Sunday, January 11, 2009

ഭരതേട്ടനെ ഒാര്‍ക്കുമ്പോള്‍...

ബോണ്‍ ആക്ടര്‍ എന്നൊക്കെ പറയില്ലേ. എനിക്ക് അങ്ങനെ ജന്മനായുള്ള അഭിനയസിദ്ധിക്കളൊന്നുമില്ലെന്ന് എനിക്കു നന്നായി അറിയാം. ഞാന്‍ അഭിനയം പഠിക്കുകയായിരുന്നു. എന്റെ സംവിധായകരില്‍ നിന്ന്, മുതിര്‍ന്ന താരങ്ങളില്‍ നിന്ന്, എന്റെ സഹനടന്‍മാരില്‍ നിന്ന്...
എന്നെ ഒരു നടനാക്കി രൂപപ്പെടുത്തിയെടുത്തതില്‍ ഇവര്‍ക്കൊക്കെ വലിയ പങ്കുണ്ട്. അതില്‍തന്നെ പത്മരാജന്‍, ഭരതന്‍ എന്നീ പേരുകള്‍ മറക്കാനാവില്ല. പപ്പേട്ടനെപ്പോലെ തന്നെ എന്നെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചയാളാണു ഭരതേട്ടന്‍.
പല കാര്യങ്ങളിലും പപ്പേട്ടനും ഭരതേട്ടനും ഒരു പോലെയാണ്. സിനിമയുടെ പ്രമേയത്തിലും അവതരണത്തിലുമൊക്കെ ഒരു ഭരതന്‍, അല്ലെങ്കില്‍ പത്മരാജന്‍ ടച്ച് എപ്പോഴും ഉണ്ടാവും. പക്ഷേ, സെറ്റില്‍ രണ്ടുപേരും രണ്ടുതരത്തിലാണ്.
കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ചാണ് ഞാന്‍ ഭരതേട്ടനെ ആദ്യമായി കാണുന്നത്. 'ഇത്തിരപ്പൂവേ ചുവന്ന പൂവേ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത് അങ്ങനെയാണ്. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു അത്.
മധുസാറും മമ്മൂക്കയും ശോഭനയുമൊക്കെ ഈ ചിത്രത്തിലുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ നട്ടെല്ല് എന്റെ കഥാപാത്രമായിരുന്നു. നിലമ്പൂരില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്റെ നാട്ടില്‍ വച്ചുതന്നെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍.
സിനിമാസെറ്റില്‍ ഭരതേട്ടന്‍ എപ്പോഴും വളരെ കൂളാണ്. തമാശകളൊക്കെ പറഞ്ഞ്, നമ്മളെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടുവരും. നമ്മുടെ വീട്ടില്‍ നടക്കുന്ന ഒരു സംഭവം പോലെ സിനിമയുടെ കഥ നമുക്ക് അനുഭവപ്പെടും.
ഒരു വീട്ടില്‍ തന്നെയായിരുന്നു ഏതാണ്ട് മുപ്പതു ദിവസത്തോളം ഇത്തിരൂപ്പൂവേ ചുവന്ന പൂവേയുടെ ഷൂട്ടിങ്. എല്ലാവരും ഒന്നിച്ചിരുന്ന് തമാശകള്‍ പറയും, ഒന്നിച്ചു ഭക്ഷണം കഴിക്കും. നമ്മുടെ സീനുകള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞാലും ഹോട്ടല്‍ റൂമിലേക്ക് പോകാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. ഹോട്ടലില്‍ പോയി ബോറടിച്ച് ഇരിക്കുന്നതിലും എത്രയോ നല്ലതാണ് ഭരതേട്ടന്റെ സെറ്റില്‍ ആ കുടുംബാന്തരീക്ഷത്തില്‍ ഇരിക്കുന്നത്.
എനിക്ക് ഒത്തിരി പ്രശംസ കിട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു ഭരതേട്ടന്റെ 'ചിലമ്പ്'. ശോഭനയായിരുന്നു ഈ ചിത്രത്തിലും എന്റെ നായിക. ബാബു ആന്റണി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചിലമ്പ്.
കരാട്ടെക്കാരനായ ബാബു ആന്റണിയുടെ കഥാപാത്രവുമായി കളരി അഭ്യാസിയായ ഞാന്‍ ഏറ്റമുട്ടുന്ന സീനുകള്‍ പടത്തിലുണ്ട്. കളരി ഗുരുവിനെ കൊണ്ടുവന്ന് എനിക്കു പരിശീലനം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ഭരതേട്ടന്‍ ചെയ്തിരുന്നു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ തന്നെ ഞാന്‍ കളരിപഠിക്കാനും തുടങ്ങി.
ഭരതേട്ടന്‍ സ്വന്തമായി നിര്‍മിച്ച ചിത്രം കൂടിയായിരുന്നു ചിലമ്പ്. കഥ രൂപമായപ്പോള്‍ തന്നെ ഭരതേട്ടന്‍ എന്നെ വിളിച്ചുപറഞ്ഞു: ''നല്ലൊരു കഥയുണ്ട്. നമുക്ക് ചെയ്യാം.''
ആ വേഷം ചെയ്യാന്‍ മറ്റുപല നടന്‍മാരും ആഗ്രഹിച്ചിരുന്നു. പലരും ഭരതേട്ടനോടു നേരിട്ടു ചോദിക്കുകയും ചെയ്തു. പക്ഷേ, എന്നെ മാറ്റി മറ്റൊരാളെ വയ്ക്കുന്നതിനെക്കുറിച്ച് ഭരതേട്ടന്‍ ചിന്തിച്ചുപോലുമില്ല.
ഭരതേട്ടനെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിരിതൂകി നില്‍ക്കുന്ന ആ മുഖമാണ് മനസില്‍ തെളിഞ്ഞുവരുന്നത്. ദേഷ്യപ്പെടുന്ന ഒരു മുഖം അദ്ദേഹത്തിന്റേതായി ഞാന്‍ കണ്ടിട്ടില്ല. ഷോട്ടെടുക്കും മുന്‍പ് എങ്ങനെവേണമെന്ന് ഭരതേട്ടന്‍ അഭിനയിച്ചുതന്നെ കാണിച്ചുതരും. ഡയലോഗ് പ്രസന്റേഷന്‍ എങ്ങനെ വേണമെന്നു പറഞ്ഞുതരും. ശബ്ദവ്യത്യാസമൊക്കെ വരുത്തി അത് ഭരതേട്ടന്‍ അഭിനയിച്ചു കാണിച്ചുതരുമായിരുന്നു.
നടന്‍മാരുടെ മനസു കൂടിയ കണ്ടിട്ടായിരുന്നു അദ്ദേഹം സിനിമ പ്ളാന്‍ ചെയ്തിരുന്നതും ഷോട്ടുകളെടുത്തിരുന്നതും. നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്ന പ്രകടനം വന്നില്ലെങ്കിലും ഭരതേട്ടന്‍ ക്ഷുഭിതനാവില്ല. മറ്റു പല സംവിധായകരും അതോടെ അസ്വസ്ഥരാകും. അതോടെ നമ്മുടെ ടെന്‍ഷനും കൂടും. അഭിനയം കൂടുതല്‍ മോശമാവുകയാവും അപ്പോള്‍ സംഭവിക്കുക. ഭരതേട്ടന് ഇതറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങള്‍ അദ്ദേഹം സെറ്റില്‍ ഒഴിവാക്കാന്‍ ശ്രമിച്ചു.
പപ്പേട്ടനെപ്പോലെ തന്നെ ഭരതേട്ടനും എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. മറ്റുള്ളവരോടു പെരുമാറുന്നപോലെയായിരുന്നില്ല എന്നോട്. ഒരു വാത്സല്യം. ഒരു സോഫ്റ്റ് കോര്‍ണര്‍. ഒരു നടനായല്ല, മകനായാണ് എന്നെ കണ്ടിരുന്നത്. ആ ഒരു ബഹുമാനം ഭരതേട്ടനോടു ഞാനും കാണിച്ചിരുന്നു.
മദ്രാസില്‍ ഭരതേട്ടന് ഒരു പ്ളോട്ടുണ്ടായിരുന്നു. അവിടെവച്ചായിരുന്നു 'ചിലമ്പി'ന്റെ പാട്ടുസീനുകള്‍ ചിത്രീകരിച്ചത്. ഒരു ദിവസം ഷൂട്ടിങ്ങിനെ മഴ തടസപ്പെടുത്തി. മറ്റു സംവിധായകരെ പോലെ മഴയെ പഴിക്കുവാനോ ടെന്‍ഷനടിക്കാനോ ഒന്നും ഭരതേട്ടന്‍ നിന്നില്ല. ''ഇപ്പോള്‍ വരാ'മെന്നു പറഞ്ഞ് അദ്ദേഹം പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ കുറെ ഇളനീരുമായി അദ്ദേഹമെത്തി. എല്ലാവരും അത് പങ്കുവച്ചു കഴിച്ചു. ഈ ഒരു സമീപനമായിരുന്നു ഭരതേട്ടന്റേത്.
ഭരതേട്ടനും പപ്പോട്ടനും എഃ്നെ കാണുന്ത് ഒരു നടനെ കാണുന്ന പോലെയായിരുന്നില്ല. ഒരു മകനോടെന്ന പോലുള്ള വാത്സല്യമായിരുന്നു അവര്‍ക്ക് എന്നോട്. മറ്റുള്ളവരോടു പെരുമാറുന്ന പോലെയായിരുന്നില്ല എന്നോടുള്ള ഇടപെടലും.
'ഇത്തിരിപ്പൂവേ ചൂവന്ന പൂവേ'യില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം ഭരതേട്ടന്‍ എന്നെ മുറിയിലേക്ക് വിളിച്ചു. 'ഋഷിശ്രംഗന്‍' എന്നൊരു സിനിമ അദ്ദേഹം ചെയ്യുന്നുവെന്നു പറഞ്ഞ് അതിലെ നായകവേഷം ചെയ്യാന്‍ ആവശ്യപ്പെട്ടു. സന്തോഷത്തോടെ ഞാനതു സമ്മതിച്ചു. പക്ഷേ, മറ്റുപലകാരണങ്ങള്‍ കൊണ്ടു ചിത്രം നീണ്ടുനീണ്ടു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഭരതേട്ടന്‍ തന്നെ 'വൈശാലി' എന്ന പേരില്‍ ആ ചിത്രം ചെയ്തു. പക്ഷേ, എന്തുകൊണ്ടോ അപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചില്ല. ഒരുപക്ഷേ, അപ്പോഴേക്കും ഞാനൊരു അറിയപ്പെടുന്നതാരമായി കഴിഞ്ഞിരുന്നു എന്നതുകൊണ്ടാവാം. ഒരു പുതുമുഖം തന്നെ ആ വേഷം ചെയ്യണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
ഭരതേട്ടന്‍ എനിക്കായി ഒരുക്കിവച്ച ആ നല്ല വേഷം നഷ്ടമായതിന്റെ വിഷമം ഇപ്പോഴും എന്നില്‍ ബാക്കികിടപ്പുണ്ട്.

1 comment:

  1. ethiri poove chuvanna poove shooting nadannathu ente nadaya kozhidinaduthuula elathur enna gramathil ayirunnu.

    shoukath-doha, qatar

    ReplyDelete

Related Posts Plugin for WordPress, Blogger...