Monday, April 27, 2009

അന്‍പുള്ള ശിവാജി സാര്‍

ശിവാജി ണേശന്‍ എന്ന അഭിനയ ചക്രവര്‍ത്തിക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തില്‍ മദിരാശിയിലെ എവിഎം സ്റ്റുഡിയോയിലേക്കു കടന്നു ചെല്ലുമ്പോള്‍ ഉള്ളില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. പറഞ്ഞിരുന്ന ദിവസത്തിലും ഒരു ദിവസം വൈകിയാണു ചെല്ലുന്നത് എന്നതായിരുന്നു ആ പേടിക്കു കാരണം.
'അന്‍പുള്ള അപ്പാ' എന്ന എന്റെ നാലാമത്തെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു അവിടെ. 1987ലാണെന്നാണ് ഒാര്‍മ. കൊട്ടാരം പോലുള്ള വലിയൊരു വീട് സെറ്റിട്ടിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ സംവിധായകന്‍ എ.സി ത്രിലോക് ചന്ദര്‍ സാര്‍ ഒരു സോഫായില്‍ ഇരിക്കുകയാണ്. ആ സോഫയില്‍ കൈകുത്തി നിന്ന് ഒരാള്‍ സംസാരിക്കുന്നുണ്ട്. ബാക്കി സെറ്റ് മുഴുവന്‍ ഇവരുടെ ചുറ്റും നില്‍ക്കുന്നു. ചിത്രത്തിലെ പാട്ട് വലിയ ശബ്ദത്തില്‍ വച്ചിട്ടുണ്ട്. എല്ലാവരും പാട്ട് കേട്ടിരിക്കുകയാണ്.
ശിവാജി സാറിനെ പോലുള്ള വലിയ താരങ്ങളെ വച്ച് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വലിയ സംവിധായകനാണ് ത്രിലോക് ചന്ദര്‍ സാര്‍. ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു.
''വരൂ, റഹ്മാന്‍. ഇരിക്കൂ.''
അദ്ദേഹത്തിന്റെ അടുത്തുള്ള സോഫയില്‍ ഞാനിരുന്നു. കാലിന്‍മേല്‍ കാലൊക്കെ കയറ്റിവച്ച് അല്‍പം 
മയില്‍ തന്നെ. ചുറ്റും നില്‍ക്കുന്നവര്‍ ആരൊക്കെയാണെന്നു ഞാന്‍ ആദ്യം ശ്രദ്ധിച്ചതേയില്ല.
പക്ഷേ, എല്ലാവരും എന്നെ തന്നെ തുറിച്ചുനോക്കുകയായിരുന്നു. പലരുടെയും മുഖത്ത് അന്ധാളിപ്പ്, പരിഭ്രമം. എന്നോടെന്തോ പറയാന്‍ ആ
ഹിക്കുന്നുണ്ട് അവരെന്ന് എനിക്കു തോന്നി. പക്ഷേ, ഞാന്‍ അതൊന്നും കാര്യമാക്കാതെ പാട്ടില്‍ ശ്രദ്ധിച്ചിരുന്നു.
പാട്ടു കേട്ടിരിക്കവേ, സംവിധായകന്റെ സോഫയില്‍ പിടിച്ചു കൊണ്ട് നിന്നിരുന്ന ആളെ ഞാനൊന്നു നോക്കി. അദ്ദേഹം എന്നെയും നോക്കി. ആ നോട്ടം....
ദൈവമേ....
എന്റെ നെഞ്ചിലൂടെ ഒരു ഇടിത്തീ പാഞ്ഞു. ...ഞാന്‍ ചാടിയെഴുന്നേറ്റു. ശിവാജി സാര്‍....
മഹാനായ ആ നടന്‍ നില്‍ക്കുമ്പോഴാണോ ഞാന്‍ കാലിന്‍മേല്‍ കാലും കയറ്റിവച്ച് ഇത്രയും നേരം സോഫയിലിരുന്നത്? സെറ്റിലുള്ളവര്‍ എന്ന പകച്ചുനോക്കിയതിന്റെ കാര്യം എനിക്കപ്പോള്‍ മാത്രമാണു മനസിലായത്. പാട്ടു തീര്‍ന്നപ്പോള്‍ പേടിയോടെ ഞാന്‍ ശിവാജി സാറിന്റെ അടുത്തേക്കു ചെന്നു.
''സാര്‍, ഞാന്‍..''
''തെരിയും, തെരിയും...റഹ്മാന്‍. മലയാളത്തിലെ പെരിയ സ്റ്റാര്‍...'' അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം എന്നെ കളിയാക്കിയതാണോ എന്നൊരുനിമിഷം ഞാന്‍ സംശയിച്ചു. പക്ഷേ, എന്റെ സിനിമകളെപ്പറ്റി വരെ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് സംസാരത്തില്‍ നിന്നു മനസിലായി. എന്റെ തോളത്തു തട്ടി അദ്ദേഹം അഭിനന്ദിച്ചപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം ഞാന്‍ അനുഭവിച്ചു.
'അന്‍പുള്ള അപ്പാ'യില്‍ നദിയാ മൊയ്തുവായിരുന്നു എന്റെ നായിക. ശിവാജി സാറിന് നദിയായുടെ അച്ഛന്റെ വേഷമായിരുന്നു. അദ്ദേഹമായിരുന്നു 'അന്‍പുള്ള അപ്പ'.
ശിവാജി സാര്‍ ഉള്ള സെറ്റില്‍ വലിയൊരു ഭീതിയുടെ അന്തരീക്ഷമാണെന്നു നേരത്തെ കേട്ടിരുന്നു. അദ്ദേഹം വന്നാല്‍ പിന്നെ മറ്റാരും മിണ്ടില്ല. ഒരു സിംഹത്തെ കാണുന്നപോലുള്ള പേടിയോടെയാണ് എല്ലാവരും അദ്ദേഹത്തെ നോക്കുക. 
ഗൌരവം നിറഞ്ഞ മുഖത്തോടെയാവും ആദ്യമൊക്കെ അദ്ദേഹവും നില്‍ക്കുക.
പക്ഷേ, അടുത്തു പരിചയപ്പെട്ടപ്പോള്‍ ഇത്തരം മുന്‍വിധികളൊക്കെ എനിക്കു മാറ്റേണ്ടിവന്നു. സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അദ്ദേഹം സ്നേഹസമ്പന്നനായ ഒരു നല്ല മനുഷ്യനായി മാറും. തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കും. താനൊരു വലിയ നടനാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. അങ്ങനെ നമ്മളോടു പെരുമാറുകയുമില്ല. തമിഴില്‍ അന്ന്, ചുരുക്കം ചിത്രങ്ങളിലെ ഞാനഭിനയിച്ചിട്ടുള്ളു. പക്ഷേ, വലിയൊരു നടനോടു കാണിക്കുന്ന ബഹുമാനം അദ്ദേഹം എന്നോടും കാണിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റം കാണുമ്പോള്‍ അഹങ്കാരമല്ല, വിനയമാണ് നമുക്ക് ഉണ്ടാവുക. മറ്റുള്ളവരോടു എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതാണു ശിവാജി സാറിന്റെ ഇടപെടല്‍. ആദ്യ കാഴ്ചയില്‍ അദ്ദേഹമെന്നോടു സ്നേഹപൂര്‍വം സംസാരിച്ചെങ്കിലും അന്നു ഉച്ചവരെ എന്റെ ചിന്ത എന്റെ ആദ്യ പെരുമാറ്റം അഹന്തയായി അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവുമോ എന്നതായിരുന്നു.
എ,വി.എം സ്റ്റുഡിയോയില്‍ ശിവാജി സാറിനു സ്വന്തമായി ഒരു മുറിയുണ്ട്. ഷൂട്ടിങ് ഇടവേളകളില്‍ അദ്ദേഹം അവിടെയാണു വിശ്രമിച്ചിരുന്നത്. ഉച്ചയ്ക്ക് ഉൌണിന്റെ സമയമായപ്പോള്‍ അദ്ദേഹം ആളെ വിട്ട് എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നു. വീട്ടില്‍ നിന്നു കൊണ്ടു വന്ന ബിരിയാണിപാത്രം തുറന്ന് എനിക്കും സംവിധായകന്‍ ത്രിലോക് ചന്ദര്‍ സാറിനും അദ്ദേഹം തന്നെ വിളമ്പിതന്നു. 'ശാപ്പിട്, ശാപ്പിട്' എന്നു പറഞ്ഞു നിര്‍ബന്ധിച്ച് അദ്ദേഹം ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചു. ഭക്ഷണത്തെക്കുറിച്ചു മാത്രമാണ് അദ്ദേഹം അപ്പോഴൊക്കെയും സംസാരിച്ചത്.
ശിവാജി സാറിന്റെ മകന്‍ പ്രഭുവുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ആ സ്നേഹബന്ധം ഇപ്പോഴും ശക്തമായി തുടരുന്നു.
ശിവാജി സാറിനെ പോലെ തന്നെയായിരുന്നു പ്രഭവും. ഭക്ഷണക്കാര്യത്തില്‍ പ്രത്യേകിച്ചും. നമ്മളെ നിര്‍ബന്ധിച്ചു കഴിപ്പിക്കും. ഇടയ്ക്കു വീട്ടിലേക്ക് വിളിച്ച് വിരുന്നു തരും. നല്ല ഭക്ഷണം നമ്മളെ കൊണ്ടു കഴിപ്പിക്കുന്നതിലായിരുന്നു ശിവാജിസാറിനെപ്പോലെ പ്രഭുവിന്റെയും ആനന്ദം.
ഒരു സിനിമയില്‍ മാത്രമേ ശിവാജിസാറിനൊപ്പം ഞാനഭിനയിച്ചുള്ളു. പക്ഷേ, അതു തന്നെ മഹാഭാ
ഗ്യം  എന്നാണു ഞാന്‍ കരുതുന്നത്. പുതുതലമുറയിലെ നടന്‍മാര്‍ക്കൊന്നും കിട്ടാത്ത അപൂര്‍വ ഭാഗ്യം. 

നക്സലൈറ്റായി പൊലീസ് സ്റ്റേഷനില്‍

തെലുങ്കു ചിത്രമായ ഭാരത് ബന്ദില്‍ നാട്ടിലെ അഴിമതിക്കെതിരെ പൊരുതുന്ന യുവാവിന്റെ റോളായിരുന്നു എനിക്ക്. അതിനു യോജിക്കുന്നതായിരുന്ന എന്റെ വേഷവും. കുറ്റിത്താടി, കറുത്ത ഷര്‍ട്ട്, ജീന്‍സ്, അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് അപകടമുണ്ടായ കഥ ഞാനെഴുതി. കാലൊടിഞ്ഞതിലും വലിയൊരു അപകടം ആ സിനിമയുടെ സെറ്റില്‍ നിന്നു തന്നെ എനിക്കുണ്ടായി. ഇപ്പോള്‍ ഒാര്‍ക്കുമ്പോള്‍ ചിരിച്ചുപോകുന്ന സംഭവം. ഹൈദരബാദ് നഗരത്തിലൂടെ എന്തിനും പോന്ന ചങ്കൂറ്റത്തോടെ ആരെയോ ലക്ഷ്യം വച്ചുപോകുന്ന യുവാക്കളുടെ തലവനായി ഞാന്‍ അഭിനയിക്കുന്ന സീനാണ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്ന് എടുക്കാന്‍ പദ്ധതിയിട്ടിരുന്നത്. നഗരത്തിലൂടെ പോകുന്ന ഞങ്ങളുടെ സംഘത്തെ ക്യാമറയില്‍ പകര്‍ത്തുന്നത് ഒരു വലിയ കെട്ടിടത്തിനു മുകളില്‍ നിന്നാണ്. തിരക്കേറിയ നഗരത്തിലൂടെ ഷൂട്ടിങ്ങാണെന്ന് ജനങ്ങളെ അറിയിക്കാത്ത വിധത്തില്‍ ഞങ്ങള്‍ നടന്നുപോകണം. സംവിധായകനും സംഘവും കെട്ടിടത്തിനു മുകളില്‍. ഞാനും ഏഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും കൂടി ഒരു ജീപ്പില്‍ കയറി സ്ഥലത്തിറങ്ങി. അവിടെനിന്ന് ഞങ്ങള്‍ നഗരത്തിലൂടെ നടന്നു. ക്യാമറ ഞങ്ങളെ പകര്‍ത്തുന്നുണ്ടെന്ന ബോധ്യത്തോടെ ഞങ്ങളുടെ സംഘം വേഗത്തില്‍ നടന്നുനീങ്ങവെ, പെട്ടെന്ന് രണ്ട് മൂന്നു പൊലീസ് ജീപ്പുകള്‍ ഞങ്ങളുടെ മുന്നില്‍ വന്നു ബ്രേക്കിട്ട് നിര്‍ത്തി. പൊലീസുകാര്‍ ചാടിയിറങ്ങി. ഞങ്ങളെ വലിച്ചു ജീപ്പില്‍കയറ്റി. ഷൂട്ടിങ്....ഷൂട്ടിങ്.... എനിക്കൊപ്പം ഉണ്ടായിരുന്ന ഒരുവന്‍ വിളിച്ചുപറഞ്ഞു. പൊലീസുകാര്‍ അതു എനിക്ക് എന്താണു സംഭവിക്കുന്നതെന്നു തന്നെ മനസിലായില്ല. അതിനു മുന്‍പ് ഞാന്‍ ജീപ്പിനുള്ളിലായി. എന്നെ ജീപ്പിനുള്ളില്‍ കയറ്റുന്നതിനെ തടഞ്ഞുകൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പൊലീസുകാരുടെ ഇടയില്‍ വീണു. സാര്‍..ഷൂട്ടിങ്..ഇത് വലിയ സ്റ്റാര്‍. അവന്‍ തെലുങ്കില്‍ വിളിച്ചുകൂവി. അവന്റെ മുഖം നോക്കി ഒറ്റയടി കൊടുത്തുകൊണ്ട് എന്തൊക്കെയോ തെലുങ്കില്‍ അലറിക്കൊണ്ട് പൊലീസുകാര്‍ എല്ലാവരെയും ജീപ്പിനുള്ളിലാക്കി. ജീപ്പ് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. എനിക്ക് സംഭവം അപ്പോഴേക്കും പിടികിട്ടിയിരുന്നു. ഏതോ നക്സലൈറ്റ് സംഘമാണ് ഞങ്ങളെന്നാണു പൊലീസുകാര്‍ കരുതിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദര്‍ശനം അടുത്ത ദിവസങ്ങളിലുണ്ടായിരുന്നു. നക്സലൈറ്റ് ഭീഷണി നേരിടാന്‍ പൊലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു താനും. ഞാനാണെങ്കില്‍ തെലുങ്കില്‍ അതിനു മുന്‍പ് ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ, എന്നെ പൊലീസുകാര്‍ക്കൊന്നും പരിചയമില്ലായിരുന്നു. ജീപ്പിനുള്ളില്‍ ഇരിക്കുമ്പോള്‍ ഒന്നും മിണ്ടാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ഞാന്‍. തെലുങ്കറിയാത്ത ഞാന്‍ എങ്ങനെ ഷൂട്ടിങ്ങാണെന്നും ഞാനൊരു നടനാണെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചിരുന്നു. സംവിധായകനും കൂട്ടരും സംഭവം കണ്ടിട്ടുണ്ടാവുമെന്നും അവര്‍ വന്നു ഞങ്ങളെ രക്ഷിക്കുമെന്നും ഞാന്‍ ആശ്വസിച്ചു. സ്റ്റേഷനിലെത്തും വരെ പൊലീസുകാരും ഒന്നും സംസാരിച്ചില്ല. സ്റ്റേഷനിലെത്തിയ പാടെ എല്ലാവരോടും ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു. അവിടെ കണ്ട ഏറ്റവും വലിയ ഉദ്യോഗസ്ഥനോട് ഇംഗീഷിലും പാതി തമിഴിലുമായി ഞാന്‍ കാര്യം പറഞ്ഞുനോക്കി. അതു വകവയ്ക്കാതെ അയാള്‍ എന്റെ ഷര്‍ട്ട് വലിച്ചൂരി. അയാള്‍ എന്നോട് പേരു ചോദിച്ചു. റഹ്മാന്‍ എന്നു ഞാന്‍ മറുപടി പറഞ്ഞതും ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അയാള്‍ എന്നെ അടിമുടിയൊന്നു നോക്കി. ഏതോ മുസ്ലിം തീവ്രവാദിയാണ് ഞാനെന്ന് അയാള്‍ കരുതിയിട്ടുണ്ടാവും. ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ പോലും തയാറാവാതെ അയാള്‍ ഞങ്ങളെയെല്ലാം സ്റ്റേഷനിലെ സെല്ലിലിട്ട് പൂട്ടി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. സ്റ്റേഷനു പുറത്ത് വലിയൊരു ബഹളം. എന്നെ പൊലീസ് അറസ്റ്റു ചെയ്തതറിഞ്ഞ സംവിധായകന്‍ കോടി രാമകൃഷ്ണയും സംഘവും എത്തിയതാണ്. കോടി രാമകൃഷ്ണ തെലുങ്കിലെ ഒന്നാംനിര സംവിധായകനാണ്. മലയാളത്തിലെ സംവിധായകരെ പോലെയല്ല തെലുങ്കില്‍ സംവിധായകരുടെ സ്ഥാനം. സ്വന്തമായി ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ട് കോടി രാമകൃഷ്ണയ്ക്ക്. അദ്ദേഹത്തിനൊപ്പം അസോസിയേഷന്റെ ഭാരവാഹികളും ചില രാഷ്ട്രീയക്കാരും പത്രക്കാരും സ്റ്റേഷനിലെത്തി. അദ്ദേഹം സ്റ്റേഷനിലെത്തിയതിന്റെ പിന്നാലെ വലിയൊരു സംഘം ജനങ്ങളും സ്റ്റേഷനു പുറത്ത് തടിച്ചുകൂടി. സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം. കോടി രാമകൃഷ്ണയെ കണ്ടതോടെ പൊലീസുകാര്‍ക്ക് അബദ്ധം മനസിലായി. ഉടന്‍ തന്നെ ഞങ്ങളെ സെല്ലില്‍ നിന്നു പുറത്തിറക്കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങാന്‍ തിടുക്കം കൂട്ടവേ കോടി രാമകൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന ചിലര്‍ തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറഞ്ഞാല്‍ മാത്രം സ്റ്റേഷനില്‍ നിന്നിറങ്ങിയാല്‍ മതി. പരസ്യമായി പത്രക്കാര്‍ക്കു മുന്നില്‍വച്ച് ക്ഷമ പറയണമെന്ന ആവശ്യം അംഗ•ീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം തയാറായില്ല. പക്ഷേ, ഒടുവില്‍ ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന ഘട്ടം വന്നപ്പോള്‍ മടിച്ചുമടിച്ച് അയാള്‍ ക്ഷമ ചോദിച്ചുവെന്ന് വരുത്തി. സ്റ്റേഷനു പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപ്പോയി. ഒരു സമ്മേളനത്തിനുള്ള ജനമുണ്ട്. എന്നെ കണ്ടതും അവര്‍ കൈയടിച്ച് ആഹ്ളാദാരവം മുഴക്കി. ഏതോ ഒരുത്തന്‍ എന്നെ പൊക്കിയെടുത്തു. എന്റെ കഴുത്തില്‍ മാലയിട്ടു. സ്വാതന്ത്യ്രസമരകാലത്ത് ജയില്‍വാസം കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കുന്ന മട്ടില്‍ ആഘോഷപൂര്‍വം അവര്‍ എന്നെ പുറത്തേക്കു നയിച്ചു. എന്നെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് തെലുങ്കുനാട്ടില്‍ വന്‍വാര്‍ത്താ പ്രാധാന്യം കിട്ടി. പത്രങ്ങളൊക്കെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത ആഘോഷിച്ചു. ചിത്രത്തിന്റെ വന്‍വിജയത്തിന് ഈ സംഭവവും അതിനു കിട്ടിയ പബ്ളിസ്റ്റിയും സഹായിച്ചുവെന്നതില്‍ സംശയമില്ല. തെലുങ്കില്‍ ഒരു വലിയ ഹിറ്റ് കിട്ടിയാല്‍ അതിന്റെ സുഖമൊന്നും വേറെ തന്നെയാണ്. നടന്‍മാരെന്നു പറഞ്ഞാല്‍ തെലുങ്കര്‍ക്ക് ദൈവത്തെ പോലെയാണ്. നമുക്കു കിട്ടുന്ന ബഹുമാനവും ആദരവും അത്രയ്ക്കു വലുതാണ്. വേറൊരു ലോകത്ത് എത്തിപ്പെട്ട പോലെ തോന്നും. പക്ഷേ, ഇതിനു മറ്റൊരു വശം കൂടിയുണ്ട്. തുടര്‍ച്ചയായ ചില പരാജയങ്ങളുണ്ടാവുകയോ, കുറെ നാളത്തെ ഇടവേള വരുത്തുകയോ ചെയ്താല്‍ അവര്‍ നമ്മളെ കൈവിടും. ഇക്കാര്യത്തില്‍ മലയാളനാടു തന്നെയാണ് നല്ലത്. മലയാളികളുടെ സ്നേഹം ആത്മാര്‍ഥമായുള്ളതാണ്. വര്‍ഷങ്ങളുടെ ഇടവേള മലയാളത്തില്‍ വന്നിട്ടും ഇന്നും എന്നെ സ്നേഹിക്കുന്ന എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന എത്രയോ ആളുകള്‍ ഇവിടെയുണ്ട്. 
(തുടരും)

Friday, April 24, 2009

സൌഹൃദത്തിന്റെ പ്രഭു


ഒരുവര്‍ വാഴും ആലയം എന്ന തമിഴ് ചിത്രത്തിന്റെ സെറ്റ്. ഏതാണ്ട് 20 വര്‍ഷം മുന്‍പ്. എന്റെ ആദ്യകാല തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. നടന്‍ പ്രഭുവും ഞാനും ഇരട്ടനായകവേഷങ്ങളില്‍ അഭിനയിച്ച ചിത്രം. 
ഒരു കുഗ്രാ‘മത്തില്‍ വച്ചായിരുന്നു ഷൂട്ടിങ്. സൌകര്യങ്ങള്‍ തീരെക്കുറവ്. താമസവും ഭക്ഷണവും വളരെ ബുദ്ധിമുട്ടിയായിരുന്നു നിര്‍മാതാക്കള്‍ അറേഞ്ച് ചെയ്തിരുന്നത്. 
ഒരു മല്‍സ്യത്തൊഴിലാളി ഗ്രാമമായിരുന്നു അത്. ആദ്യമായാണ് അവിടെ ഒരു ഷൂട്ടിങ് സംഘം വരുന്നത്. തമിഴ്നാടല്ലേ, ഇഷ്ടതാരങ്ങളെ നേരിട്ടുകാണാന്‍ വന്‍ജനക്കൂട്ടമായിരുന്നു ചുറ്റും. ഏറെ ബുദ്ധിമുട്ടിയാണ് ആളുകളെ നിയന്ത്രിച്ച് ഒരോ ഷോട്ടും എടുത്തിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാരെയും നിര്‍മാതാക്കള്‍ അറേഞ്ച് ചെയ്തിരുന്നു. പ്രതീക്ഷിച്ച വേ•ത്തില്‍ ഷൂട്ടിങ് മുന്നോട്ടുപോയില്ല. ജനങ്ങളെ നിയന്ത്രിക്കാനാവാതെ ഷൂട്ടിങ് ഒരോ ദിവസവും വൈകി. 
അന്ന് ഷൂട്ടിങ്ങിനെത്തുമ്പോഴെ സംവിധായകന്‍ പറഞ്ഞിരുന്നു. ഇന്ന് ഈ സീന്‍ പൂര്‍ത്തിയാക്കിയിട്ടേ നമ്മള്‍ മടങ്ങൂ. എത്ര ബുദ്ധിമുട്ടു സഹിച്ചായാലും പൂര്‍ത്തിയാക്കണം. എല്ലാവരും സഹകരിക്കണം. എത്രയും വേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങണം എന്ന ആഗ്രഹം കൊണ്ട് എല്ലാവരും പൂര്‍ണപിന്തുണ വാഗ്ധാനം ചെയ്തു. 
ഞാനും പ്രഭുവും ചേര്‍ന്നുള്ള ഒരു കോമ്പിനേഷന്‍ സീനായിരുന്നു അന്ന് എടുക്കാനിരുന്നത്. അതിരാവിലെ തന്നെ പ്രഭുവും ഞാനും സെറ്റിലെത്തി. 
കുറെ ദിവസങ്ങളായി മോശം ഭക്ഷണം കഴിച്ചിട്ടാവണം എനിക്ക് വയറിനു നല്ല സുഖമില്ലായിരുന്നു. പലതവണ വയറിളകിയതു കാരണം ശരീരത്തിനും ഒരു തളര്‍ച്ചയുണ്ടായിരുന്നു. 
ആദ്യ ഷോട്ട് എടുക്കാന്‍ എല്ലാവരും ഒരുങ്ങി. ദ്വീപു പോലൊരു സ്ഥലത്തായിരുന്നു ഞാനും പ്രഭുവും നില്‍ക്കേണ്ടത്. സംവിധായകനും ക്രൂവും ദൂരെ മാറി മറ്റൊരു സ്ഥലത്ത്. ഒരു ലോങ് ഷോട്ട്. 
ഞങ്ങള്‍ ഡയലോഗുകള്‍ മനഃപാഠമാക്കി. ടേക്ക് എടുക്കാന്‍ സംവിധായകന്‍ ആക്ഷന്‍ എന്നു വിളിച്ചു പറഞ്ഞതും അതുവരെ ഒരു വിധത്തില്‍ പിടിച്ചുനിന്ന എന്റെ വയര്‍ സൈറന്‍ മുഴക്കിത്തുടങ്ങി. അസഹ്യമായ വയറുവേദന. എത്രയും വേഗം ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍. ഇത്രയധികം ഒരുക്കങ്ങള്‍ നടത്തി, ഒരുവിധത്തില്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ എനിക്കു സുഖമില്ല എന്നു പറഞ്ഞ് പോകുന്നത് എങ്ങനെയെന്ന ചിന്തയായിരുന്നു എനിക്ക്. ഞാന്‍ കാരണം ഷൂട്ടിങ് തടസപ്പെട്ടാല്‍ നിര്‍മാതാവിനുണ്ടാവുന്ന നഷ്ടം എത്ര വലുതായിരിക്കും. 
സംവിധായകന്റെ ആക്ഷന്‍ കേട്ട് ഞാന്‍ ഡയലോഗ് പറഞ്ഞുതുടങ്ങി. പക്ഷേ, എന്റെ മനസ് വയറിനൊപ്പം അസ്വസ്ഥമായിരുന്നു. 
എന്റെ മുഖം കണ്ടതും പ്രഭുവിനു എന്തോ പന്തികേടു തോന്നി. അദ്ദേഹം സംവിധായകനെ കയ്യുയര്‍ത്തി കാണിച്ച് ഷൂട്ടിങ് നിര്‍ത്തിച്ചു. എന്റെയടുത്ത് ഒാടിയെത്തി കാര്യം തിരക്കി. ഞാന്‍ സംഗതി പറഞ്ഞു. എത്രയും വേഗം എനിക്കു ടോയ്ലറ്റില്‍ പോയേ തീരു.
പ്രഭു ഉടനെ തന്നെ ഒരു വണ്ടി എത്തിക്കാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടിയെത്തി. ആരോടും കാര്യം പറയാതെ ഞാനും പ്രഭുവും കാറില്‍ കയറി. നിര്‍മാതാവും സംവിധാകനും ഷൂട്ടിങ് ക്രൂ മുഴുവനും കാര്യമറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ അതിവേഗം പാഞ്ഞു. 
അടുത്തെങ്ങും ഒരു ഹോട്ടല്‍ പോലുമില്ലാത്ത കുഗ്രാമത്തില്‍ എവിടെയാണു പോകുക. അധികം ദൂരം പോകാന്‍ സമയമില്ല. എത്രയും വേഗം കാര്യം സാധിക്കണം. ഞാന്‍ എന്റെ ബുദ്ധിമുട്ട് പ്രഭുവിനോട് പറഞ്ഞു. 
കുഗ്രാമമെന്നു ഞാന്‍ പറഞ്ഞല്ലോ. കുടിലുകളല്ലാതെ ടോയ്ലറ്റുള്ള ഒരു വീടുപോലും കാണാനില്ല. എനിക്ക് ടെന്‍ഷന്‍ കൂടിക്കൂടിവന്നു. 
കുറെദൂരം പോയപ്പോള്‍ അത്യാവശ്യം ഭേദമെന്നു പറയാവുന്ന ഒരു വീടുകണ്ടു. അന്വേഷിച്ചപ്പോള്‍ അത് അവിടുത്തെ ഗ്രാമത്തലവന്റെ വീടാണ്. പ്രഭു അവിടെ കാര്‍ നിര്‍ത്തിച്ചു. അദ്ദേഹം തന്നെ കാറില്‍ നിന്നിറങ്ങി. വീട്ടില്‍ കയറിച്ചെന്നു കതകില്‍ മുട്ടി. 
വാതില്‍തുറന്ന സ്ത്രീ ദൈവം പ്രത്യക്ഷപ്പെട്ടു എന്ന പോലെ പ്രഭുവിനെ വണങ്ങി. അദ്ദേഹം അന്ന് തമിഴിലെ ഒന്നാംനിര താരമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ശിവാജി ഗണേശന്റെ മകന്‍ എന്ന ബഹുമാനവും സ്നേഹവും എല്ലാവര്‍ക്കും അദ്ദേഹത്തോട് ഉണ്ട്. അങ്ങനെ ഒരുവിധത്തില്‍ ഞാന്‍ അവരുടെ ടോയ്ലറ്റില്‍ കയറിപ്പറ്റി കാര്യം സാധിച്ചു. 
ഗ്രാമത്തലവനും ഒരു വലിയ ജനക്കൂട്ടവും അപ്പോഴേക്കും അവിടെയെത്തിക്കഴിഞ്ഞിരുന്നു. ഞാനന്ന് തമിഴ് അഭിനയിച്ചുതുടങ്ങുന്നതേയുള്ളു. എന്നെ ആര്‍ക്കും തന്നെ പരിചയമില്ല. എല്ലാവരും പ്രഭുവിന്റെ ചുറ്റുമാണ്. ഗ്രാമത്തലവന്‍ ശിവാജി സാറിന്റെ ഒരു വലിയ ആരാധകനായിരുന്നു. നിമിഷനേരം കൊണ്ട് എത്തിക്കാവുന്ന നാടന്‍ വിഭവങ്ങളൊക്കെ അദ്ദേഹം തന്റെ ഇഷ്ടതാരത്തിന്റെ മകന്റെ മുന്നിലെത്തിച്ചു. കഴിച്ചുവെന്നു വരുത്തി അവര്‍ക്കു നന്ദിപറഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി. 
പ്രഭു എന്ന ആത്മാര്‍ഥ സുഹൃത്തിനെ അന്നു കിട്ടിയതാണെനിക്ക്. ഒന്നോര്‍ത്തുനോക്കൂ, മറ്റാരെങ്കിലുമാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ? കൂടിവന്നാല്‍ ഷൂട്ടിങ് നിര്‍ത്തിക്കും. ‘റഹ്മാന്‍ പോയി വരൂ എന്ന് പറഞ്ഞ് പുറത്തുകാണിക്കാത്ത അസ്വസ്ഥതയുമായി സെറ്റില്‍ കസേരയില്‍ പോയിരിക്കും. ഇതിനപ്പുറം മറ്റൊന്നിനും സാധ്യതയില്ല. 
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സൌഹൃദത്തിന്റെ ആഴം ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നു. മലയാളത്തില്‍ എനിക്കുണ്ടായിരുന്ന താരമൂല്യം എന്നെക്കാള്‍ മനസിലാക്കിയിരുന്നത് തമിഴരായിരുന്നുവെന്ന് എനിക്കു തോന്നിയത് ഈ സിനിമയുടെ സെറ്റില്‍വച്ചായിരുന്നു. എനിക്ക് അന്നു കിട്ടിയ സ്നേഹവും ബഹുമാനവുമെല്ലാം പ്രഭുവിന്റെ സാന്നിധ്യം കൊണ്ടുകൂടിയായിരുന്നു. എനിക്ക് ഒരു കുറവും വരുത്തെരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. 
പ്രഭുവിനു വന്‍ സൌഹൃദവലയമുണ്ട്. അവരില്‍ പലരും സെറ്റില്‍ വരും. ഷൂട്ടിങ് കഴിഞ്ഞാല്‍ ഈ സംഘത്തിനൊപ്പം അദ്ദേഹവും പോകും. പിന്നെ രാത്രി വൈകിയാവും തിരിച്ചെത്തുക. ഈ ദിവസങ്ങളിലൊക്കെയും എന്നെയും അദ്ദേഹം അവരുടെ കൂടെ കൊണ്ടുപോകുമായിരുന്നു. തമാശകളും കുസൃതികളുമായി ഏറെ ആസ്വദിച്ച ദിനങ്ങള്‍. 
മലയാളത്തെക്കാള്‍ തമിഴിലായിരുന്നു ഇത്തരം ആത്മാര്‍ഥതയുള്ള സൌഹൃദങ്ങള്‍ കൂടുതല്‍ അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞത്. അവിടെ വലിയ താരങ്ങള്‍ മാത്രമല്ല ചെറിയ നടന്‍മാര്‍ക്കു പോലും ഒരു പ്രൊഫഷണല്‍ സമീപനമുണ്ടായിരുന്നു. പരസ്പരമുള്ള പാരവയ്പ്പും പരദൂഷണംപറച്ചിലുമൊക്കെ തമിഴില്‍ കുറവായിരുന്നു. 
എല്ലാവരും പരസ്പരം സഹകരിച്ചും സ്നേഹിച്ചുമാണു അഭിനയിച്ചിരുന്നത്. മലയാളത്തെക്കാള്‍ ആത്മാര്‍ഥമായ സ്നേഹം കാണാന്‍ കഴിഞ്ഞത് തമിഴ് സിനിമയിലായിരുന്നു എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ആ തിരിച്ചറിവ് എനിക്കു നേടി തന്നതു പ്രഭുവിന്റെ സ്നേഹമായിരുന്നു. 
എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടും സ്നേഹവും തോന്നിയിട്ടുള്ള രണ്ടു തമിഴ്നടന്‍മാരില്‍ ഒരാളാണ് പ്രഭു. സത്യരാജായിരുന്നു മറ്റൊരാള്‍. മലയാളത്തില്‍ മമ്മുക്കയും ലാലേട്ടനും എന്നോടു കാണിച്ച സ്നേഹത്തിന്റെ ഒരു തമിഴ് റിമേക്ക് !

കമലാഹാസനു പകരക്കാരനായ്...


എണ്‍പത്തിയേഴിലാണെന്നാണു ഒാര്‍മ. എംവിഎം സ്റ്റുഡിയോയില്‍ എന്റെ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അതിനു കുറച്ചുനാളുകള്‍ക്കു മുന്‍പാണ് വിദേശ കാറായ 'മസ്ഡ 626' എന്റെ കൂട്ടുകാരനാകുന്നത്.
സാജന്റെ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് എനിക്ക് ആ കാറു കിട്ടയത്. സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയ കാശുകൊണ്ട് ഞാന്‍ ആദ്യം വാങ്ങിയത് ഒരു ഫിയറ്റ് കാറായിരുന്നു. അന്നൊക്കെ കിട്ടുന്ന കാശുമുഴുവന്‍ വണ്ടി വാങ്ങാനൊക്കെയായി ചെലവഴിച്ചു തീര്‍ക്കും. കാശിന്റെ വില അറിയാത്ത കാലം. പ്രായത്തിന്റെ ചോരത്തിളപ്പ്. അബുദാബിയിലായിരുന്ന ഡാഡി വഴിയാണ് മസ്ഡ കാര്‍ സംഘടിപ്പിച്ചത്.
സിനിമാക്കാര്‍ക്കിടയില്‍ വിദേശ കാറുകള്‍ അന്ന് അപൂര്‍വമാണ്. മിലട്ടറി ഗ്രീന്‍ കളറുള്ള ആ കാറിന് ഇന്നത്തെ കാറുകളുടെ പോലുള്ള സൌകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റിയറിങ്, റിമോട്ട് കണ്‍ട്രോളിങ് സിസ്റ്റം, ടിവി, മ്യൂസിക് സിസ്റ്റം... എന്റെ വകയുള്ള എക്ട്രാ ഫിറ്റിങ്സുകള്‍ വേറെ. 'കാര്‍ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. കാറുമായി ഞാന്‍ എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുമെന്ന അവസ്ഥ.
ലൊക്കേഷനിലെത്തിയാല്‍ വിദേശ കാര്‍ കാണാന്‍ ആളു കൂടും. എന്നെ കാണാനെത്തുന്ന ആരാധകരുടെ ശ്രദ്ധ പോലും കാറിലേക്കായി. അതിന്റെ പിന്നില്‍ ഡിക്കിക്കു മുകളിലായി ഒരു വലിയ ടിവി ആന്റിനയുണ്ട്. ബൂമറാങ്ങിന്റെ ആകൃതിയില്‍ വലിയ രണ്ടു ചിറകുകളുള്ള ആന്റിന. കണ്ടാല്‍ ഒരു വിമാനത്തിന്റെ വാല്‍ പോലിരിക്കും.
ഞാന്‍ പറഞ്ഞുവന്നത്, എംവിഎം സ്റ്റുഡിയോയിലെ കഥയാണ്. ഷൂട്ടിങ്ങിനിടെ ഞാന്‍ പുറത്തു കാര്‍ കിടക്കുന്നിടത്തേക്കു നോക്കിയപ്പോള്‍ എന്റെ കാറിനു ചുറ്റും ഒരാള്‍ നടക്കുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോളാണ് ആളെ തിരിച്ചറിഞ്ഞത്- കമലാഹാസന്‍. വേറെ ഏതോ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമലാഹാസന്‍ അവിടെയുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഒാടി അടുത്തേക്കു ചെന്നു.
എന്നെ കണ്ടപ്പോള്‍ കമല്‍ ചോദിച്ചു: ''ഇതെന്താടോ ഈ പിന്നിലുള്ള സാധനം?''
''''ആന്റിനയാണ്'' - ഞാന്‍ പറഞ്ഞു. വിശ്വാസം വരാത്ത പോലെ കമല്‍ എന്നൊയൊന്നു നോക്കി.
''പെട്ടെന്നൊന്നു ബ്രേക് ചെയ്താല്‍ പിന്നാലെ വരുന്ന ബൈക്കുകാരന്റെ നെഞ്ചില്‍ കുത്തിക്കയറുമല്ലോ?'' അദ്ദേഹം ചോദിച്ചു.
ഇത് ചിറകുകളാണെന്നും പറക്കുമെന്നും പറഞ്ഞ് ഒരു ലൈറ്റ്ബോയിയെ പറ്റിച്ച കഥ ഞാന്‍ കമലിനോടു പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കമലാഹാസനൊപ്പം അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പലപ്പോഴും പല അവസരങ്ങളും ഒത്തുവന്നതാണ്. പക്ഷേ, അതൊന്നും ശരിയായി വന്നില്ല. കമലിനൊപ്പം അഭിനയിക്കാനായില്ലെങ്കിലും അദ്ദേഹം അഭിനയിക്കേണ്ടിയിരുന്ന വേഷം എന്നെ തേടിയെത്തി. എന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം: 'പുതു പുതു അര്‍ത്ഥങ്ങള്‍.
ഗായകനായ നായകന്റെ വേഷം സംവിധായകന്‍ കെ. ബാലചന്ദ്രര്‍ സാര്‍ എന്നെ ഏല്‍പിച്ചപ്പോള്‍ അത് ഇത്രയും വലിയ ഹിറ്റാകുമെന്നും എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവാകുമെന്നും ഞാന്‍ കരുതിയിരുന്നില്ല. അഞ്ചു സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ജീവിതഗന്ധിയായ കഥയും ചേര്‍ത്ത് ബാലചന്ദ്രര്‍ സാര്‍ ഒരുക്കിയ ആ കഥാപാത്രം കമലാഹാസന്‍ അഭിനയിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. എന്തോ കാരണം കൊണ്ടു കമലിന് അഭിനയിക്കാനാവാതെ വന്നപ്പോള്‍ ബാലചന്ദ്രര്‍ സാര്‍ എന്നെ വിളിക്കുകയായിരുന്നു.
'''ഗുരുവായൂരപ്പാ..ഗുരുവായൂരപ്പാ..നാന്‍ കണ്ട കാതലക്ക് നീ താനെ സാക്ഷി'' എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഇൌ ചിത്രത്തിലെയായിരുന്നു. ഇളയരാജ സാറിന്റെ ഏറ്റവും നല്ല ഗാനങ്ങളില്‍ ഉള്‍പ്പെടുന്ന ''കേളടി കണ്‍മണി. .പാടഗന്‍ സന്തതി..', ''കല്യാണ മാലൈ കൊണ്ടാടു പെണ്ണേ..' എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടി ഇൌ ചിത്രത്തിലുണ്ടായിരുന്നു. വാലിയുടെ അതിമനോഹരമായ വരികളാല്‍ സമ്പന്നമായിരുന്നു ഈ രണ്ടു ഗാനങ്ങളും.
ഒരു പ്രശസ്ത ഗായകന്റെ കുടുംബജീവിത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളും അതില്‍ നിന്നു രക്ഷ തേടി അയാള്‍ നാടുവിടുന്നതുമായിരുന്നു കഥ. എന്റെ ഭാര്യയുടെ വേഷത്തില്‍ ഗീതയും പിന്നീട് പരിചയപ്പെടുന്ന കാമുകിയായി സിത്താരയും അഭിനയിച്ചു.
തമിഴ്നാട്ടില്‍ വന്‍വിജയമാണ് ചിത്രം നേടിയത്. ഇരുന്നൂറു ദിവസത്തോളം തുടര്‍ച്ചയായി ഒാടി. പുതു പുതു അര്‍ത്ഥങ്ങളോടെയാണ് ഞാന്‍ തമിഴില്‍ ശരിക്കും ഒരു സ്റ്റാറാവുന്നത്. എന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവുന്നതും പുതു പുതു അര്‍ത്ഥങ്ങള്‍ക്കു ശേഷമായിരുന്നു. നിരവധി അവസരങ്ങള്‍ അതേ തുടര്‍ന്ന് എനിക്കു കിട്ടി. തെലുങ്കിലേക്കും ഞാന്‍ കാലെടുത്തു വച്ചു.
കമലാഹാസന്റെയും രജനീകാന്തിന്റെയുമൊക്കെ ഗുരുനാഥനായ കെ. ബാലചന്ദര്‍ സാറിന്റെ ഒരു ചിത്രത്തില്‍ കൂടി ഞാന്‍ പിന്നീട് അഭിനയിച്ചു. 'കല്‍ക്കി' എന്ന ഇൌ ചിത്രവും സൂപ്പര്‍ഹിറ്റ് വിജയം നേടി. തമിഴിലെ ഏറ്റവും ആദരിക്കപ്പെടുന്ന സംവിധായകരിലൊരാളായ ബാലചന്ദ്രര്‍ സാറിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനായത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
'പുതു പുതു അര്‍ഥങ്ങളില്‍' അഭിനയിക്കുമ്പോള്‍ ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹം എന്നോട് സിനിമയ്ക്കപ്പുറമായി ഒന്നും സംസാരിച്ചിരുന്നില്ല. ഞാന്‍ അഭിനയിക്കുന്നതു അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്ന പേടി എനിക്കുണ്ടായിരുന്നു.
ഇളയരാജ സാര്‍ കൂടി അഭിനയിച്ച 'കല്യാണ മാലൈ...' എന്ന പാട്ടിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു തീര്‍ന്നപ്പോള്‍ ബാലചന്ദ്രര്‍ സാര്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ആ അഭിനന്ദനം ഒരു അവാര്‍ഡിനെക്കാള്‍ എന്നെ ആഹ്ലാദിപ്പിച്ചുവെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
മലയാളസിനിമയില്‍ നിന്ന് അകന്നുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായതും ഈ ചിത്രത്തോടെയായിരുന്നു. തമിഴിലും തെലുങ്കിലുമായി അവസരങ്ങള്‍ ഏറെ കിട്ടിക്കൊണ്ടിരുന്നപ്പോള്‍ മലയാളത്തിനു സമയമില്ലാതെ പോയി. പക്ഷേ, മനഃപൂര്‍വം മലയാള ചിത്രങ്ങള്‍ ഞാന്‍ ഒഴിവാക്കുകയൊന്നും ചെയ്തിരുന്നില്ല എന്നതാണു സത്യം.
'റഹ്മാനു തമിഴില്‍ ഭയങ്കര തിരക്കല്ലേ...'എന്നു പറഞ്ഞ് മലയാള സംവിധായകര്‍ എന്നെ വിളിക്കാതായതാണ്. അങ്ങനെ നോക്കുമ്പോള്‍ പുതുപുതു അര്‍ത്ഥങ്ങള്‍ എനിക്കു ഗുണവും ദോഷവും ചെയ്തു.



ഈ സ്നേഹം എന്റെ ശക്തി


ഒാര്‍കുട്.കോം എന്ന സൌഹൃദക്കൂട്ടില്‍ ഞാന്‍ കഴിഞ്ഞ ദിവസം കയറി; കുറെ നാളുകള്‍ക്കു ശേഷം.
കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് നെറ്റ് നോക്കുന്ന ശീലമൊന്നു എനിക്കും പണ്ടേയില്ല. വരുന്ന ഇ-മെലുകള്‍ കൃത്യമായി നോക്കി അവയ്ക്കു മറുപടി അയയ്ക്കുമെന്നു മാത്രം. സുഹൃത്തുക്കളുടെയും ആരാധകരുടെയും മെയിലുകള്‍ ദിവസവും ഉണ്ടാവും. അവയൊക്കെ തന്നെ വായിച്ചുനോക്കാന്‍ സമയം കിട്ടില്ല.
ഷൂട്ടിങ്ങുകളുടെ തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ പിടികൂടും. കുറെദിവസം കൂടിയാവും അവര്‍ക്ക് അവരുടെ ഡാഡയെ കിട്ടുന്നത്. അങ്ങനെ അവര്‍ക്കൊപ്പമാകും കൂടുതല്‍ സമയവും. പുറത്തു പോകാന്‍ കുറെ സ്ഥലങ്ങള്‍ അവര്‍ കണ്ടുവച്ചിട്ടുണ്ടാവും. ഞാന്‍ ചെന്നിട്ട് വാങ്ങിക്കൊടുക്കാന്‍ കുറെ സാധനങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. അതൊക്കെ എന്നില്‍ നിന്നു കിട്ടിയിട്ടേ അവരടങ്ങു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി എപ്പോഴും ഞാന്‍ സമയം മാറ്റിവയ്ക്കാറുണ്ട്. അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാന്‍ ശ്രമിക്കും. എന്തൊക്കെയായാലും അവര്‍ക്കു വേണ്ടിയല്ലേ, നമ്മള്‍ അദ്ധ്വാനിക്കുന്നത്.
പക്ഷേ, കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വച്ച് ഒാര്‍ക്കുട്ടില്‍ കയറിപ്പോള്‍ ഇന്റര്‍നെറ്റിലെ ഈ കൂട്ട് എന്നെ അദ്ഭുതപ്പെടുത്തി. എന്റെ പേരില്‍ ആരാധകര്‍ ഉണ്ടാക്കിയിരിക്കുന്ന നിരവധി കമ്യൂണിറ്റികള്‍ അതില്‍ കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.
രാഷ്ട്രദീപിക സിനിമയില്‍ ഞാനെഴുതുന്ന ഈ കോളത്തെക്കുറിച്ചു വരെ അതിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കണ്ടപ്പോള്‍, ഇപ്പോഴും എന്നെ സ്നേഹിക്കുന്ന നിരവധി പേര്‍ ഉണ്ടല്ലോ എന്നതില്‍ എനിക്കു അഭിമാനം തോന്നി.
ഒാര്‍ക്കുട്ട് ശരിക്കും പുതിയ തലമുറയുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ചിന്തികളുമൊക്കെ വഹിക്കുന്ന ഒന്നാന്തരം ഒരു കൂട്ടാണ്. എന്തൊക്കെ കാര്യങ്ങളെ കുറിച്ചാണ് അവര്‍ പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്. സിനിമയുടെ കമ്യൂണിറ്റികള്‍ ഞാനെടുത്തു നോക്കി. ഒരോ പുതിയ ചിത്രത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. സിനിമ ഇറങ്ങും മുന്‍പും ശേഷവും ഒന്നാന്തരം റിവ്യൂകള്‍ അവര്‍ എഴുതുന്നു.
സിനിമാ നിരൂപണങ്ങള്‍ പലതും എന്തെങ്കിലും താത്പര്യങ്ങളുടെ പുറത്ത് എഴുതുന്നതാവും. പക്ഷേ, ഒാര്‍ക്കുട്ടില്‍ അങ്ങനെയല്ലാത്ത നിരവധി റിവ്യൂകള്‍ ഞാന്‍ വായിച്ചു. സത്യസന്ധമായ അഭിപ്രായങ്ങളാണത്.
എന്റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്ന കുറെ ബ്ളോഗുകളുടെ ലിങ്കും ഒാര്‍കുട്ടില്‍ നിന്ന് കിട്ടി. എന്റെ സിനിമാവിശേഷങ്ങളും ചിത്രങ്ങളുമൊക്കെ തന്നെയാണ് മിക്കതിലുമുള്ളത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ബ്ളോഗുകളും ഒാര്‍കുട്ടുമൊക്കെയാണ് ഫാന്‍സ് അസോസിയേഷനുകള്‍. തോരണമൊട്ടിച്ചും ബാനര്‍ കെട്ടിയുമുള്ള ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ചെയ്യാനാവുന്നതിലും വലിയ കാര്യങ്ങളാണ് ഈ ബ്ളോഗുകളും ഒാര്‍ക്കുട്ടുമൊക്കെ വഴി പുതിയ തലമുറ ചെയ്യുന്നത്.
സിനിമയില്‍ അന്നും ഇന്നും ഞാന്‍ വേഷങ്ങള്‍ ചോദിച്ച് ആരുടെയും പിന്നാലെ പോയിട്ടില്ല. ആദ്യകാലത്ത്, അതിന്റെ ആവശ്യമേയില്ലായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. തിരക്ക് ഒഴിഞ്ഞിട്ട് ഒന്നിനും സമയമില്ലാത്ത അവസ്ഥയായിരുന്നു അന്ന്. തമിഴിലും തെലുങ്കിലും കൂടി പോയതോടെ തിരക്ക് കൂടിക്കൂടി വന്നു. വേഷം ചോദിച്ച് പോകേണ്ട അവസ്ഥ അന്നില്ലായിരുന്നു.
വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ തിരക്കുകള്‍ക്ക് അല്‍പൊരു ഇടവേള ഞാന്‍ തന്നെ നല്‍കിത്തുടങ്ങി. കുറച്ചു സമയം വീട്ടുകാര്‍ക്കു കൂടി മാറ്റിവയ്ക്കണമല്ലോ.
ബ്ളാക്കിലൂടെ ഞാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനു മുന്‍പുള്ള ഒരു വര്‍ഷത്തോളം ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലേ ഞാന്‍ അഭിനയിച്ചിരുന്നുള്ളു. വേഷങ്ങള്‍ തേടിവന്നില്ല എന്നതാണു സത്യം. സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍, എനിക്ക് വിഷമമൊന്നും തോന്നിയില്ല. അത്രയും സമയം കൂടി വീട്ടുകാര്‍ക്ക് കൊടുക്കാമല്ലോ എന്നേ ചിന്തിച്ചുള്ളു.
എന്റെ സുഹൃത്തുക്കള്‍ പലരും എന്നെ വിളിച്ച് വഴക്കു പറയുമായിരുന്നു. എന്താണ് ആരെയും വിളിക്കാത്തത്, റോള്‍ ചോദിച്ചു വിളിക്കുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നൊക്കെ.
ആരും എന്നെ മനഃപ്പൂര്‍വം ഒഴിവാക്കിയതൊന്നുമായിരുന്നില്ല എന്നെനിക്കറിയാമായിരുന്നു. ഞാന്‍ തമിഴിലും തെലുങ്കിലുമൊക്കെയായി പോയപ്പോള്‍ എന്നപ്പറ്റി ഒാര്‍ത്തില്ല എന്നു മാത്രം. ഞാന്‍ അഭിനയിക്കേണ്ട വേഷങ്ങള്‍ എനിക്കു തന്നെ കിട്ടും. മറ്റാര്‍ക്കെങ്കിലും മാറ്റിവച്ചിരിക്കുന്ന വേഷങ്ങള്‍ പിടിച്ചുവാങ്ങേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോള്‍ അത് എനിക്ക് പൂര്‍ണമായി ബോധ്യമായി.
ഒരു സിനിമ കഴിഞ്ഞ് അടുത്തത് എന്നതാണ് ഇപ്പോള്‍ ഞാനെടുത്തിരിക്കുന്ന തീരുമാനം. ഒരേ സമയം മൂന്നും നാലും സിനിമകള്‍ ചെയ്യുന്ന പഴയ രീതി ഇനി പറ്റില്ല. അത്തരം രീതികളും മലയാള സിനിമയില്‍ നിന്നു മാറി. ഒരു സിനിമയിലും കോണ്‍സന്‍ട്രേഷന്‍ കൊടുക്കാന്‍ അപ്പോള്‍ പറ്റില്ല. എല്ലാം കൂടി ചെയ്തു കുളമാക്കുന്നതിലും നല്ലത് ഏതെങ്കിലുമൊന്ന് വൃത്തിയായി ചെയ്യുന്നതല്ലേ?



സ്നേഹം കൊണ്ട് പൊറുതിമുട്ടിയ കാലം

ദുബായിലെ ബീച്ചിനോടു ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയില്‍ തണുത്ത കാറ്റും കൊണ്ട് രാത്രി കാഴ്ചകളും കണ്ടിരുന്നപ്പോള്‍ എനിക്ക് പഴയ അബുദാബി ജീവിതത്തിന്റെ ഒാര്‍മകള്‍ വന്നു. എന്റെ സ്കൂള്‍ ജീവിതത്തിന്റെ നല്ലൊരു പങ്കു അബുദാബിയിലായിരുന്നു. അന്ന് ഡാഡിക്ക് അവിടെയായിരുന്നു ജോലി. അറബിക്കുട്ടികളടക്കമുള്ള എന്റെ സ്കൂള്‍ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഒരോന്നായി മനസിലേക്ക് കടന്നു വന്നു. പല വഴിക്കായി തിരിഞ്ഞെങ്കിലും, ഫോണ്‍ വിളികളോ, കത്തെഴുത്തോ ഒന്നുമില്ലെങ്കിലും അവരൊക്കെ ഇന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ; ഹൃദയത്തില്‍ അവരുടെ സ്ഥാനത്തിന് ഇടിവു വന്നിട്ടില്ല.
ഒാര്‍മകളുടെ കാറ്റ് കടന്നുവന്നപ്പോള്‍ എനിക്ക് ബീച്ചില്‍ കൂടി ഒന്നു നടക്കണമെന്നു തോന്നി. കൂടെയുണ്ടായിരുന്നു സുഹൃത്ത് സുനില്‍ മുഹമ്മദിനെയും കൂട്ടി ഞാന്‍ നടക്കാനിറങ്ങി. പകല്‍ സമയത്ത് നല്ല ചൂട്. രാത്രിയില്‍ നല്ല തണുപ്പ്. ഇതാണ് ദുബായിലെ ഇപ്പോഴത്തെ കാലാവസ്ഥ. തണുത്ത കാറ്റേറ്റ് ബീച്ചില്‍ കൂടി ഞങ്ങള്‍ നടന്നു.
സമയം രാത്രി പത്തുമണിയോളമായി. എങ്കിലും ബീച്ച് പൂര്‍ണമായും ശൂന്യമായിരുന്നില്ല. അവിടവിടെയായി ആരൊക്കെയോ ഇരിപ്പുണ്ട്. അറബി കുടുംബങ്ങളാണ് ഏറെയും. അവര്‍ക്കിടയിലൂടെ അങ്ങനെ നടന്നു നീങ്ങവെ, ദൂരെ നിന്നൊരു വിളി: ''റഹ്മാന്‍ സാര്‍....''
ഞാന്‍ തിരിഞ്ഞുനോക്കി. ഒരാള്‍ ഒാടി അടുത്തേക്കു വരുന്നു. കാഴ്ചയില്‍ തന്നെ വ്യക്തം. ഒരു തമിഴന്‍.
''സാര്‍ ഇങ്കെ..?''
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന 'മുസാഫിര്‍' എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്നു ഞാന്‍ പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ ഒരോന്നായി അയാള്‍ ചോദിച്ചറിഞ്ഞു.
ഇനി ഞാന്‍ അഭിനയിക്കാന്‍ പോകുന്ന സിനിമകളെക്കുറിച്ചും അടുത്തയിടെ ഞാന്‍ അഭിനയിച്ചു പുറത്തിറങ്ങിയ 'ബില്ല', റോക്ക് ന്‍ റോള്‍, '•ാള്‍' തുടങ്ങിയ സിനിമകളെക്കുറിച്ചുമൊക്കെ അയാള്‍ വിശദമായി പറഞ്ഞു. എല്ലാം ദുബായിലിരുന്ന് അയാള്‍ കണ്ടിരിക്കുന്നു !
പിന്നെ എന്റെ ഭാര്യയെക്കുറിച്ചും കുട്ടികളെക്കുറിച്ചുമായി അയാളുടെ ചോദ്യം. 'സാര്‍, റൂഷ്ദ ഇപ്പോള്‍ എത്രാം ക്ളാസിലായി? അലീഷക്ക് എത്ര വയസായി?' അങ്ങനെ എല്ലാം കുടുംബവിശേഷങ്ങള്‍. എനിക്ക് അദ്ഭുതം തോന്നി. ദുബായിലിരിക്കുന്ന ഒരാള്‍ ഇതൊക്കെ എങ്ങനെ കൃത്യമായി അറിയുന്നു.
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അയാള്‍ ദൂരത്തേക്ക് കൈ കാട്ടി ആരെയോ വിളിച്ചു. രണ്ടു പേര്‍ നടന്നു അടുത്തേക്കു വന്നു. അയാളുടെ റൂംമേറ്റുകളാണ്. ഒരു പാക്കിസ്ഥാന്‍കാരനും ഒരു സിറിയക്കാരനും. അവരെ പരിചയപ്പെട്ടു കൈ കൊടുത്ത യാത്ര പറഞ്ഞു പിരിഞ്ഞു.
സുനിലിനോടു വര്‍ത്തമാനം പറഞ്ഞു നീങ്ങവേ, തമിഴന്‍ വീണ്ടും ഒാടി അടുത്തേക്കു വന്നു. ''സാറിന് എന്നെ ശരിക്കും മനസിലായില്ലെന്നു തോന്നുന്നു. മറന്നോ സാര്‍?'' - അയാള്‍ തമിഴില്‍ ചോദിച്ചു.
ഞാന്‍ ആ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചുനോക്കി. ശരിയാണ്. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ, ഒാര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
'' സാര്‍, നാന്‍ ശെല്‍വ്ം.''
കടല്‍ക്കാറ്റില്‍ ഒാര്‍മകള്‍ പറന്നുവന്നു. എന്റെ തമിഴ്നാട്ടിലെ പഴയ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹി.
''ശെല്‍വരാജ്....?''
വര്‍ഷങ്ങളോളം എനിക്കുവേണ്ട തോരണം കെട്ടിയും കട്ട്ഒൌട്ട് സ്ഥാപിച്ചും തീയറ്ററുകളില്‍ മുദ്രാവാക്യം വിളിച്ചും നടന്നിരുന്ന ആള്‍.
''സോറി ശെല്‍വം. എനിക്കു പെട്ടെന്നു മനസിലായില്ല.'' ഞാന്‍ ജാമ്യമെടുത്തു.
രണ്ടു വര്‍ഷമായി ശെല്‍വം ദുബായിലാണ്. ഇവിടെ കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുന്നു. അതിനു മുന്‍പ് രണ്ടു വര്‍ഷം കേരളത്തിലായിരുന്നു. അവിടെയുള്ള ഒരു മലയാളി സുഹൃത്ത് ഗള്‍ഫ് വിസ കിട്ടി പോയപ്പോള്‍ അതേവഴിയിലൂടെ ശെല്‍വവും വന്നതാണ്. അതുവരെ സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയും ബാക്കി കടം വാങ്ങിയുമാണ് വിസയ്ക്കുള്ള പണം സംഘടിപ്പിച്ചത്. പക്ഷേ, ഇവിടെ കിട്ടുന്നത് വെറും മുന്നൂറു ദിര്‍ഹം. അതായത്, ഏതാണ്ട് മൂവായിരത്തോളം ഇന്ത്യന്‍ രൂപ. കബളിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശെല്‍വം ദുബായില്‍ തുടരുകയാണ്.
''ഇതിലും കൂടുതല്‍ ശമ്പളം എനിക്കു കേരളത്തില്‍ കിട്ടുമായിരുന്നു സാര്‍...'' - വിഷമത്തോടെ ശെല്‍വം പറഞ്ഞു.
ഞാന്‍ ശെല്‍വത്തെ ആശ്വസിപ്പിച്ചു. അടുത്ത ഏതെങ്കിലും ദിവസം ഷൂട്ടിങ് സെറ്റിലെത്തി എന്നെ കാണണമെന്നു പറഞ്ഞു. ദുബായിലെ എന്റെ മൊബൈല്‍ നമ്പറും കൊടുത്തു. പിന്നെ ശെല്‍വത്തോട് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞ് ഞാന്‍ സുനിലിനൊപ്പം നടപ്പ് തുടങ്ങി. ശെല്‍വത്തെക്കുറിച്ച് സുനില്‍ ചോദിച്ചപ്പോള്‍ എനിക്ക് ആ പഴയ കാലം ഒാര്‍മ വന്നു.
പുതു പുതു അര്‍ഥങ്ങളും പുരിയാതെ പുതിരും ഒക്കെയായി തമിഴില്‍ ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് എനിക്കുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷനുകളില്‍ ഒന്നിന്റെ ഭാരവാഹിയായിരുന്നു ശെല്‍വം. ഫാന്‍സ് അസോസിയേഷനുകളില്‍ എനിക്ക് അത്ര താത്പര്യം ഒന്നും അന്നുണ്ടായിരുന്നില്ല. തമിഴില്‍ പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. ഞാന്‍ തമിഴില്‍ തിളങ്ങാന്‍ തുടങ്ങിയതോടെ എനിക്കും ഫാന്‍സ് അസോസിയേഷനുകളായി.
ആദ്യമൊക്കെ ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്നത് തമിഴ് സിനിമയില്‍ അഭിനേതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. കാശുനല്‍കിയും സ്നേഹം നല്‍കിയും അവരെ പിന്തുണയ്ക്കണം.
ഞാനും അതു തന്നെ ചെയ്തു. പക്ഷേ, ചുരുങ്ങിയ സമയം കൊണ്ട് ഈ ഫാന്‍സ് അസോസിയേഷനുകള്‍ നമുക്കു പാരയായി മാറി. സ്വയംപാര !
തീയറ്ററുകള്‍ മുഴുവന്‍ തോരണം കെട്ടുക, തീയറ്ററിനു മുന്നില്‍ വന്‍ കട്ട്ഒൌട്ടുകള്‍ സ്ഥാപിക്കുക, സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തീരുന്നതു വരെ കയ്യടിക്കുക തുടങ്ങിയവയാണ് അസോസിയേഷനുകളുടെ പ്രധാനപണി. മറ്റുള്ളവരെ സിനിമ കാണാന്‍ തടസപ്പെടുത്തുന്ന ഇത്തരം പതിവുകളോട് എനിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, അവരെ സന്തോഷിപ്പിക്കാതെ പറ്റുകയുമില്ല. നമ്മളെ സ്നേഹിക്കുന്നവരെ എങ്ങനെ തള്ളിക്കളയും?
മറ്റു താരങ്ങളുടെ കട്ട്ഒൌട്ടുകള്‍ ചെന്നൈ ന•രത്തില്‍ വരുമ്പോള്‍ അവര്‍ ഒാടിയെത്തും. ''അവര്‍ അമ്പതു അടി ഉയരമുള്ള കട്ട്ഒൌട്ട് വച്ചു സാര്‍. നമുക്ക് 75 അടിയുടെ വയ്ക്കണം.''
അതു വയ്ക്കാന്‍ പണം നല്‍കി സഹായിക്കേണ്ടി വരും. അങ്ങനെ ചെയ്താലും പിറ്റേന്ന് അവര്‍ വീണ്ടും വരും. ''സാര്‍, അവര്‍ 100 അടിയുടെ കട്ട്ഔട്ട് വച്ചു. നമുക്ക് 200 അടി വയ്ക്കാം.''
ചിലപ്പോള്‍ രാത്രി വൈകി പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കോളുകള്‍ വരും. 'താങ്കളുടെ ഫാന്‍സ് കസ്റ്റഡിയിലുണ്ട്' എന്നതാവും ഫോണ്‍ സന്ദേശം. നമുക്കു വേണ്ടി രാത്രി വൈകി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടു പോയ സംഘമാവും പൊലീസ് പിടിയിലായത്. അവരെ എന്തുവില കൊടുത്തും പുറത്തിറക്കാതെ പറ്റുമോ?
പിന്നെ അര്‍ധരാത്രിയില്‍ അവരെ ഇറക്കാന്‍ പോകണം. ഇതൊരു പതിവായി മാറി. ഒരു അസോസിയേഷന്‍ മാത്രമാണെങ്കില്‍ ഇതൊന്നും സാരമില്ല. പക്ഷേ, തമിഴ്നാടു മുഴുവന്‍ അന്നെനിക്ക് ഇത്തരം 'ഫാന്‍സു'കള്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ ഒരാളു മാത്രം.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഫാന്‍സ് അസോസിയേഷനുകാര്‍ വീട്ടില്‍ വരും. വീട്ടില്‍ എപ്പോഴും ജനത്തിരക്കാവും. ഭാര്യയുമായി മകളുമായും അല്‍പം സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥ.
എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കാന്‍ എന്താണു മാര്‍ഗം എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ മനസിലെ ചിന്ത.
അങ്ങനെയൊരു ദിവസം, ഭാര്യയ്ക്കൊപ്പം ഏതോ ഒരു ദൂരയാത്ര കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കാറില്‍ മടങ്ങിവരികയായിരുന്നു.
രാത്രി ഏറെ വൈകിയിരുന്നു. ഞാനും ഭാര്യ മെഹ്റുന്നിസയുമൊന്നിച്ച് ചെന്നൈയില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്താനായി അതിവേഗത്തില്‍ വണ്ടി പായിക്കുകയായിരുന്നു ഞാന്‍. അവള്‍ മെല്ലെ ഉറക്കംതൂങ്ങി തുടങ്ങി.
ചെന്നൈ നഗരത്തില്‍ എത്തിയപ്പോഴാണ് പെട്ടെന്ന് ഒരു ആള്‍കൂട്ടം മുന്നില്‍ കണ്ടത്. ഞാന്‍ വണ്ടിയുടെ വേഗം കുറച്ചു. ഒരു അപകടം നടന്നിരിക്കുന്നുവെന്ന് ദൂരെ നിന്നേ മനസിലായി. പക്ഷേ, വാഹനങ്ങളൊന്നും നിര്‍ത്തിയിട്ടിട്ടില്ല.
അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഒരു നിമിഷം അങ്ങോട്ടു നോക്കി. നിലവിളിച്ചുകൊണ്ട് ഭാര്യ മുഖം തിരിച്ചു. തലയറ്റു കിടക്കുന്ന ഒരു ശവശരീരം. ഭയനാകരമായിരുന്നു ആ കാഴ്ച. തലയില്ലാതെ ഒരു മൃതദേഹം. തല മാറി ഒരിടത്ത്.
വീട്ടിലെത്തുന്നതു വരെയും ആ കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് മെഹ്റുവും ഞാനും മോചിതരായിരുന്നില്ല. പിന്നെ മെല്ലെ ആ കാഴ്ച മനസില്‍ നിന്നു മാഞ്ഞു. ഞങ്ങള്‍ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തന്നെ ഒരു പറ്റം ആളുകള്‍ വീട്ടിലെത്തി. എല്ലാം എന്റെ ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തകര്‍. പക്ഷേ, പതിവു സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നില്ല. അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു.
''എന്തു പറ്റി ? എന്താ പ്രശ്നം?'' - പതിവു പോലെ എന്തെങ്കിലും പൊലീസ് കേസോ പണപ്പിരിവോ ഒക്കെയാകുമെന്നു കരുതി ഞാന്‍ ചോദിച്ചു.
അവര്‍ വിങ്ങിവിങ്ങി പറഞ്ഞു: ''സാര്‍, രാജപ്പന്‍...ഇന്നലെ രാത്രി...ഒരു അപകടത്തില്‍....മരിച്ചു..''
ഞാന്‍ ഞെട്ടിപ്പോയി. രാജപ്പന്‍ മരിച്ചോ? എപ്പോള്‍ ? എങ്ങനെ?
സംഭവം മുഴുവന്‍ കേട്ടപ്പോള്‍ എന്റെ തല കറങ്ങുന്നതു പോലെ തോന്നി. ദൈവമേ, ഞാനിന്നലെ കണ്ട ആ മൃതശരീരം രാജപ്പന്റേതായിരുന്നോ? കാറില്‍ നിന്നിറങ്ങി ഒന്നടുത്തു ചെന്ന് അന്വേഷിക്കാന്‍ എനിക്കു തോന്നിയില്ലല്ലോ?
എനിക്കു വേണ്ടി പോസ്റ്ററൊട്ടിക്കാന്‍ പോയി മടങ്ങുകയായിരുന്നു രാജപ്പന്‍ എന്നുകൂടി കേട്ടപ്പോള്‍ എനിക്കു വല്ലാതെയായി. കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. എനിക്കു വേണ്ടിയാണല്ലോ ആ പാവം..
എന്റെ ഫാന്‍സ് അസോസിയേഷന്റെ ചെന്നൈ ഘടകത്തിന്റെ ട്രഷററായിരുന്നു രാജപ്പന്‍. എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു നടന്ന ആത്മാര്‍ഥനായ മനുഷ്യന്‍.
ഫാന്‍സ് അസോസിയേഷനുകളോടുള്ള എന്റെ താത്പര്യം ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായത് ഈ സംഭവത്തോടെയായിരുന്നു. അന്നുമുതല്‍ നിര്‍ബന്ധപൂര്‍വം ഞാന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നുവയ്പ്പിച്ചു. മെല്ലെ മെല്ലെ അത് ഇല്ലാതായി.
തമിഴില്‍ പിന്നീടുള്ള എന്റെ വളര്‍ച്ചയില്‍ ഫാന്‍സ് അസോസിയേഷനുകളുടെ അഭാവം ചെറിയ തോതിലെങ്കിലും ബാധിച്ചുവെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. പക്ഷേ, മുദ്രാവാക്യം വിളിക്കുകയും തല്ലുകൂടുകയും കട്ടൌട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തുള്ള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനത്തോട് എനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പിന്നീട് ഈ ആവശ്യത്തിനായി സമീപിച്ചവരെ ഒക്കെ ഞാന്‍ നിരുത്സാഹപ്പെടുത്തി അയച്ചു.
രജനീകാന്തിന്റെയും കമലാഹാസന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ പോലെ മറ്റുള്ളവരെ സഹായിച്ചും രക്തദാനം ചെയ്തും പാവപ്പെട്ടവര്‍ക്ക് വീടു പണിതു കൊടുത്തുമൊക്കെ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളോട് എനിക്ക് വിയോജിപ്പില്ല. അവര്‍ നല്ലകാര്യങ്ങളാണ് ചെയ്യുന്നത്. തല്ലുകൂടാനോ ബഹളംകൂട്ടാനോ ഉള്ള സംഘടനകളല്ല അവരുടേത്.
അത്തരം ഫാന്‍സ് അസോസിയേഷനുകളെ ജനങ്ങളും സ്നേഹിക്കും. മറ്റുള്ളവയെ ജനങ്ങള്‍ ശല്യമായി കാണും. തീയറ്ററില്‍ സമാധാനമായിരുന്ന് സിനിമ കാണാനെത്തുന്നവര്‍ക്ക് ഈ മുദ്രാവാക്യം വിളിയും ബഹളംകൂട്ടലുമൊക്കെ എത്ര അസഹ്യമായിരിക്കും?
തമിഴ്നാട്ടിലെ പോലല്ലെ കേരളത്തിലെ അവസ്ഥ. ഇവിടെ എനിക്ക് അന്ന്, ഫാന്‍സ് അസോസിയേഷനുകളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഇവിടെ തിളങ്ങി നിന്ന സമയത്ത്, കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്കാരം രൂപപ്പെട്ടുവന്നിരുന്നില്ല.
ഞാന്‍ തമിഴില്‍ കൂടുതല്‍ അഭിനയിക്കുകയും മലയാള സിനിമകളില്‍ നിന്ന് അകന്നുപോവുകയും ചെയ്ത സമയത്താണ് മമ്മുക്കയ്ക്കും ലാലേട്ടനുമൊക്കെ ഫാന്‍സ് അസോസിയേഷനുകളാകുന്നത്. തമിഴ്നാട്ടിലെ പോലെയല്ല, കേരളത്തില്‍. ഇവിടെ പടം പൊട്ടുന്നതോ കുറച്ചുനാള്‍ വിട്ടുനില്‍ക്കുന്നതോ ഒന്നും സ്നേഹബന്ധത്തെ ഇല്ലാതാക്കുന്നില്ല.
ഇരുപതു വര്‍ഷം മുന്‍പ് എനിക്ക് കത്തയച്ചുകൊണ്ടിരുന്ന ആരാധകരില്‍ പലരും ഇപ്പോഴും എന്നെ ബന്ധപ്പെടാറുണ്ട്. അവരൊന്നും എന്നെ വിട്ടുപോയിട്ടില്ല. യുവതാരമായി വിലസിയ സമയത്ത് എനിക്ക് പ്രേമലേഖനങ്ങളെഴുതിയ പെണ്‍കുട്ടികളൊക്കെ ഇന്ന് വീട്ടമ്മമാരായി. തീയറ്ററുകളില്‍ എന്റെ നൃത്തത്തിനൊപ്പം ചുവടുവച്ച യുവസുഹൃത്തുക്കളൊക്കെ കുടുംബസ്ഥരായി. ജോലിത്തിരക്കുകളും ബിസിനസിന്റെ ഉത്തരവാദിത്തങ്ങളും കുടുംബജീവിതത്തിന്റെ ഭാരങ്ങളുമൊക്കെയായി മറ്റൊരു ലോകത്ത് കഴിയുകയാണവര്‍. പക്ഷേ, ഇപ്പോഴും ഇടയ്ക്കിടെ അവരുടെ കത്തുകളും മെയിലുകളുമൊക്കെ വരാറുണ്ട്.
എന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നുമൊക്കെ അവര്‍ എല്ലാ കത്തുകളിലും എഴുതും. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ എനിക്കു ശക്തിപകര്‍ന്നതു ഇവരുടെയൊക്കെ സ്നേഹമായിരുന്നു എന്ന് നിസ്സംശയം പറയാം.
ബ്ളാക്കിലും രാജമാണിക്യത്തിലും അഭിനയിച്ചുകൊണ്ട് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ മലപ്പുറത്തു നിന്നും തൃശൂരും നിന്നുമൊക്കെ ചില യുവാക്കള്‍ എന്നെ വിളിച്ചു. എന്റെ പേരില്‍ അവര്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയെന്നു പറഞ്ഞു. മറ്റു ചില സ്ഥലത്തുനിന്നും കത്തുകള്‍ വന്നു. ആരെയും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. നിരുത്സാഹപ്പെടുത്തിയുമില്ല.
ബ്ളാക്കില്‍ അഭിനയിക്കാനെത്തിയ സമയത്ത് മലപ്പുറത്ത് ഒരു കോളജില്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് എനിക്കൊരു സ്വീകരണവും തന്നു. ചെണ്ടമേളവും തോരണങ്ങളുമൊക്കെയായി. കേരളത്തിലെ യുവാക്കള്‍ ഏറെ മാറിയിരിക്കുന്നുവെന്ന് അന്ന് എനിക്കു തോന്നി. അവരുടെ സ്നേഹം കണ്ടപ്പോള്‍ എനിക്ക് അമ്പരപ്പ് തോന്നി.
നമ്മള്‍ പണം മുടക്കി ഫാന്‍സ് അസോസിയേഷനുകളെ മുന്നോട്ടു നടത്തേണ്ട അവസ്ഥ തമിഴ്നാട്ടിലേയുള്ളു. ഇവിടെയുള്ളത് സ്നേഹമാണ്. സ്നേഹം കൊടുത്താണ് നമ്മള്‍ അവരെ പിന്തുണയ്ക്കേണ്ടത്.
ആരാധകരുടെ സ്നേഹത്തിന്റെ തീവ്രത എത്ര വലുതാണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ പഴയൊരു ആരാധികയുണ്ട്. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ആ പെണ്‍കുട്ടിയുടെ പേരാണ് എന്റെ മൂത്ത മകള്‍ക്കു ഞാനിട്ടത് - റുഷ്ദ.

റുഷ്ദയും റഷീനും


എന്റെ മൂത്ത മകളുടെ പേരാണ് റുഷ്ദ. രണ്ടാമത്തവള്‍ അലീഷ. ദുബായില്‍ മുസാഫിറിന്റെ ഷൂട്ടിങ് തിരക്കുകളിലായതിനാല്‍ റുഷ്ദയെയും അലീഷയെയും കണ്ടിട്ട് നാളുകളായി. പക്ഷേ, എല്ലാ ദിവസവും റുഷ്ദയോടും അലീഷയോടും ഫോണില്‍ സംസാരിക്കും. ആ ദിവസം അവള്‍ ചെയ്ത സകല കാര്യങ്ങളും ഒന്നിനു പിറകെ ഒന്നായി റുഷ്ദ എന്നെ ഫോണിലൂടെ പറഞ്ഞു കേള്‍പ്പിക്കും. അലീഷ വഴക്കുണ്ടാക്കിയത്, കുറുമ്പു കാട്ടിയത്, മമ്മിയോടു പിണങ്ങിയത്...അങ്ങനെയെല്ലാം. പിന്നെ, സ്കൂളിലെ വിശേഷങ്ങള്‍, പഠനകാര്യങ്ങള്‍, കൂട്ടുകാരുടെ കഥകള്‍ അങ്ങനെ അവള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടാവും.
റുഷ്ദ എന്ന പേര് എന്റെ മകള്‍ക്കിടാന്‍ ഒരു കാരണമുണ്ട്. എന്റെ ഒരു ആരാധികയുടെ പേരായിരുന്നു അത്. എന്നെ ജീവനു തുല്യം സ്നേഹിച്ച ശ്രീലങ്കക്കാരി റുഷ്ദ. വിവാഹിതയായി ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ ജീവിക്കുകയാണ് റുഷ്ദയിപ്പോള്‍. അവരുടെ മകന്റെ പേര് എന്തെന്ന് അറിയുമോ?
റഷീന്‍.
എന്റെ യഥാര്‍ഥ പേര്.
'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പപ്പേട്ടന്‍ എന്നെ റഹ്മാനെന്നു വിളിക്കും മുന്‍പു ഞാന്‍ റഷീന്‍ റഹ്മാന്‍ ആയിരുന്നുവല്ലോ. ഞാന്‍ എന്റെ മകള്‍ക്ക് റുഷ്ദയെന്ന എന്റെ ആരാധികയുടെ പേരിട്ടപ്പോള്‍ റുഷ്ദ, അവളുടെ മകന് എന്റെ പേരിട്ടു. ഒരു ആരാധികയുടെ പേര് മകള്‍ക്കിടാന്‍ എന്താണു കാര്യം എന്നു ചിന്തിക്കുന്നുണ്ടാവും നിങ്ങള്‍.
പറയാം, റുഷ്ദയുടെ കഥ.
ശ്രീലങ്കക്കാരിയായിരുന്നു റുഷ്ദ. കൊളംബോയില്‍ താമസം. അച്ഛന്‍, അമ്മ, പിന്നെ വേറെ മൂന്നു സഹോദരിമാരും. ശ്രീലങ്കയില്‍ തമിഴ് ചിത്രങ്ങള്‍ വളരെ പോപ്പുലറാണ്. റുഷ്ദ ഒട്ടുമിക്ക തമിഴ് ചിത്രങ്ങളും കാണുമായിരുന്നു. തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ആരാധികയായി അവള്‍. എന്റെ എല്ലാ ചിത്രങ്ങളും പല തവണ കാണും. ആഴ്ചയില്‍ രണ്ടു കത്തെങ്കിലും ചുരുങ്ങിയത് അയയ്ക്കും. പക്ഷേ, നിര്‍ഭാ•്യമെന്നു പറയട്ടെ. അന്ന് ഒരിക്കല്‍ പോലും റുഷ്ദയുടെ കത്തുകള്‍ ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നില്ല.
അന്നൊക്കെ ഒരു ദിവസം തന്നെ നിരവധി കത്തുകള്‍ വരും. കത്തുകളില്‍ ഏറിയ പങ്കും പെണ്‍കുട്ടികളുടേതാവും. ഈ കത്തുകളൊക്കെ പൊട്ടിച്ചു നോക്കാനോ എല്ലാ വായിച്ചു മറുപടി അയയ്ക്കാനോ എനിക്കു സാധിച്ചിരുന്നില്ല. ആ സമയത്ത്, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ എനിക്കു സമയമില്ലായിരുന്നു. ഒന്നിനു പിറകെ ഒന്നായി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കത്തുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയാല്‍ പോലും മുഴുവനും വായിച്ചുതീര്‍ക്കാനാവില്ല. അങ്ങനെയാവും റുഷ്ദയുടെ കത്തുകളും ഞാന്‍ കാണാതെ പോയത്. മെഹ്റുന്നിസയുമായുള്ള എന്റെ വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തിനൊപ്പം ഇത്തരം കാര്യങ്ങള്‍ക്കും ഒരു ക്രമവും ചിട്ടയുമൊക്കെ വന്നു. പക്ഷേ, അപ്പോഴും റുഷ്ദയുടെ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ ചെന്നു. കൊളംബോയിലെ താജ് ഹോട്ടലിലായിരുന്നു എന്റെ താമസം.
ഷൂട്ടിങ് തുടങ്ങി, മൂന്നാം ദിവസം രാവിലെ എനിക്കൊരു ഫോണ്‍ കോള്‍. ഞാനെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഒരു പെണ്‍ശബ്ദം. 'ഈസ് ഇറ്റ് റഹ്മാന്‍?' എന്നു ചോദിച്ചപ്പോള്‍ അതേയെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ഫോണ്‍ കട്ടായി. റുഷ്ദയായിരുന്നു അത്. എന്നോട് സംസാരിച്ചുതുടങ്ങാനുള്ള മടി മാത്രമായിരുന്നു അത്. പിറ്റേന്നു മുതല്‍ അവള്‍ വിളിച്ചു സംസാരിച്ചു തുടങ്ങി. എന്റെ സിനിമകളെപ്പറ്റി എനിക്കറിയാവുന്നതില്‍ കൂടുതല്‍ അവള്‍ക്കറിയാമായിരുന്നു. ഞാനഭിനയിച്ച മലയാള ചിത്രങ്ങളുടെ പേരുകള്‍ പോലും ആ ശ്രീലങ്കക്കാരി പെണ്‍കുട്ടി പറയുന്നതു കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.
റുഷ്ദ എന്നെ നേരിട്ടു കാണാന്‍ അനുവാദം ചോദിച്ചു. ഞാന്‍ വന്നു കണ്ടോളാന്‍ പറഞ്ഞു. അന്നു തന്നെ അവള്‍ വന്നു. ഒപ്പം അവളുടെ അച്ഛനും അമ്മയും സഹോദരിമാരും. ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു. റുഷ്ദയുടെ അച്ഛന്‍ ഒരു വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹമാണ് റുഷ്ദയ്ക്ക് എന്നോടുള്ള ആരാധനയുടെ കഥ എന്നോടു പറഞ്ഞത്.
കുറച്ചുദിവസങ്ങള്‍ക്കു ശേഷം അവരുടെ ക്ഷണം സ്വീകരിച്ച് റുഷ്ദയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഈ ആരാധനയുടെ ആഴം എനിക്കു ബോധ്യപ്പെട്ടു. റുഷ്ദയുടെ സഹോദരിമാര്‍ എന്നെ അവളുടെ മുറി കൊണ്ടു കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ചുവരില്‍ മുഴുവന്‍ എന്റെ ചിത്രങ്ങള്‍. ചെറുതും വലുതുമായ ചിത്രങ്ങളുടെയൊക്കെ ഒരു വലിയ കൊളാഷ്. മേശപ്പുറത്തും കട്ടിലിലും വരെ ഞാന്‍ !
ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അഭിമാനവും ചമ്മലും കൂടിച്ചേര്‍ന്ന പോലെ. അവളുടെ വീട്ടുകാര്‍ എനിക്കു രാജകീയ സ്വീകരണമായിരുന്നു നല്‍കിയത്. പക്ഷേ, റുഷ്ദ മാത്രം അസ്വസ്ഥയായിരുന്നുവെന്ന് എനിക്കു തോന്നി. ഫോണില്‍ സംസാരിച്ചപ്പോഴും ആദ്യതവണ എന്നെ വന്നു കണ്ടപ്പോഴുമുള്ള സന്തോഷം മുഖത്തില്ല. അമ്മയുടെ പിന്നില്‍ മറഞ്ഞുനിന്ന്, വിഷാദം കലര്‍ന്ന കണ്ണുകളോട് അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു.
കുറെ സമയം അവരോടൊത്തു ചെലവിട്ട ശേഷം ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ റുഷ്ദയുടെ അച്ഛന്‍ എന്റെ അടുത്തു വന്നു. എന്നെ മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു: ''എനിക്കു നാലു പെണ്‍മക്കളാണ്. അവരുടെയെല്ലാം ഭാവി എന്റെ ചുമരിലാണ്. റുഷ്ദയെ ഒന്നു ഉപദേശിക്കണം. വിവാഹാലോചനകളെല്ലാം അവള്‍ വേണ്ടെന്നു വയ്പ്പിക്കുകയാണ്. റഹ്മാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കും.''
ഞാന്‍ ധര്‍മസങ്കടത്തിലായി. തെറ്റു ചെയ്ത കുറ്റവാളിയെ പോലെ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു. ഞാന്‍ കാരണമാണോ റുഷ്ദ വിവാഹമൊന്നും കഴിക്കാത്തത്? എങ്കില്‍ പിന്നെ പ്രശ്നത്തിന് ഒരു പരിഹാരം കാണാതെ പോകുന്നതെങ്ങനെ?
ഞാന്‍ റുഷ്ദയോടെ സംസാരിച്ചു. കാര്യങ്ങളെല്ലാം അവളെ പറഞ്ഞു മനസിലാക്കി. സിനിമയും ജീവിതവും തമ്മില്‍ എത്ര വലിയ അകലമുണ്ടെന്ന് ബോധ്യപ്പെടുത്തി. റുഷ്ദ എല്ലാം അനുസരണയുള്ള സ്കൂള്‍ കുട്ടിയെ പോലെ കേട്ടിരുന്നു.
എന്റെ വാക്കുകള്‍ റുഷ്ദയെ സ്വാധീനിച്ചുവെന്നു എനിക്കു പിന്നീട് ബോധ്യമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ അവള്‍ വിവാഹിതയായി. വിവാഹത്തിന് ഞാനും മെഹ്റുന്നീസയും ചേര്‍ന്നാണ് പോയത്. അന്നും ഞങ്ങള്‍ റുഷ്ദയുടെ വീട്ടില്‍ പോയി. അവളുടെ ബെഡ്റൂമില്‍ അപ്പോഴും എന്റെ ചിത്രങ്ങളുണ്ടായിരുന്നു.
അവളുടെ വുഡ്ബിയോട് എന്റെ കാര്യം പറഞ്ഞുവെന്നും ചിത്രങ്ങള്‍ നീക്കേണ്ടതില്ലെന്ന് അയാള്‍ പറഞ്ഞുവെന്നും സന്തോഷത്തോടെ റുഷ്ദ എന്നോടു പറഞ്ഞു.
ഞാന്‍ നേരത്തെ പറഞ്ഞതു പോലെ റുഷ്ദ ഇപ്പോള്‍ ഷാര്‍ജയിലാണ്. അവരുടെ ഷാര്‍ജയിലെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. റുഷ്ദയുടെ മകനെയും എടുത്തു കൊണ്ട് ഞാന്‍ നില്‍ക്കുന്ന ചിത്രം അവരുടെ വീടിന്റെ സ്വീകരണമുറിയിലുണ്ട്.
വെറുമൊരു ആരാധിക എന്നു മാത്രം പറയാമോ റുഷ്ദയെ. അറിയില്ല. ഒരു സിനിമാതാരത്തോടുള്ള അഭിനിവേശത്തില്‍ അപ്പുറമായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു ആരാധിക. അതുകൊണ്ടാണ് എന്റെ മകള്‍ക്കു ഞാന്‍ അവളുടെ പേരിട്ടത്.


സത്യമുള്ള സൌഹൃദം


പ്രഭുവുമായി ഒന്നിച്ച് അഭിനയിച്ച ഒരുവര്‍ വാഴും ആലയം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ സംഭവം പറയാം. പ്രഭുവെന്ന സുഹൃത്തിനെ തിരിച്ചറിയാന്‍ എന്നെ സഹായിച്ച സംഭവം.
മലയാളത്തിലും തമിഴിലും ഒരേപോലെ അഭിനയിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. മലയാള താരങ്ങള്‍ക്കൊപ്പം ഒരു ഗള്‍ഫ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് എനിക്കു പോകേണ്ടതുണ്ടായിരുന്നു. ഗള്‍ഫ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഏറെ വൈകി. ക്ളൈമാക്സ് എടുക്കാന്‍ എന്നെയും കാത്തിരിക്കുകയായിരുന്നു ആ സിനിമയുടെ സെറ്റിലുള്ളവര്‍ മുഴുവന്‍. പ്രഭുവിനെ കൂടാതെ ശിവകുമാര്‍ സാറിനെപ്പോലുള്ള മുതിര്‍ന്ന താരങ്ങള്‍ വരെ ദിവസങ്ങളോളം എന്നെയും നോക്കി വെറുതെയിരുന്നു. മൊബൈലൊന്നുമില്ലാത്ത കാലമല്ലേ; എന്നെ ബന്ധപ്പെടാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ സെറ്റിലേക്കു പോകാന്‍ എനിക്കു മടി തോന്നി. എല്ലാവരെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. ഒടുവില്‍, ഞാനൊരു കുതന്ത്രം പ്രയോഗിച്ചു.
ഇടത്തെ കയ്യില്‍ ഒരു ബാന്‍ഡേജ് ചുറ്റിയാണു ഞാന്‍ പിറ്റേന്നു സെറ്റിലെത്തിയത്. ഗള്‍ഫ് യാത്രയ്ക്കിടെ ചെറിയൊരു കാര്‍ ആക്സിഡന്റ് ഉണ്ടായെന്നും കൈ ഉളുക്കിയെന്നും എല്ലാവരോടും പറഞ്ഞു. നല്ല വേദനയുള്ളതു പോലെ ഞാന്‍ അഭിനയിച്ചു. പ്രഭുവിന് എന്റെ അവസ്ഥ കണ്ടപ്പോള്‍ വിഷമമായി. ഇടയ്ക്കിടെ വേദനയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. ആത്മാര്‍ഥസ്നേഹത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എനിക്കു കുറ്റബോധമായി. പക്ഷേ, എല്ലാവരോടും പറഞ്ഞുപോയില്ലേ. ഇനി തിരിച്ചുപറയുന്നത് എങ്ങനെ?
ക്ളൈമാക്സില്‍ ഞാന്‍ ഒരു മരത്തില്‍ തൂങ്ങിക്കിടക്കുന്ന സീനായിരുന്നു എടുക്കേണ്ടത്. മറ്റേ കൈ കൊണ്ട് തൂങ്ങിക്കിടന്നോളാം എന്നു പറഞ്ഞ് ഞാന്‍ ഷൂട്ടിങ്ങിനു തയാറായി. കൊക്കയിലേക്ക് വീഴാന്‍ കിടക്കുന്ന എന്നെ രക്ഷിക്കാന്‍ പ്രഭു ശ്രമിക്കുന്നതും ഞാന്‍ സ്വയം മരണം തിരഞ്ഞെടുത്ത് മരത്തില്‍ നിന്നു പിടിവിട്ട് താഴേക്കു പതിക്കുന്നതുമായിരുന്നു സീന്‍.
കൈയിലെ ബാന്‍ഡേജ് അഴിച്ചു മാറ്റി ഞാന്‍ ടേക്കിന് തയാറെടുത്തു. മരത്തില്‍ തൂങ്ങിക്കിടക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ മാറിപ്പോയി. വലത്തെ കൈയില്‍ തൂങ്ങേണ്ടതിനു പകരം വേദനയുണ്ടെന്നു ഞാന്‍ നേരത്തെ എല്ലാവരോടും പറഞ്ഞ ഇടത്തെ കൈയിലാണ് ഞാന്‍ തൂങ്ങിയത്.
പ്രഭു ഉടനെ വിളിച്ചു ചോദിച്ചു: റഷീന്‍, ഏതു കയ്യാണ് ഉളുക്കിയത്?
മറുപടി പറയാനാവാതെ ഞാന്‍ കുഴഞ്ഞു. ഏത് കൈയിലായിരുന്നു ബാന്‍ഡേജ് ചുറ്റിയിരുന്നതെന്നു ഞാന്‍ തന്നെ മറന്നു പോയി. എല്ലാവര്‍ക്കും കാര്യം മനസിലായി. പ്രഭു ഉറക്കെ ചിരിച്ചു. സെറ്റ് മുഴുവന്‍ കൂടെ ചിരിച്ചു.
ഇങ്ങനെ നിരവധി കഥകളുണ്ട് പ്രഭുവിനെക്കുറിച്ച് എനിക്കു പറയാന്‍. സിനിമയില്‍ എനിക്കുള്ള അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം അടുത്തയിടെ ‘ബില്ല എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. അതിന്റെ സെറ്റില്‍ വച്ച് പഴങ്കഥകള്‍ പറഞ്ഞു ഞങ്ങള്‍ ഏറെ ചിരിച്ചു.
ചെന്നൈയില്‍ കുതിരസവാരിക്കായി ഞങ്ങള്‍ ഇടയ്ക്കിടെ ഒന്നിച്ചുപോകാറുണ്ട്. എന്നെ നിര്‍ബന്ധിച്ചു ഹോഴ്സ് റൈഡിങ് ക്ളബില്‍ ചേര്‍ത്തതും അദ്ദേഹമാണ്. ചിലപ്പോള്‍ അദ്ദേഹം എന്നെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിക്കും. അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ ശിവാജി സാറിനെപ്പോലെ തന്നെയാണ് പ്രഭവും. നല്ല ഭക്ഷണം വിളമ്പി, അതിഥികള്‍ അതു വയറുനിറച്ചു കഴിക്കുന്നതു കാണുമ്പോഴാണ് അദ്ദേഹത്തിന്റെ വയറു നിറയുക.
പ്രഭുവിന്റെ കോള്‍ മൊബൈലില്‍ തെളിയുമ്പോഴെ എനിക്കറിയാം. അദ്ദേഹം എന്തിനാണു വിളിക്കുന്നത്. ‘ഫോണെടുത്താലുടന്‍ മറ്റൊന്നും ചോദിക്കാതെ അദ്ദേഹം പറയും: ''‘’റഷീന്‍, ഒന്നാന്തരം ബിരിയാണി തയാറാക്കിയിട്ടുണ്ട്. കുടുംബത്തെയുംകൂട്ടി വേഗം എത്തണം.''
എന്തെങ്കിലും കാര്യത്താല്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് പോകാന്‍ പറ്റിയില്ലെങ്കില്‍ അദ്ദേഹം അതു പാഴ്സലായി കൊടുത്തയയ്ക്കും. എന്നെ എന്റെ യഥാര്‍ഥ പേരായ റഷീന്‍ എന്നു വിളിക്കുന്ന ചുരുക്കം സിനിമാക്കാരില്‍ ഒരാളാണു പ്രഭു.
പ്രഭു കഴിഞ്ഞാല്‍ പിന്നെ എന്നെ അതിശയിപ്പിച്ച സൌഹൃദം എന്നോടു കാണിച്ചത് സാക്ഷാല്‍ സത്യരാജാണ്. അക്കാലത്ത് കമലും രജനിയും കഴിഞ്ഞാല്‍ പിന്നെ സത്യരാജും പ്രഭുവും വിജയകാന്തുമായിരുന്നു തമിഴ് സിനിമയുടെ എല്ലാമെല്ലാം. ഇവര്‍ മൂന്നു പേര്‍ക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.
സത്യരാജിനൊപ്പം ഞാനഭിനയിച്ചത് പി.വാസു സംവിധാനം ചെയ്ത 'ഉടന്‍പിറപ്പ്' എന്ന ചിത്രത്തിലായിരുന്നു. ഒന്നിച്ചുപിറന്നില്ലെങ്കിലും കൂടപ്പിറപ്പുകളെപ്പോലൈ ആത്മാര്‍ഥമായി പരസ്പരം സ്നേഹിക്കുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയായിരുന്നു അത്. രണ്ടു സ്നേഹിതന്‍മാരില്‍ മൂത്തയാളായി സത്യരാജും ഇളയവനായി ഞാനും അഭിനയിച്ചു. സുകന്യയും കസ്തൂരിയുമായിരുന്നു ഞങ്ങളുടെ നായികമാര്‍.
അന്ന് സത്യരാജ് തമിഴിലെ സൂപ്പര്‍താരമാണ്. കുറെയധികം ഹിറ്റുകളുമായി തമിഴില്‍ എന്റെ സ്ഥാനം ഞാനും ഉറപ്പിച്ചിരുന്നു. സത്യരാജും റഹ്മാനും ഒന്നിക്കുന്നു എന്ന മട്ടില്‍ സിനിമാവാര്‍ത്തകളില്‍ ഈ ചിത്രത്തിനു വലിയ പ്രാധാന്യവും ലഭിച്ചു.
സംവിധായകനായ പി. വാസു ഈ ചിത്രത്തിന്റെ കഥ പറയാനായി എത്തിയ സന്ദര്‍ഭം ഞാനിപ്പോഴും ഒാര്‍ക്കുന്നുണ്ട്. സാധാരണ ഇരട്ടനായകവേഷങ്ങളാണെങ്കില്‍ നിര്‍മാതാക്കളോ സംവിധായകരോ കഥ പറയാനെത്തുമ്പോള്‍ നമ്മളുടെ കഥാപാത്രത്തെ കൂടുതല്‍ മികച്ചതായി അവതരിപ്പിക്കുന്ന പതിവുണ്ട്. മറ്റെ നായകനെക്കാള്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നതു നമ്മുടെ വേഷമായിരിക്കുമെന്ന മട്ടിലായിരിക്കും കഥയുടെ അവതരണം. പക്ഷേ, ഞാനും സത്യരാജും ഒപ്പമിരുന്നാണു ഉടന്‍പിറപ്പിന്റെ കഥ പി.വാസുവില്‍ നിന്നു കേട്ടത്. അതുകൊണ്ടു തന്നെ, ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണെന്നു കഥ കേട്ടപ്പോള്‍ത്തന്നെ മനസിലായി.
ഡബിള്‍ ഹീറോ ഉള്ള നിരവധി ചിത്രങ്ങളില്‍ ഞാനഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും അത്തരം നിരവധി വേഷങ്ങള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഞാനഭിനയിച്ച എബ്രാഹം ആന്‍ഡ് ലിങ്കന്‍, നന്മ, തുടങ്ങിയ ചിത്രങ്ങളില്‍ കലാഭവന്‍ മണിയായിരുന്നു എനിക്കൊപ്പം. ഇത്തരം വേഷങ്ങള്‍ ചെയ്യുമ്പോഴുള്ള പ്രധാന തലവേദന ഷൂട്ടിങ് സമയത്തുള്ള ആശയക്കുഴപ്പമാണ്. നമ്മുടെ വേഷത്തിനു പ്രാധാന്യം കുറഞ്ഞുപോകുമോ എന്ന ടെന്‍ഷന്‍ രണ്ടുപേര്‍ക്കുമുണ്ടാവും. പക്ഷേ, ഈയൊരു ടെന്‍ഷന്‍ ഇല്ലാതെ ഞാനഭിനയിച്ച ചിത്രമായിരുന്നു ‘ഉടന്‍പിറപ്പ്.
എന്നെക്കാള്‍ എന്റെ വേഷത്തെ കുറിച്ച് ടെന്‍ഷന്‍ സത്യരാജിനായിരുന്നു. ഒരു സീനില്‍ പോലും എനിക്കു പ്രാധാന്യം കുറയെരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരു ദിവസം, സത്യരാജിനെ കാണാന്‍ ഒരുപറ്റം ആളുകള്‍ ഉടന്‍പിറപ്പിന്റെ സെറ്റില്‍ എത്തി. ഉടന്‍പിറപ്പിന്റെ നിര്‍മാതാവും സത്യാരാജ് തന്നെയായിരുന്നു.
ദൂരെ മാറി ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു ഞാന്‍. എത്തിയ ആളുകള്‍ സത്യരാജിനെയും സംവിധായകന്‍ പി. വാസുവിനെയും എന്തൊക്കെയോ കാണിക്കുന്നതു ഞാന്‍ ദൂരെ നിന്നു കണ്ടു.
ഒരു ബഹളം കേട്ടാണ് പിന്നെ ഞാന്‍ അങ്ങോട്ടു നോക്കിയത്. ആകെ ക്ഷുഭിതനായി സത്യരാജ്. തന്റെ കയ്യിലിരുന്ന കടലാസുകള്‍ അദ്ദേഹം ദേഷ്യപ്പെട്ടു വലിച്ചെറിഞ്ഞു. പി. വാസുവും അസ്വസ്ഥനായി എന്തൊക്കെയോ വന്ന ആളുകളോട് സംസാരിച്ചു.
പിന്നീടാണ് ഞാന്‍ കാര്യമറിഞ്ഞത്. സിനിമയുടെ ഡിസൈന്‍ ചെയ്ത പരസ്യങ്ങളുമായി എത്തിയവരോടായിരുന്നു സത്യരാജ് ക്ഷുഭിതനായി സംസാരിച്ചത്. കാര്യമെന്തെന്നോ, അവര്‍ ഡിസൈന്‍ ചെയ്ത പരസ്യത്തില്‍ സത്യരാജിനായിരുന്നു പ്രാധാന്യം. എനിക്കു ഒരു സഹനടന്റെ പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു. നിര്‍മാതാവ് സത്യരാജ് തന്നെയായതു കൊണ്ട് അവര്‍ അദ്ദേഹത്തിനു പ്രാധാന്യം നല്‍കിയായിരുന്നു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.
ഇങ്ങനെ മറ്റാരു ചെയ്യും? ഉടന്‍പിറപ്പിന്റെ പോസ്റ്ററുകളിലും സകലവിധ പരസ്യങ്ങളിലും സത്യരാജിനൊപ്പം അതേ പ്രാധാന്യം എനിക്കു നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സ്വന്തമായി കാശിറക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ പോലും തന്നെ ബൂസ്റ്റ് ചെയ്യാനല്ല അദ്ദേഹം ശ്രമിച്ചത്.
സത്യരാജിന്റെ മനസിന്റെ നന്മ ഇതൊക്കെയായിരുന്നു. ഉടന്‍പിറപ്പ് വന്‍ വിജയം നേടി. പിന്നീട് ഒരു ചിത്രങ്ങളില്‍ പോലും ഒന്നിച്ച് അഭിനയിക്കുന്ന സാഹചര്യം പിന്നീട് ഞങ്ങള്‍ക്കുണ്ടായില്ല. പക്ഷേ, ഇന്നും എന്റെ മനസില്‍ ആ വലിയ മനുഷ്യന്റെ സ്നേഹവും ആത്മാര്‍ഥതയും നിറഞ്ഞുനില്‍ക്കുന്നു.
ഒന്നിച്ചുപിറന്നില്ലെങ്കിലും സഹോദരങ്ങളെപ്പോലെ ജീവിച്ച ഉടന്‍പിറപ്പിലെ കഥാപാത്രങ്ങളെപ്പോലെ തന്നെയാണ് ഞങ്ങളുടെ സൌഹൃദവും സ്നേഹവും ഇപ്പോഴും.


മലയാള സിനിമയിലെ മികച്ച ക്യാപ്റ്റന്‍

മലയാളത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത് ഏതു സംവിധായകന്റെയാണ് എന്നു ചോദിച്ചാല്‍ ഉത്തരം ഐ.വി. ശശി എന്നായിരിക്കുമെന്നു തോന്നുന്നു. ശശികുമാര്‍, സത്യന്‍ അന്തിക്കാട്, പത്മാരാജന്‍ തുടങ്ങിയ സംവിധാകരാവും എന്നെ വച്ച് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള മറ്റു മലയാള സംവിധായകര്‍.
ശശിയേട്ടന് എന്നോട് ഒരു പ്രത്യേക അടുപ്പം പണ്ടു മുതല്‍ തന്നെയുണ്ടായിരുന്നു. എന്റെ മൂന്നാമത്തെ ചിത്രമായ 'കാണാമറയത്തിന്റെ' സംവിധായകനായിരുന്നല്ലോ അദ്ദേഹം. പത്മരാജന്റെ തിരക്കഥയില്‍ ശശിയേട്ടന്‍ ഒരുക്കിയ അതിമനോഹര ചിത്രം. കാണാമറയത്തിന്റെ സെറ്റിലെ പല കഥകളും ഇതിനു മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. ആ ചിത്രത്തില്‍ വച്ചാണ് ഞാനും ശോഭനയും ആദ്യമായി ഒന്നിക്കുന്നത്.
പിന്നീട് ശശിയേട്ടനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഏതാണ്ട് നൂറ്റമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു വലിയ സംവിധായകനാണ് അദ്ദേഹം. ഐ.വി. ശശി എന്ന പേരു ഒരു കാലത്ത് മലയാളത്തിലെ കൊമേഴ്സിയല്‍ സംവിധായകരിലെ അവസാന വാക്കായിരുന്നു. എനിക്കു തോന്നുന്നു മമ്മുക്കയും ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ശശിയേട്ടന്റെ സിനിമായിലാണെന്ന്. കമലാഹാസനും രജനീകാന്തും വരെ ശശിയേട്ടന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും തന്റെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
1984 ല്‍ ഞാന്‍ കാണാമറയത്തില്‍ അഭിനയിക്കാനെത്തുമ്പോള്‍ തന്നെ അദ്ദേഹം ഏതാണ്ട് അമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു കഴിഞ്ഞിരുന്നു. ഇത്രയും വലിയ എക്സ്പീരയന്‍സ്ഡ് ആയ ഒരു സംവിധായകന്റെ കീഴില്‍ അഭിനയിക്കുന്നതിന്റെ ഒരു ത്രില്‍ എനിക്ക് അന്നുണ്ടായിരുന്നു. പോരാത്തതിന് പപ്പേട്ടന്റെ തിരക്കഥയും.
ആ വര്‍ഷം തന്നെ രണ്ടു ചിത്രങ്ങള്‍ക്കു കൂടി ശശിയേട്ടന്‍ എന്നെ വിളിച്ചു. രണ്ടും എം.ടി. സാറിന്റെ തിരക്കഥയില്‍. ഉയരങ്ങളിലും അടിയൊഴുക്കുകളും. ഈ രണ്ടു ചിത്രങ്ങളിലും എനിക്കു നല്ല വേഷമായിരുന്നു. ഉയരങ്ങളില്‍ നെഗറ്റീവ് ടച്ചുള്ള നായകന്റെ വേഷത്തില്‍ മോഹന്‍ലാല്‍. കൂടാതെ കാജല്‍ കിരണ്‍.
ആദ്യമായി താടിവച്ചു ഞാന്‍ അഭിനയിച്ച ചിത്രം കൂടിയാണത്. ഭയം, നിരാശ എന്നിവയായിരുന്നു എന്റെ കഥാപാത്രത്തിന്റെ മുഖത്ത് ഉണ്ടാവേണ്ട പ്രധാന വികാരങ്ങള്‍. സുഹൃത്തിനോടുള്ള സ്നേഹം, അതിനൊപ്പം തന്നെ ഭയം, തിന്മയോടു യോജിക്കാന്‍ സാധികാത്തപ്പോള്‍ തന്നെ നിസംഗനായി പ്രതികരിക്കാനാവാതെ നില്‍ക്കേണ്ട അവസ്ഥ... വ്യത്യസ്തതയുള്ള ഒരു കഥാപാത്രമായിരുന്നു എം.ടി. സാര്‍ എഴുതിയിരുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രവും വളരെ വ്യത്യസ്തതയുള്ളതായിരുന്നു.
എം.ടി. സാര്‍ തന്നെയായിരുന്നു എന്റെ അടുത്ത ഐ.വി. ശശി സിനിമയുടെയും തിരക്കഥ രചിച്ചത്. അടിയൊഴുക്കുകള്‍ എന്ന ആ സിനിമ മമ്മൂട്ടിയുടെ മികച്ച വേഷം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എനിക്കും ലാലിനും അതില്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളുണ്ടായിരുന്നു. അങ്ങാടിക്കപ്പുറത്ത്, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളും പിന്നാലെ വന്നു. ഈ ചിത്രങ്ങളിലൊക്കെയും എനിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലുമുണ്ടായിരുന്നു.
ശശിയേട്ടന്റെ ഇത്രയും കാലം, കൂടണയും കാറ്റ്, മുക്തി, അപാരത തുടങ്ങിയ ചിത്രങ്ങളിലും ഞാന്‍ പിന്നീട് അഭിനയിച്ചു. പദവി എന്നൊരു ചിത്രവും ശശിയേട്ടന്‍ എന്നെ വച്ച് സംവിധാനം ചെയ്തിരുന്നു.
തമിഴിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ മടങ്ങിയെത്തിയ ചിത്രമായിരുന്നു മുക്തി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. തലതെറിച്ച ഇളയ സഹോദരനായി ഞാനും. ലോഹിതദാസായിരുന്നു മുക്തിയുടെ തിരക്കഥാകൃത്ത്. അടിത്തറയുള്ള കഥയും സുന്ദരമായ സംഭാഷണങ്ങളും ആയിരുന്നു ആ ചിത്രത്തിന്റെ പ്രത്യേകത. തിലകന്‍ ചേട്ടന്റെ അസാമാന്യ പ്രകടനമായിരുന്നു ചിത്രത്തില്‍.
ലോഹിതദാസിന്റെ തിരക്കഥയില്‍ ഈ ഒരു ചിത്രത്തില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞുള്ളു.അന്ന് അദ്ദേഹവും തുടക്കകാലമാണ്. ജീവിതഗന്ധിയായ നിരവധി മനോഹരമായ ചിത്രങ്ങള്‍ക്ക് അദ്ദേഹം പിന്നീട് തിരക്കഥ എഴുതി. ഏതായാലും എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍, ലോഹിതദാസ് തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ സംവിധായകനായി ഐ.വി. ശശി ഉണ്ടായിരുന്നു.
മുക്തിക്കു ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ എനിക്കു സാധിച്ചില്ല. തമിഴിലെ തിരക്കുകളായിരുന്നു കാരണം. അങ്ങനെ കുറെ ഗ്യാപ്പ് കൂടി വന്നു. ഒടുവില്‍ വീണ്ടും ഞാന്‍ മലയാളത്തിലേക്ക് മടങ്ങിവന്നതും ശശിയേട്ടന്റെ ചിത്രത്തിലൂടെയായിരുന്നു. സാമാന്യം നല്ല വിജയം നേടിയ അപാരത എന്ന ആ ചിത്രത്തില്‍ എനിക്കു നല്ലൊരു നായകവേഷമായിരുന്നു. സുകന്യയും ഉര്‍വശിയുമായിരുന്നു നായികമാര്‍.
ഇന്നത്തെ തമിഴ് സൂപ്പര്‍താരം വിക്രം, ശോഭന, ലക്ഷ്മി എന്നിവരായിരുന്നു പദവയില്‍ എനിക്കൊപ്പം അഭിനയിച്ച മറ്റുതാരങ്ങള്‍. ഇന്ദിരഗാന്ധിയുടെ കുടുംബത്തിന്റെ കഥ പശ്ചാത്തലമാക്കിയൊരുക്കിയ ഈ സിനിമ ഗോവയില്‍ വച്ച് ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തതാണ്. രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ഞാനും സഞ്ജയ് ഗാന്ധിയെപ്പോലെയുള്ള സഹോദരനായി വിക്രമും ആയിരുന്നു അഭിനയിച്ചത്. പക്ഷേ, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ആ ചിത്രം പാതിവഴിയില്‍ മുടങ്ങിപ്പോയി.
ശശിയേട്ടന്റെ സിനിമകളില്‍ കഥാപാത്രങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നു പറയാറുണ്ട്. ഒരു ഷോട്ടില്‍ തന്നെ പത്തും പതിനഞ്ചും താരങ്ങള്‍ അഭിനയിക്കുന്നുണ്ടാവും. അതില്‍ തന്നെ ചിലപ്പോള്‍ സൂപ്പര്‍താരങ്ങളും കാണും. ഇത്രയും പേരെ ഒരു ബുദ്ധിമുട്ടും കൂടാതെ ഒന്നിപ്പിക്കുന്നു എന്നതു മാത്രമല്ല കാര്യം. ഒരാള്‍ക്കും പിന്നീട് ആ സീനിനെക്കുറിച്ചോ തങ്ങളുടെ വേഷത്തിന്റെ പ്രധാന്യത്തെ കുറിച്ചോ പരാതിയുണ്ടാവില്ല.
സാധാരണ ഒരു ചിത്രത്തില്‍ രണ്ടു വലിയ താരങ്ങളുണ്ടെങ്കില്‍ തന്നെ പരാതികളാവും. തന്റെ സീനുകള്‍ കുറഞ്ഞുപോയെന്നും മറ്റെയാള്‍ക്കാണ് പ്രധാന്യം കിട്ടിയതെന്നുമൊക്കെയുള്ള പതിവു പരാതികള്‍ പക്ഷേ, ശശിയേട്ടന്റെ സിനിമകളില്‍ ഉണ്ടാവാറില്ല.
ശശിയേട്ടന്റെ സിനിമയില്‍ താരങ്ങള്‍ കൂടുതലുണ്ടാവും. അതുകൊണ്ട് തന്നെ സെറ്റിലെപ്പോഴും ഒരു ബഹളമായിരിക്കും. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ സ്പീഡിനെയോ ടേക്കിങ്ങിനെയോ ബാധിക്കാറില്ല.
ശരിക്കും ഒരു യാത്രാക്കപ്പലിന്റെ ക്യാപ്റ്റനെപ്പോലെയാണ് ഐ.വി. ശശി. കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് ഒാടിക്കുകയും അതോടൊപ്പം തന്നെ യാത്രക്കാരുടെ സുഖസൌകര്യങ്ങള്‍ അന്വേഷിക്കുകയും അവര്‍ക്ക് ഒരു പോരായ്മയും ഇല്ലാതാക്കാന്‍ നോക്കുകയും ചെയ്യും. അങ്ങനെനോക്കുമ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ശശിയേട്ടന്‍.
ശശിയേട്ടന്റെ വേഗതയും ടേക്കിങ് രീതികളും പോലെ വ്യത്യസ്തമാണ് തമിഴില്‍ എനിക്ക് ബ്രേക് തന്നെ കെ. ബാലചന്ദ്രന്‍ സാറിന്റെതും.

വില്ലന്‍മാരുടെ വില്ലന്‍; ശുദ്ധപാവം



റഹ്മാന്‍

എം.എന്‍. നമ്പ്യാര്‍.
ഈ പേരു കേട്ടാല്‍ തന്നെ തമിഴ് സിനിമാ പ്രേക്ഷകര്‍ പേടിച്ചുവിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു. വില്ലന്‍മാരുടെ വില്ലന്‍. കൊടുംക്രൂരന്‍. എം.ജി.ആര്‍. നായകനെങ്കില്‍ വില്ലന്‍ എം.എന്‍. നമ്പ്യാരാവും. ചുവന്നുതുടുത്ത കണ്ണുകളും കൊമ്പന്‍മീശയുമൊക്കെയായി ക്രൂരതയുടെ പര്യായമായി മാറിയ നടന്‍.
എന്റെ മനസിലും ഈ ചിത്രങ്ങളൊക്കെയായിരുന്നു അദ്ദേഹത്തെ നേരിട്ടു കാണും വരെ ഉണ്ടായിരുന്നത്. ഇത്രയും ക്രൂരനായ ഒരു മനുഷ്യന്‍ വേറെയുണ്ടാവില്ല എന്ന ചിന്ത എന്റെയുള്ളില്‍ നിന്നു മാറിയത് എം.എന്‍. നമ്പ്യാരെ നേരിട്ടുകണ്ട് സംസാരിച്ചു തുടങ്ങിയപ്പോഴാണ്. മെല്ലെ മെല്ലെ ഇത്രയും സാധുവായ മറ്റൊരാളുണ്ടാവില്ല എന്ന തിരിച്ചറിവ് എന്നിലുണ്ടായി.
നമ്പ്യാര്‍ സാറിനൊപ്പം രണ്ടോ മൂന്നോ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു. ആ ചിത്രങ്ങളിലൊക്കെയും അദ്ദേഹത്തിന്റെ സാമിപ്യം തന്ന ഊര്‍ജം വളരെ വലുതായിരുന്നു. അദ്ദേഹത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ വിലയേറിയതും.
ഏതൊരു നടന്റെയും പ്രകടനത്തില്‍ അയാളുടെ സ്വഭാവം പകുതിയെങ്കിലും കാണുമെന്നാണ് പറയാറ്. നമ്മുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും അനുസരിച്ചാവും നമ്മുടെ അഭിനയം. സ്ക്രിപ്റ്റില്‍ നിന്ന് 50 ശതമാനവും ഉള്ളില്‍ നിന്ന് ബാക്കി 50 ശതമാനവും എന്നതാണ് കണക്ക്. എത്ര ഒളിപ്പിക്കാന്‍ ശ്രമിച്ചാലും നമ്മുടെ ചില മാനറിസങ്ങളും ചിരിയുമൊക്കെ കഥാപാത്രത്തിനുമുണ്ടാവും.
ദേഷ്യപ്പെടുന്ന സീനുകള്‍ വളരെ നന്നായി ഞാന്‍ ചെയ്യാറുണ്ട് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ പകുതി കാരണം എന്റെ സ്വഭാവത്തില്‍ അനാവശ്യമായ ദേഷ്യമുണ്ട് എന്നതു കൊണ്ടാണെന്ന് ഞാന്‍ മനസിലാkക്കുന്നു.
മമ്മൂട്ടിയുടെ പല കഥാപാത്രങ്ങളും കാണുമ്പോള്‍ തോന്നാറുണ്ട്, അദ്ദേഹമല്ലാതെ മറ്റൊരെങ്കിലും ആ വേഷം ചെയ്തിരുന്നെങ്കില്‍ നന്നാവില്ലായിരുന്നുവെന്ന്. മമ്മൂട്ടിയെന്ന നടന്റെ മാനറിസങ്ങളും രീതികളും അഭിനയസവിശേഷതയും മനസിലാക്കി അതിനനുസരിച്ച് തിരക്കഥയെഴുതുമ്പോഴാണ് ഇങ്ങനെ, അദ്ദേഹത്തിന്റെ വേഷം മറ്റാര്‍ക്കും അഭിനയിച്ചു ഫലിപ്പിക്കാനാവില്ല എന്നു തോന്നുന്നത്.
ഇങ്ങനെയൊക്കെ നോക്കിയാല്‍ നമ്പ്യാര്‍ സാറിന്റെ കഥാപാത്രങ്ങളുടെ രീതികളില്‍ പകുതിയെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കേണ്ടതാണ്. പക്ഷേ, നമ്പ്യാര്‍ സാര്‍ നേരെ വിപരീതമാണ്. ദേഷ്യം, കാമം, ക്രൌര്യം, പുച്ഛം തുടങ്ങി അദ്ദേഹം സ്ക്രീനില്‍ അവതരിപ്പിക്കുന്ന വികാരങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഇല്ല എന്നു വ്യക്തമാകുന്നത് ആ മനുഷ്യനുമായി സംസാരിച്ചുതുടങ്ങിയപ്പോഴാണ്. പേടിയോടെ മാത്രം കണ്ടിരുന്ന ഒരു താരം കൂട്ടുകാരനെ പോലെ മുന്നില്‍. എന്നെക്കാള്‍ സിനിമയില്‍ ഏതാണ്ട് 40-50 വര്‍ഷത്തെ എക്സ്പീരിയന്‍സ് കൂടുതല്‍ ഉള്ള ഒരു നടന്‍ കൂട്ടുകാരെനെ പോലെ നമ്മോടു ഇടപെടുന്നതു കാണുമ്പോള്‍ സ്വയം എത്ര ചെറുതാണ് നമ്മള്‍ എന്ന തിരിച്ചറിവ് കൂടിയുണ്ടാകും.
സിനിമയിലെ നായകന്‍മാര്‍ പലരും ജീവിതത്തില്‍ വില്ലന്‍മാരും കൊടുംക്രൂരന്‍മാരായ വില്ലന്‍മാരില്‍ നല്ലൊരു ശതമാനവും വെറും സാധുക്കളുമാണെന്ന തിരിച്ചറിവ് എനിക്കുണ്ടാകുന്നത് നമ്പ്യാര്‍ സാറിനെ പരിചയപ്പെട്ടശേഷമാണ്. സ്വഭാവവുമായി ഒരു ബന്ധവും ഇല്ലാത്ത വിധം അഭിനയിക്കാന്‍ നമ്പ്യാര്‍ സാറിനു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ പോലൊരു കഴിവുള്ള നടനെ വില്ലനായി മാത്രം കാണേണ്ടിവന്നതില്‍ എനിക്കു ദുഃഖം തോന്നി. നല്ല വേഷങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അത് എത്ര സുന്ദരമാക്കുമായിരുന്നുവെന്ന് ഞാനോര്‍ത്തു.
ഞാനാണ് അദ്ദേഹത്തെക്കാള്‍ സീനിയര്‍ എന്ന മട്ടിലാണ് നമ്പ്യാര്‍ സാര്‍ എന്നോടു പെരുമാറിയിരുന്നത്. ഇത്ര മുതിര്‍ന്ന താരമായിട്ടും പുതുതലമുറയുടെ ഭാഗമായ എന്നെപ്പോലെയുള്ള നടന്‍മാരെ അദ്ദേഹം ബഹുമാനിക്കുന്നത് കാണുമ്പോള്‍ അതില്‍ നിന്നു ഞാന്‍ പഠിച്ച പാഠങ്ങള്‍ വളരെ വലുതാണ്. ഒരു കാലഘട്ടത്തിന്റെ സ്കൂളിങ് കൂടിയാണത്. പഴയതലമുറയിലെ ഒട്ടുമിക്ക താരങ്ങളും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമാണ് കഴിഞ്ഞിരുന്നത്. അവര്‍ക്കിടയില്‍ നായകനെന്നോ വില്ലനെന്നോ ജൂനിയര്‍ ആര്‍ട്ടിസ്റ്റെന്നോ ഉള്ള വ്യത്യാസം പോലുമുണ്ടായിരുന്നില്ല.
ഇന്ന് അക്കാര്യത്തില്‍ തമിഴ് സിനിമ ഏറെ മാറി. പുതുമുഖ താരങ്ങള്‍ പോലും നൂറിലേറെ സിനിമ അഭിനയിച്ച മട്ടിലാണ് മറ്റുള്ളവരോട് ഇടപെടുന്നത്. ലൈറ്റ് ബോയിസിനെപോലുള്ളവരോട് ഒരു മയവുമില്ലാതെ സംസാരിക്കുന്ന പല നടിമാരെയും ഞാന്‍ ഈ അടുത്ത കാലത്ത് കണ്ടു. ഇപ്പോള്‍ പല തമിഴ് ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ഈ അവസ്ഥ ഞാന്‍ നേരിട്ടു മനസിലാക്കുന്നതാണ്. തമിഴ് സിനിമാ സെറ്റില്‍ മലയാളത്തില്‍ നിന്നു നേര്‍വിപരീതമായ സാഹചര്യമാണുള്ളത്. അവിടെ നായകനും നായികയ്ക്കും മാത്രമാണ് ലൈറ്റ് ബോയ്സിനെ പോലുള്ള പ്രൊഡക്ഷന്‍ ആളുകളില്‍ നിന്നു ബഹുമാനം കിട്ടുക. തമിഴില്‍ അടുത്തയിടെ, ഒന്നു രണ്ടു ചിത്രങ്ങളില്‍ നായകവേഷത്തില്‍ അല്ലാതെ ഞാനഭിനിയിച്ചു. അതിലൊന്നായിരുന്നു ബില്ല. പക്ഷേ, സെറ്റില്‍ ഒരു പ്രശ്നവുമുണ്ടായില്ല. മുതിര്‍ന്ന താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന കൊടുക്കണമെന്ന കാര്യത്തില്‍ ആ സെറ്റിലുള്ളവര്‍ക്കെല്ലാം ബോധ്യമുണ്ടായിരുന്നു; പ്രത്യേകിച്ചും അജിത്തിന്. എന്നെയും പ്രഭുവിനെയും മുതിര്‍ന്നതാരങ്ങളായി കാണാനും ഞങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കാനും അജിത്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മറ്റു പല ചിത്രങ്ങളിലും സാഹചര്യം അങ്ങനെയായിരിക്കില്ല. ഏതെങ്കിലും കുഗ്രാമത്തിലൊക്കെയാണ് ഷൂട്ടിങ് നടക്കുന്നതെങ്കില്‍ മേയ്ക്കപ്പിനായി ഒന്നോ രണ്ടോ മുറികളേ ഒരുക്കിയിട്ടുണ്ടാവുള്ളു. പ്രൊഡ്ക്ഷന്‍ ആളുകള്‍ അത് നായകനും നായികയ്ക്കുമായി മാറ്റിവയ്ക്കും.നമ്മള്‍ എത്തുമ്പോള്‍ ഒരുങ്ങാന്‍ മുറി തന്നെ കാണില്ല. പക്ഷേ, സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറാന്‍ പഠിച്ചിട്ടുള്ളതിനാല്‍ അതൊന്നും നമുക്കു പ്രശ്നമായിത്തന്നെ തോന്നില്ല.
ഇപ്പോഴത്തെ ചില നടിമാരുടെ പ്രകടനങ്ങള്‍ കാണുമ്പോള്‍ കണ്ടുനില്‍ക്കാന്‍ തന്നെ നമുക്കു പറ്റില്ല. ആദ്യ സിനിമയുടെ സെറ്റില്‍ അവര്‍ക്കു കിട്ടിയ ആനുകൂല്യങ്ങളൊക്കെ എല്ലാ സിനിമകളിലും കിട്ടണമെന്ന് അവര്‍ വാശിപിടിക്കും. നിസാര പ്രശ്നങ്ങളുടെ മേല്‍ അവര്‍ ചിലപ്പോള്‍ പ്രൊഡക്ഷന്‍ ആളുകളോട് അവര്‍ തട്ടിക്കയറും.
ഇത്തരം ചില പുതിയ നടിമാരോട് ഞാന്‍ ഉപദേശം പോലെ പറഞ്ഞുകൊടുത്ത ഒരു കാര്യമുണ്ട്. ആദ്യം പോയി ഒരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടു വാ എന്നതാണത്.
മലയാളത്തിലാണെങ്കില്‍ അതിന്റേതായ ഒരു കീഴ്വഴക്കമുണ്ട്. സംവിധായകന്‍ നായികയെ ബഹുമാനിച്ചുനില്‍ക്കുന്ന അവസ്ഥയൊന്നുമില്ല. സാഹചര്യങ്ങള്‍ക്കാപ്പിച്ച് അഡ്ജസ്റ്റ് ചെയ്യാന്‍ ഒരു മലയാളം സിനിമകൊണ്ടു തന്നെ അവര്‍ പഠിക്കും.
പപ്പേട്ടന്റെയും ഭരതേട്ടന്റെയുമൊക്കെ സെറ്റില്‍ നിന്ന് കിട്ടിയ അനുഭവങ്ങള്‍ ഇപ്പോഴും എന്നെ വളരെയേറെ സഹായിക്കുന്നുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ചില ചിട്ടകളൊക്കെയുണ്ടായത് ഈ വലിയ സംവിധായകര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുകൊണ്ടു കൂടിയാണ്.
നമ്പ്യാര്‍ സാര്‍ മലയാളിയാണെന്ന് അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു. ബാല്യകാലം തൊട്ടു തമിഴ്നാട്ടില്‍ ജീവിച്ച വ്യക്തിയാണ് അദ്ദേഹം. മലയാളം തെരിയാത് എന്ന് ആദ്യമേ അദ്ദേഹം പറയും. എന്നിട്ട് നല്ല മലയാളത്തില്‍ സംസാരിക്കും. അദ്ദേഹത്തിന്റെ സംസാരത്തില്‍ തന്നെ എളിമയും പരസ്പരബഹുമാനവുമുണ്ടായിരുന്നു.
നല്ലൊരു ഭക്തന്‍കൂടിയാണ് അദ്ദേഹം. ശബരിമലയില്‍ എല്ലാ വര്‍ഷവും അദ്ദേഹം പോകുമായിരുന്നു. അതും ഒരു വലിയ സംഘത്തെ ഒപ്പം കൂട്ടി. അന്നൊക്കെ മലയ്ക്കു പോകാന്‍ മാലയിട്ടിരിക്കുന്ന ആരെയെങ്കിലും കണ്ട് എപ്പോഴാണ് മലയ്ക്കു പോകുന്നതെന്നു ചോദിച്ചാല്‍ മറുപടി ഇങ്ങനെയായിരിക്കും: ''നമ്പ്യാര്‍ സാര്‍ പോകുമ്പോള്‍, ഒപ്പം...''
ഏതാണ്ട് അറുപതു വര്‍ഷത്തിലേറെക്കാലം മുടക്കംവരുത്താതെ അദ്ദേഹം ശബരിമല സന്ദര്‍ശിക്കുമായിരുന്നു എന്നറിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനം തോന്നി. ഇത്ര വലിയൊരു നടനായിട്ടും അതിന്റെ പ്രതാപമെല്ലാമുണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ ദൈവത്തോടുള്ള കടമയോ ഭക്തിയോ മറന്നില്ല. എന്നു മാത്രമല്ല ഏതാണ്ട് ഇരുന്നൂറിലേറെ പേരെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ഒരോ വര്‍ഷവും അദ്ദേഹം ശ്രദ്ധിച്ചു. ഏതു ദൈവത്തിനാണ് ഈ ഭക്തി കേള്‍ക്കാതിരിക്കാനാവുക?

ശാലിനി, കൊച്ചു കൂട്ടുകാരി


ജോഷിയുടെ 'കഥ ഇതുവരെ' എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് ഞാന്‍ ശാലിനിയെ ആദ്യമായി കാണുന്നത്. എന്റെ ഒാര്‍മയിലിപ്പോഴും ശാലിനി ആ നാലു വയസുകാരിയാണ്.
ശാലിനിയെന്നാല്‍ ബേബി ശാലിനി. ഒരുകാലത്ത്, മലയാളം, തമിഴ് സിനിമകളില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറിയ ബാലതാരം. ഇപ്പോള്‍ അജിത്തിന്റെ ഭാര്യ. ഒരു കുഞ്ഞിന്റെ അമ്മ.
കഥ ഇതുവരെയില്‍ അഭിനയിക്കുമ്പോള്‍ സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമേ ഞാനായിട്ടുള്ളു. സിനിമയിലെ എക്സ്പീരിയന്‍സിന്റെ കാര്യത്തില്‍ നോക്കിയാല്‍ അന്നത്തെ പതിനെട്ടുകാരനായ റഹ്മാനും നാലുവയസുകാരിയായി ശാലിനിയും തുല്യമായിരുന്നു. കാരണം, സിനിമയില്‍ എന്റെ എക്സ്പീരിയന്‍സ് തന്നെയായിരുന്നു ശാലിനിക്കും.
1983ലാണ് എന്റെ ആദ്യചിത്രമായ കൂടെവിടെ റിലീസാകുന്നത്. ആ വര്‍ഷം തന്നെയായിരുന്നു ശാലിനിയുടെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രവും റിലീസായത്. ആ ഒറ്റ ചിത്രം കൊണ്ടു തന്നെ ബേബി ശാലിനി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
ചോക്ളേറ്റ് മിഠായികള്‍ വാങ്ങിവച്ച് അതു കാണിച്ചു പ്രലോഭിപ്പിച്ച് ശാലിനിയെകൊണ്ട് അഭിനയിപ്പിക്കുമായിരുന്ന സീനുകള്‍ എനിക്കിപ്പോഴും ഒാര്‍മയുണ്ട്. നല്ല ചുറുചുറക്ക്, പെട്ടെന്ന് കാര്യങ്ങ ‍ഗ്രഹിക്കുവാനുള്ള കഴിവ്, അതിനനുസരിച്ച് പ്രതികരിക്കാനും അതു പകര്‍ത്തുവാനുമുള്ള സാമര്‍ഥ്യം...ഇങ്ങനെ നിരവധി ഗുണങ്ങളുണ്ടായിരുന്നു ആ നാലുവയസുകാരിക്ക്. വളരെ സ്വീറ്റ് ആയായ ഒരു കുട്ടി. പ്രായത്തെക്കാള്‍ കവിഞ്ഞ ആത്മവിശ്വാസം. ദൈവം പ്രത്യേകമായി അനുഗ്രഹിച്ചു നല്‍കിയ അഭിനയപാടവം. ഇതെല്ലാം ശാലിനിക്ക് സ്വന്തമായിയുണ്ടായിരുന്നു.
എനിക്കു തോന്നുന്നു, ശാലിനിക്കു ശേഷം പ്രേക്ഷകരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന്. മണിരത്നത്തിന്റെ അഞ്ജലിയില്‍ ശാലിനിയുടെ അനുജത്തി ശ്യാമിലിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
സെറ്റില്‍ ബേബി ശാലിനി എപ്പോഴും സജീവമായിരുന്നു. വിരസമായ ഇടവേളകളില്‍ വലിയൊരു ആശ്വാസമായിരുന്നു ആ കുട്ടി. അവളെ ഒാമനിക്കുവാനും കൊഞ്ചല്‍ നിറഞ്ഞ അവളുടെ വാക്കുകള്‍ കേള്‍ക്കുവാനും പലരും മല്‍സരിച്ചു. ശാലിനിയെ എല്ലാവരും അടുത്തുവിളിച്ച് ഒാമനിക്കും. കുറുമ്പുനിറഞ്ഞ മറുപടികള്‍ കേള്‍ക്കുവാനായി അതുകിട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കും. എല്ലാറ്റിനും സുന്ദരവും സമര്‍ഥവുമായ മറുപടികള്‍ അവള്‍ പറയും.
കഥ ഇതുവരെയില്‍ എന്റെ ബൈക്കിന്റെ മുന്നിലിരുത്തി ശാലിനിയെ സ്കൂളിലേക്കൊക്കെ കൊണ്ടുപോകുന്ന സീനുകളുണ്ടായിരുന്നു. അഭിനയിക്കുന്നതിന്റെ പ്രതിഫലം എന്ന പോലെ ശാലിനി സ്വന്തമാക്കിയിരുന്ന മിഠായികള്‍ ഏറെയായിരുന്നു. പക്ഷേ, അതുകൊണ്ടും അവള്‍ക്കു തൃപ്തയല്ലായിരുന്നു. എന്റെ കയ്യില്‍ നിന്നും കിട്ടാവുന്ന മിഠായികളൊക്കെ തന്ത്രപരമായി അവള്‍ നേടിയെടുത്തു.
നിലവേ മലരേ എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിലും ശാലിനിയുണ്ടായിരുന്നു. എനിക്കു തോന്നുന്നു ശാലിനിയുടെ ആദ്യ തമിഴ് ചിത്രവും അതായിരുന്നുവെന്ന്. പിന്നീട് മലയാള സിനിമയെക്കാളും തിരക്കായി മാറിയ അവള്‍ക്ക് തമിഴില്‍. നിലവേ മലരേയില്‍ എന്റെ സുഹൃത്തിന്റെ മകളുടെ വേഷമായിരുന്നു ശാലിനിക്ക്. എന്നെ വളരെ ഇഷ്ടമാണ്. എപ്പോഴും അങ്കിള്‍...എന്നു വിളിച്ച് പിറകെ നടക്കുന്ന കുട്ടി.
കൌമാരക്കാരിയായി, നായികയായി ശാലിനി മലയാളത്തില്‍ ശാലിനി തിരിച്ചെത്തിയെന്നു കേട്ടപ്പോള്‍ ആദ്യമൊക്കെ എനിക്കു വിശ്വസിക്കാന്‍ തന്നെയായില്ല. കാലം അതിവേഗം കടന്നുപോയി എന്ന തിരിച്ചറിവ്. എത്ര പെട്ടെന്നാണ് പഴയ ആ നാലുവയസുകാരി നായികയായി എത്തിയത്. ഇപ്പോള്‍ ഇടയ്ക്കിടെ ശാലിനിയെ കാണാറുണ്ട്. ക്ളബില്‍ ബാഡ്മിന്റന്‍ കളിക്കാന്‍ പോകുമ്പോള്‍ അവിടെവച്ച് പലതവണ കണ്ടു.
എനിക്കും രണ്ടു പെണ്‍കുട്ടികളാണ്. മൂത്തവള്‍ റുഷ്ദ. ഇളയവള്‍ അലീഷ. ഇളയവള്‍ അലീഷയുടെ ചില സമയത്തെ പ്രകടനകളും പ്രതികരണങ്ങളുമൊക്കെ കാണുമ്പോള്‍ ഞാന്‍ പഴയ ബേബി ശാലിനിയെ ഒാര്‍ത്തുപോകും. പക്ഷേ, അക്കാലത്തെ കുട്ടികളുടെ രീതികളില്‍ നിന്ന് ഇക്കാലത്തെ കുട്ടികള്‍ ഏറെ മാറിപ്പോയി.
അമീര്‍ഖാന്‍ സംവിധാനം ചെയ്ത് അഭിനയിച്ച കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായ താരെ സമീന്‍ പര്‍ ഞാന്‍ കണ്ടു. ആ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അറിയാതെ ഞാന്‍ എന്റെ കുട്ടിക്കാലം ഒാര്‍ത്തു.
ഉപ്പയും ഉമ്മയും അബുദാബിയിലായിരുന്നതിനാല്‍ ഞാന്‍ കുറച്ചുകാലം ബാംഗൂരിലെ സ്കൂളില്‍ ബോര്‍ഡിങ്ങില്‍ നിന്നാണ് പഠിച്ചത്. ആ ചെറുപ്രായത്തില്‍ മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്റെ വേദന വളരെ വലുതായിരുന്നു. ബോര്‍ഡിങ്ങില്‍ എന്ന ആക്കിയിട്ട് ഉപ്പ നടന്നു നീങ്ങുമ്പോള്‍ അലമുറയിട്ടു കരഞ്ഞിരുന്ന ആ എട്ടു വയസുകാരനെ എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. അവധിക്കാലത്ത് അബുദാബിയില്‍ പോയി നിന്നിട്ട് തിരിച്ച് ബാംഗൂരിലേക്ക് പോകുന്നത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായായിരുന്നു. പലപ്പോഴും സ്കൂളിലേക്കാണു പോകുന്നതെന്നു പറയാതെയായിരുന്നു ഉപ്പ സമര്‍ഥമായി എന്നെ കൊണ്ടുപോയിരുന്നത്.
ബോര്‍ഡിങ്ങിലെ എന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മാതാപിതാക്കളെ കുറിച്ചുള്ള ചിന്തയായിരുന്നു അധികസമയവും. എന്തിനാണ് അവര്‍ ഈ ക്രൂരത കാണിക്കുന്നതെന്നൊക്കെയാവും പിഞ്ചുമനസില്‍ തോന്നുക. മാതാപിതാക്കളുടെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അന്നു കഴിയില്ലല്ലോ.
എന്റെ ബോര്‍ഡിങ് ജീവിതം അധികകാലം നീണ്ടുനിന്നില്ല. എന്നെ തിരിച്ച് അബുദാബിയിലേക്ക് തന്നെ കൊണ്ടുപോയി. ജയിലില്‍ നിന്നു മോചിതനായി വീട്ടിലേക്ക് യാത്രതിരിക്കുന്ന തടവുപുള്ളിയുടെ മനസായിരുന്നു എനിക്കന്ന്. അന്ന് അനുഭവിച്ച സന്തോഷത്തോടു എന്തിനെ താരതമ്യപ്പെടുത്തും?
താരേ സമീന്‍ പര്‍ കണ്ടപ്പോള്‍ ഈ പഴയ ദൃശ്യങ്ങളൊക്കെ മനസിലൂടെ കയറിയിറങ്ങി. ഇഷാന്‍ അവാസ്തി എന്ന എട്ടുവയസുകാരനില്‍ എന്റെ കുട്ടിക്കാലം തന്നെയാണു ഞാന്‍ കണ്ടത്. അതിമനോഹമായിരുന്നു ദര്‍ഷീല്‍ എന്ന ബാലതാരത്തിന്റെ പ്രകടനം.
ഒറ്റ ചിത്രം കൊണ്ടുതന്നെ ഇന്ത്യ മുഴുവന്‍ താരമായി മാറാന്‍ ദര്‍ഷീലിനു കഴിഞ്ഞു.
കുട്ടികളുടെ കണ്ണിലൂടെ വലിയവരുടെ പ്രശ്നങ്ങള്‍ കാണുക രസമുള്ള കാര്യമല്ലേ? മുതിര്‍ന്നവരെ അലട്ടുന്ന പല വലിയ പ്രശ്നങ്ങളും അവര്‍ക്കൊരു പ്രശ്നമേ ആവില്ല. അതുപോലെ തന്നെ, കുട്ടികളെ അലട്ടുന്ന പല പ്രശ്നങ്ങളും മാതാപിതാക്കള്‍ക്കും ഒരു പ്രശ്നമാവില്ല.
കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി കൊണ്ടുള്ള സിനിമകള്‍ മലയാളത്തില്‍ കുറവാണ്. തമിഴിലും അങ്ങനെ തന്നെ. പക്ഷേ, എത്രയെത്ര മികച്ച ചിത്രങ്ങള്‍ ഇംഗീഷില്‍ ഇങ്ങനെ പുറത്തിറങ്ങുന്നു. ഹിന്ദിയിലും ഇപ്പോള്‍ സ്ഥിതി മാറിവരുന്നു. താരെ സമീന്‍ പര്‍ തന്നെയാണ് അതിന് ഉദാഹരണം.
കുട്ടികളുടെ ചിത്രമെന്ന് കാറ്റഗറി തിരിച്ച് മാറ്റിനിര്‍ത്തേണ്ടവയല്ല താരേ സമീന്‍ പര്‍ പോലുള്ള ചിത്രങ്ങള്‍. കുട്ടികളുടെ ചിത്രമെന്നു പറയുമ്പോള്‍ ഒരു മുന്‍വിധിയോടെയുള്ള സമീപനമാണ് പലര്‍ക്കും. അതു ശരിയല്ല. ഏതുപ്രായക്കാര്‍ക്കും ആസ്വദിക്കാവുന്ന മികച്ച ചിത്രങ്ങള്‍ തന്നെയാണ് ഇതില്‍ പലതും.
അടുത്തുതന്നെ പുറത്തിറങ്ങാന്‍ പോകുന്ന എന്റെ 'മഞ്ചാടിക്കുരു' എന്ന മലയാള ചിത്രത്തില്‍ കുട്ടികള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. നാഷനല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായിക അഞ്ജലി മേനോനാണ്.
ഒറ്റപ്പാലത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്. തിലകന്‍ ചേട്ടന്‍, ഉര്‍വശി, മുരളി, പൃഥ്വിരാജ് തുടങ്ങി ഒരു വന്‍താരനിര ചിത്രത്തിലുണ്ട്. കൂടാതെ കുറെയേറെ കുട്ടികളും.
ബേബി ശാലിനിയെ പോലെ പ്രശസ്തി നേടിയ മറ്റൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. അക്കാലത്ത്, ശാലിനിയെ മനസില്‍ കണ്ടാണ് കഥാകൃത്തുകള്‍ കഥയെഴുതിയതു തന്നെ. കഥയില്‍ ഒരു കുട്ടിയെ എങ്ങനെയെങ്കിലും തിരുകി കയറ്റും.
എന്നാല്‍ ശാലിനിക്കു ശേഷം അങ്ങനെയൊരു ബാലതാരം മലയാളത്തില്‍ ഉണ്ടായിട്ടില്ല. കുട്ടികള്‍ക്കു പ്രധാന്യമുള്ള നല്ല സിനിമകള്‍ ഇറങ്ങാത്തതുകൊണ്ടു കൂടിയാണിത്.

ഇഷ്ടമുള്ള സിനിമയെപ്പറ്റി റഹ്മാന്‍


പഴയ കഥപുതിയ കുപ്പി 

കണ്ടിട്ടുള്ളതില് വച്ചേറ്റം നല്ല സിനിമയേതെത് ആരെങ്കിലുംചോദിച്ചാല് ഉത്തരം പറയുക ബുദ്ധിമുട്ടാവുംഏറ്റവും മികച്ചതെത്ഏത് സിനിമയെയാണു വിളിക്കാനാകുക.

ഞാന് നല്ലാരു സിനിമാ ആസ്വാദകനാണ്സിനിമയില്അഭിനയിക്കുന്നതു പോലെ തന്ന സിനിമ കാണുന്നതും എനിക്കൊരുഹരമാണ്തിയറ്ററില് പോയി സിനിമ കാണുക ഇന്നത്തെസാഹചര്യങ്ങളില് സാധ്യമല്ലങ്കില് കൂടി വീട്ടിലിരുത്കിട്ടുന്ന ഒഴിവുസമയങ്ങളിലെല്ലാം ഞാന് സിനിമ കാണും.

മലയാള സിനിമകള് അങ്ങനെ കാണാറില്ലഅതിന്റെ സിഡികള്അങ്ങനെ കിട്ടാറില്ലാത്തതു തന്ന കാരണംമാത്രമല്ലമറ്റു രാജ്യങ്ങളിലെസിനിമകളില് നിന്നാണ് നമുക്ക് എന്തെങ്കിലുമൊക്കെ പഠിക്കാനുള്ളത്.നമ്മുടെ നാടിനു ശീലമില്ലാത്ത ചില ടേക്കിങ്ങ്സുകളുംഅവതരണവുമെ#ാക്കെ അത്തരം സിനിമകളില് കാണാം.

വിദേശ സിനിമകളുടെ സിഡികള് ഞാന് ഇടയ്ക്കിടെ വാങ്ങാറുണ്ട്ലൈബ്രറിയില് നിന്നും സുഹൃത്തുക്കളുടെകയ്യില് നിന്നുമൊക്കെ നല്ല സിനിമകളുടെ സിഡികള് കിട്ടുംഅതെല്ലാം ഒന്നാന്നായി -ുതീര്ക്കുംഷൂട്ടിങ്ങുള്ളദിവസങ്ങളിലായാലും രാത്രി വൈകി ഒരു സിനി കണ്ടിട്ടേ കിടക്കൂ.

ഇപ്പോള് ഞാനഭിനയിക്കുന്നത് വാമനന് എന്നാരു തമിഴ് ചിത്രത്തിലാണ്വ്യത്യസ്തമായ പ്രമേയമുള്ള നല്ലാരുസിനിമസുബ്രഹ്മണ്യപുരം എന്ന  വര്ഷത്തെ സൂപ്പര്ഹിറ്റ് തമിഴ് ചിത്രത്തില് അഭിനയിച്ച ജയ്  ചിത്രത്തില്എനിക്കൊപ്പം അഭിനയിക്കുന്നുണ്ട്ജയ്യുടെ കയ്യില് നിത് 2004 ല് പുറത്തിറങ്ങിയ ഒരു ഹോളിവുഡ്റൊമാന്റിക് സിനിമയുടെ സിഡി കഴിഞ്ഞദിവസം കിട്ടിഇത്  സിനിമ കണ്ടുതീര്ത്തു.

ഡേര്ട്ടി ഡാന്സിങ് - ഹവാനാ നൈറ്റ്സ് എന്നാണ് സിനിമയുടെ പേര്വര്ഷങ്ങള്ക്കു മുന്പ് പുറത്തിറങ്ങിയഡേര്ട്ടി ഡാന്സിങ് എന്ന സൂപ്പര്ഹിറ്റ് സിനിമയുടെ പുതിയൊരു രൂപമാണിത്അതേ കഥപക്ഷേകഥ നടക്കുന്നപശ്ചാത്തലം മാത്രം മാറിആദ്യ സിനിമയില് അത് അമേരിക്കയായിരുന്നുവെങ്കില് ഇപ്പോഴത് ക്യൂബയായി.ക്യൂബന് വിപ്ളവത്തിന്റെ പശ്ചാത്തലം കൂടി നല്കിയപ്പോള് സിനിമ മറ്റൊന്നായി.

ക്യബന് വിപ്ളവം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുന്പ് ക്യൂബയിലെത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണീസിനിമ87ല് പുറത്തിറങ്ങിയ ആദ്യ സിനിമയില് നിത് പുതിയ സിനിമയ്ക്ക് എന്തെ#ാക്കെ മാറ്റങ്ങളാണ്വന്നിരിക്കുന്നതെന്നറിയാന് എനിക്ക് കൌതുകമുണ്ടായിരുന്നുകഥ അമ്പതുകളുടെ അവസാനകാലത്തേക്കുമാറുകയും പശ്ചാത്തലത്തില് ഫിഡല് കാസ്ട്രോയും വിപ്ളവുമെ#ാക്കെ വരികയും ചെയ്തുവെങ്കിലും ഒരുറൊമാന്റിക് സിനിമയുടെ സൌന്ദര്യം നഷ്ടമായിട്ടില്ല.

ഞാന് പറയാന് തുടങ്ങിയത് -തില് വച്ചേറ്റം നല്ല സിനിമയെ കുറിച്ചാണ്വര്ഷങ്ങള്ക്കു മുന്പു പുറത്തിറങ്ങിയക്ളാസിക് സിനിമകളുടെ പേരൊന്നുമല്ല ഞാന് പറയാന് പോകുന്നത്അടുത്തകാലത്ത് -തും എന്ന ഏറ്റവുംകൂടുതല് ത്രില്ലടിപ്പിച്ചതുമായ ഒരു ഹിന്ദി സിനിമറേസ്.

അനില് കപൂര്, സെയ്ഫ് അലി ഖാന്, അക്ഷയ് ഖന്ന തുടങ്ങിയവര് അഭിനയിച്ച  ചിത്രം ശരിക്കും എന്നഅദ്ഭുതപ്പെടുത്തിഅതിന്റെ ടേക്കിങ്സും കഥ അവതരിപ്പിച്ചിരിക്കുന്ന രീതിയുമൊക്കെ ഏതൊരു ഹോളിവുഡ്സിനിമയെയും കവച്ചുവയ്ക്കുംഒരോ ഷോട്ടിലും സസ്പെന്സ്ഫാസ്റ് ടേക്കിങ്സ്സെയ്ഫ് അലി ഖാനുംഅക്ഷയ് ഖന്നയുമൊക്കെ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നതും.

ലോകത്തിറങ്ങിയതില് വച്ചേറ്റം നല്ല സിനിമയാണ് റേസ് എന്നാന്നുമല്ല ഞാന് പറയുന്നത് സിനിമ എന്നവിസ്മയിപ്പിച്ചു എത് മാത്രമേ എനിക്കു പറയാനാവൂകാണികളെ എങ്ങനെയെ#ാക്കെ ഒരു സിനിമസന്തോഷിപ്പിക്കുന്നുവോ അതിലാണ് കാര്യംഒരു സമ്പൂര് സിനിമയെത് അതിനെ വിളിക്കാനാവില്ലപലപോരായ്മകളും ചിത്രത്തിനുണ്ടാവുംകഥ പറഞ്ഞ രീതിയോടും മസാലകളോടുമൊക്കെഎതിര്പ്പുള്ളവരുണ്ടാവുംഒരു പ്രേക്ഷകനെന്ന നിലയില് എനിക്ക് അതൊന്നും അറിയേകാര്യമില്ലഒരു നിമിഷംപോലും താത്പര്യം നഷ്ടമാവാതെ എന്നിനെ കാഴ്ചക്കാരനെ സ്ക്രീനിനു മുന്നില് പിടിച്ചിരുത്താന് അതിന്റെസംവിധായകര്ക്ക് കഴിഞ്ഞു എന്നതിലാണ് കാര്യംഅതിനെയാണ് ഞാന് മാനിക്കുന്നത്.

ബാസിഗര്, ഖിലാഡി തുടങ്ങിയ ബോളിവുഡ് ത്രില്ലറുകള് സംവിധാനം ചെയ്ത് അബ്ബാസ് മസ്താന് ടീമിന്റെസിനിമയാണ് റേസുംപക്ഷേ സിനിമകള്ക്കെ ാന്നുമില്ലാത്ത മറ്റെന്തൊക്കെയോ മേന്മകള് റേസിനുണ്ട്.

റേസിനെ പറ്റി പറഞ്ഞത് ബോളിവുഡ് സിനിമകള്ക്ക് ഉണ്ടായ ഗുണപരമായ മാറ്റത്തെക്കുറിച്ചു പറയാനാണ്.തമിഴ് സിനിമയില് വ്യത്യസ്തമായ പ്രമേയങ്ങളും അവതരണരീതിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട കുറെയധികംസിനിമ  അടുത്തകാലത്ത് പുറത്തിറങ്ങിപക്ഷേഅതിനെക്കാളൊക്കെ അധികം മാറ്റങ്ങളുണ്ടാവുന്നത്ഹിന്ദിയിലാണെന്നാണ് എനിക്കു തോന്നുന്നത്.

ഒരു പത്തു വര്ഷം മുന്പു വരെ പുറത്തിറങ്ങിയിരുന്ന ഹിന്ദി സിനിമകളുമായി തട്ടിച്ചുനോക്കിയാല് ഇപ്പോഴത്തെചിത്രങ്ങള് ഏറെ മാറിപ്രമേയങ്ങളിലെ വ്യത്യസ്തതയെക്കാള് അവതരണത്തിലെ വ്യത്യസ്തതയാണ് ബോളിവുഡ്സിനിമകളെ ഇപ്പോള് വിജയത്തിലെത്തിക്കുന്നതെത് എനിക്കു തോന്നുന്നു.

ആദ്യകാല ഹിന്ദി മസാലച്ചിത്രങ്ങളുടെ കഥയുമായി സാമ്യമുള്ള നിരവധി ചിത്രങ്ങള് ഇപ്പോഴുംഹിന്ദിയിലിറങ്ങുന്നുണ്ട്പക്ഷേഇന്ത്യയില് മറ്റൊരു ഭാഷയിലും ഉണ്ടാവാത്ത വിധമുള്ള പ്രസന്റേഷന്  പഴയകഥയ്ക്കു നല്കി പുതിയൊരു സിനിമയാക്കി മാറ്റിയെടുക്കുന്ന രീതി പ്രശംസനീയം തന്നപ്രമേയത്തിന്റെകാര്യത്തിലായാലും വളരെ വ്യത്യസ്തമായ നിരവധി സിനിമകളും ഹിന്ദിയില് ഇറങ്ങുന്നുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലെത് പറഞ്ഞ് പരിഹസിക്കുന്നവരുണ്ടാകാംപക്ഷേ പുതിയ കുപ്പി സ്വര്ണംകൊണ്ടുള്ളതാണെങ്കിലോ.

എണ്പതുകളില് പുറത്തിറങ്ങിയ ഒരു സൂപ്പര്ഹിറ്റ് സിനിമയുടെ അതേ കഥ പുതിയൊരു രീതിയില് അവതരിപ്പിച്ചഡേര്ട്ടി ഡാന്സിങ് എന്ന ഹോളിവുഡ് സിനിമയെപ്പറ്റി ഞാനാദ്യം പറഞ്ഞത് കഥയെക്കാള് പ്രധാനമാണ് കഥപറയുന്ന രീതി എന്ന ബോളിവുഡിന്റെ പുതിയ വിജയമന്ത്രം മനസിലാക്കി തരാനാണ്.


Related Posts Plugin for WordPress, Blogger...