ന് സംസാരിച്ചു, തമാശകള്‍ പറഞ്ഞു.
ഇന്നത്തെപ്പോലെയല്ലല്ലോ, ഒരു യുവാവും യുവതിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് അന്നൊക്കെ കാഴ്ചക്കാര്‍ക്ക് അദ്ഭുതമുള്ള കാര്യമായിരുന്നു. സിനിമാക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ, ഊട്ടിയിലൊക്കെ പഠിച്ച എനിക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞങ്ങളുടെ സൌഹൃദം അങ്ങനെ വളരെ വേഗം ഗോസിപ്പ് കോളങ്ങിലെത്തി. കഥകള്‍ പിറന്നു വീണുകൊണ്ടേയിരുന്നു. എന്നെപ്പറ്റി മറ്റേതു നടിയെക്കാളും കൂടുതല്‍ ഗോസിപ്പുകള്‍ വന്നിട്ടുള്ളത് രോഹിണിയുമായി ബന്ധപ്പെടുത്തിയായിരുന്നു. ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നു വരെ വാര്‍ത്ത വന്നു. മനസില്‍ പോലും ചിന്തിച്ചു കൂട്ടിയിട്ടാല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടു.
ആദ്യം ഇത്തരം വാര്‍ത്തകള്‍ കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും പേടിയുമൊക്കെ തോന്നി. വീട്ടുകാരൊക്കെ ഇതു വായിക്കില്ലേ, അവരൊക്കെ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷേ, കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്കു വിടാന്‍ ഞാന്‍ പഠിച്ചു. രോഹിണിയും ഗോസിപ്പുകളെ തമാശയായേ എടുത്തുള്ളു. ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഇത്തരം കഥകള്‍ പറഞ്ഞു ചിരിക്കുമായിരുന്നു.
അന്നത്തെ നായികമാരില്‍ ഏറ്റവും സമര്‍ത്ഥയും കഴിവുള്ളവളുമായിരുന്നു രോഹിണി എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ നന്നാകുന്നതിനു വേണ്ടി എത്ര കഠിനമായി അദ്ധ്വാനിക്കാനും രോഹിണിക്കു മടിയുണ്ടായിരുന്നില്ല. പരസ്പരം മനസിലാക്കി അഭിനയിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. തമാശസീനുകളിലൊക്കെ സ്ക്രിപ്റ്റിലില്ലാത്തത് എന്തെങ്കിലും കൈയില്‍ നിന്നിട്ട് അഭിനയിച്ചാല്‍ അതു മനസിലാക്കാന്‍ രോഹിണിക്കു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഈ മനപ്പൊരുത്തം പല സിനിമകളിലും ഗുണം ചെയ്തു. റഹ്മാന്‍-രോഹിണി എന്നത് ഒരു ഭാഗ്യജോഡിയായി മാറി.
പപ്പേട്ടനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമായ 'പറന്ന് പറന്ന് പറന്ന്', കെ.എസ്. സേതുമാധവന്‍ സാറിന്റെ 'അറിയാത്ത വീഥികള്‍', പി.ജി. വിശ്വംഭരന്റെ 'ഈ തണലില്‍ ഇത്തിരി നേരം', 'ഇവിടെ ഈ തീരത്ത്', ജോഷിയുടെ 'കഥ ഇതുവരെ', സത്യന്‍ അന്തിക്കാടിന്റെ 'ഗായത്രീ ദേവി എന്റെ അമ്മ', ജേസിയുടെ 'ഒരിക്കല്‍ ഒരിടത്ത്', ഐ.വി. ശശിയുടെ 'കൂടണയും കാറ്റ്' തുടങ്ങി കുറെയേറെ ചിത്രങ്ങളില്‍ ഞാനും രോഹിണിയും ഒന്നിച്ചഭിനയിച്ചു. ഏതാണ്ട് എല്ലാ ചിത്രങ്ങളിലും എന്റെ കാമുകിയുടെ വേഷമായിരുന്നു രോഹിണിക്ക്.
തമിഴില്‍ തിരക്കായതോടെ ഞങ്ങളുടെ സൌഹൃദത്തിന് വലിയൊരു ഇടവേള വന്നു. സിനിമയിലെ സൌഹൃദങ്ങളങ്ങനെയാണ്. ഒന്നിച്ച് അഭിനയിക്കുകയോ പരസ്പരം കാണുകയോ ചെയ്യാതെ വരുമ്പോള്‍ സൌഹൃദങ്ങള്‍ മെല്ലെ ഇല്ലാതാകും.
സൌഹൃദങ്ങളെ നിലനിര്‍ത്തുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള പങ്ക് എത്ര വലുതാണെന്ന് ഞാനിപ്പോള്‍ ചിന്തിക്കാറുണ്ട്. മൊബൈല്‍ സൌകര്യങ്ങളില്ലാതിരുന്ന അക്കാലത്തെ എന്റെ
എത്രയെത്ര സൌഹൃദങ്ങളാണ് പരസ്പരം കാണാതെയും സംസാരിക്കാതെയും കൊഴിഞ്ഞുപോയത്.
ഏതാണ്ട് 20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ രോഹിണിയുമായി വീണ്ടും ഒന്നിച്ചഭിനയിച്ചത്. രഞ്ജിത്തിന്റെ 'റോക്ക് എന്‍ റോള്‍' എന്ന ചിത്രത്തില്‍ രോഹിണിയുമുണ്ടായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ടെലിവിഷന്‍ ചാനലിന്റെ ഒാണപരിപാടിക്കു വേണ്ടിയും ഞങ്ങളൊത്തു ചേര്‍ന്നു. ഞാനും എന്റെ കുടുംബവും രോഹിണിയും ചേര്‍ന്നുള്ള സംഭാഷണമായിരുന്നു ആ പ്രോഗ്രാം.
വഴിപിരിഞ്ഞുപോയ ഒരു ഉറ്റ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോഴുള്ള സന്തോഷമായിരുന്നു എനിക്ക്.

വേറിട്ടൊരു സൌഹൃദം

സാജന്റെ 'തമ്മില്‍ തമ്മില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. കോവളത്തുവച്ച് ഞാനും ശോഭനയും കൂടിയുള്ള ഒരു ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകന്‍ സാജന്‍. അക്കാലത്ത് ഗാനരംഗങ്ങളില്‍ ബീച്ച് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഷൂട്ടിങ് കാണാന്‍ വലിയൊരു ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുന്നു.

ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഞാന്‍ നോക്കുമ്പോള്‍ തീരത്തുനിന്ന് അല്‍പം അകലെയായുള്ള വലിയ പാറക്കൂട്ടങ്ങളിലേക്ക് തിരമാലകള്‍ പതിക്കുന്നു. അവിടെ വച്ച് ഒരു ഷോട്ട് എടുത്താല്‍ നല്ല ഭംഗിയായിരിക്കും. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ പശ്ചാത്തലമാക്കിയാല്‍ നല്ല രസമുണ്ടാവുമെന്ന് എനിക്കു തോന്നി. ഞാന്‍ സംവിധായകന്‍ സാജന്റെ അടുത്തു ചെന്ന് അവിടെ വച്ച് ഒന്നു രണ്ട് ഷോട്ടുകളെടുക്കാമെന്നൊരു നിര്‍ദേശം വച്ചു.

''സംഭവം കൊള്ളാം. പക്ഷേ, റിസ്കാണ്.'' സാജന്‍ പറഞ്ഞു.

''എന്ത് റിസ്ക്?. നമ്മുക്ക് എടുക്കാമെന്നെ''- ഞാന്‍ നിര്‍ബന്ധിച്ചു.

അങ്ങനെ ആ പാറക്കെട്ടുകള്‍ക്കു മുകളിലേക്ക് ഞാനും ശോഭനയും നീങ്ങി. ക്യാമറയും സംവിധായകരും ഷൂട്ടിങ് കാണാനെത്തിയവരും അകലെ മാറി ഒരു കുന്നിന്റെ മുകളില്‍.

''നിനക്കു വേറെ പണിയൊന്നുമില്ലേ. തീരത്ത് എവിടെയെങ്കിലും വച്ച് എടുത്താല്‍ പോരേ' എന്നൊക്കെ പറഞ്ഞുകൊണ്ട് മനസില്ലാമനസോടെ ശോഭന എന്റെ കൂടെ വന്നു.

ആദ്യ രണ്ടു ടേക്കുകള്‍ ശരിയായില്ല. മൂന്നാമത്തെ ടേക്ക് എടുക്കാന്‍ സാജന്‍ 'ആക്ഷന്‍' പറഞ്ഞതും ഒരു പടുകൂറ്റന്‍ തിര ഞങ്ങളെ പ്രഹരിച്ചു. ഞങ്ങള്‍ രണ്ടും തെന്നി താഴേക്കു വീണു.

തീരത്ത് നിന്ന് ജനങ്ങളുടെ നിലവിളി കേള്‍ക്കാം. വേച്ചുവേച്ചു ഞങ്ങള്‍ എഴുന്നേറ്റു. അപ്പോഴേക്കും അതിലും വലിയൊരു തിര. ആളുകള്‍ ബഹളം കൂട്ടി. തിരയേറ്റ് ബാലന്‍സ് തെറ്റി ശോഭന താഴേക്കു വീണു. തിരമാലകള്‍ വാരിയെടുക്കും മുന്‍പ് തന്നെ എനിക്കു ശോഭനയെ പിടികിട്ടി. ഒരു കൈ കൊണ്ട് ശോഭനയെ വരിഞ്ഞുമുറുക്കി. കൈയില്‍ അവളെ തൂക്കിയെടുത്ത് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ തീരത്തേക്ക് ഒരു വിധത്തിലെത്തി. പരിഭ്രാന്തരായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സംവിധായകനും കൂട്ടരും ഒാടിയെത്തി. പാറക്കൂട്ടങ്ങളില്‍ കയറെരുതെന്ന് പലഭാഷയിലെഴുതിയ ബോര്‍ഡ് അവിടെയുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ ഞങ്ങളോടു ചൂടായി. ''നിങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ?' എന്നൊക്കെ അവര്‍ ചോദിച്ചുകൊണ്ടിരുന്നു.

ആരുടെയൊക്കെയോ പ്രാര്‍ഥന കൊണ്ടാണ് ഞങ്ങള്‍ അന്നു രക്ഷപ്പെട്ടത്. 'എനിക്കൊരു രണ്ടാം ജന്മം തന്നെ ആളാണെന്നൊക്കെ' ശോഭന ഇടയ്ക്കു കാണുമ്പോള്‍ ആ സംഭവം ഒാര്‍മിച്ചുപറയാറുണ്ട്.

ശോഭനയ്ക്കൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രം കാണാമറയത്ത് ആയിരുന്നു. അന്ന് എന്നെ പോലെ തന്നെ ഒരു പുതുമുഖ താരമായിരുന്നു ശോഭനയും. കാണാമറയത്ത് ശോഭനയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു എന്നാണ് ഒാര്‍മ. കോണ്‍വന്റ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ യാദൃശ്ചികമായി സിനിമയിലെത്തിയ എന്നെ പോലെ തന്നെ കോണ്‍വന്റ് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ശോഭനയും സിനിമയിലേക്ക് വന്നത്. മലയാളവും ഇംഗീഷും കൂട്ടിക്കലര്‍ത്തിയുള്ള സംഭാഷണമായിരുന്നു എന്റേത്. തമിഴും ഇംഗീഷും ചേര്‍ത്ത് ശോഭനയും. ഒരു സൌഹൃദം പെട്ടെന്നു തന്നെ ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു.

എന്നെപ്പോലെ തന്നെ ശോഭനയ്ക്കും കാണാമറയത്ത് ബ്രേക്കായി. 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്നോ' എന്ന ഹിറ്റ് ഗാനരംഗത്താണ് ഞാനും ശോഭനയും ആദ്യമായി ഒന്നിച്ചു ചുവടുവച്ചത്. അത്തരമൊരു ഫാസ്റ്റ് നമ്പര്‍ മലയാളത്തിന് അന്നൊരു പുതുമയായിരുന്നു.

ഭരതേട്ടന്റെ 'ഇത്തിരപ്പൂവേ ചുവന്ന പൂവേ'യിലും ഇതേസമയത്തു തന്നെയാണ് ഞാന്‍ അഭിനയിച്ചത്. ആ ചിത്രത്തിലും ശോഭനയുണ്ടായിരുന്നു. ആ ഒരു വര്‍ഷത്തിനിടയ്ക്ക് ശോഭനയും ഞാനും നാലോ അഞ്ചോ ചിത്രങ്ങളില്‍ കൂടി ഒന്നിച്ച് അഭിനയിച്ചു. സാജന്റെ 'ഉപഹാരം' 'തമ്മില്‍ തമ്മില്‍', പി.ജി. വിശ്വംഭരന്റെ ' ഈ തണലില്‍ ഇത്തിരിനേരം', ജേസിയുടെ 'ഈറന്‍ സന്ധ്യ' തുടങ്ങിയവയൊക്കെ ഞങ്ങള്‍ ഒന്നിച്ച ആദ്യകാല ചിത്രങ്ങളായിരുന്നു.

ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു തമാശകള്‍ പറയും. ചിലപ്പോള്‍ സെറ്റിലെ ഭക്ഷണത്തില്‍ നിന്നൊരു മോചനം തേടി ആരോടും പറയാതെ കാറെടുത്ത് ഏതെങ്കിലും റെസ്റ്ററന്റുകളില്‍ പോയി ഭക്ഷണം കഴിക്കും. അന്ന് അതൊക്കെ ഒരു രസമായിരുന്നു.

നടനും നടിയും സെറ്റില്‍ നിന്ന് ആരോടും പറയാതെ മുങ്ങിയാല്‍ എന്തൊക്കെ കഥകളാവും പ്രചരിക്കുക എന്നു മനസിലാക്കാനുള്ള പക്വത ഞങ്ങള്‍ക്ക് അന്നായിട്ടില്ല. പരദൂഷണക്കാരും അസൂയക്കാരും പതിവുപോലെ കഥകള്‍ മെനഞ്ഞു. പക്ഷേ, ഞങ്ങളതൊന്നും കാര്യമാക്കിയില്ല. 'പറയുന്നവര്‍ പറയട്ടെ' എന്നു കരുതി.

ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ശക്തമായതേയുള്ളു. ശോഭനയുടെ അച്ഛനും അമ്മയും എന്നെ സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നത്. ശോഭനയുടെ അമ്മ എന്നെ എപ്പോഴും
സ്നേഹപൂര്‍വം ഉപദേശിക്കുമായിരുന്നു. എന്റെ അമ്മയുടെ സ്ഥാനമായിരുന്നു ഞാനവര്‍ക്ക് കൊടുത്തിരുന്നത്.
സിനിമയില്‍ ദീര്‍ഘകാലം നില്‍ക്കുന്ന സൌഹൃദങ്ങള്‍ കുറവാണ്. തമിഴിലും തെലുങ്കിലുമൊക്കെ തിരിക്കായതോടെ ഞങ്ങള്‍ രണ്ടു വഴിക്കായതോടെ യി. പിന്നെ ഏതെങ്കിലും പൊതുവേദികളിലോ ചടങ്ങുകളിലോ വച്ച് കണ്ടാലായി. ശോഭനയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ പോയിരുന്നു. സംസ്കാരചടങ്ങുകളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ ചെന്നത്. അതുവരെയും കരയാതെ പിടിച്ചുനിന്ന അവള്‍ എന്നെക്കണ്ടപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു.

പക്വത വന്ന താരങ്ങളായ ശേഷം ഞങ്ങളൊന്നിച്ച് ശശിയേട്ടന്റെ 'പദവി' എന്നൊരു സിനിമ ചെയ്തിരുന്നു. ഗോവയില്‍ വച്ച് കൂറെ സീനുകളെടുത്ത ശേഷം എന്തൊക്കെയോ പ്രശ്നങ്ങളാല്‍ അതു മുടങ്ങിപ്പോയി.

അഭിനയത്തിന്റെ പുതിയ സ്കൂള്‍

ഞാന്‍ അഭിനയിച്ച പഴയ സിനിമകള്‍ വീണ്ടും കാണുമ്പൊഴൊക്കെ ഞാന്‍ അഭിനയിച്ച രീതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചില സീനുകള്‍ മറ്റൊരു വിധത്തില്‍ ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നാവുമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഇത് എനിക്കുമാത്രം തോന്നുന്ന കാര്യമല്ല. എല്ലാ നടീനടന്‍മാര്‍ക്കും ഇത്തരം ചിന്തകളുണ്ടാവും.

കല ഫുള്‍സ്റോപ്പില്ലാത്ത വാക്യം പോലെയാണ്. അത് ഒരിക്കലും അവസാനിക്കുന്നില്ല. നാടകത്തില്‍ അടുത്ത സ്റേജില്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. പക്ഷേ സിനിമയില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെടുത്തണമായിരുന്നു വെന്ന ചിന്ത എപ്പോഴും വന്നുകൊണ്ടിരിക്കും. നൂറു ശതമാനം തൃപ്തി എപ്പോഴും ലഭിക്കില്ല എന്നതാണ് സത്യം.

പക്ഷേ അപൂര്‍വ്വം അവസരങ്ങളില്‍ നൂറുശതമാനം തൃപ്തി നല്കുന്ന ചിത്രങ്ങളുണ്ടാവും. അങ്ങനെയൊരു സിനിമയായിരുന്നു 'റാം'. ഒരിടവേളക്ക് ശേഷം ഞാന്‍ തമിഴില്‍ സജീവമായ ചിത്രം. അമീറായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. തമിഴിലെ പ്രതിഭാധനരായ സംവിധായകരില്‍ ഒരാളാണ് അമീര്‍. റാം അമിറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സിനിമയെ ഏറെ സ്നേഹിക്കുകയും, പുതിയൊരു കണ്ണിലൂടെ നിരീക്ഷിച്ച് മറ്റാരും നടത്താത്ത പരീക്ഷണങ്ങളിലൂടെ സിനിമയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് അമീര്‍. മലയാള സിനിമയില്‍ ഒരു ദിവസം കൊണ്ട് രണ്േടാ മൂന്നോ സീനുകള്‍ ഷൂട്ട് ചെയ്യും. ഏറ്റവും കുറഞ്ഞത് ഒരു സീനെങ്കിലും എടുക്കാതിരിക്കില്ല. പക്ഷേ അമീര്‍ ഈ കാര്യത്തില്‍ നേരെ വിപരീത സ്വഭാവക്കാരനാണ്. മൂന്നോ നാലോ ദിവസം കൊണ്ടായിരിക്കും ഒരു സീന്‍ പൂര്‍ത്തിയാക്കുക.

സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുമല്ലോ. രണ്േടാ മൂന്നോ തവണ ടേക്ക് ആവര്‍ത്തിക്കുമ്പോള്‍ ഞാനും അസ്വസ്ഥനാകും. എനിക്കൊപ്പം മലയാളി നടന്‍ മുരളിയും ഈ ചിത്രത്തിലുണ്ടായിരുന്നു. ഒറ്റടേക്കില്‍ ഏതു സീനും ഓക്കെയാക്കുന്ന മികച്ച നടനാണദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ സീനുകള്‍ വരെ പല തവണ എടുത്തു. പത്മരാജനും, ഭരതനും പോലെയുള്ളവര്‍ പോലും കാണിക്കാത്ത വിധത്തില്‍ ഒരു ടേക്ക് തന്നെ അഞ്ചും ആറും തവണ എടുക്കുന്നത് എന്തിനാണെന്ന് എനിക്കും തോന്നി. സിനിമയുടെ പഴയ സ്കൂളില്‍ പഠിച്ചു വളര്‍ന്ന എനിക്ക് തമിഴിലെ ഈ പുതിയ സ്കൂള്‍ രീതിയോട് യോജിപ്പ് തോന്നാതിരുന്നത് സ്വാഭാവികം.

റാമില്‍ എന്റെ ഒരു സീന്‍ പതിനഞ്ച് തവണ എടുത്താണ് അമീര്‍ ഓക്കെ പറഞ്ഞത്. ഡയലോഗ് പറഞ്ഞ ശേഷം എന്റെയൊരു നോട്ടം അത് മാത്രമാണ് ശരിയാവാതിരുന്നത്. ഓരോ തവണ ചെയ്യുമ്പോഴും തന്റെ മനസിലുള്ളത് വന്നിട്ടില്ലെന്ന് വളരെ വിനിയത്തോടെ അമീര്‍ പറയും. വീണ്ടും ടേക്ക് എടുക്കും. അങ്ങനെ ആ സീന്‍ പതിനഞ്ചു തവണ ഷൂട്ട് ചെയ്തു.

പിന്നീട് റാം കണ്ടപ്പോള്‍ ആ സിനില്‍ അമീറിന് എന്നില്‍ നിന്നും എന്താണ് ലഭിക്കേണ്ടിയിരുന്നതെന്ന് മനസിലായി. ആ യുവ സംവിധായകനോട് എനിക്ക് വളരെ ബഹുമാനം തോന്നിയ സീനായിരുന്നു അത്. ഓരോ സീനിലെയും വളരെ ചെറിയ കാര്യങ്ങള്‍വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു ഷോട്ടില്‍ ചുവരില്‍ ഒരു ക്ളോക്ക് ഉണ്െടങ്കില്‍ അതിന്റെ സെക്കന്റ് സൂചി തിരിയുന്നതു വരെ സൂക്ഷമായി നിരീക്ഷിച്ച് അതിനനുസരിച്ച് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. നമ്മുടെ ടാലന്റ് പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ് അമീറിനെപ്പോലെയുള്ള സംവിധായകര്‍ ശ്രദ്ധിച്ചിരുന്നത്. അതിന്റെ ഗുണം സിനിമയില്‍ കാണുകയും ചെയ്തു. ശരിക്കും നൂറു ശതമാനം തൃപ്തി നല്കിയ ചിത്രമായിരുന്നു എനിക്കിത്.

ഇങ്ങനെ സൂക്ഷമമായി നീരീക്ഷിച്ച് സിനിമയെടുക്കുമ്പോള്‍ ദിവസങ്ങള്‍ നീണ്ടുപോകും. റാമിനുവേണ്ടി ഇരുപതു ദിവസമായിരുന്നു ഞാന്‍ കൊടുത്തത്. പക്ഷേ ഒടുവിലത് നാല്പത് ദിവസം വരെയായി. ഇനി എന്നെ വിളിക്കുമ്പോള്‍ കൃത്യമായി ദിവസം പറയേണ്ട എന്നു തന്നെ ഞാന്‍ അമീറിനോട് പറഞ്ഞു. എത്ര ദിവസമായാലും ഞാന്‍ റെഡി. കാരണം അമീര്‍ അത് അര്‍ഹിക്കുന്നു. സിനിമ എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുന്നതിലല്ല, മറിച്ച് അത് ഏറ്റവും മനോഹരമായി പൂര്‍ത്തീയാക്കുന്നതിലാണ് കാര്യം. അത് അമീറിന് നന്നായി അറിയാം. തമിഴ് സിനിമയുടെ എല്ലാ മുന്‍വിധികളും മാറ്റി മറിച്ച ചിത്രമായിരുന്നു അമീര്‍ പിന്നീട് ഒരുക്കിയ പരുത്തിവീരന്‍. ബര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ആ ചിത്രത്തിന് ലഭിച്ചു. തമിഴ് സിനിമയെക്കുറിച്ച് പുറം ലോകത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് അമീര്‍ തിരുത്തി.

അവതരണത്തില്‍ മാത്രമല്ല, പ്രമേയത്തിലും പുതുമ കൊണ്ടുവന്നു എന്നതായിരുന്നു പരുത്തി വീരന്റെ വിജയം. ജനങ്ങളുടെ പിന്തുണയും നിരൂപകരുടെ അംഗീകരാവും ഒരു പോലെ ലഭിക്കുമ്പോള്‍ മാത്രമേ ഒരു ചിത്രം മഹത്തരമാകുകയുളളു.

റാം എന്ന ചിത്രത്തില്‍ ഞാന്‍ തന്നെയാണ് എന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അമീറിന് അതു നിര്‍ബന്ധമായിരുന്നു. ഒരു അഭിനേതാവ് അയാളുടെ ശബ്ദത്തില്‍ സംസാരിക്കുമ്പോള്‍ മാത്രമേ അഭിനയം പൂര്‍ണ്ണാകുകയുള്ളു. മറ്റൊരാള്‍ നമുക്ക് വേണ്ടി ശബ്ദം നല്കുമ്പോള്‍ അഭിയനത്തിന്റെ നേര്‍ പകുതി നഷ്ടമാകുന്നു. എന്റെ ആദ്യചിത്രമായ കൂടെവിടെയില്‍ ഞാന്‍ തന്നെയാണ് ശബ്ദം നല്കിയത്. അന്നത്തെ എന്റെ മലയാളത്തിന് ഇംഗ്ളീഷ് ചുവയുണ്ടായിരുന്നു. കൂടെവിടെയിലെ കഥാപാത്രത്തിന് അത് യോജിക്കുന്നതായിരുന്നു. അങ്ങനെ പപ്പേട്ടന്റ ആവശ്യപ്രകാരം ഞാന്‍ ഡബ്ബ് ചെയ്തതാണ്. എന്നാല്‍ പിന്നീട് പല മലയാള ചിത്രങ്ങളിലും സ്വന്തം ശബ്ദം നല്കി അഭിനയിക്കാന്‍ എനിക്ക് കഴിയാതെ പോയി അന്നൊക്കെ ഒന്നിനു പിറകെ ഒന്നായി സിനിമയില്‍ അഭിനയിക്കുക ഏന്നതല്ലാതെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതിലൊന്നും ഞാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഞാന്‍ പോലുമറിയാതെ തന്നെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരുടെ ശബ്ദം അങ്ങനെയാണ് വന്നത്. ഇത്ര ഘനഗംഭീരമായ ശബ്ദമുണ്ടായിട്ടും എന്തുകൊണ്ട് മറ്റുള്ളവരെ ക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ ഒരു ഉത്തരം പറയാന്‍ എനിക്കു സാധിക്കുന്നില്ല. അതങ്ങനെ സംഭവിച്ചു എന്നു മാത്രം പറയാം.

ഇപ്പോള്‍ എനിക്കു പറ്റിയ പാളിച്ചകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. സ്വന്തമായി ഡബ്ബ് ചെയ്യാന്‍ അങ്ങനെയാണ് ഞാന്‍ തീരുമാനിച്ചത്. എതിരി, റാം, ബില്ല തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. മലയാളത്തില്‍ രാജമാണിക്യമായിരുന്നു ഒരു ഇടവേളക്ക് ശേഷം ഞാന്‍ സ്വന്തമായി ഡബ്ബ് ചെയ്ത ചിത്രം. ഇനിയുള്ള ചിത്രങ്ങളിലും സ്വന്തമായി ഡബ്ബ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

പുതിയ തലമുറയുടെ സിനിമ

അടുത്തിടെ ഞാന്‍ അഭിനയിച്ച അജിത്ത് നായകനായ ബില്ല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂര്‍ണമായും മലേഷ്യയിലായിരുന്നു. ഒരു മാസത്തോളം അജിത്തും, നയന്‍താരയും പ്രഭുവും അടങ്ങുന്ന വന്‍താരനിര എനിക്കൊപ്പമുണ്ടായിരുന്നു. വിഷ്ണുവര്‍ധനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.
പുതിയ തലമുറയുടെ സിനിമ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് വിഷ്ണുവര്‍ധനന്‍. ഷൂട്ടിംഗ് സമയത്ത് നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന പല സംഭവങ്ങളും ബില്ലയുമായി ബന്ധപ്പെട്ട് ഓര്‍മ്മയിലുണ്ട്. പക്ഷേ ആ അസ്വസ്ഥകളെല്ലാം വെറുതെയായിരുന്നുവെന്ന് സിനിമ കണ്ടപ്പോള്‍ ബോധ്യമായി. നല്ലയൊരു തിരക്കഥ കിട്ടിയാല്‍ അല്പമെങ്കിലും സിനിമ സെന്‍സുള്ള ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സംവിധായകരുടെ രീതികള്‍ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകും. പക്ഷേ എങ്ങനെയാണ് സിനിമ പൂര്‍ണമായും ഒരു സംവിധായകന്റെയായി മാറുന്നത് എന്നു പ്രതിഭാശാലികളായ ചില സംവിധായകര്‍ നമ്മെ പഠിപ്പിക്കും. ഇത്തരത്തിലുള്ള പുതുതലമുറയിലെ സംവിധായകരില്‍ ഒരാളാണ് വിഷ്ണുവര്‍ധനന്‍.
ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് നിസാര കാര്യമല്ല. പക്ഷേ ഇത്രയും വര്‍ഷം പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടം കണ്ടിട്ടില്ലാത്ത ചില രീതികള്‍ വിഷ്ണുവര്‍ധനന്റെ സെറ്റില്‍ കണ്ടു.
എണ്‍പതുകളില്‍ ദക്ഷിണേഷ്യന്‍ സിനിമകളായിരുന്നു ഹിന്ദി ചിത്രങ്ങളേക്കാള്‍ കലാപരമായും സാങ്കേതിക പരമായും മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് ഈ സ്ഥാനം ഹിന്ദി സിനിമകള്‍ക്ക് സ്വന്തമായി. ഹിന്ദി സിനിമകളിലെ ഓരോ താരങ്ങളുടെയും വേഷങ്ങള്‍ക്കും അവരുടെ മേക്കപ്പിനും വരെ ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇതിനു javascript:void(0)കാരണമായി പലരും പറയുന്നത് ചിത്രത്തിന്റെ ബജറ്റ് ആണ്. ബോളിവുഡില്‍ ചിലവഴിക്കുന്ന പണം മലയാളത്തില്‍ പറ്റില്ലല്ലോ. പക്ഷേ പണത്തില്‍ മാത്രമല്ല കാര്യം. ഉള്ള ബജറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. ചില സെറ്റുകളില്‍ മുഴുവന്‍ ആര്‍ഭാടമാണ്. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍, വിഭവസമൃദ്ധമായ ഭക്ഷണം തുടങ്ങിയവയെല്ലാം കേമമായിരിക്കും. പക്ഷേ ടേക്കിംങ്ങ്സിന്റെ കാര്യത്തില്‍ ആ പണക്കൊഴുപ്പ് കാണില്ല.
ബില്ല ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനു ചെലവഴിക്കുന്ന തുകയുടെ എത്രയോ ഇരട്ടിയാണ് അതിന്റെ ബജറ്റ്. പക്ഷേ പണം ശരിയായ കാര്യത്തിന് ഉപയോഗിക്കുക എന്നതിന്റെ ഉദാഹരണം കൂടിയായിരുന്ന ആ ചിത്രം. ബില്ല പുറത്തിറങ്ങിയതിനു ശേഷം എനിക്കു വന്ന ഫോണ്‍കോളുകള്‍ക്കും, ഇ മെയിലുകള്‍ക്കും കണക്കില്ല. എന്റെ സിനിമയിലെ പ്രകടനത്തിനൊപ്പം എനിക്കു കിട്ടയ ഒരു പ്രശംസ എന്റെ കോസ്റ്യൂമിനായിരുന്നു. ഇത്രയും വര്‍ഷത്തിനിടക്ക് എന്റെ ചിത്രം കണ്ടിട്ട് എന്റെ ഡ്രസ് നന്നായി എന്നു പറഞ്ഞ് ഇത്രയധികം കോളുകള്‍ എനിക്ക് വന്നിട്ടില്ല. ഒരു പെര്‍ഫക്ഷന്‍ ഉണ്ടായിരുന്നു സിനിമയില്‍ ഞാനിട്ട കോട്ടിനും സ്യൂട്ടിനുമെല്ലാം. കഥയോടു ചേര്‍ന്നു നില്ക്കുന്ന വേഷമാവണം എന്ന കാര്യത്തില്‍ വിഷ്ണുവര്‍ധനന്‍ പ്രത്യേകം നിര്‍ബന്ധം വെച്ചതുകൊണ്ടാണ് അതു നന്നായത്.
കൃത്യമായ പ്ളാനിങ്, കൂട്ടായ ചര്‍ച്ച, വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇതൊക്കെ വിഷ്ണു വര്‍ധനന്റെ പ്രത്യേകതയാണെന്ന് എനിക്കു തോന്നുന്നു. ഒരു ഷോട്ടിലെ ഡയലോഗ് പത്തു തവണയെങ്കിലും വിവിധ ആംഗിളുകളില്‍ വിഷ്ണു ഷൂട്ട് ചെയ്യും. ആദ്യ ദിവസങ്ങളില്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്നെയും പ്രഭുവിനെയും പോലെ വര്‍ഷങ്ങളായി സിനിമാരംഗത്തുള്ളവര്‍ക്ക് ഇത് എന്തിനാണെന്ന് എന്ന് അത്ഭുതം തോന്നി. ഒരു തവണ ഒകെയായി എടുത്തതല്ലേ. വീണ്ടും എടുക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പക്ഷേ ഏതാണ് എല്ലാ സീനുകളും ഇങ്ങനെ പല തവണ ഷൂട്ട് ചെയ്ത ശേഷമാണ് വിഷ്ണുവര്‍ധനന്‍ ബില്ല രൂപപ്പെടുത്തിയത്. ഒടുവില്‍ ചിത്രം കണ്ടപ്പോള്‍ ഓരോ ഷോട്ടുകളുടെയും അവതരണം എന്നെ അത്ഭുതപ്പെടുത്തി.
ഒരു സ്ഥലത്ത് ഷൂട്ടിംഗ് നടത്തണമെങ്കില്‍ തലേന്നു തന്നെ വിഷ്ണുവും സംഘവും അവിടെയെത്തും. ആ ടീമില്‍ കലാസംവിധായകനും, കാമറമാനും, അസോസിയേറ്റ് ഡയറക്ടര്‍മാരും, സ്റില്‍ ഫോട്ടോഗ്രാഫറും എല്ലാമുണ്ടാവും. ഓരോ ഷോട്ടും എങ്ങനെയായിരിക്കണമെന്നും അതിന്റെ ഫ്രെയിം എങ്ങനെയായിരിക്കണമെന്നും താരങ്ങള്‍ എന്തു നിറമുള്ള വേഷം ധരിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും കൂട്ടായി ചര്‍ച്ച ചെയ്താണ് അവര്‍ തീരുമാനിക്കുന്നത്.
നന്നായി ഹോംവര്‍ക്ക് നടക്കുമ്പോള്‍ സിനിമ കൂടുതല്‍ നന്നാവും. തമിഴ് സിനിമയിലെ പുതുനിര സംവിധായകര്‍ യുവത്വത്തിന്റെ പ്രതീകമാണ്. അവര്‍ സിനിമയെ പുതിയൊരു തലത്തിലേക്ക് മാറ്റിമറിക്കുന്നു.
അത്തരത്തിലുള്ള ഒരാളാണ് റാം എന്ന എന്റെ തമിഴ് ചിത്രത്തിന്റെ സംവിധാകനായ അമീര്‍. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ ഏറെ രാജ്യാന്തര അംഗീകാരം നേടിയെടുത്ത അമീറിലും ഈ അര്‍പ്പണബോധവും സാമര്‍ഥ്യവുമുണ്ട്. ഇതുവരെ ഒരു സിനിമാസെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു അമീറിന്റെ സെറ്റിലും.

മമ്മൂട്ടി എന്ന മഹാനടന്‍

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. 'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മുക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു.
ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.
നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച 'അങ്ങാടി'യായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.
സ്കൂളില്‍ നാടകങ്ങളിലൊക്കെ ഞാന്‍ വേഷമിട്ടിട്ടുണ്ട്. മറ്റ് കലാപരിചയമൊന്നുമില്ല. എന്റെ ഡാഡിയുടെ പേര് അബ്ദുല്‍ റഹ്മാന്‍ എന്നായിരുന്നു. അബുദാബിയില്‍ സിവിള്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. അബുദാബിയില്‍ ജോലി തേടി പോകും മുന്‍പു വരെ കോഴിക്കോടന്‍ നാടകവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 'ജ്ജ് നല്ല മനുസനാവാന്‍ നോക്ക്' എന്ന നാടകത്തില്‍ അദ്ദേഹം നായകനായിരുന്നു. കലാലോകവുമായുള്ള എന്റെ ആകെയുള്ള ബന്ധവും ഡാഡിയുടെ ഈ നാടകപാരമ്പര്യമായിരുന്നു.
'കൂടെവിടെ'യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. 'ഇതാണോ പയ്യന്‍?' എന്ന മട്ടില്‍.
മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷന്‍ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. 'ടോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.
ആദ്യ ചിത്രത്തിന്റെ സെറ്റില്‍വച്ച് അത്രയൊന്നും അടുപ്പം ഞങ്ങള്‍തമ്മില്‍ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ വന്നു.
സാജന്റെ 'തമ്മില്‍ തമ്മില്‍', ശശികുമാറിന്റെ 'എന്റെ കാണാക്കുയില്‍', സാജന്റെ തന്നെ 'എന്നു നാഥന്റെ നിമ്മി', കൊച്ചിന്‍ ഹനീഫയുടെ 'ആണ്‍കിളിയുടെ താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തെക്കാള്‍ ചെറിയ വേഷങ്ങളില്‍ ഒരു മടിയും കൂടാതെ മമ്മുക്ക അഭിനയിച്ചു.
തമിഴില്‍ തിരക്കായ ശേഷം മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഐ.വി. ശശിയുടെ 'മുക്തി', ജി.എസ്. വിജയന്റെ 'ചരിത്രം' തുടങ്ങിയ ചിത്രങ്ങളില്‍ മമ്മുക്കയ്ക്കൊപ്പമായിരുന്നു അത്.
രഞ്ജിത്തിന്റെ 'ബ്ളാക്കി'ലൂടെ ഇപ്പോള്‍ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്ളാക്കില്‍ മമ്മുക്കയെ എതിര്‍ക്കുന്ന പൊലീസ് ഒാഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞുതന്നപ്പോള്‍ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മുക്ക തന്നെ.
എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; 'ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..' എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി.
'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. തിരിച്ചുവരവാണ്. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മുക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി.
തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു.
സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. 'നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മുക്കയുടെ മറുപടി.
പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ 'തിര്വന്തോരം' സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതുപോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു.
മമ്മൂക്ക കഴിഞ്ഞാല്‍ എന്റെ ജ്യേഷ്ഠനായി സിനിമകളില്‍ കൂടുതല്‍ തവണ അഭിനയിച്ചിട്ടുള്ള നടന്‍ ലാലേട്ടനാണ്. ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ഏഴോ എട്ടോ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവര്‍ രണ്ടു പേരെയും പലപ്പോഴും ഞാന്‍ താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ട്. എന്റെ അന്നത്തെ കണ്ടത്തലുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
Related Posts Plugin for WordPress, Blogger...