Monday, April 19, 2010

സിനിമ എന്നെ പഠിപ്പിച്ചത്...


ഇരുപത്തിയഞ്ച് വര്‍ഷത്തെ സിനിമാജീവിതം എന്നെ എന്തു പഠിപ്പിച്ചു?
ഞാന്‍ പലപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ചോദ്യമാണിത്. വിവിധ ഭാഷകളിലായി നൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ച ഒരു നടന്‍ എന്ന നിലയ്ക്ക് സിനിമയില്‍ നിന്നു ഞാന്‍ പഠിച്ച പാഠങ്ങളും അതുവഴി എനിക്കു ലഭിച്ച അനുഭവസമ്പത്തും ഏറെ വലുതാകണം.
പലരും ചോദിക്കാറുണ്ട്, ഇത്രയധികം എക്സ്പീരിയന്‍സ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ ശ്രമിക്കാത്തതെന്ന്. ഞാന്‍ അഭിനയിച്ച ഏതെങ്കിലും സിനിമ പരാജയപ്പെടുമ്പോള്‍ കേള്‍ക്കുന്ന ചോദ്യമാണിത്. നല്ല സിനിമകള്‍ തിരഞ്ഞെടുക്കൂ എന്ന് എല്ലാവരും ഉപദേശിക്കും. ഇതു പതിവായി കേള്‍ക്കുമ്പോള്‍ ഞാന്‍ മനസില്‍ ചോദിക്കും. എന്താണ്, ഏതാണ് നല്ല സിനിമ?
ഞാന്‍ പറഞ്ഞുവന്നത് അതാണ്. സിനിമയില്‍ നിന്നു ഞാന്‍ പഠിച്ച പാഠം: എത്ര വലിയ സൂപ്പര്‍താരമായാലും, എത്ര വലിയ സംവിധായകനായാലും, ആരും പൂര്‍ണമായി ശരിയല്ല, ആരും തെറ്റുമല്ല. എല്ലാവര്‍ക്കും സിനിമ അറിയാം. എന്നാല്‍, ആര്‍ക്കും സിനിമ അറിയുകയുമില്ല.
ഒരു വലിയ ഫിലോസഫിയൊന്നുമല്ല. പക്ഷേ, അതാണ് സത്യം. ഞാന്‍ സിനിമയില്‍ എത്തിയ സമയത്ത് മലയാളത്തില്‍ സജീവമായിരുന്ന പല വലിയ താരങ്ങളും ഇന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് നിലനില്‍ക്കുന്നത്. അതുപോലെ തന്നെ, എനിക്കു ശേഷം സിനിമയിലെത്തിയ പലരും വലിയ താരങ്ങളാകുകയും ചെയ്തു. എന്തുകൊണ്ടാണിത്? പഴയ അനുഭവസമ്പത്തുള്ള താരങ്ങള്‍ക്ക് ഒരു സിനിമയുടെ കഥ കേട്ടാലുടനെ അത് ഹിറ്റാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ലേ? ചിലര്‍ അങ്ങനെ പറയുന്നതു കേട്ടിട്ടുണ്ട്. അങ്ങനെ പറ്റുമെന്ന് അവകാശവാദം ഉന്നയിക്കുന്നവരോട് ഒരു ചോദ്യം. പിന്നെയെന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ വിലയിരുത്തിയ പല പടങ്ങളും ബോക്സ് ഒാഫിസില്‍ പരാജയപ്പെടുന്നത്?
നല്ല പടമായിരുന്നു, പക്ഷേ, ക്ളൈമാക്സ് ശരിയായില്ല എന്നോ, കഥ കൊള്ളാം, പക്ഷേ, അല്‍പം ഇഴഞ്ഞാണു നീങ്ങുന്നത് എന്നോ ആണ് ജനത്തിന്റെ അഭിപ്രായമെങ്കില്‍ അങ്ങനെയുള്ള പടങ്ങളെയും മാറ്റിനിര്‍ത്താം. മറ്റുള്ളവയോ?
ചില സിനിമകള്‍ കണ്ടിട്ട്, അതിന്റെ സംവിധായകനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു എന്നു ജനം പറയുന്നതു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ചില സിനിമകള്‍ ടിവിയില്‍ കാണുമ്പോള്‍ ദേഷ്യം വന്ന് ടിവി തന്നെ അടിച്ചുപൊട്ടിച്ചാലോ എന്നു തോന്നിപ്പോകും.
താരങ്ങള്‍ക്കും സംവിധായകര്‍ക്കും വലിപ്പച്ചെറുപ്പങ്ങളുണ്ടാവൂം, പക്ഷേ, സിനിമയില്‍ അതില്ല. സിനിമയ്ക്കു വലിപ്പച്ചെറുപ്പങ്ങളില്ല. വലിയ തോതില്‍ പണം മുടക്കിയെടുക്കുന്നതും ചെറിയ ബജറ്റു ചിത്രങ്ങളും വിജയിക്കുന്നതു ഒരു ഘടകം കൊണ്ടു മാത്രമാണ്; ജനങ്ങള്‍ അത് എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് അത്. സൂപ്പര്‍താരങ്ങളാണെങ്കില്‍ പടം വലിയ ബജറ്റായിരിക്കും. മികച്ച സംവിധായകനാകും. സാങ്കേതിക വിദഗധരെല്ലാം ഒന്നാംനിരക്കാരാകും. ചിലപ്പോള്‍ ഗാനരംഗങ്ങളൊക്കെ വിദേശത്താവും ഷൂട്ടിങ്. താമസം വലിയ സ്റ്റാര്‍ ഹോട്ടലുകളിലാവും. പണം വാരിക്കോരി ചെലവഴിക്കും. പക്ഷേ, എന്നാലും ചിത്രം പരാജയപ്പെട്ടുവെന്നിരിക്കും.
അപ്പോള്‍ എവിടെയാണു പ്രശ്നം?
25 വര്‍ഷത്തെയോ 50 വര്‍ഷത്തെയോ എക്സ്പീരിയന്‍സ് ഉണ്ടായാലും സിനിമ വിജയിക്കുമെന്നുള്ള അവസാനവാക്ക് പറയുവാനുള്ള എക്സ്പീരിയന്‍സ് കിട്ടില്ല.
ആരും സിനിമയില്‍ അവസാനവാക്കല്ല. ആരും പൂര്‍ണരുമല്ല.

4 comments:

  1. കൂടെവിടെ യിലെ രവി പുത്തൂരാന്‍ മുതല്‍ റഹ്മാന്‍ അഭിനയിച്ച മിക്ക പടങ്ങളും ഞാന്‍ കണ്ടതാണ് . മിക്കതും വളരെ നല്ല നിലവാരമുള്ളതും ആണ് . ഇനിയും നല്ല വേഷങ്ങള്‍ കിട്ടാനും ഉയരങ്ങളില്‍ എത്താനും ആശംസിക്കുന്നു.

    ReplyDelete
  2. hmmm
    ur absolutely correct

    randamp pirannal aashasakal

    ReplyDelete
  3. ഞാന്‍ ഒരു സിനിമ ആസ്വാധകന്‍ ആണ് ... നല്ല സിനിമ എന്നതിനെ വേര്‍തിരിക്കുക ബുദ്ധിമുട്ടാണ് . പക്ഷെ ഒരു നടന്‍ ആദവ നദി തന്റെ career ആണ് നോക്കുന്നതെങ്കില്‍ ...

    നല്ല വേഷങ്ങള്‍ തിരഞ്ഞെടുക്കുക......... സംവിധായക മികവ് മലയാള സിനിമക്ക് കൈമോശം വന്നിരിക്കുന്നു. അനുകരണം ആണ് ഇപ്പോള്‍ കൂടുതലും . തമിഴും ഹിന്ദിയും ഒക്കെ മലയാളത്തില്‍ കുത്തി നിരക്കുന്നു ...

    നഷ്ടം പ്രേക്ഷകന്....... അപൂര്‍വ്വം മാത്രം നല്ല സിനിമകള്‍ ഇപ്പോഴും ഉണ്ടാകുന്നു . റിയാലിറ്റി ആണ് വേണ്ടത് . അമാനുഷികമായ കഥാപാത്രങ്ങളെ അല്ല.........

    ReplyDelete
  4. NAAYAKAA NEE EVIDEPPOYI.SUNDARAKKUTTAPPAAAAA....COCHINIL ORU BREAKDANCE SCHOOL THUDANGUMO?VAAA NAMUKKU THAKARKKAM.....SWEETDREAMS....U ARE OUR EVERLASTING NAYAKAN.CHAKKARAUMMMA

    ReplyDelete

Related Posts Plugin for WordPress, Blogger...