Thursday, February 12, 2009

റഹ്മാനും റഹ്മാനും


എ.ആര്‍. റഹ്മാന്‍ എന്റെ ഭാര്യസഹോദരിയുടെ ഭര്‍ത്താവായതോടെ എന്നെ തേടി നിര്‍മാതാക്കള്‍ ഒരോന്നായി വന്നുതുടങ്ങി. ആദ്യമൊന്നും എനിക്ക് സംഗതി പിടികിട്ടിയില്ല.
അങ്ങനെയൊരിക്കല്‍, ഒരു മുന്‍പരിചയവുമില്ലാത്ത നിര്‍മാതാവ് എന്നെ തേടി വീട്ടിലെത്തി.
''ഹിന്ദി സിനിമയാണ്. സാര്‍ തന്നെ നായകനാകണം.'' - അയാള്‍ അഡ്വാന്‍സ് നല്‍കാന്‍ പെട്ടിയെടുത്തു.
''നിങ്ങള്‍ ആദ്യം കഥ പറയൂ. എന്നിട്ട് ബാക്കി ആലോചിക്കാം.''
കഥ കേട്ട് എനിക്ക് യോജിക്കുന്നതെന്നു തോന്നിയാല്‍ മാത്രമേ ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കാറുള്ളു. പ്രതിഫലവും മോശമല്ലാതെ കിട്ടണമല്ലോ. അയാള്‍ കഥ പറഞ്ഞില്ല. പ്രതിഫലത്തിന്റെ കാര്യം മാത്രം പറഞ്ഞു. ഒരു വമ്പന്‍ തുക.
''സാര്‍, കഥയൊക്കെ സംവിധായകന്‍ തന്നെ വന്നു പറഞ്ഞുകൊള്ളും. സാര്‍ സമ്മതം പറഞ്ഞാല്‍ മാത്രം മതി. ഞാന്‍ അഡ്വാന്‍സ് തരാം.''
എനിക്ക് ഒരു വല്ലായ്മ തോന്നി. ഒന്നാമത്, ഞാന്‍ ഹിന്ദിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനുമൊക്കെ അരങ്ങുവാഴുന്ന ബോളിവുഡില്‍ പോയി നായകവേഷം കെട്ടുന്നത് ശരിയാകുമോ? എന്തിനാണു വെറുതെ.... ? എങ്കിലും ഇങ്ങനെയൊരു ഒാഫര്‍ വന്നിട്ട് നിരസിക്കുന്നതെങ്ങനെ?
ആരാണ് സംവിധായകന്‍? - ഞാന്‍ ചോദിച്ചു.
''സാര്‍, അത് ആരെ വേണമെങ്കിലും വയ്ക്കാം.'' യാഷ് ചോപ്ര മുതല്‍ രാംഗോപാല്‍ വര്‍മ വരെയുള്ളളരുടെ പേരുകള്‍ അയാള്‍ പറഞ്ഞു. കഥ കേള്‍ക്കാതെ തീരുമാനം പറയാനാവില്ലെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. തിരക്കഥാകൃത്തുമായി വന്ന് കഥ പറയൂ. നന്നെന്നു തോന്നിയാല്‍ സമ്മതിക്കാം.
'സാര്‍ കഥയൊന്നും പ്രശ്നമല്ല. എങ്ങനെ വേണമെങ്കിലും മാറ്റാം. നല്ല ഫാസ്റ്റാണ് പടം. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍. പാട്ടുകളെല്ലാം സൂപ്പര്‍.''
''ആരാണ് സംഗീത സംവിധായകന്‍?''
''എ.ആര്‍. റഹ്മാന്‍'' - മറുപടി ഉടന്‍ വന്നു.
കഥയും പശ്ചാത്തലവുമൊക്കെ കേട്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്യാറുള്ളു. അപ്പോള്‍ സംഭവം മോശമാകാനിടയില്ല. റഹ്മാനാണെങ്കില്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നിട്ടേയുള്ളു. ഒന്നിച്ച് ഒരു പടം. അതു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
''ശരി, ആലോചിക്കാം.'' ഞാന്‍ പാതി സമ്മതം മൂളി. അയാള്‍ വലിയൊരു തുക അഡ്വാന്‍സായി തന്ന് കഥയുമായി വരാമെന്നു പറഞ്ഞു പോയി.
ഒരാഴ്ചയോളം പിന്നെ അയാളെ കണ്ടില്ല. അയാള്‍ ഷൂട്ടിങ്ങിനു പറഞ്ഞ തീയതികളില്‍ ഒരു തമിഴ് പടത്തിന്റെ ഒാഫര്‍ വന്നു. വിളിച്ചുചോദിക്കാന്‍ നമ്പര്‍ പോലും കയ്യിലില്ല. വാക്കും കൊടുത്ത് അഡ്വാന്‍സും വാങ്ങിയ ശേഷം മറ്റൊരു പടത്തിനു ഡേറ്റ് കൊടുക്കുന്നതെങ്ങനെ? തമിഴ് പടം വേണ്ടെന്നു വച്ചു.
രണ്ടാഴ്ച തികയാറായപ്പോള്‍, ഞാനന്ന് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ അയാള്‍ വന്നു. കൂടെ രണ്ടുമൂന്നു ഹിന്ദിക്കാര്‍ വേറെയുമുണ്ട്. തിരക്കഥാകൃത്തിനെയും പരിചയപ്പെടുത്തി. അയാള്‍ ആരെയും മോഹിപ്പിക്കുന്ന വിധത്തില്‍ കഥയുടെ പ്ളോട്ട് പറഞ്ഞു. മനീഷാ കൊയ്റാളയാവും നായിക. സംവിധായകന്റെ പേരും പറഞ്ഞു. ഹിന്ദിയിലെ ഒരു നമ്പര്‍ വണ്‍ ഡയറക്ടര്‍.
ഒടുവില്‍, അവര്‍ പോകാനിറങ്ങി. നിര്‍മാതാവ് മറ്റുള്ളവരെ മാറ്റിനിര്‍ത്തി എന്റെയടുത്തു വന്നു രഹസ്യമായി പറഞ്ഞു.
'സാര്‍, ഒരു സഹായം വേണം. എ.ആര്‍. റഹ്മാന്‍സാറുമായി ഒന്നു സംസാരിക്കണം. അദ്ദേഹം പാട്ട് ഇതുവരെ തീര്‍ത്തുതന്നിട്ടില്ല.''
''പാട്ടുകള്‍ സൂപ്പറാണെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ?''
''എ.ആര്‍. സാര്‍ ചെയ്താല്‍ പാട്ട് സൂപ്പറായിരിക്കും സാര്‍.''
പാട്ട് ചെയ്യാമെന്ന് ഏറ്റാല്‍ അത് കൃത്യമായി ചെയ്യുന്ന കാര്യത്തില്‍ റഹ്മാന്‍ വീഴ്ച വരുത്താറില്ല. ഒരു സിനിയ്ക്കു പാട്ടു ചെയ്യുമ്പോള്‍ അതില്‍ തന്നെയാവും ശ്രദ്ധ. മറ്റൊന്നിലും ഇടപെടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പാട്ട് ചെയ്തു തീര്‍ത്തു കൊടുത്തശേഷമാവും സംവിധായകര്‍ ഷൂട്ടിങ് ഡേറ്റ് പോലും തീരുമാനിക്കുക.
''അദ്ദേഹം പാട്ട് ചെയ്തു തരാമെന്നു സമ്മതിച്ചിരുന്നോ?'' - ഞാന്‍ ചോദിച്ചു.
''പറഞ്ഞു സാര്‍. രണ്ടു വര്‍ഷം കഴിഞ്ഞ് ചെയ്തു തരാമെന്നാണു പറഞ്ഞത്. സാറൊന്നു പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ.. ..''
എനിക്ക് കാര്യം പിടികിട്ടി. സാധാരണ ഒഴിവാക്കേണ്ടവരാണെങ്കില്‍ എ.ആര്‍. റഹ്മാന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ആലോചിക്കാം എന്നാണ് പറയുക. അത് ഒരു തരത്തിലും കള്ളവുമല്ല. രണ്ട് വര്‍ഷത്തേക്ക് സിനിമകള്‍ ഏറ്റിട്ടുണ്ടാവും അദ്ദേഹം. അതുകഴിഞ്ഞ് ആലോചിക്കാം എന്നാവും പറഞ്ഞിട്ടുണ്ടാവുക. കഥ പോലും കേട്ടു കാണില്ല.
നിര്‍മാതാവ് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. പറയാം, ശരിയാക്കി തരാം എന്ന മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നത്.
''ബുദ്ധിമുട്ടാണ്. ഞാന്‍ പറയില്ല. പറഞ്ഞാല്‍ തന്നെ അദ്ദേഹം ചെയ്യുമെന്നും തോന്നുന്നില്ല.'' ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ പറഞ്ഞു.
''സാറിന്റെ ഭാര്യയുടെ സഹോദരിയോടു പറഞ്ഞാല്‍, അവര്‍ പറഞ്ഞ്..''
അവിടെ വച്ചു തന്നെ അഡ്വാന്‍സ് തന്ന തുക തിരിച്ചുംകൊടുത്തു.
അത് ആദ്യ അനുഭവമായിരുന്നു. പിന്നീട് ഇത്തരം നിര്‍മാതാക്കള്‍ നിരവധിയെത്തി. പരിചയമുള്ളവരും ഇല്ലാത്തവരും. എല്ലാവര്‍ക്കും വേണ്ടത് 'എ.ആര്‍. റഹ്മാന്‍' എന്ന വിലപിടിപ്പുള്ള സംഗീതസംവിധായകനെയാണ്. നായകനും കഥയുമൊന്നും അവര്‍ക്കു പ്രശ്നമില്ല.
ഒരിക്കല്‍ പോലും ഞാന്‍ റഹ്മാനോട് എന്റെയൊരു പടത്തിനു സംഗീതം ചെയ്തു തരണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. സൂരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'സംഗമം' എന്ന ചിത്രത്തില്‍ മാത്രമാണ് ഇതുവരെ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ഞാന്‍ ചുവടുവച്ചിട്ടുള്ളത്. സംഗീതപ്രാധാന്യമുള്ള ആ ചിത്രതക്തിന്റെ കഥ കേട്ട് സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ നിരവധിയുണ്ടായിയിരുന്നു ആ ചിത്രത്തില്‍. പടം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്നു മാത്രം.
എ.ആര്‍. റഹ്മാന്‍ എന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് എന്നതു കൊണ്ടു മാത്രം എന്നെത്തേടി നിരവധി ചിത്രങ്ങളുടെ ഒാഫറുകളാണ് വന്നത്. എ.ആറിനോടു ശുപാര്‍ശ ചെയ്ത് പാട്ടു വാങ്ങി ആ പടത്തില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി എനിക്ക് അഭിനയിച്ചുകൊണ്ടേയിരിക്കാമായിരുന്നു. മറ്റൊരാളുടെ കഴിവ് വച്ച് എനിക്ക് താരമാകണ്ട. എന്റെ സ്വന്തം കഴിവുകൊണ്ടാണ് ഞാന്‍ ഇത്രയുമൊക്കെ ആയത്. ഇനിയും അങ്ങനെത്തന്നെ മതി.

4 comments:

  1. റഹ്മാന്‍,
    കേള്‍ക്കാന്‍ താല്‍പര്യമുള്ള വിഷയമായിരുന്നു....റഹ്മാനും റഹ്മാനും തമ്മിലുള്ള വിശേങ്ങള്‍....
    തീര്‍ച്ചയായും റഹ്മാന്‍ താങ്കള്‍ കഴിവുള്ള നടന്‍ തന്നെയാണു...സംശയമില്ല...
    കൂടെവിടെ മുതല്‍ രാജമാണിക്യം വരെ അത് താങ്കള്‍ തെളിയ്ച്ചതുമാണു.

    ReplyDelete
  2. റഹ്മാന്‍ ഭായ്,

    താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു... പക്ഷേ എ.ആര്‍.റഹ്മാനും താങ്കളും അടുത്ത സുഹൃത്തുക്കള്‍ മാത്രമല്ല ബന്ധുക്കള്‍ കൂടി ആണെന്ന് അറിഞ്ഞത് ഈ അടുത്തിടെ എ. ആര്‍. റഹ്മാന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച ശേഷം മാത്രം ആണ്....

    സസ്നേഹം...

    ReplyDelete
  3. വായിയ്ക്കുന്നുണ്ട്...

    കൂടുതല്‍ വിശേഷങ്ങള്‍ പങ്കു വയ്ക്കൂ
    :)

    ReplyDelete
  4. സാര്‍ താങ്കളുടേത് നല്ല നിലപാടാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete

Related Posts Plugin for WordPress, Blogger...