സാജന്റെ 'തമ്മില്‍ തമ്മില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. കോവളത്തുവച്ച് ഞാനും ശോഭനയും കൂടിയുള്ള ഒരു ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകന് സാജന്. അക്കാലത്ത് ഗാനരംഗങ്ങളില്‍ ബീച്ച് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഷൂട്ടിങ് കാണാന്‍ വലിയൊരു ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുന്നു.
ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഞാന്‍ നോക്കുമ്പോള്‍ തീരത്തുനിന്ന് അല്പം അകലെയായുള്ള വലിയ പാറക്കൂട്ടങ്ങളിലേക്ക് തിരമാലകള്‍ പതിക്കുന്നു. അവിടെ വച്ച് ഒരു ഷോട്ട് എടുത്താല്‍ നല്ല ഭംഗിയായിരിക്കും. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ പശ്ചാത്തലമാക്കിയാല്‍ നല്ല രസമുണ്ടാവുമെന്ന് എനിക്കു തോന്നി. ഞാന്‍ സംവിധായകന് സാജന്റെ അടുത്തു ചെന്ന് അവിടെ വച്ച് ഒന്നു രണ്ട് ഷോട്ടുകളെടുക്കാമെന്നൊരു നിര്‍ദേശം വച്ചു.
''സംഭവം കൊള്ളാം. പക്ഷേ, റിസ്കാണ്.'' സാജന് പറഞ്ഞു.
''എന്ത് റിസ്ക്?. നമ്മുക്ക് എടുക്കാമെന്നെ''- ഞാന്‍ നിര്‍ബന്ധിച്ചു.
അങ്ങനെ ആ പാറക്കെട്ടുകള്‍ക്കു മുകളിലേക്ക് ഞാനും ശോഭനയും നീങ്ങി. ക്യാമറയും സംവിധായകരും ഷൂട്ടിങ് കാണാനെത്തിയവരും അകലെ മാറി ഒരു കുന്നിന്റെ മുകളില്‍.
''നിനക്കു വേറെ പണിയൊന്നുമില്ലേ. തീരത്ത് എവിടെയെങ്കിലും വച്ച് എടുത്താല്‍ പോരേ' എന്നൊക്കെ പറഞ്ഞുകൊണ്ട് മനസില്ലാമനസോടെ ശോഭന എന്റെ കൂടെ വന്നു.
ആദ്യ രണ്ടു ടേക്കുകള്‍ ശരിയായില്ല. മൂന്നാമത്തെ ടേക്ക് എടുക്കാന്‍ സാജന് 'ആക്ഷന്‍' പറഞ്ഞതും ഒരു പടുകൂറ്റന്‍ തിര ഞങ്ങളെ പ്രഹരിച്ചു. ഞങ്ങള്‍ രണ്ടും തെന്നി താഴേക്കു വീണു.
തീരത്ത് നിന്ന് ജനങ്ങളുടെ നിലവിളി കേള്‍ക്കാം. വേച്ചുവേച്ചു ഞങ്ങള്‍ എഴുന്നേറ്റു. അപ്പോഴേക്കും അതിലും വലിയൊരു തിര. ആളുകള്‍ ബഹളം കൂട്ടി. തിരയേറ്റ് ബാലന്‍സ് തെറ്റി ശോഭന താഴേക്കു വീണു. തിരമാലകള്‍ വാരിയെടുക്കും മുന്‍പ് തന്നെ എനിക്കു ശോഭനയെ പിടികിട്ടി. ഒരു കൈ കൊണ്ട് ശോഭനയെ വരിഞ്ഞുമുറുക്കി. കൈയില്‍ അവളെ തൂക്കിയെടുത്ത് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ തീരത്തേക്ക് ഒരു വിധത്തിലെത്തി. പരിഭ്രാന്തരായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സംവിധായകനും കൂട്ടരും ഒാടിയെത്തി. പാറക്കൂട്ടങ്ങളില്‍ കയറെരുതെന്ന് പലഭാഷയിലെഴുതിയ ബോര്‍ഡ് അവിടെയുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ ഞങ്ങളോടു ചൂടായി. ''നിങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ?' എന്നൊക്കെ അവര്‍ ചോദിച്ചുകൊണ്ടിരുന്നു.
ആരുടെയൊക്കെയോ പ്രാര്‍ഥന കൊണ്ടാണ് ഞങ്ങള്‍ അന്നു രക്ഷപ്പെട്ടത്. 'എനിക്കൊരു രണ്ടാം ജന്മം തന്നെ ആളാണെന്നൊക്കെ' ശോഭന ഇടയ്ക്കു കാണുമ്പോള്‍ ആ സംഭവം ഒാര്‍മിച്ചുപറയാറുണ്ട്.
ശോഭനയ്ക്കൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രം കാണാമറയത്ത് ആയിരുന്നു. അന്ന് എന്നെ പോലെ തന്നെ ഒരു പുതുമുഖ താരമായിരുന്നു ശോഭനയും. കാണാമറയത്ത് ശോഭനയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു എന്നാണ് ഒാര്‍മ. കോണ്‍വന്റ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ യാദൃശ്ചികമായി സിനിമയിലെത്തിയ എന്നെ പോലെ തന്നെ കോണ്‍വന്റ് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ശോഭനയും സിനിമയിലേക്ക് വന്നത്. മലയാളവും ഇംഗീഷും കൂട്ടിക്കലര്‍ത്തിയുള്ള സംഭാഷണമായിരുന്നു എന്റേത്. തമിഴും ഇംഗീഷും ചേര്‍ത്ത് ശോഭനയും. ഒരു സൌഹൃദം പെട്ടെന്നു തന്നെ ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു.
എന്നെപ്പോലെ തന്നെ ശോഭനയ്ക്കും കാണാമറയത്ത് ബ്രേക്കായി. 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്നോ' എന്ന ഹിറ്റ് ഗാനരംഗത്താണ് ഞാനും ശോഭനയും ആദ്യമായി ഒന്നിച്ചു ചുവടുവച്ചത്. അത്തരമൊരു ഫാസ്റ്റ് നമ്പര്‍ മലയാളത്തിന് അന്നൊരു പുതുമയായിരുന്നു.
ഭരതേട്ടന്റെ 'ഇത്തിരപ്പൂവേ ചുവന്ന പൂവേ'യിലും ഇതേസമയത്തു തന്നെയാണ് ഞാന്‍ അഭിനയിച്ചത്. ആ ചിത്രത്തിലും ശോഭനയുണ്ടായിരുന്നു. ആ ഒരു വര്‍ഷത്തിനിടയ്ക്ക് ശോഭനയും ഞാനും നാലോ അഞ്ചോ ചിത്രങ്ങളില്‍ കൂടി ഒന്നിച്ച് അഭിനയിച്ചു. സാജന്റെ 'ഉപഹാരം' 'തമ്മില്‍ തമ്മില്‍', പി.ജി. വിശ്വംഭരന്റെ ' ഈ തണലില്‍ ഇത്തിരിനേരം', ജേസിയുടെ 'ഈറന്‍ സന്ധ്യ' തുടങ്ങിയവയൊക്കെ ഞങ്ങള്‍ ഒന്നിച്ച ആദ്യകാല ചിത്രങ്ങളായിരുന്നു.
ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു തമാശകള്‍ പറയും. ചിലപ്പോള്‍ സെറ്റിലെ ഭക്ഷണത്തില്‍ നിന്നൊരു മോചനം തേടി ആരോടും പറയാതെ കാറെടുത്ത് ഏതെങ്കിലും റെസ്റ്ററന്റുകളില്‍ പോയി ഭക്ഷണം കഴിക്കും. അന്ന് അതൊക്കെ ഒരു രസമായിരുന്നു.
നടനും നടിയും സെറ്റില്‍ നിന്ന് ആരോടും പറയാതെ മുങ്ങിയാല്‍ എന്തൊക്കെ കഥകളാവും പ്രചരിക്കുക എന്നു മനസിലാക്കാനുള്ള പക്വത ഞങ്ങള്‍ക്ക് അന്നായിട്ടില്ല. പരദൂഷണക്കാരും അസൂയക്കാരും പതിവുപോലെ കഥകള്‍ മെനഞ്ഞു. പക്ഷേ, ഞങ്ങളതൊന്നും കാര്യമാക്കിയില്ല. 'പറയുന്നവര്‍ പറയട്ടെ' എന്നു കരുതി.
ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ശക്തമായതേയുള്ളു. ശോഭനയുടെ അച്ഛനും അമ്മയും എന്നെ സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നത്. ശോഭനയുടെ അമ്മ എന്നെ എപ്പോഴും
സ്നേഹപൂര്‍വം ഉപദേശിക്കുമായിരുന്നു. എന്റെ അമ്മയുടെ സ്ഥാനമായിരുന്നു ഞാനവര്‍ക്ക് കൊടുത്തിരുന്നത്.
സിനിമയില്‍ ദീര്‍ഘകാലം നില്ക്കുന്ന സൌഹൃദങ്ങള്‍ കുറവാണ്. തമിഴിലും തെലുങ്കിലുമൊക്കെ തിരിക്കായതോടെ ഞങ്ങള്‍ രണ്ടു വഴിക്കായതോടെ യി. പിന്നെ ഏതെങ്കിലും പൊതുവേദികളിലോ ചടങ്ങുകളിലോ വച്ച് കണ്ടാലായി. ശോഭനയുടെ അച്ഛന് മരിച്ചപ്പോള്‍ ഞാന്‍ പോയിരുന്നു. സംസ്കാരചടങ്ങുകളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ ചെന്നത്. അതുവരെയും കരയാതെ പിടിച്ചുനിന്ന അവള് എന്നെക്കണ്ടപ്പോള്‍ അവള് പൊട്ടിക്കരഞ്ഞു.
പക്വത വന്ന താരങ്ങളായ ശേഷം ഞങ്ങളൊന്നിച്ച് ശശിയേട്ടന്റെ 'പദവി' എന്നൊരു സിനിമ ചെയ്തിരുന്നു. ഗോവയില്‍ വച്ച് കൂറെ സീനുകളെടുത്ത ശേഷം എന്തൊക്കെയോ പ്രശ്നങ്ങളാല്‍ അതു മുടങ്ങിപ്പോയി.
തുടരൂ
ReplyDelete