Thursday, February 12, 2009

പര്‍ദയണിഞ്ഞ സുന്ദരി

നിലമ്പൂരിലെ എന്റെ കുടുംബവീട്ടില്‍ ഇരുന്നാണ് ഞാനിത് എഴുതുന്നത്. ഏറെ നാളുകള്‍ കൂടി രണ്ടു ദിവസം നാട്ടിലെത്തിയതാണ്. ഉപ്പയും ഉമ്മയും ഇവിടെയാണുള്ളത്. ഞാനും കുടുംബവും ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് വരാറുള്ളു. ഉപ്പയും ഉമ്മയും ഇടയ്ക്ക് ചെന്നൈയില്‍ വരാറുണ്ട്. അതുകൊണ്ടുതന്നെ, ഇങ്ങോട്ട് ഞാന്‍ അധികം വരാറില്ല.
നിലമ്പൂര്‍ എന്റെ ജന്മനാടാണ് എന്നു പറയുക വയ്യ. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ അബുദാബിയിലായിരുന്നു. എന്റെ മാതാപിതാക്കള്‍ രണ്ടു പേരും അന്ന് അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. ഊട്ടിയിലെ റെക്സ് സ്കൂളില്‍ ചേരുന്നതിനു തൊട്ടുമുന്‍പാണ് ഞാന്‍ നിലമ്പൂരെത്തുന്നത്. കുറച്ചുനാള്‍ ഇവിടെ കഴിഞ്ഞശേഷം ഊട്ടിയിലേക്ക് പോയി. പിന്നെ അവിടെ നിന്ന് വല്ലപ്പോഴും അവധിക്കാലത്ത് നിലമ്പൂര്‍ വന്നാലായി.
എന്റെ സൌഹൃദങ്ങളിലേറെയും ഊട്ടിയില്‍ നിന്നു കിട്ടിയതാണ്. അന്ന് നല്ലൊരു സംഘം മലയാളി കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇന്നും ദൃഢമായി തുടരുന്ന നല്ല സൌഹൃദങ്ങളായി അവര്‍ എന്റെ കൂടെയുണ്ട്.
എല്ലാ വര്‍ഷവും ഞങ്ങള്‍ ഒത്തുചേരാറുണ്ട്. കഴിഞ്ഞ ദിവസം മൈസൂരില്‍ വച്ചായിരുന്നു ഞങ്ങളുടെ അവസാന സംഘച്ചേരല്‍. നിലമ്പൂര്‍ക്ക് പോരേണ്ടി വന്നതു കൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കാനാവാതെ പോയി. കഴിഞ്ഞ വര്‍ഷവും ഞാന്‍ ആ സൌഹൃദസംഗമം മിസ് ചെയ്തു. അന്ന് എബ്രഹാം ലിങ്കണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു ഞാന്‍.
പക്ഷേ, പറ്റുമ്പോഴൊക്കെ ഞാന്‍ ഞങ്ങളുടെ കൂട്ടായ്മയ്ക്കു പോകാറുണ്ട്. പഴയ സുഹൃത്തുക്കളെ കാണുന്നതും അവരുമൊത്തു പഴയ വീരകഥകള്‍ പറഞ്ഞിരിക്കുന്നതും എനിക്കു വലിയ ഇഷ്ടമാണ്.
അന്ന് സ്കൂളില്‍ നിന്നു പിരിഞ്ഞശേഷം കൃത്യമായി എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളുണ്ട്. ചങ്ങനാശേരി വാണിയപ്പുരയ്ക്കല്‍ ജ്വല്ലറിയുടെ ഉടമയായ അനിലാണ് അതിലൊരാള്‍. അഫ്സല്‍, ജയന്ത് അങ്ങനെ സുഹൃത്തുക്കള്‍ ഒരുപാടു പേര്‍ വേറെയുമുണ്ട്.
'കൂടെവിടെ'യില്‍ അഭിനയിക്കുന്നത് എന്റെ സ്കൂള്‍ ജീവിതത്തിന്റെ അവസാന സമയത്താണ്. സിനിമയില്‍ അറിയപ്പെട്ടു തുടങ്ങിയതോടെയാണ് കോളജ് ജീവിതം ആരംഭിക്കുന്നത്. മലപ്പുറത്തെ മമ്പാട് എംഇഎസ് കോളജിലായിരുന്നു എന്റെ പഠനം.
കോളജ് ജീവിതം അടിച്ചുപൊളിച്ചു എന്നൊക്കെ പറയാന്‍ എനിക്കു പറ്റില്ല. കാരണം, അന്ന് വല്ലപ്പോഴും മാത്രം കോളജിലെത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു ഞാന്‍. സിനിമയില്‍ തിരക്കേറി തുടങ്ങിയതോടെ വളരെ അപൂര്‍വമായി മാത്രമേ കോളജില്‍ പോയിരുന്നുള്ളു. പ്രിന്‍സിപ്പലും അധ്യാപകരുമൊക്കെ ഒരു പ്രത്യേക പരി•ണന എനിക്കു തന്നിരുന്നു.
കോളജില്‍ എനിക്ക് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ആരാധകരായിരുന്നു ഏറെയും. വിദ്യാര്‍ഥി സംഘടനകള്‍ എന്നെ അവരുടെ കൂടെ കൂട്ടാന്‍ ഏറെ നിര്‍ബന്ധിക്കുമായിരുന്നു. ഊട്ടിയിലൊക്കെ പഠിച്ചതു കൊണ്ട് എനിക്ക് നമ്മുടെ നാട്ടിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെപ്പറ്റിയൊന്നും അന്ന് അറിവുണ്ടായിരുന്നില്ല. രാഷ്ട്രീയമില്ലാത്ത ഒരു സ്വതന്ത്ര വിദ്യാര്‍ഥി സംഘടന നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഒടുവില്‍ സമ്മതം മൂളി. അങ്ങനെ അവരുടെ ആര്‍ട്സ് ക്ളബ് സെക്രട്ടറി സ്ഥനാര്‍ഥിയായി ഞാന്‍ മല്‍സരത്തിനിറങ്ങി. ഒന്നോ രണ്ടോ തവണ മാത്രമേ ഞാന്‍ പ്രചാരണത്തിനു പോലും പോയുള്ളു. 'കളിയില്‍ അല്‍പം കാര്യം' എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു ഞാനന്ന്. തിരഞ്ഞെടുപ്പ് നടന്നപ്പോഴൊന്നും ഞാനില്ലായിരുന്നു.
ഒരു സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. ആ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചോ, തോറ്റോ എന്നു പോലും എനിക്കിന്ന്് ഒാര്‍മയില്ല. തോറ്റു കാണാനാണ് സാധ്യത.
പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൂട്ടുകാര്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയ സംഭവം എനിക്ക് മറക്കാനാവില്ല. ക്ളാസ് റൂമുകള്‍ക്കു മുന്‍പിലുള്ള വരാന്തയിലൂടെ വലിയൊരു സംഘത്തിനൊപ്പം പോകുമ്പോഴാണ് ഞാനവളെ കാണുന്നത്. വെള്ളാരംകണ്ണുകളുള്ള ഒരു കൊച്ചുസുന്ദരി. ഖദീജയെന്നായിരുന്നു അവളുടെ പേര്.
ആ കണ്ണുകള്‍ എന്നെ പിടിച്ചുവലിച്ചടിപ്പിക്കുന്നതു പോലെ തോന്നി. പിന്നീട് ആ ക്ളാസ് മുറിയില്‍ വോട്ടഭ്യര്‍ഥിക്കുന്നവര്‍ക്കൊപ്പം ഞാനും പോയി. അവളെത്തന്നെ ഞാന്‍ നോക്കി നിന്നു. അവളെന്നെയും.
പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു. ഞാന്‍ ഫസ്റ്റ് ഗ്രൂപ്പായിരുന്നു. അവള്‍ സെക്കന്‍ഡ് ഗ്രൂപ്പും. സിനിമയിലെ തിരക്കുകളില്‍ പെട്ട് കോളജില്‍ വരാനാവാതെ പോയതുകൊണ്ടാവും ഞങ്ങള്‍ക്ക് അധികം അടുക്കാന്‍ കഴിയാതെ പോയി.
വര്‍ഷങ്ങള്‍ക്കു ശേഷം, ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍, എനിക്ക് ഈ പഴയ കോളജ് സുന്ദരിയെ ഒാര്‍മവന്നു. അന്നത്തെ എന്റെ വോട്ടഭ്യര്‍ഥനയുടെ തനിയാവര്‍ത്തനം ഈ ചിത്രത്തിലുണ്ടായിരുന്നു. 'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലിനീ..' എന്ന പാട്ട് തുടങ്ങുന്നത് എന്റെ ഈ പഴയ ഒാര്‍മകളില്‍ നിന്നായിരുന്നു. ശരിക്കും ജീവിതത്തിലെ പോലെ തന്നെ.
എന്റെ ഭാര്യ മെഹ്റുന്നിസയെ ഞാന്‍ കണ്ടുമുട്ടുന്നതും വളരെ യാദൃശ്ചികമായാണ്. തമിഴില്‍ എന്റെ പ്രതാപകാലമായിരുന്നു അത്. സിനിമയെക്കുറിച്ചല്ലാതെ കുടുംബജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങിയിരുന്നുമില്ല. പക്ഷേ, എന്റെ സഹോദരിയുടെ വിവാഹം കൂടി കഴിഞ്ഞതോടെ വീട്ടുകാരും സുഹൃത്തുക്കളും എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. അവര്‍ പല ആലോചനകളും കൊണ്ടുവന്നു. ഒരോരോ കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ എല്ലാം തട്ടിക്കളഞ്ഞുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ വച്ച് ഒരു ചടങ്ങിനിടെ വളരെ അവിചാരിതമായി ഞാന്‍ ഒരു കുടുംബത്തെക്കണ്ടു. പര്‍ദയണിഞ്ഞ മൂന്നു സുന്ദരികളുടെ കുടുംബം. അവരില്‍ ഒരാളില്‍ എന്റെ കണ്ണുകളുടക്കി.
ചെന്നൈ നഗരത്തില്‍ സാധാരണ ജീന്‍സിട്ട മോഡേണ്‍ വേഷധാരികളായ പെണ്‍കുട്ടികളെ മാത്രമേ കാണാറുള്ളു. വേഷം മോഡേണാണെങ്കിലും പര്‍ദ അണിഞ്ഞ് നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിയെ ഒറ്റനോട്ടത്തില്‍ എനിക്കിഷ്ടമായി. കാര്യം ഞാന്‍ അപ്പോള്‍ തന്നെ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഈസായോടു പറഞ്ഞു. എന്നെ പെണ്ണുകെട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരില്‍ ഒരാളായിരുന്നു അവനും.
'ഞാനൊന്നു നോക്കട്ടെ. വഴിയുണ്ടാക്കാം.' അവന്‍ പറഞ്ഞു. ഈസ അവന്റെ അമ്മയോടു കാര്യം പറഞ്ഞു. അവര്‍ അന്വേഷിച്ച് പര്‍ദാക്കാരി പെണ്‍ക്കുട്ടികളുടെ വീട് കണ്ടെത്തി.

3 comments:

 1. This comment has been removed by the author.

  ReplyDelete
 2. റഹ്മാന്‍, ഇത് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
  നീ കണ്‍ഫ്യൂഷനാവണ്ട, മമ്പാട് കോളേജിലെ ഒരേ ക്ലാസിലെ നിന്റെ ബാക് ബെഞ്ചിലിരുന്ന് നിന്നെ ശല്യം ചെയ്തുകൊണ്ടിരുന്ന ഒരു കരുമാടിക്കുട്ടനെ ഓര്‍ക്കുകയാണെങ്കില്‍ നിനക്കെന്നെ ഒര്‍മ്മ വരും.

  എന്റെ പേര്‌ യൂനസ്സ് തയ്യില്‍, ഇപ്പോള്‍ അബുദാബിയിലാണ്‌. നീ കണ്‍ഫ്യൂഷനാവണ്ട, അന്ന് നീ ഇലക്ഷനില്‍ തോറ്റിട്ടുണ്ടായിരുന്നു. പിന്നെ, നിന്റെ അന്നത്തെ ഫിയറ്റ് കാര്‍ ഇന്നും എന്റെ മനസ്സിലുണ്ട്.

  ഇതിലെ വെള്ളാരം കണ്ണുള്ള ഖദീജ J2B ക്ലാസ്സില്‍ ആയിരുന്നില്ലേ. ഓര്‍മ്മയുണ്ട്.

  ഇനിയും ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുക.

  സ്നേഹത്തോടെ,

  യൂനസ്സ് തയ്യില്‍
  അബുദാബി
  email: buildtrv@eim.ae

  ReplyDelete
 3. hi...rahman ji.its me ur old friend..afsal....mail me as soon as posible...afsalkk@gmail.com...vth best wishes..ur afsal

  ReplyDelete

Related Posts Plugin for WordPress, Blogger...