Saturday, July 24, 2010

ഒരു മധുരക്കിനാവിന്റെ ലഹരിയില്‍


റഹ്മാന്‍

പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ യഥാര്‍ഥ്യമാവുമെന്നാണു പറയാറ്. എന്റെ ജീവിതത്തില്‍ രണ്ടു തവണ അതു സത്യമായിട്ടുണ്ട്. ഊട്ടിയില്‍ പഠിക്കുന്ന കാലത്ത് സിനിമയില്‍ അഭിനയിക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടതിന്റെ തൊട്ടുപിറ്റേന്നാണ് പത്മരാജന്റെ 'കൂടെവിടെ'യില്‍ അഭിനയിക്കാനുള്ള ക്ഷണവുമായി എന്നെത്തേടി നിര്‍മാതാവ് രാജന്‍ ജോസഫ് വന്നത്. ആ സ്വപ്നത്തിനു മുന്‍പു വരെ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ലാത്ത ഞാന്‍ അങ്ങനെ ഒരു നടനായി മാറി.

യാഥാര്‍ഥ്യമായ മറ്റൊരു സ്വപ്നം അതിലും പണ്ടാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം ഞാന്‍ അബുദാബിയില്‍ ആയിരുന്ന കാലം. ആറിലോ ഏഴിലോ പഠിക്കുകയായിരുന്നു ഞാനന്ന്. സൈക്കിളില്‍ എക്സട്രാ ഫിറ്റിങ്ങും മറ്റും പിടിപ്പിച്ച് അതിനെ അണിയിച്ചൊരുക്കുകയാണ് എന്റെ പ്രധാന പണി. അന്നൊരു രാത്രിയില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. കാഴ്ചയില്‍ ബൈക്കു പോലെയിരിക്കുന്ന ഒരു സൈക്കിള്‍. വലിയ ടയറുകളും മഡ്•ാഡുകളുമെല്ലാമായി ബൈക്കിന്റെ ആകൃതിയുള്ള ഒന്ന്.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അബുദാബി ന•രത്തില്‍ ഒരു കടയുടെ മുന്നില്‍ അതായിരിക്കുന്നു, എന്റെ സ്വപ്നത്തിലെ സൈക്കിള്‍. ചെറിയ ചില മാറ്റങ്ങളൊക്കെയുണ്ടെങ്കിലും കാഴ്ചയില്‍ ബൈക്കു പോലെ തന്നെ.

അന്നു തൊട്ട് ആ സൈക്കിള്‍ വണ്ടി സ്വന്തമാക്കാന്‍ ഞാന്‍ വീട്ടില്‍ വഴക്കു തുടങ്ങി. വലിയ വിലയാകുമെന്നും അറബികള്‍ മാത്രമോടിക്കുന്ന സൈക്കിളാണെന്നുമൊക്കെ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച് ഉപ്പ അതു തള്ളിക്കളഞ്ഞു. മെല്ലെ ഞാനതു മറന്നു.

ഒന്നുരണ്ടു മാസങ്ങള്‍ക്കു ശേഷം എന്റെ പിറന്നാള്‍ ദിനമെത്തി. ആഘോഷമൊക്കെ കഴിഞ്ഞു സമ്മാനമെവിടെയെന്നു ചോദിച്ച് ഞാന്‍ ഉപ്പയുടെ അടുത്തെത്തി. സിനിമയിലൊക്കെ കാണുന്നതു പോലെ വളരെ നാടകീയമായി ബാല്‍ക്കണിയുടെ കര്‍ട്ടന്‍ ഉപ്പ വലിച്ചു നീക്കി. അവിടെ എന്റെ സ്വപ്ന സൈക്കിള്‍ !

കണ്ടാല്‍ ബൈക്ക് ആണെന്നേ തോന്നു. പെഡലിലാണ് ബ്രേക്ക്. മോട്ടോ ക്രോസ് സൈക്കിള്‍ എന്നാണ് ഇത്തരം സൈക്കിളിന്റെ പേര്. വലിയ ഹോണുകളൊക്കെ വാങ്ങി ഞാനതില്‍ ഘടിപ്പിച്ചു. പിന്നെ, എന്റെ പ്രിയ കൂട്ടുകാരനായി മാറി ആ സൈക്കിള്‍.

വാഹനങ്ങളോടുള്ള എന്റെ ഭ്രമം അല്‍പം അതിരുവിട്ടതാണെന്നു എനിക്കു തന്നെയറിയാം. ചെറുപ്പം മുതല്‍ തന്നെ തുടങ്ങിയതാണത്. നിലമ്പൂരിലെ കുടുംബവീട്ടില്‍ മഹീന്ദ്ര ജീപ്പുണ്ടായിരുന്നു. അതോടിച്ചാണ് ഞാന്‍ ഡ്രൈവിങ് പഠിച്ചത്. ഉപ്പ ഒരു അംബാസിഡര്‍ വാങ്ങിയപ്പോള്‍ അതിലായി പരീക്ഷണം. ഊട്ടിയില്‍ പഠിക്കുമ്പോള്‍ അവധിയൊക്കെ കഴിഞ്ഞു എന്നെ സ്കൂളിലാക്കാന്‍ ജീപ്പുമായി ഉപ്പയോ ഇളയപ്പയോ വരും. അവരെ അവിടെ നിര്‍ത്തി കൂട്ടുകാര്‍ക്കൊപ്പം ഊട്ടിയിലൂടെ അല്‍പദൂരം ഞാന്‍ ജീപ്പോടിക്കും. ഹീറോ ആകുനുള്ള എളുപ്പവഴി.

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം ഞാന്‍ സ്വന്തമായി ഒരു വണ്ടി വാങ്ങി. ഒരു ഫിയറ്റ് കാര്‍. അംബാസിഡര്‍ വിട്ട് മറ്റൊരു വണ്ടി ചിന്തിച്ചാല്‍ അന്നു ഫിയറ്റ് മാത്രമേയുള്ളു. അല്ലെങ്കില്‍ ബെന്‍സ്. അതു വലിയ കാശുകാര്‍ക്കുള്ളത്.

സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയ പണം കൊണ്ടു ഒരു കാര്‍ വാങ്ങിയതിന്റെ ത്രില്ലായിരുന്നു എനിക്കന്ന്. ഡ്രൈവിങ്ങില്‍ ഞാനൊരു എക്പേര്‍ട്ട് ആയിക്കഴിഞ്ഞിരുന്നെങ്കിലും അന്ന് ഒരു ഡ്രൈവറെ വച്ചു. ആ കാറിലാണ് ഞാനന്ന് ഷൂട്ടിങ് സ്ഥലത്തൊക്കെ പോയിരുന്നത്.

ബൈക്കോടിക്കുകയായിരുന്നു മറ്റൊരു മോഹം. 'കളിയില്‍ അല്‍പം കാര്യം' എന്ന എന്റെ രണ്ടാമത്തെ ചിത്രത്തില്‍ ബൈക്കോടിക്കുന്ന സീനുണ്ട്. അങ്ങനെ അവസരം ഒത്തുവന്നു. നിര്‍മാതാവിന്റെ മകനും എന്റെ സുഹൃത്തുമായ സാന്റി എന്നെ ബൈക്കോടിക്കാന്‍ പഠിപ്പിച്ചു. അതോടെ സ്വന്തമായി ബൈക്ക് വാങ്ങാനുള്ള മോഹം കലശലായി. ഒരു സുഹൃത്തു വഴി വിദേശത്തു നിന്ന് ഒരു യമഹ ആര്‍ഡി ബൈക്ക് വാങ്ങി- 750 സിസി. വലിയ വീലുകളുമൊക്കെയുള്ള ഒരു തകര്‍പ്പന്‍ ബൈക്ക്. ഷൂട്ടിങ്ങിനു പോകുമ്പോള്‍ എത്ര ദൂരത്തായാലും ബൈക്കോടിച്ചായി യാത്ര. സത്യന്‍ അന്തിക്കാടിന്റെ പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ അഭിനയിക്കുന്ന സമയത്ത് ഒരു അപകടമുണ്ടാവുന്നതു വരെ ആ ബൈക്ക് ഭ്രമം നിലനിന്നു.

പുലര്‍ച്ചെ മൂന്നു മണി വരെ ഷൂട്ടിങ് കഴിഞ്ഞു കോസ്റ്റ്യൂമര്‍ ഏഴുമലൈയെയും പിറകിലിരുത്തി ഹോട്ടലിലേക്കു പോകുകയായിരുന്നു ഞാന്‍. ഒരു കാറിലിരിക്കുന്ന പോലെ സുഖകരമായിരുന്നു ആ ബൈക്കിലുള്ള യാത്ര. റോഡില്‍ വാഹനങ്ങള്‍ കുറവ്. നല്ല വേ•ത്തിലായിരുന്നു പോക്ക്. എറണാകുളം ന•രത്തില്‍ സെന്റ് തെരേസാസിന്റെ മുന്നിലെത്തിയപ്പോള്‍ അറിയാതെ കണ്ണടച്ചു. ഒരു ഡിവൈഡറില്‍ തട്ടി വണ്ടി മറിഞ്ഞു. ചെറിയ ചില പരുക്കുകളോടെ ഞങ്ങള്‍ രക്ഷപ്പെട്ടു.

അതോടെ, സുഹൃത്തുക്കളും വീട്ടുകാരും ബൈക്ക് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. 1986ല്‍ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത്, അബുദാബിയില്‍ നിന്ന് ഉപ്പ പുതിയ വണ്ടി എത്തിച്ചു. ഒരു മസ്ഡ 626.

വിദേശ വണ്ടികള്‍ അന്നു അപൂര്‍വമാണ്. മലയാളതാരങ്ങളില്‍ ആര്‍ക്കും തന്നെ അന്ന് ഇംപോര്‍ട്ടട് കാറില്ല. മിലട്ടറി •ീന്‍ കളറുള്ള ഈ വണ്ടിയായിരുന്നു പിന്നീട് എന്റെ തോഴന്‍. ടിവിയും തകര്‍പ്പന്‍ മ്യൂസിക് സിസ്റ്റവുമൊക്കെയുണ്ട് കാറില്‍. ഇപ്പോഴത്തെ കാറുകള്‍ പോലെ സൌകര്യത്തിനനുസരിച്ചു ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റിയറിങ്, റിമോട്ട് കണ്‍ട്രോളിങ് സിസ്റ്റം. ഇതൊക്കെ കൂടാതെ എന്റെ വക കുറെ എക്സ്ട്രാ ഫിറ്റിങ്സുകളും.

ലൊക്കേഷനിലെത്തിയാല്‍ വിദേശ കാര്‍ കാണാന്‍ ആളു കൂടും. എന്നെ കാണാനെത്തുന്ന ആരാധകരുടെ പോലും ശ്രദ്ധ കാറിലേക്കായി. അതിന്റെ പിന്നില്‍ ഡിക്കിക്കു മുകളിലായി ഒരു വലിയ ടിവി ആന്റിനയുണ്ട്. ബൂമറാങ്ങിന്റെ ആകൃതിയില്‍ വലിയ രണ്ടു ചിറകുകളുള്ള ആന്റിന. കണ്ടാല്‍ ഒരു വിമാനത്തിന്റെ വാല്‍ പോലിരിക്കും.

അതെന്താണെന്നു പലര്‍ക്കും അറിയില്ല. ലൈറ്റ് ബോയികളൊക്കെ വന്നു ചോദിക്കും: ''ഇതെന്താ സാര്‍, രണ്ടു ചിറകുകള്‍. ഈ കാര്‍ പറക്കുമോ?'' കുറച്ചു ഒാടിക്കഴിയുമ്പോള്‍ കാര്‍ പറക്കുമെന്നൊക്കെ ഞാന്‍ ചിലരെയെങ്കിലും പറഞ്ഞു വിശ്വസിപ്പിച്ചു.

ഒരിക്കല്‍ എവിഎം സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ പുറത്ത് എന്റെ കാറിനു ചുറ്റും ഒരാള്‍ നടക്കുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോളാണ് ആളെ തിരിച്ചറിഞ്ഞത്- കമലാഹാസന്‍. അടുത്തു ചെന്നപ്പോള്‍ കമല്‍ ചോദിച്ചു: ''ഇതെന്താടോ ഈ പിന്നിലുള്ള സാധനം?''

ആന്റിനയാണെന്നു പറഞ്ഞിട്ട് കമല്‍ വിശ്വാസം വരാത്ത പോലെ എന്നെയൊന്നു നോക്കി. ''പെട്ടെന്നൊന്നു ബ്രേക് ചെയ്താല്‍ പിന്നാലെ വരുന്ന ബൈക്കുകാരന്റെ നെഞ്ചില്‍ കുത്തിക്കയറുമല്ലോ?'' എന്നായിരുന്ന അദ്ദേഹത്തിന്റെ കമന്റ്.

അഞ്ചാറു വര്‍ഷം ഞാനാ കാര്‍ ഉപയോഗ•ിച്ചു. പക്ഷേ, കാര്‍ ഫേമസ് ആയതോടെ പ്രശ്നമായി. എവിടെ പോയാലും 'റഹ്മാന്‍ വരുന്നു' എന്നു ആളുകള്‍ തിരിച്ചറിയുമെന്ന അവസ്ഥ. കാറു കാണാന്‍ തന്നെ ആളുകൂടുമെന്ന അവസ്ഥ. അങ്ങനെ പുതിയ വണ്ടി സ്വന്തമാക്കി. ഒരു കോണ്ടസാ. നീല കളറുള്ള ഒന്ന്. രണ്ടു മൂന്നു വര്‍ഷം ഉപയോഗ•ിച്ച ശേഷം അതു വിറ്റു വെള്ള കളറുള്ള മറ്റൊരു കോണ്ടസാ വാങ്ങി.

എന്റെ വിവാഹസമയത്ത് ഈ കോണ്ടസയായിരുന്നു. പിന്നെ, അതും വിറ്റു. ടാറ്റ സിയറ ഇറങ്ങിയപ്പോള്‍ ഒരെണ്ണം വാങ്ങി. 96 വരെ അതായിരുന്നു എന്റെ വണ്ടി. ഏറെ ഇഷ്ടപ്പെട്ട വണ്ടിയായിരുന്നു അത്. എന്റെ മൂത്ത മകള്‍ കൈക്കുഞ്ഞായിരുന്നപ്പോള്‍ ടാറ്റ സിയറയുടെ ഡാഷ് ബോര്‍ഡില്‍ ഒരു കുഞ്ഞുമെത്തയൊരുക്കി അതില്‍ കിടത്തി ഞാന്‍ കാറോടിക്കുമായിരുന്നു. പുറത്തെ കാഴ്ചകളൊക്കെ കണ്ട് അവളങ്ങനെ കിടക്കും.

നടന്‍മാര്‍ ഉപയോഗ•ിച്ച വണ്ടികള്‍ക്കു നല്ല റീസെയില്‍ വാല്യുവുണ്ട്. പ്രത്യേകിച്ചും എന്റെ വണ്ടിക്ക്. വണ്ടിയെ ഞാന്‍ നന്നായി നോക്കിയിട്ടുണ്ടാവുമെന്ന് വണ്ടി കച്ചവടക്കാര്‍ക്ക് അറിയാം. കൂടാതെ ഏറ്റവും നല്ല മ്യൂസിക് സിസ്റ്റവും മറ്റു സംവിധാനങ്ങളുമൊക്കെ ഞാന്‍ അതില്‍ ഒരുക്കിയിട്ടുമുണ്ടാവും. രണ്ടാമത്തെ കോണ്ടസായും മൂന്നാം വര്‍ഷം വിറ്റു. പിന്നെ ഒരു ഫോഡ് എസ്കോട്ട് വാങ്ങി. അതും മൂന്നു വര്‍ഷത്തോളം ഉപയോ•ിച്ചു.

പുതിയ വണ്ടികള്‍ ഇറങ്ങുമ്പോഴെല്ലാം ഞാന്‍ ശ്രദ്ധിക്കും. എന്റെ ഇഷ്ടങ്ങളോടു യോജിക്കുന്നതാണെങ്കില്‍ പഴയതു വിറ്റു അതു വാങ്ങും. ഫോഡ് വിറ്റു കഴിഞ്ഞപ്പോള്‍ വാങ്ങിയതു സ്കോഡയാണ്. ബ്ളൂയിഷ് • കളറായിരുന്നു അതിന്. യാത്രയ്ക്കൊക്കെ പറ്റിയ വണ്ടി. സ്ട്രോങ് ആന്‍ഡ് ബ്യൂട്ടിഫുള്‍.

ഭാര്യ മെഹ്റുനിസ വണ്ടിയോടിക്കാന്‍ പഠിച്ചപ്പോള്‍ അവള്‍ക്കു വേണ്ടി വാങ്ങിയ ഹോണ്ട സിവിക് ആണ് ഇപ്പോള്‍ എന്റെ വണ്ടി. പുതിയ കാറെടുത്ത് രണ്ടാംദിവസം എന്റെ കണ്‍മുന്നില്‍ വച്ചു തന്നെ അവള്‍ മറ്റൊരു കാറില്‍ ചെന്ന് ഇടിച്ചു. വലിയ വണ്ടി ഒാടിക്കാന്‍ പേടിയാണെന്നു പറഞ്ഞ് അവള്‍ ആള്‍ട്ടോയിലേക്ക് മാറി. സ്കോഡയുടെ തന്നെ ലോറ വാങ്ങണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാന്‍. ഭാര്യ സിവിക് ഉപേക്ഷിച്ചതോടെ എനിക്ക് അത് ഉപയോഗ•ിക്കേണ്ടി വന്നു. ഒാടിച്ചുശീലമായപ്പോള്‍ സിവിക് എനിക്ക് ഇഷ്ടമായി. നല്ല സ്പീഡ് കിട്ടും. നല്ല ഗ•ിപ്പുമുണ്ട്.

ഞാന്‍ ഒന്നാന്തരം ഡ്രൈവറാണെന്ന് എന്റെ കാറില്‍ എനിക്കൊപ്പം യാത്ര ചെയ്തിട്ടുള്ളവരൊക്കെ പറയാറുണ്ട്. നിലമ്പൂര്‍ക്ക് പോകുമ്പോള്‍ ഞാന്‍ തന്നെ ഒാടിക്കണമെന്നു പറഞ്ഞു കുട്ടികള്‍ ബഹളം കൂട്ടും. മറ്റാരെങ്കിലും ഒാടിച്ചാല്‍ വലിയ വളവും തിരിവുമൊക്കെ വരുമ്പോള്‍ അവര്‍ ഛര്‍ദിക്കും. ഞാന്‍ ഒാടിച്ചാല്‍ ഒരു പ്രശ്നവുമില്ല. കാറില്‍ ഇരിക്കുന്നവരുടെ സൌകര്യം നോക്കിയാണ് വണ്ടിയോടിക്കേണ്ടത് എന്നാണ് ഞാന്‍ കരുതുന്നത്. മറ്റുപലരും അങ്ങനെയല്ല. വണ്ടിയെപ്പറ്റിയും റോഡിനെപ്പറ്റിയുമൊക്കെയാണ് അവരുടെ ചിന്ത.

പൂര്‍ത്തിയാകാതെ കിടക്കുന്ന ഒരു മോഹത്തിന്റെ കഥ കൂടി പറയാം. കാര്‍ റേസിങ്. മസ്ഡ ഉണ്ടായിരുന്ന സമയത്ത് ചെന്നൈക്കടുത്ത് ശ്രീപെരുംപതൂരില്‍ റേസിങ് കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. പക്ഷേ, എന്റെ വണ്ടി മസ്ഡയായതു പ്രശ്നമായി. വിദേശ വണ്ടികളുടെ വിഭാഗത്തില്‍ മല്‍സരിക്കേണ്ടി വരും. കാറിന്റെ സിസി അനുസരിച്ചാണ് കാറ്റഗറി തിരിക്കുന്നത്. 1800 സിസിയായിരുന്നു മസ്ഡ. ആ വിഭാഗത്തില്‍ പങ്കെടുക്കുന്നവരൊക്കെ വലിയ രാജ്യാന്തര താരങ്ങളാണ്. മാത്രമല്ല, ആ വിഭാഗത്തില്‍ പങ്കെടുക്കുന്നയാള്‍ ചെറിയ റേസുകളിലൊക്കെ വിജയിച്ചിരിക്കണമെന്നോ മറ്റോ ചട്ടവുമുണ്ട്. അങ്ങനെ അന്ന് അതു നടക്കാതെ പോയി. തിരക്കുകള്‍ക്കിടയില്‍ പിന്നെ സമയം കിട്ടിയില്ല. കല്യാണം കഴിഞ്ഞതോടെ ഭാര്യക്കു പേടിയായി. റേസിങ്ങിനൊക്കെ പോയാല്‍ വലിയ അപകടമൊക്കെ വരില്ലേ എന്നാണ് അവളുടെ പേടി.

ആ മോഹം ബാക്കി കിടക്കുകയാണ്. അടുത്തുതന്നെ അതു സഫലമാക്കണം. അങ്ങനെ തോറ്റുപിന്‍മാറാന്‍ പാടില്ലല്ലോ.

(ഫാസ്റ്റ്ട്രാക് മാസിക - 2007)

Related Posts Plugin for WordPress, Blogger...