ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുതെന്നും പറയാറുണ്ട്. പക്ഷേ, ജീവിക്കുന്ന കാലത്ത് ആസ്വദിച്ചു തന്നെ ഭക്ഷണം കഴിക്കണം എന്ന ചിന്താഗതിക്കാരനാണു ഞാന്‍.
ആഹാരത്തിന്റെ കാര്യത്തില്‍ എനിക്കു ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. കഴിക്കുമ്പോള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കണം. വെറുതെ എന്തെങ്കിലും തിന്ന് വിശപ്പടക്കുന്നതില്‍ കാര്യമില്ല. ഭക്ഷണം വയറിന്റെ മാത്രമല്ല മനസിന്റെ കൂടി വിശപ്പടക്കുന്നതാവണം. വയറു നിറഞ്ഞു എന്നല്ല തൃപ്തിയായി എന്നാണ് ഭക്ഷണം കഴിച്ചുകഴിഞ്ഞു പറയേണ്ടത്.
സിനിമാസെറ്റുകളില്‍ മറ്റൊന്നിനും വേണ്ടി ഞാന്‍ വാശിപിടിക്കാറില്ല. മുന്തിയ ഇനം കാറോ വിലകൂടിയ ഹോട്ടല്‍മുറികളോ വേണമെന്നില്ല. പക്ഷേ, വിശപ്പടക്കാന്‍ കിട്ടുന്ന ഭക്ഷണം രുചിയുള്ളതായിരിക്കണമെന്ന് എനിക്ക് ആ•ഹമുണ്ട്.
സിനിമയിലെ എന്റെ പല സൌഹൃദങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കെ.പി. ഉമ്മര്‍ക്ക എനിക്കു വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു എത്തിക്കുമായിരുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കലും നാവില്‍ നിന്നു പോകില്ല. ശിവാജി ഗണേശന്‍ സാര്‍ നിര്‍ബന്ധപൂര്‍വം കഴിപ്പിച്ച ബിരിയാണിയുടെ രുചിയും ഇപ്പോഴും നാവിലുണ്ട്.
മലയാളത്തില്‍ സജീവമായിരുന്ന കാലത്ത്, കോഴിക്കോട് പോലുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിനു പോകുമ്പോള്‍ നാട്ടുകാര്‍ നല്ല ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നു സമ്മാനിക്കുമായിരുന്നു. ഒരേ ദിവസം തന്നെ പലര്‍ ഭക്ഷണവുമായി വന്നിട്ടുണ്ട്. എല്ലാവരുടെയും പൊതിയില്‍ നിന്ന് അല്‍പാല്‍പം എടുത്തു കഴിക്കും. ആ ബിരിയാണിയില്‍ ഇറച്ചിയെക്കാളും മസാലകളെക്കാളും കൂടുതല്‍ ചേര്‍ത്തിരിക്കുന്നത് സ്നേഹമായിരിക്കും. അപ്പോള്‍ അതിനു രുചി കൂടും.
മലയാള സിനിമയിലെ എന്റെ ആദ്യകാലനായികമാരായ ശോഭന, രോഹിണി, നദിയാ മൊയ്തു തുടങ്ങിയവരുമായുള്ള സൌഹൃദത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നല്ലോ. ശോഭനയ്ക്കും നദിയയ്ക്കുമൊപ്പം ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് നല്ല ഭക്ഷണം തേടി കറങ്ങാന്‍ പോകുമായിരുന്ന കഥയും ഞാന്‍ പറഞ്ഞു. പക്ഷേ, തമിഴില്‍ നിന്നെനിക്കു കിട്ടിയ കൂട്ടുകാരിയായിരുന്നു ഭക്ഷണക്കാര്യത്തില്‍ ശരിക്കും എന്റെ ജോഡി - അമല.
എന്റെ ഏറ്റവും അടുത്ത സിനിമാസുഹൃത്തുക്കളിലൊരാളായിരുന്നു അമല. ഭക്ഷണം തന്നെയായിരുന്നു ഞങ്ങളുടെ സൌഹൃദത്തെ രൂപപ്പെടുത്തിയെടുത്തതിലെ പ്രധാന ഘടകം.
എന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിലെ നായികയായിരുന്നു അമല. ശക്തി, കണ്ണന്‍ എന്നീ രണ്ടു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'കണ്ണേ കണ്ണേമുതേ' ആയിരുന്നു അമലയ്ക്കൊപ്പം ഞാനഭിനയിച്ച ആ ചിത്രം. അമലയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു അത്.
'കണ്ണേ കണ്ണേമുതേ'യുടെ സെറ്റില്‍വച്ചാണ് ഞാന്‍ ആദ്യമായി അമലയെ പരിചയപ്പെടുന്നത്. അമലയുടെ യഥാര്‍ഥ പേര് അമല മുഖര്‍ജി എന്നായിരുന്നു. ബംഗാളിയായിരുന്നു അച്ഛന്‍. അമ്മ ഐറിഷ്കാരിയും. ജനിച്ചതു ബംഗാളിലാണെങ്കിലും അവള്‍ വളര്‍ന്നത്, മദിരാശിയിലായിരുന്നു. അവിടെ കലാക്ഷേത്രയില്‍ ഭരതനാട്യ പഠനവും അധ്യാപനവുമൊക്കെയായി കഴിയുന്ന സമയത്താണ് അമല സിനിമയിലേക്ക് എത്തുന്നത്. ടി. രാജേന്ദ്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവച്ച അമലയ്ക്ക് ആദ്യ ചിത്രം തന്നെ ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഭക്ഷണത്തോടുള്ള എന്റെ പ്രിയമായിരുന്നു ആ ബന്ധത്തെ വളരെ വേഗം വളര്‍ത്തിയതെന്നു പറയാം. ഞങ്ങളുടെ സൌഹൃദം മെല്ലെ അകന്നുപോയതും ഭക്ഷണത്തിന്റെ പേരിലായിരുന്നു. അതും പറയാം.
ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് അമലയെയും കൂട്ടി മദിരാശിയിലെ മുന്തിയ റെസ്റ്ററന്റുകളിലേക്ക് പോകുക എന്റെ പതിവായിരുന്നു. എവിടെ പുതിയ ഹോട്ടല്‍ തുടങ്ങിയെന്നു കേട്ടാലും ഞങ്ങള്‍ അവിടെയെത്തും. മട്ടണും ചിക്കണുമൊക്കെയായി കുശാലായി കഴിക്കും. ഹോട്ടലിന്റെ ഭക്ഷണത്തെപ്പറ്റി ഒരു വ്യക്തമായ ധാരണയിലെത്തിയിട്ടാവും അവിടെനിന്ന് ഇറങ്ങുക.
'കണ്ണേ കണ്ണേമുതേ' വന്‍ വിജയം നേടി. റഹ്മാന്‍-അമല ജോഡിക്ക് തമിഴ് സിനിമാമാധ്യമങ്ങളുടെ പ്രശംസയും ഏറെ കിട്ടി. പക്ഷേ, എന്തുകൊണ്ടോ പിന്നീട് ഒരു ചിത്രത്തില്‍ കൂടി ഒന്നിച്ച് അഭിനയിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. രജനീകാന്തിനെയും കമലാഹാസന്റെയുമൊക്കെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുതുടങ്ങിയതോടെ അമല തമിഴിലെ ഒന്നാംനിര നടിയായി വളര്‍ന്നു. പുഷ്പകവിമാനം, അഗ്നിനക്ഷത്രം, ശിവ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അവള്‍ കാഴ്ചവച്ചത്. എങ്കിലും ഇടയ്ക്കൊക്കെ ഞങ്ങള്‍ ഫാസ്റ്റ്ഫുഡ് സെന്ററുകള്‍ തേടി ഒന്നിച്ച് പോയിരുന്നു. ഒരേ തരത്തിലുള്ള ചിന്ത, ഒരേ കാഴ്ചപ്പാട്. ഞങ്ങള്‍ വളര്‍ന്ന രീതികളും ഏതാണ്ട് സമാനം. സിനിമയിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറയുമായിരുന്നു.
വെറുമൊരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ഞങ്ങളുടെ ബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു. അമലയെ റഹ്മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു വരെ വാര്‍ത്തകള്‍ പടര്‍ന്നു. പലരും ഇതേപ്പറ്റി എന്നോടു ചോദിച്ചുതുടങ്ങി. ഗോസിപ്പു കോളങ്ങളില്‍ ഞങ്ങളുടെ കഥകള്‍ തുടര്‍ച്ചയായി എഴുതപ്പെട്ടു.
ആയിടയ്ക്കാണ് അമല ശുദ്ധ സസ്യാഹാരത്തിലേക്ക് മാറുന്നത്. 'അനിമല്‍ ലൌവേഴ്സ്' പ്രസ്ഥാനക്കാര്‍ക്കൊപ്പം ചേര്‍ന്നതോടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം അവള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. എന്നെയും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് കൊണ്ടുവരാന്‍ അവള്‍ ആവുന്നതു ശ്രമിച്ചു. പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല !
അമല സസ്യാഹാര പ്രിയ ആയതോടെ ഭക്ഷണം കഴിക്കാന്‍ ഒന്നിച്ചുള്ള കറക്കം കുറഞ്ഞു. പിന്നെ അത് പൂര്‍ണമായി ഇല്ലാതെയായി. അമലയും ഞാനും തിരക്കുകളുടെ ലോകത്തായി. കൂടിക്കാഴ്ചകള്‍ കുറഞ്ഞു. അങ്ങനെ ആ സൌഹൃദം മെല്ലെ മെല്ലെ തണുത്തു.
അമല മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ഫാസിലിന്റെ 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തില്‍ ഞാന്‍ നായകനാകേണ്ടതായിരുന്നു. പക്ഷേ, തമിഴിലെ തിരക്കുകള്‍ മൂലം നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്കു ചെയ്യാന്‍ കഴിയാതെ പോയി. പിന്നീട് സുരേഷ് ഗോപിയാണ് ആ റോള്‍ അഭിനയിച്ചത്.
ഭക്ഷണക്കാര്യത്തിലുള്ള എന്റെ നിര്‍ബന്ധങ്ങളെല്ലാം എന്റെ ഭാര്യയ്ക്കും നല്ലതുപോലെ അറിയാം. പക്ഷേ, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ട അവസരങ്ങള്‍ വളരെ കുറച്ചേ ഉണ്ടാകാറുള്ളു. പലപ്പോഴും ഷൂട്ടിങ് സെറ്റുകളിലെ ഭക്ഷണമാവും. പണ്ടൊക്കെ സെറ്റില്‍ നിന്ന് നല്ല ഭക്ഷണം തേടി പുറത്തുപോയിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല ഭക്ഷണം എവിടെ നിന്നെങ്കിലും വരുത്തിക്കുകയാവും ചെയ്യുക.
ഷൂട്ടിങ് ഇല്ലാതെ വീട്ടിലിരിക്കുമ്പോഴും കൂടുതല്‍ സമയവും പുറത്തുനിന്നുഭക്ഷണം കഴിക്കേണ്ടി വരും. അതിഥികള്‍ ഏറെയുണ്ടാവും എപ്പോഴും. പഴയ സുഹൃത്തുക്കളോ വിദേശത്തുവച്ചു പരിചയപ്പെട്ടവരോ ഒക്കെയായി. അപ്പോള്‍ പിന്നെ അവരുമായി ഏതെങ്കിലും നല്ല ഹോട്ടലിലേക്ക് പോകും. അതിഥികള്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടതു നമ്മുടെ കടമയാണല്ലോ. അവരുടെ അതിഥിയായി നമ്മള്‍ ചെന്നപ്പോള്‍ നമുക്കു കിട്ടിയതിനെക്കാള്‍ നല്ലത് തന്നെ അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടേ?
No comments:
Post a Comment