Sunday, August 9, 2009

ഡാന്‍സ്, സ്റ്റണ്ട് സീനുകള്‍


അഭിനയം ഒരു കലയാണ്; അഭിനേതാവ് ഒരു കലാകാരനും. അഭിനേതാക്കളെ ആര്‍ട്ടിസ്റ്റ് എന്നു വിളിക്കുന്നതും മറ്റൊന്നും കൊണ്ടല്ല. സൂഷ്മമായ നിരീക്ഷണവും അതിന്റെ അനുകരണവുമാണ് അഭിനയം. ഒരു നല്ല നടനെ തിരിച്ചറിയാനുള്ള അളവുകോല്‍ എന്താണ്? കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക എന്നതു മാത്രമാണോ അത്? വിസ്മയിപ്പിക്കുക എന്നതിനപ്പുറം വിശ്വസിപ്പിക്കുക എന്നതാണ് അഭിനയം നന്നായോ എന്നറിയാനുള്ള മാനദണ്ഡം എന്നാണ് ഞാന്‍ കരുതുന്നത്. സിനിമ കാണുന്ന പ്രേക്ഷകനു താന്‍ കാണുന്നത് ഒരു താരത്തെ അല്ലെന്നും ഒരു കഥാപാത്രത്തെയാണെന്നും തോന്നണം. ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെങ്കില്‍ ജനം അയാളെ വെറുക്കണം. എങ്കിലേ അഭിനയം ശരിയായി എന്നു പറയാനാകൂ. സ്വന്തം മാനറിസങ്ങള്‍ മാറ്റിവച്ച് കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതു പോലെ ശ്രമകരമായ മറ്റൊന്നില്ല. വളരെ അപൂര്‍വം നടന്‍മാര്‍ക്കൊഴിക്കെ മറ്റാര്‍ക്കും സ്വന്തം മാനറിസങ്ങള്‍ മാറ്റിവച്ച് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞ ആഴ്ച ഞാന്‍ എഴുതിവന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴിതു പറഞ്ഞത്. സ്റ്റണ്ട്, ഡാന്‍സ് ഇതൊന്നും അഭിനയത്തിന്റെ ഭാഗമല്ല എന്നു കരുതുന്നതു ശരിയല്ല എന്നു പറയുകയായിരുന്നു ഞാന്‍. വ്യത്യസ്തതയുള്ള കഥയാണ് ആദ്യം ഉണ്ടാവേണ്ടത്. അതില്‍ സ്റ്റണ്ട് സീനുകള്‍ തിരുകി കയറ്റുകയല്ല ചെയ്യേണ്ടത്. കഥയില്‍ ഒഴിച്ചുകൂടാനാവാതെ വരുമ്പോള്‍ മാത്രമേ അതുണ്ടാകാവൂ. അടിയടാ അവനേ.. എന്നു പ്രേക്ഷകരെ കൊണ്ട് പറയിക്കുന്ന ഘട്ടത്തിലാണ് അടി വീഴേണ്ടത്. ഒരു വലിയ നര്‍ത്തകനെ കുറിച്ചാണ് സിനിമയുടെ കഥയെങ്കില്‍ അതില്‍ ഡാന്‍സ് വേണ്ടി വരില്ലേ? അങ്ങനെ ഒന്നോ രണ്ടോ നൃത്തരംഗ•ം വന്നാല്‍ ആ സിനിമ വെറും പാട്ടും ഡാന്‍സും മാത്രമുള്ള സിനിമയാണെന്നു പറഞ്ഞ് ആരെങ്കിലും ആക്ഷേപിക്കുമോ? ആ വേഷം ചെയ്താല്‍ അതു ചെയ്യുന്ന നടന്‍ ഡാന്‍സ് ചെയ്യണ്ടേ? അതും അഭിനയമല്ലേ? അഭിനയം എന്ന കലയുടെ ഭാഗമാണ് സ്റ്റണ്ടും ഡാന്‍സും. സ്റ്റണ്ട് ആര്‍ട്ടിസ്റ്റും ഒരു അഭിനേതാവാണ്. അയാളും ഒരു കലാകാരനാണ്, ആര്‍ട്ടിസ്റ്റാണ്. മേക്ക് ബിലീഫ് എന്നതാണ് അഭിനയം. കാണികളെ വിശ്വസിപ്പിക്കുക എന്ന ചുമതല സ്റ്റണ്ട് ചെയ്യുമ്പോഴും നടനുണ്ട്. സ്റ്റണ്ട് രംഗങ്ങളില്‍ സ്വാഭാവികത കൊണ്ടുവരാന്‍ ശ്രമിക്കേണ്ടത് സംവിധായകനോ കഥാകൃത്തോ ആണ്. നടന്‍ ചുമതല അവനെ ഏല്‍പിക്കുന്ന ജോലി ഭംഗ•ിയായി ജനങ്ങളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ അഭിനയിക്കുക എന്നതു മാത്രമാണ.് ക്യാമറയ്ക്കു മുന്നില്‍ കരയുകയോ ചിരിക്കുകയോ വികാരപ്രകടനങ്ങള്‍ നടത്തുകയോ ചെയ്ത് കയ്യടി വാങ്ങുന്നതു പോലെ തന്നെയാണ് സ്റ്റണ്ടും. നന്നായി സ്റ്റണ്ട് ചെയ്യുക എന്നതും ഒരു കല തന്നെയാണ്. ചിലര്‍ നടന്‍മാരൊക്കെ സ്റ്റണ്ട്, ഡാന്‍സ് സീനുകള്‍ ചെയ്യുന്നത് ഒരു പുച്ഛമായി പറയുന്നതു കേട്ടിട്ടുണ്ട്. അതൊന്നും അഭിനയത്തിന്റെ ഭാഗമല്ലെന്നും കൊമേഴ്സിയല്‍ സിനിമയുടെ ചേരുവകള്‍ മാത്രമാണെന്നുമുള്ള ഒരു മട്ട്. അഭിനയിക്കാന്‍ അറിയാത്തവര്‍ പിടിച്ചുനില്‍ക്കാന്‍ കണ്ടെത്തുന്ന ഒരു മാര്‍ഗമാണ് സ്റ്റണ്ട് എന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍. എനിക്ക് അതിനോട് യോജിപ്പില്ല. ഇതെല്ലാം കൂടി ചേരുന്നതു തന്നെയാണ് അഭിനയം. സ്റ്റണ്ടും ഡാന്‍സുമൊക്കെ ഒരു കൊമേഴ്സിയല്‍ സിനിമയെ സംബന്ധിച്ച് അഭിനയത്തിന്റെ ഭാഗ•ം തന്നെയാണ്. അതു ചെയ്യാനും അല്‍പം കലാബോധമൊക്കെ വേണം. സ്റ്റണ്ടില്‍ വേണ്ടവിധത്തില്‍ പെര്‍ഫോം ചെയ്യാനറിയാത്തവരാണ് അതിനെ പുച്ഛിച്ച് എന്തൊക്കെയോ തട്ടികൂട്ടി വിടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സ്റ്റണ്ട് സീനുകള്‍ മെച്ചപ്പെടുത്താന്‍ ഏറെ സമയം ചെലവഴിക്കുന്നവരാണ്. മോഹന്‍ലാലിനൊപ്പം ചെയ്ത ചില സ്റ്റണ്ട് രംഗങ്ങള്‍ ഒാര്‍മ വരുന്നു. ഒരോ ആക്ഷനും 100 ശതമാനം പെര്‍ഫക്ട് ആക്കാനുള്ള ശ്രമം ലാലിന്റെ ഭാഗത്തുനിന്ന് എപ്പോഴുമുണ്ട്. ഒരു വലിയ താരപദവി ഇപ്പോള്‍ ലാലിനുണ്ടെങ്കില്‍ അതിനു കാരണം ഇത്തരം ചില ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ കൂടിയാണ്. അടുത്തയിടെ മലയാളത്തില്‍ രാജമാണിക്യം എന്ന ചിത്രത്തില്‍ നല്ലൊരു സ്റ്റണ്ട് സീന്‍ ചെയ്തിരുന്നു. ബാബുരാജിനൊപ്പമായിരുന്നു ആ സ്റ്റണ്ട്. ബാബു വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന നടനാണ്. എപ്പോഴും സ്റ്റണ്ട് മാത്രം ചെയ്യുന്ന, വില്ലന്‍ വേഷമോ, ഗ•ുണ്ടാവേഷമോ മാത്രം ചെയ്യുന്ന ആളായി പോയി എന്നതു കൊണ്ട് ബാബുരാജ് നല്ല നടനല്ല എന്നു പറയാനാവില്ലല്ലോ. അദ്ദേഹം ചെയ്ത വില്ലന്‍മാരൊക്കെ എത്ര ക്രൂരന്‍മാരായിരുന്നു എന്ന് ജനങ്ങളെകൊണ്ട് സ്വാഭാവികതയോടെ വിശ്വസിപ്പിക്കാന്‍ ബാബുരാജിനു കഴിയുന്നുണ്ട് എന്നതു കൊണ്ട് തന്നെ ബാബുരാജും നല്ലൊരു നടന്‍ എന്ന പദവിക്ക് അര്‍ഹനാണ്. മുസാഫിറില്‍ ബാലയ്ക്കൊപ്പം ചെയ്ത സ്റ്റണ്ട് രംഗങ്ങളും വളരെ നന്നായി ചെയ്യാനായി. ബാലയും ബാബുരാജുമൊക്കെ നന്നായി സ്റ്റണ്ട് ചെയ്യാന്‍ അറിയാവുന്നവരാണ്. മാത്രമല്ല, അതു നന്നായി വരണമെന്ന താത്പര്യവും അവര്‍ക്കുണ്ട്. എണ്‍പതുകളില്‍ ഞാന്‍ അഭിനയിച്ച സിനിമകളില്‍ ഏറെയും ഡാന്‍സ്, സ്റ്റണ്ട് സീനുകള്‍ കുത്തിനിറച്ചവയായിരുന്നു. എനിക്കുവേണ്ടി കഥയെഴുതുമ്പോള്‍ ഒരു ഡാന്‍സും സ്റ്റണ്ടും കുത്തിതിരുകാതിരിക്കില്ല. പല സിനിമകളിലെയും പലരംഗങ്ങളും ആവര്‍ത്തനങ്ങളായി എനിക്കും തോന്നുമായിരുന്നു. ഒരിക്കല്‍, മമ്മുട്ടിയും ഞാനുമൊന്നിച്ചിരിക്കുമ്പോള്‍ ഒരു തിരക്കഥാകൃത്ത് അല്‍പം പരിഹാസച്ചുവയില്‍ എന്നോട് ചോദിച്ചു: '' റഹ്മാനേ..ഇങ്ങനെ ഡാന്‍സും സ്റ്റണ്ടുമൊക്കെ മാത്രം ചെയ്തു നടന്നാല്‍ മതിയോ? '' ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ എനിക്ക് സിനിമയില്‍ നിന്ന് ഒന്നും നേടാനാവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എനിക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയ ആളു തന്നെയാണോ എന്നോട് ഇതു ചോദിക്കുന്നതെന്ന് എടുത്തവായില്‍ തന്നെ ഞാന്‍ മറുപടിയായി പറഞ്ഞു. അതുകേട്ടിരുന്ന മമ്മൂട്ടി ഉറക്കെ ചിരിച്ചുകൊണ്ട് കയ്യടിച്ചു. ''അങ്ങനെ പറഞ്ഞുകൊടുക്കടാ...'' കഥ എഴുതി അതില്‍ ഡാന്‍സും സ്റ്റണ്ടും മാത്രം തിരുകി കയറ്റി എന്നെ കൊണ്ട് അഭിനയിപ്പിക്കുന്ന ആള്‍ തന്നെയാണ് വിമര്‍ശിക്കുന്നത്. അതില്‍ ഒരു വിരോധാഭാസമുണ്ട്. എടുത്തടിച്ചു മറുപടി പറഞ്ഞ് കയ്യടി നേടിയെങ്കിലും ഈ സംഭവത്തോടെ എന്റെ മനസില്‍ പല ചിന്തകള്‍ കടന്നുകൂടി. എല്ലാ പടത്തിലും ഡാന്‍സ്, സ്റ്റണ്ട്. സ്വയം എനിക്കു തോന്നി. ഞാന്‍ ചെയ്യുന്നതൊക്കെ ചീപ്പാണോ? എന്റെ അന്നത്തെ പ്രായം 19-20 വയസാണെന്നോര്‍ക്കണം. സിനിമയെന്താണെന്ന് പോലും കൃത്യമായി അറിയാത്ത കാലം. ഡാന്‍സ് എന്നതു മോശപ്പെട്ട എന്തോ സംഗതിയാണെന്ന് എനിക്കു തോന്നിത്തുടങ്ങി. കുറച്ചു വേഷങ്ങള്‍ വ്യത്യസ്തതയുള്ള കഥകള്‍ ചെയ്യണമെന്നു മോഹമായി. ഡാന്‍സ് ചെയ്യുന്നവന്‍ നടനല്ലെന്നും സ്റ്റണ്ട് ചെയ്താല്‍ അഭിനേതാവ് എന്ന അംഗ•ീകാരം കിട്ടുകയില്ലെന്നുമൊക്കെയുള്ള തെറ്റിധാരണകള്‍ പിടികൂടി. മനപ്പൂര്‍വം അത്തരം വേഷങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. കഥ പറയാനെത്തുന്ന സംവിധായകരോട് ഡാന്‍സ് വേണ്ടെന്നും അതൊഴിവാക്കണമെന്നും വരെ ഞാന്‍ അഭ്യര്‍ഥിച്ചു. ചില പടങ്ങള്‍ അങ്ങനെ വേണ്ടെന്നു പോലും വച്ചു. മലയാളസിനിമയിലെ എന്റെ കരിയറിനെ തന്നെ അതു മാറ്റിമറിച്ചു. മലയാളത്തില്‍ നിന്നു തമിഴിലേക്കുള്ള എന്റെ ചുവടുമാറ്റത്തിനു പിന്നിലുള്ള പ്രധാന കാരണവും അതു തന്നെയായിരുന്നു.

5 comments:

  1. we miss ur dance like in kanamarayathu. why u are not choosing romantic roles in malayalam. stunts u perform well. but malayali's don't wish to c u as a fight master. do some romantic films..

    ReplyDelete
  2. ശരിയാണ്. ഒരു കാലഘട്ടത്തില്‍ ഇറങ്ങിയ താങ്കളുടെ ചില ചിത്രങ്ങള്‍ ഒരേ പോലെ ഉള്ളവയായിരുന്നു.

    ReplyDelete
  3. Dear,

    without Dance & songs you cannot survive in Malayalam industry, you shoud dance & sing with colorful styles, this is what malayalees expecting from you. Only a hit song boost you a sky high, for example ORU MADURA KINAVIN in Kanamarayathu. Keralites never seen before such a song and dance still. Still is a an extra ordinary and new generation also like very much. You should understand that. so do not disregard songs and dance.

    Rimjim

    ReplyDelete
  4. Every actors are doing songs and dance nowadays. Even Mammokka done many recent films. (Just recall "Rajamanikyam with Rehman) Before during 80's Rehman was the only one actor capable of doing sing & dance but now time is changed many actors are doing even if they do not know; then why rehman only rejecting offers only because song & dance. we like your films with good songs & dance. Kindly consider please...

    Shyma/Sruthy

    ReplyDelete
  5. ellam kollaam nammude time koode nannawanam alle rahman ge

    ReplyDelete

Related Posts Plugin for WordPress, Blogger...