Thursday, June 25, 2009

ഗുരുനാഥനെ പോലെ ഒരാള്‍

ഇരുപത്തിയഞ്ച് വര്‍ഷത്തെ സിനിമാജീവിതത്തിനിടയ്ക്ക് ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നത് പല തലമുറയിലെ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരങ്ങളാണ്. പ്രേംനസീറും മധുവും അടൂര്‍ഭാസിയും ബഹദൂറുമൊക്കെ അടങ്ങുന്ന മലയാള സിനിമയിലെ കാര്‍ണവര്‍മാര്‍ക്കൊപ്പവും ശിവാജി ണേശന്‍, എം.എന്‍. നമ്പ്യാര്‍, നഗേഷ് തുടങ്ങിയ തമിഴിലെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാനായി എന്നത് വലിയെയൊരു ഭാഗ്യം തന്നെയാണെന്ന് എനിക്കു തോന്നുന്നു. ഒരു തലമുറയിലെ വലിയ താരങ്ങള്‍ സിനിമയെ കണ്ടിരുന്നതെങ്ങനെയെന്നും അവര്‍ സഹതാരങ്ങളോടും പ്രൊഡക്ഷന്‍ ബോയ്സ് വരെ അടങ്ങുന്ന ഷൂട്ടിങ് ക്രൂവിനോടും എങ്ങനെ ഇടപെട്ടുവെന്നും എങ്ങനെ പരസ്പരം ബഹുമാനിച്ചുവെന്നും ഒാര്‍ക്കുമ്പോള്‍ അവരോടുള്ള ബഹുമാനവും സ്നേഹവും കൂടുന്നു. ഈ മുതിര്‍ന്ന താരങ്ങളുടെ സ്കൂളില്‍ പഠിച്ചിറങ്ങിയാല്‍ അഹങ്കാരവും ജാഡയുമൊക്കെ താനേ ഇല്ലാതാകും. ആ സ്കൂളില്‍ പഠിച്ചു എന്നതാണ് എന്റെ അഹങ്കാരം. ഇപ്പോഴത്തെ പുതിയ താരങ്ങള്‍ക്കൊന്നും കിട്ടാതെ പോയ ഭാഗ്യം എന്നോര്‍ക്കുമ്പോഴുള്ള അഹങ്കാരം. എം.എന്‍. നമ്പ്യാര്‍ എന്ന കൊടുക്രൂരനായ വില്ലന്‍ ജീവിതത്തില്‍ എത്ര സൌമ്യനായിരുന്നു എന്നാണ് കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്. നമ്പ്യാര്‍ സാറിനെപ്പോലെ തന്നെ തമിഴില്‍ എനിക്കു ഗുരുനാഥനായി മാറിയ നടനായിരുന്നു നാഗേഷ് സാര്‍. 'തമ്പി പൊണ്ടാട്ടി' എന്ന ചിത്രത്തിലാണ് നാഗേഷ് സാറിനൊപ്പം ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. രമ്യാ കൃഷ്ണന്‍, നിഴലുകള്‍ രവി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ആ ചിത്രത്തില്‍ എന്റെ അച്ഛന്റെ വേഷമായിരുന്നു നാഗേഷ് സാറിന്. പ്രായം കൊണ്ട് എന്നെക്കാള്‍ എത്രയോ മുതിര്‍ന്ന ആളാണ് അദ്ദേഹം. സിനിമയിലെ സീനിയോരിറ്റി വച്ച് നോക്കിയാല്‍ പതിറ്റാണ്ടുകളുടെ വ്യത്യാസം. തമിഴ് സിനിമയുടെ ചരിത്രം തുടങ്ങുന്നതു മുതല്‍ പറയാവുന്ന പേരാണ് അദ്ദേഹത്തിന്റേത്. അങ്ങനെയൊരു വലിയ നടനെ ആദ്യം കാണുമ്പോള്‍ ഭയഭക്തി ബഹുമാനങ്ങളോടെ ഞാന്‍ നമസ്കരിച്ചു. വിനയത്തോടെ ഞാന്‍ ഒതുങ്ങിനിന്നു. പക്ഷേ, എന്നെ അമ്പരപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നെക്കാള്‍ പത്തുവയസെങ്കിലും ഇളയ ഒരാളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. വിശ്രമവേളകളില്‍ ഒന്നിച്ചിരിക്കുക, കളിതമാശകള്‍ പറയുക, ചീട്ടുകളിക്കുക...ഇങ്ങനെ ചുറുചുറുക്കുള്ള ഒരു പതിനെട്ടുകാരനെ പോലെ അദ്ദേഹം മുഴുവന്‍ സമയവും സജീവമായി കൂട്ടുകൂടി. ഷൂട്ടിങ്ങിനിടെ ബ്രേക്ക് പറഞ്ഞാലുടന്‍ അദ്ദേഹം കൈപിടിച്ച് വലിച്ചുകൊണ്ട് പോകും. എവിടെയെങ്കിലും കൊണ്ടിരുത്തും. പിന്നെ തമാശകളും കൊച്ചുവര്‍ത്തമാനം പറച്ചിലുമായി അദ്ദേഹം അരങ്ങുകൊഴുപ്പിക്കും. തമ്പി പൊണ്ടാട്ടിക്കു ശേഷം പിന്നീട് പല ചിത്രങ്ങളിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. നഗേഷ് സാര്‍ കൂടി അഭിനയിക്കുന്ന ഒരു സിനിമയാണ് എന്നറിയുമ്പോള്‍ അതിന്റെ സെറ്റിലേക്കു പോകാന്‍ തന്നെ ഒരു ആവേശമായിരുന്നു എനിക്ക്. കോളജില്‍ നമുക്കൊപ്പം പഠിച്ച ഒരു അടുത്ത സ്നേഹിതനെ വീണ്ടും കാണുന്നതു പോലെയാണ് അദ്ദേഹത്തെ കാണുമ്പോള്‍ തോന്നുക. പ്രേക്ഷകരെയും സ്നേഹിതരെയുമെല്ലാം എപ്പോഴും ചിരിപ്പിക്കുമായിരുന്ന നഗേഷ് സാര്‍ ജീവിതത്തില്‍ പക്ഷേ, ഏറെ വിഷമങ്ങള്‍ സഹിച്ചിട്ടുള്ളയാളാണെന്ന് ഞാന്‍ പിന്നീടാണറിഞ്ഞത്. ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. സിനിമയില്‍ അഭിനയിക്കുന്നത് പാപമാണെന്ന് കരുതിയിരുന്ന ആ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക കൂടി ചെയ്തതോടെ അദ്ദേഹം കുടുംബത്തില്‍ നിന്നു പുറത്താക്കപ്പെട്ടു. സിനിമയില്‍ പേരും പ്രശസ്തിയും പണവുമൊക്കെയായപ്പോള്‍ തന്റെ അമ്മയെ കാണാന്‍ അദ്ദേഹം നാട്ടിലേക്കു പോയ സംഭവം കേട്ടിട്ടുണ്ട്. ഒരു അംബാസിഡര്‍ കാറു വാങ്ങി അതിന്റെ ഡാഷ് ബോര്‍ഡില്‍ നൂറിന്റെ നോട്ടുകള്‍ അടുക്കിവച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മകന്റെ സമ്പത്തും പ്രശസ്തിയുമൊക്കെ അറിയുമ്പോള്‍ അമ്മ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വീട്ടിലെത്തും മുന്‍പ് തന്റെ ഗ്രാമത്തിലുള്ള പുഴയ്ക്കരയില്‍ ഒരു ശവദാഹം നടക്കുന്നത് അദ്ദേഹം കണ്ടു. ആരാണെന്ന് അറിയാന്‍ അദ്ദേഹം അതു ശ്രദ്ധിച്ചു. അത് നാഗേഷ് സാറിന്റെ അമ്മയായിരുന്നു ! ഇങ്ങനെ, സിനിമയില്‍ പോലും കാണാത്ത നാടകീയത നിറഞ്ഞതായിരുന്നു നാഗേഷ് സാറിന്റെ ജീവിതം. എന്നിട്ടും അദ്ദേഹം എല്ലാവരെയും ചിരിപ്പിച്ചു. നാഗേഷ് സാറിനെ കണ്ടിട്ട് ഇപ്പോള്‍ ഏറെ നാളായി. പക്ഷേ, ഇപ്പോഴും ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തെ ഒാര്‍ക്കും. അതു പലപ്പോഴും പുതിയ ചില താരങ്ങളുടെ പെരുമാറ്റവും ഇടപെടലും കാണുമ്പോഴായിരിക്കും. ഇതിനൊരു മറുവശം കൂടിയുണ്ട്. അന്നത്തെ താരങ്ങളെ പോലെ പെരുമാറാന്‍ ഇന്ന് നമ്മള്‍ ശ്രമിച്ചുപോയാല്‍ അതോടെ തീര്‍ന്നു. നമ്മളുടെ തലയില്‍ ചവിട്ടി പിന്നിലുള്ളവര്‍ കയറിപ്പോകും. ആത്മാര്‍ഥത കൂടുതലായാല്‍ പിന്നെ കാര്യം പോക്കായി എന്നതാണ് ഇന്നത്തെ സിനിമയുടെ അവസ്ഥ. എപ്പോള്‍ ഫീല്‍ഡ് ഒൌട്ട് ആയി എന്നു നോക്കിയാല്‍ മതി. നാഗേഷ് സാറിന്റെ കാര്യം പറഞ്ഞുവന്നപ്പോഴാണ് മറ്റൊരു കഥ കൂടി ഒാര്‍ത്തത്. തമിഴില്‍ രണ്ടോ മൂന്നോ ചിത്രങ്ങളില്‍ എനിക്കൊപ്പം നായികയായി അഭിനയിച്ച ഒരു നടി. എനിക്കൊപ്പമായിരുന്നു അവരുടെ ആദ്യ ചിത്രം. നാട്ടിന്‍പുറത്തുകാരിയായ ഒരു ശാലീന സുന്ദരിയെപോലെ അച്ഛന്റെ പിന്നാലെ അവള്‍ സെറ്റിലേക്ക് കടന്നുവന്നത് എനിക്കോര്‍മയുണ്ട്. നല്ലൊരു മനുഷ്യനായിരുന്നു അവരുടെ അച്ഛന്‍. സാധുവായ ഒരു മനുഷ്യന്‍. ആ പടം വലിയ ഹിറ്റായി. നടിക്ക് തമിഴിലും തെലുങ്കിലുമൊക്കെ നിരവധി ചിത്രങ്ങളില്‍ നായികവേഷം കിട്ടി. തിരക്കായി. കാശായി. പ്രശസ്തിയായി. കുറെനാളുകള്‍ക്കു ശേഷം ഞങ്ങള്‍ വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിച്ചു. അതിന്റെ സെറ്റില്‍ ഞാനും നാഗേഷ് സാറും അടങ്ങുന്ന ചില താരങ്ങള്‍ തമാശകളൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോഴതാ നമ്മുടെ നായിക കടന്നുവരുന്നു. വിലകൂടിയ കാറിലെത്തിയ നടി ഞങ്ങളുടെ മുന്നിലൂടെ നടന്ന് അകത്തേക്കു പോയി. പിന്നാലെ ബാഗു മേയ്ക്കപ്പ് സാധനങ്ങളുമായി ആയമാരും. നാഗേഷ് സാറും ഞാനുമൊക്കെ അവിടെയിരിക്കുന്നതു കണ്ടിട്ടും അവര്‍ ഒന്നു നോക്കുക പോലും ചെയ്തില്ല. കുറെ തെലുങ്കു സിനിമകളില്‍ അഭിനയിച്ചതോടെ അവര്‍ നാഗേഷ് സാറിനെ പോലെയൊരു സീനിയര്‍ താരത്തെ വരെ മറന്നു. നാഗേഷ് സാര്‍ അതു ഗൌരവമാക്കി എടുത്തില്ല. എന്നെ നോക്കിയൊന്നു ചിരിച്ചു. അത്രമാത്രം. സെറ്റില്‍ പിന്നീട് നടിയുടെ ജാഡ പ്രകടനം തന്നെയായിരുന്നു. ലൈറ്റ് ബോയിസിനോട് ചൂടാവുക. ചില സീനുകള്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് അറത്തുമുറിച്ചു പറയുക, താമസിച്ചു വരിക, അങ്ങനെപോയി അവരുടെ പ്രകടനങ്ങള്‍. പലപ്പോഴും പ്രതികരിക്കണമെന്നു തോന്നിയെങ്കിലും ഒരുവിധത്തില്‍ ഞാന്‍ കോപം നിയന്ത്രിച്ചു. ഷൂട്ടിങ് തീരാറായപ്പോള്‍ ഒരു ദിവസം. സീനുകള്‍ക്കിടയിലുള്ള ഒരു ഇടവേള. നടി മേയ്ക്കപ്പ് റൂമിലാണ്. ഞങ്ങള്‍ കുറെപ്പേര്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ലൊക്കേഷനിലേക്ക് ഒരു ഒാട്ടോ വന്നു നിന്നു. അതില്‍ നിന്ന് ഉടഞ്ഞ വേഷവും താടിയുമൊക്കെയുള്ള ക്ഷീണിതനായ ഒരു രൂപം പുറത്തേക്കിറങ്ങി. എനിക്ക് അദ്ദേഹത്തെ പെട്ടെന്ന് ഒാര്‍മ വന്നു. നമ്മുടെ നായികയുടെ അച്ഛന്‍. ആദ്യ സിനിമയുടെ സെറ്റില്‍ വച്ച് പരിചയപ്പെട്ടതാണ്. എന്നെ കണ്ടതും അദ്ദേഹം അടുത്തേക്കു വന്നു. മകളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞ് മകളെ കാണാനുള്ള ഉത്സാഹത്തില്‍ അങ്ങോട്ടു പോയി. മേയ്ക്കപ്പ് റൂമിന്റെ വാതിലില്‍ പോയി അദ്ദേഹം തട്ടിവിളിച്ചു. ഒരു ആയ വന്ന് കതക് തുറന്നു. അദ്ദേഹം എന്തോ പറഞ്ഞു. അവര്‍ അകത്തേക്ക് അനുവാദം ചോദിച്ചു. വാതില്‍ പെട്ടെന്ന് അടഞ്ഞു. അദ്ദേഹം അവിടെ നിന്ന് നിസ്സഹായനായി എന്നെയൊന്ന് നോക്കി. പിന്നീട് ഏറെ നേരം കാത്തു നിന്ന ശേഷമാണ് അദ്ദേഹത്തിന് താന്‍ വളര്‍ത്തിവലുതാക്കിയ മകളെ ഒന്നു കാണുവാന്‍ തന്നെ കഴിഞ്ഞത്. കാശും പ്രതാപവുമൊക്കെയാകുമ്പോള്‍ സ്വന്തം അച്ഛനെ പോലും മറക്കുന്ന ഇത്തരത്തിലുള്ള പലയാളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ പടം പൊട്ടുന്നതോടെ എല്ലാം തീരുമെന്നും വീണ്ടും പഴയപടിയാകുമെന്നുമുള്ള തിരിച്ചറിവ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍. ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് നന്മ മാത്രം മനസില്‍ സൂക്ഷിച്ചിരുന്ന നാഗേഷ് സാറിനെപ്പോലെയുള്ള പഴയകാല താരങ്ങളുടെ മഹത്വം നമുക്കു കൂടുതല്‍ മനസിലാവുക.

Monday, June 8, 2009

അന്നും ഇന്നും

സിനിമാതാരങ്ങളെ ദൈവത്തെപ്പോലെ കാണുന്ന നാടാണ് ആന്ധ്രാപ്രദേശ്. അതുകൊണ്ടുതന്നെ തെലുങ്കില്‍ സൂപ്പര്‍താരമായ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ഇത്രയധികം ആളുകള്‍ അണിചേരുന്നതില്‍ അദ്ഭുതമൊന്നുമില്ല. ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ചിരഞ്ജീവിയുമായി എനിക്ക് അടുപ്പമുണ്ട്. എന്റെ ആദ്യകാല തെലുങ്ക് ചിത്രങ്ങളിലൊന്നായ ഭാരത് ബന്ദ്' റിലീസാകും മുന്‍പ് തന്നെ, പടം മെഗാഹിറ്റ് ആകുമെന്ന് പ്രവചിച്ച ആളാണ് ചിരഞ്ജീവി. ആ കഥ മുന്‍പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. വളരെ നല്ലൊരു നടന്‍ എന്നതിലുപരിയായി നല്ലൊരു മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. ഇത്രയും കാലം തെലുങ്കുദേശത്തെ ഏറ്റവും വലിയ താരമായി തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞതും അതുകൊണ്ടുതന്നെ. എം.ടി. ആറും എം.ജി.ആറുമൊക്കെ ആന്ധ്രയിലും തമിഴ്നാട്ടിലും പ്രിയപ്പെട്ടവരായതും മുഖ്യമന്ത്രിമാരായി മാറിയതും സിനിമാതാരത്തിന്റെ ഗാമറിനൊപ്പം അവരുടെ ജനങ്ങളോടുള്ള സ്നേഹവും ആത്മാര്‍ഥതയും കൊണ്ടുകൂടിയായിരുന്നു. തമിഴ്നാട്ടില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയകാന്ത് നേടിയ വിജയവും അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിച്ചെടുത്ത വോട്ടുകളും ആ മനുഷ്യനോട് തമിഴ്നാടിനുള്ള സ്നേഹം
വെളിവാക്കുന്നതായിരുന്നു. ഇപ്പോള്‍ വിജയകാന്തിനെ കൂടാതെ ശരത്കുമാര്‍, കാര്‍ത്തിക് തുടങ്ങിയ താരങ്ങളും സജീവമായി രാഷ്ട്രീയത്തിലുണ്ട്. വിജയകാന്തിനൊപ്പം ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എസ്.എ. ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത വസന്തരാഗ•ം. 1986ലാണ് ആ ചിത്രം പുറത്തിറങ്ങിയതെന്നാണ് ഒാര്‍മ. എന്റെ മൂന്നാമത്തെ തമിഴ് ചിത്രമായിരുന്നു അത്. നടന്‍ വിജയിയുടെ അച്ഛനാണ് എസ്.എ.ചന്ദ്രശേഖരന്‍. എന്നെ തമിഴിലേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. നിലവേ മലരേ എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍. വസന്തരാഗത്തില്‍ എനിക്കും വിജയകാന്തിനും നായകവേഷമായിരുന്നു. ഞാന്‍ തമിഴില്‍ ചെയ്ത ആദ്യ ഇരട്ടനായകവേഷം. പിന്നീട് എത്ര ചിത്രങ്ങളില്‍ ഇതുപോലെ ഇരട്ടനായകവേഷം ചെയ്യേണ്ടിവന്നു ! സുധാചന്ദ്രനയിരുന്നു വസന്തരാഗത്തിലെ നായിക. നിലവേ മലരേയുടെ വന്‍ വിജയം എനിക്ക് തമിഴില്‍ നല്ല പേരുണ്ടാക്കിയ സമയമായിരുന്നു അത്. വിജയകാന്ത് സൂപ്പര്‍താരപദവിയിലേക്ക് എത്തുന്നതിനു മുന്‍പുള്ള സമയം. വിജയകാന്തിനെ വച്ച് അതിനു മുന്‍പും പിന്‍പും നിലവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ചന്ദ്രശേഖരന്‍. പക്ഷേ, വസന്തരാഗത്തില്‍ എന്റെ കഥാപാത്രത്തിന് താരതമ്യത്തില്‍ പോലും കുറവ് പറയാനില്ലായിരുന്നു. വസന്തരാഗവും വന്‍ വിജയം നേടി. നൂറു ദിവസത്തോളം പല തീയറ്ററുകളിലും ചിത്രം ഒാടി. വിജയകാന്ത് ഒരു സുഹൃത്തിന്റെ സ്ഥാനത്തല്ല എനിക്ക്. അങ്ങനെയൊരു അടുപ്പം അദ്ദേഹത്തോട് തോന്നിയിട്ടില്ല. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനത്തോടെ മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളു. ആ സമയത്ത് തമിഴ് എനിക്ക് വശമായി വരുന്നതേയുള്ളു. ഇംഗീഷില്‍ സംസാരിക്കാന്‍ അദ്ദേഹത്തിനും പാടാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ തമ്മില്‍ ചെറിയ സംഭാഷണങ്ങളേ ഉണ്ടായിട്ടുള്ളു. ആ ചിത്രത്തിനു ശേഷം വല്ലപ്പോഴും പൊതുചടങ്ങുകളില്‍ വച്ചു കാണുന്നതല്ലാതെ അടുത്ത് ഇടപഴകാനുള്ള അവസരം അദ്ദേഹവുമായി വന്നിട്ടില്ല. വിജയകാന്തിന്റെ 150-ാം പടത്തില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചിരുന്നു. കഥയില്‍ പ്രാധാന്യം ഉണ്ടായിരുന്നുവെങ്കിലും വേഷം ചെറുതായിരുന്നു. അതുകൊണ്ട്, മറ്റു തിരക്കുകള്‍ ഏറെയുണ്ടായിരുന്ന സമയമായതിനാല്‍ ഞാന്‍ ആ വേഷം ചെയ്തില്ല. ഒരു തരത്തിലും ജാഡ കാണിക്കാത്ത നടനാണ് അദ്ദേഹം. സ്വഭാവത്തിലും ഇടപെടലിലുമെല്ലാം ഒരു മാന്യതയുണ്ട്. തെറ്റായ ഒരു അഭിപ്രായം പോലും അദ്ദേഹത്തെകുറിച്ച് പറയാനില്ല. ഗ്രാമീണമേഖലയില്‍ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്.
വിജയകാന്തിന്റെ പടമിറങ്ങുമ്പോള്‍ ന ഗരങ്ങളെക്കാള്‍ ഗ്രാമങ്ങളിലാണ് ആവേശം. ഗ്രാമങ്ങളിലുള്ള സ്വാധീനമാണ് രാഷ്ട്രീയത്തിലും അദ്ദേഹത്തിനു നേട്ടമാകുന്നത്. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത എന്റെ 'പുരിയാതെ പുതിര്‍' എന്ന തമിഴ്ചിത്രത്തില്‍ ചെറിയൊരു വേഷത്തിലായിരുന്നു ശരത്കുമാര്‍ അഭിനയിച്ചിരുന്നത്. അന്ന് അദ്ദേഹം നായകവേഷങ്ങള്‍ ചെയ്തു തുടങ്ങിയിട്ടില്ല. ശരത്കുമാര്‍ അഭിനയിച്ച പൊലീസ് ഒാഫിസറിന്റെ വേഷത്തിന് പക്ഷേ, സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഞാനുമായുള്ള ഒരു സ്റ്റണ്ട് സീന്‍ ഉണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ മറ്റ് കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. അതുകൊണ്ടു തന്നെ അന്ന് ശരത്കുമാറുമായി ഒരു അടുപ്പമുണ്ടായില്ല. ശരത്കുമാറിന്റെ ഭാര്യ നടി രാധിക പക്ഷേ, എന്റെ അടുത്ത സുഹൃത്താണ്. അന്നും ഇന്നും. മോഹന്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന ചിത്രത്തിലാണ് രാധികയും ഞാനും ആദ്യമായി ഒന്നിക്കുന്നത്. മോഹന്‍ലാലും ഞാനും ചേട്ടനും അനുജനുമായി അഭിനയിച്ച ചിത്രമായിരുന്നു അത്. മോഹന്‍ലാലിന്റെ നായിക രാധികയും എന്റെ നായിക നദിയാ മൊയ്തുവും. 'സംഗമം ഈ പൂങ്കാവനം', 'വാചാലം എന്‍ മൌനവും നിന്‍ മൌനവും...' എന്നിങ്ങനെ രണ്ടു സൂപ്പര്‍ഹിറ്റ് ഗനങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. രാധികയുമായി വളരെ പെട്ടെന്നു തന്നെ ഞാന്‍ അടുത്തു. രാധികയ്ക്ക് മലയാളം അത്ര പരിചയമില്ല. പക്ഷേ, വളരെ നന്നായി ഇംഗീഷില്‍ സംസാരിക്കും. ഒരുകാലത്ത് തമിഴ് സിനിമാലോകം അടക്കി വാണ എം.ആര്‍. രാധയുടെ മകളാണ് രാധിക. രാധികയുടെ അമ്മ ശ്രീലങ്കക്കാരിയാണ്. രാധിക പഠിച്ചതും ശ്രീലങ്കയിലായിരുന്നു. ലണ്ടനില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റും പഠിച്ചു. ഭാരതിരാജയുടെ സിനിമയിലൂടെയാണ് രാധിക പ്രശസ്തിയിലേക്ക് ഉയരുന്നത്. പ്രതാപ് പോത്തനുമായുള്ള പ്രണയവിവാഹവും
വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സമയം കൂടിയായിയിരുന്നു അത്. വളരെ പെട്ടെന്ന് ഒരു ആകര്‍ഷണം തോന്നിപ്പിക്കുന്ന പ്രകൃതമാണ് രാധികയുടേത്. വളരെ ഒാപ്പണായി സംസാരിക്കും. വളരെ ഫ്രണ്ട്ലി നേച്ചര്‍. ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലതാനും. അഭിനയം എന്നത് വളരെ രവത്തോടെയാണു രാധിക കണ്ടിരുന്നത്. കൂടുംതേടിയുടെ സെറ്റില്‍ വച്ചു തന്നെ രാധിക എന്റെയൊരു നല്ല സുഹൃത്തായി മാറി. പിന്നീട് തമിഴില്‍ 'പട്ടണത്താല്‍ പോകാമെടീ..' എന്ന് ചിത്രത്തില്‍ രാധിക എന്റെ നായിക വേഷം ചെയ്തു. രമ്യാകൃഷ്ണനായിരുന്നു ആ ചിത്രത്തിലെ മറ്റൊരു നായിക. രാധികയുടെ ശ്രീലങ്കക്കാരിയായ അമ്മ ശ്രീലങ്കയില്‍ വച്ച് നടത്തിയിരുന്ന സ്റ്റേജ് ഷോകള്‍ക്കൊക്കെ എന്നെയും വിളിക്കുമായിരുന്നു. ഒന്നോ രണ്ടോ തവണ അവര്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ പോയി. രാധികയുടെ വീട്ടില്‍ എന്ത് ചടങ്ങുകള്‍ നടന്നാലും ഞാന്‍ ഒരു പ്രത്യേക ക്ഷണിതാവായിരുന്നു. പിറന്നാള്‍ പാര്‍ട്ടികളൊക്കെ നടക്കുമ്പോള്‍ കൃത്യമായി എന്നെ വിളിക്കും. എന്റെ പിറന്നാള്‍ ആഘോഷമോ മറ്റോ നടന്നാല്‍ അതിനു രാധികയും വരും. ഒരു പുരുഷ സുഹൃത്തിനോടെന്ന പോലെ എന്തും തുറന്നു പറയാവുന്ന അടുപ്പമുണ്ടായിരുന്നു എനിക്ക് രാധികയോട്. ഒളിവും മറവുമില്ലാതെ സംസാരിക്കാനും ഇടപഴകാനും നല്ല സുഹൃത്തുക്കളായിരിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. പ്രതാപ് പോത്തനുമായി പിരിഞ്ഞ ശേഷം രാധിക വിവാഹം ചെയ്തത് ലണ്ടന്‍കാരനായ ഒരു
വ്യവസായിയെയായിരുന്നു. പേര് റിച്ചാര്‍ഡ്. രാധികയും റിച്ചാര്‍ഡുമായി പല തവണ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ഞാനന്ന് വിവാഹം കഴിച്ചിട്ടില്ല. ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് ജീവിക്കുന്ന സമയം. രാധിക തന്നെ പാചകമൊക്കെ ഏറ്റെടുത്ത് റിച്ചാര്‍ഡും ഞാനുമെല്ലാം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു. രാധികയെ കണ്ടിട്ട് ഏറെനാളായി. രാഷ്ട്രീയവും സിനിമയുമൊക്കെയായി അവര്‍ ഇപ്പോള്‍ നല്ല
തിരക്കാണ്. ശരത്കുമാറിന്റെ രാഷ്ട്രീയ സിനിമാജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അതിന് ഒരു കാരണം രാധികയുടെ പിന്തുണ തന്നെയാവും.

Related Posts Plugin for WordPress, Blogger...